ADVERTISEMENT

കൊച്ചി ∙ വയനാട്ടിൽനിന്ന് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് വൈകിട്ട് ഏഴുമണിയോടെയാണ്. തുടര്‍ന്ന് അറസ്റ്റ്, ചോദ്യം ചെയ്യൽ നടപടികൾക്ക് ശേഷം രാത്രി തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്നാണ് കുരുതിയത് എങ്കിലും വൈദ്യപരിശോധന മാത്രമാണ് രാത്രിയിൽ പൂർത്തിയാക്കിയത്. ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ മാധ്യമങ്ങളും ‘ബോചെ’ അനുയായികളും സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിസരത്തും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരത്തുമായി തമ്പടിച്ചു. 11 മണിക്ക് ബോബി ചെമ്മണൂരിനെ ഹാജരാക്കുമെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കോടതിയിൽ മറ്റു കേസുകളുടെ തിരക്ക് ഉള്ളതിനാൽ ഇത് നീണ്ടുപോയി. ഒടുവിൽ 12.45ഓടെ ബോബി ചെമ്മണൂരുമായി പൊലീസ് കോടതിയിലേക്ക്. 

ഒരു മണിയോടെ കോടതി സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള കോടതി മുറിയിലേക്ക് പൊലീസ് ബോബി ചെമ്മണൂരിനെ എത്തിക്കുന്നു. അഭിഭാഷകരും അനുയായികളും ഒപ്പമുണ്ട്. അപ്പോൾ അവിടെ മറ്റൊരു കേസിന്റെ വാദം നടക്കുകയാണ്. 20 മിനിറ്റോളം ബോബിയും മറ്റുള്ളവരും കോടതിമുറിയിൽ കാത്തിരിക്കുന്നു. തുടർന്ന് കേസ് വിളിക്കുന്നു. ബോബി ചെമ്മണൂർ പ്രതിക്കൂട്ടിലേക്ക് കയറി നിന്നു. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ, പരുക്കു വല്ലതും ഉണ്ടോ എന്ന് ജഡ്ജിയുടെ ചോദ്യം. രണ്ടു ദിവസം മുൻപ് ഒന്നു വീണിരുന്നെന്നും കാലിനും നട്ടെല്ലിനും പരുക്കുണ്ട്, അൾസർ പ്രശ്നമുണ്ടെന്നും ബോബി ചെമ്മണൂരിന്റെ മറുപടി. പൊലീസ് ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി. തുടർന്ന് അഭിഭാഷകർ വാദം തുടങ്ങുന്നു. ആദ്യം പ്രതിഭാഗത്തിന്റെയും പിന്നീട് പ്രോസിക്യൂഷന്റെയും വാദം. ഈ സമയത്തെല്ലാം ബോബി പ്രതിക്കൂട്ടിൽത്തന്നെ. 

