എൻ.എം.വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസ്
Mail This Article
ബത്തേരി∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യപ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യക്കുറിപ്പ് വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേർത്തത്.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെകെ.ഗോപിനാഥൻ, മുൻ ഡിസിസി പ്രസിഡന്റ് അന്തരിച്ച പി.വി.ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല.
അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പൊലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി പത്രോസ്, പുൽപള്ളി വി.കെ.സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.