‘എൻ.എം.വിജയന്റെയും മകന്റെയും മരണം കൊലപാതകം, അതിദാരുണം: സതീശനും സുധാകരനും ആക്ഷേപിച്ചു’
Mail This Article
കോഴിക്കോട്∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യ, കൊലപാതകം തന്നെയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അതിദാരുണമായ സംഭവമാണു നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
‘‘വിജയന്റെയും മകന്റെയും മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണം. കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും എൻ.എം.വിജയനെയും മകനെയും ആക്ഷേപിച്ചു. വിജയന്റെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്നാണ് സുധാകരനും സതീശനും പറഞ്ഞത്. മനസ്സാക്ഷിയുള്ള ആർക്കും ഇങ്ങനെ പറയാനാകില്ല. 50 വർഷം എല്ലാ പ്രതിസന്ധികൾക്കിടയിലും കോൺഗ്രസിന്റെ ഭാഗമായി നിന്നയാളാണ് വിജയൻ. ഒരുതരത്തിലും കോൺഗ്രസിനെ വേദനിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സ്വയം ഇല്ലാതാവുകയായിരുന്നു അദ്ദേഹം.’’– ഗോവിന്ദൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം സിപിഎം അറിഞ്ഞുകൊണ്ടോ പാർട്ടിയുടെ ധാരണയനുസരിച്ചോ നടന്ന ഒന്നല്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു. ‘‘പെരിയ കേസുമായി ബന്ധപ്പെട്ട് താൻ മുൻപു വ്യക്തമാക്കിയതെന്തോ അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പെരിയ കൊലപാതകം സിപിഎം അറിഞ്ഞുകൊണ്ടോ പാർട്ടിയുടെ ധാരണയനുസരിച്ചോ നടന്ന ഒന്നല്ല. ശരിയായ രീതിയിൽ കേരളത്തിലെ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ രാഷ്ട്രീയവത്ക്കരിച്ച് ഇതെല്ലാം സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നു’’– ഗോവിന്ദൻ പറഞ്ഞു.
എൻ.എം.വിജയന്റെ മരണത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ, അന്തരിച്ച പി.വി.ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് പൊലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്.