ADVERTISEMENT

കൊച്ചി ∙ നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. താൻ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള ബോബി ചെമ്മണൂരിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജഡ്ജി എ. അഭിരാമി ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. 

എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ബോബിയുടെ അനുകൂലികൾ റോഡിൽ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.  ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. 

ബോബി നിയമത്തിൽ നിന്ന് ഒളിച്ചോടുന്ന ആളല്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആലക്കോട് നടന്ന ഉദ്ഘാടന പരിപാടിക്കിടെ അപമാനിച്ചു എന്നതും ശരിയല്ല. ആ പരിപാടിയുടെ ദൃശ്യങ്ങൾ നടി തന്നെ പങ്കുവച്ചിരുന്നു. മാത്രമല്ല, 4 മാസം മുൻപാണ് ഈ സംഭവം നടന്നത്. ഇപ്പോൾ മാത്രമാണ് ഇതിൽ പരാതി പറയുന്നത്. ഇത് അറസ്റ്റ് പോലും ചെയ്യേണ്ട കുറ്റകൃത്യമായിരുന്നില്ല. ആലക്കോട് നടന്ന പരിപാടിക്കു ശേഷം പരാതിക്കാരിയുമായി സൗഹൃദമുണ്ട്. ഇതിന്റെ തെളിവുകളും ഹാജരാക്കാൻ തയാറാണ്. അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചു എന്നത് തെറ്റാണ് തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം മുന്നോട്ടു വച്ചത്. എന്നാൽ ഇക്കാര്യങ്ങൾ അംഗീകരിക്കാതെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

പ്രമുഖ അഭിഭാഷകരെ ഉൾപ്പെടെ അണിനിരത്തി ബോബി ചെമ്മണൂർ ഉയർത്തിയ വാദങ്ങളെയെല്ലാം പൊളിച്ചുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹണി തന്റെ വാദങ്ങൾ ഉയർത്തിയത്. തന്നെ നിരന്തരം പിന്തുടർന്ന് അധിക്ഷേപിച്ചു എന്ന് പരാതിക്കാരി പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹണി റോസ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ വകുപ്പ് ചുമത്തേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി സമ്പന്നനും സ്വാധീനശേഷിയുമുള്ള ആളാണ്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ബോബി ചെമ്മണൂർ വിദേശത്ത് അടക്കം ബിസിനസ് ഉള്ളയാളാണ്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. പിന്തുടർന്ന് അവഹേളിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞിട്ടുള്ളതിനാൽ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. പ്രതി ലൈംഗിക അധിക്ഷേപം നടത്തി എന്നു മാത്രമല്ല ഇതു പൊതു സമൂഹത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കി ഇതേ കുറ്റകൃത്യം ആവർത്തിച്ചു കൊണ്ടിരുന്നുവെന്നും  പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

English Summary:

Obscene Remarks against Honey Rose: Boby Chemmanur Arrest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com