ഉച്ചയ്ക്ക് 2.15ഓടെ വാദം സമാപിക്കുന്നു. ഉച്ചയ്ക്ക് ശേഷം വിധി പറയാം എന്ന് കോടതി അറിയിക്കുന്നു. ഇതോടെ ബോബി പ്രതിക്കൂട്ടിൽ നിന്നിറങ്ങി കോടതി മുറിക്കുള്ളിലെ കസേരയിൽ വന്നിരിക്കുന്നു. ഒന്നോ രണ്ടോ കേസുകൾ കൂടി കേട്ട ശേഷം കോടതി ഉച്ചഭക്ഷണത്തിനായി പിരിയുന്നു. കോടതി മുറിക്കുള്ളിൽ ഇരിക്കുന്ന ബോബി ചെമ്മണൂർ അഭിഭാഷകരുമായി ചർച്ചകൾ നടത്തുന്നു. ഇതിനിടെ അനുയായികള്‍ കൊണ്ടുവന്ന ജ്യൂസ് കുടിച്ചു. ചർച്ചകള്‍ തുടരുന്നു. ബോബി കോടതി മുറിക്കുള്ളിൽത്തന്നെ തുടർന്നു. വൈകിട്ട് 4.45 ആയപ്പോൾ ജഡ്ജി വീണ്ടുമെത്തുന്നു. ഇതോടെ ബോബി ചെമ്മണൂർ വീണ്ടും പ്രതിക്കൂട്ടിലേക്ക്. ജാമ്യം അനുവദിക്കാനാവില്ലെന്നും 14 ദിവസത്തെ റിമാൻഡ് എന്നും കേട്ടതോെട പ്രതിക്കൂടിന്റെ കൈവരിയിൽ പിടിച്ച് ബോബി ചെമ്മണൂർ താഴേക്ക് തളർന്നിരിക്കുന്നു. ആഹാരം കഴിച്ചിരുന്നോ, എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് ജഡ്ജി അന്വേഷിക്കുന്നു. 2 തവണ വൈദ്യ പരിശോധന നടത്തിയതാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും പൊലീസ് അറിയിക്കുന്നു. തുടർന്ന് പൊലീസും അനുയായികളും ചേർന്ന് ബോബിയെ എഴുന്നേൽപ്പിച്ച് തൊട്ടടുത്തുള്ള ഓഫിസ് മുറിയിലിരുത്തുന്നു. അര മണിക്കൂറിലേറെ ഇവിടെ കഴിഞ്ഞ ശേഷം ബോബിയുമായി പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക്. 

ഇസിജി, എക്സ്റേ, ബിപി അടക്കമുള്ള പരിശോധനകളെല്ലാം പൂർത്തിയാക്കി ആറരയോടെ ബോബിയുമായി പൊലീസ് പുറത്തേക്ക് വരുമ്പോൾ അനുയായികള്‍ വലിയ പ്രതിഷേധത്തിൽ. മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് തട്ടിമാറ്റിയും അവരെ തള്ളിമാറ്റിയും പൊലീസിനു നേരെ ആക്രോശിച്ചും അനുയായികളുടെ രോഷപ്രകടനം. ബോബിയെ പൊലീസ് ജിപ്പിലേക്ക് കയറ്റുമ്പോൾ‍ ഇത് തടയാനും പൊലീസ് ജീപ്പ് തടയാനും ശ്രമം. ഇതോടെ പൊലീസ് ചെറിയ തോതിൽ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റുന്നു. ബോബി ചെമ്മണൂരിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അങ്ങനെയൊരാളെയാണ് ജയിലിലേക്ക് കൊണ്ടുപോവുന്നതെന്നും പ്രതിഷേധക്കാർ. ഇത് വകവയ്ക്കാതെ ബോബിയുമായി പൊലീസ് കാക്കനാട് ജില്ലാ ജയിലിലേക്ക്. കിട്ടിയ വാഹനങ്ങളിൽ അനുയായികളും പൊലീസ് ജീപ്പിനെ പിന്തുടരുന്നു. 

വൈകിട്ട് 7.15ഓടെ ബോബിയുമായി പൊലീസ് ജീപ്പ് ജയിൽ പരിസരത്തെത്തുന്നു. തന്റെ കാലിനു പരുക്കുണ്ടെന്നും പ്രഷർ താഴ്ന്നു പോയത് ഇപ്പോൾ നേരെയായെന്നും ബോബി മാധ്യമങ്ങളോട്. താൻ തെറ്റു ചെയ്തിട്ടില്ലെന്നും നാളെ ജാമ്യത്തിനു ജില്ലാ കോടതിയെ സമീപിക്കുമെന്നും ബോബി പറഞ്ഞു. ശേഷം ബോബിയുമായി പൊലീസ് ജയിലിന് അകത്തേക്ക്. ഹണി റോസ് പരാതി നൽകുമ്പോൾ വയനാട്ടിലായിരുന്ന ബോബി ചെമ്മണൂർ‌ 48 മണിക്കൂർ തികയുമ്പോൾ കാക്കനാട് ജില്ലാ ജയിലിലെത്തി.

English Summary:

Boby Chemmanur Remanded: Bobby Chemmannur's 14-day remand was granted after court proceedings in Ernakulam, Kerala. His followers protested his imprisonment, citing health concerns following his arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com