ADVERTISEMENT

കൊച്ചി ∙ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂർ നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ ഇത്തരം കുറ്റങ്ങൾക്കു പ്രോത്സാഹനം നൽകുന്നതു പോലെയാകുമെന്നും പ്രോസിക്യൂഷൻ. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ട്. ദുരുദ്ദേശ്യത്തോടു കൂടിത്തന്നെയാണ് ബോബി കയ്യിൽ പിടിച്ചത്. മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു എന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ എല്ലാം വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ മനസ്സിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകൻ വാദിച്ചു.

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു കേസ് പരിഗണിച്ചത്. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ബോബിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ഹണി റോസ് നൽകിയ പരാതിയെ തുടർന്ന് ബുധനാഴ്ച രാവിലെ വയനാട്ടില്‍നിന്നു ബോബിയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തി. തുടർന്നാണു കോടതിയിൽ ഹാജരാക്കിയത്.

ജാമ്യം അനുവദിക്കണമെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു. ചില പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റ്. ഇത് വ്യാജ ആരോപണമാണ്. കാരണം ആലക്കോട് നടന്ന ഉദ്ഘാടന പരിപാടിക്കിടെ അപമാനിച്ചു എന്ന പരാതി തെറ്റാണ്. ആ പരിപാടിയുടെ ദൃശ്യങ്ങൾ നടി തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. കുന്തീദേവി പരാമർശത്തിനു ശേഷവും ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു, ഇതിന്റെ തെളിവുകൾ ഹാജരാക്കാൻ തയാറാണെന്നും ബോബിയുടെ അഭിഭാഷകൻ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാമെന്നു പറഞ്ഞെങ്കിലും ഇപ്പോൾ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ശരീരത്തിൽ സ്പർശിച്ചു എന്നത് ശരിയല്ല. ഇന്നലെ രാവിലെ മുതൽ പൊലീസ് കസ്റ്റഡിയിലാണ്. ഇനിയും റിമാൻഡ് ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണത്തോടു സഹകരിക്കാൻ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ബോബിയുടെ അഭിഭാഷകൻ വാദിച്ചു.

ബോബിയെ റിമാൻഡ് ചെയ്യണമെന്നാണു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു ബോബിയുടെ ഭാഗത്തു നിന്നുണ്ടായത്. ബോബിയുടെ ഫോൺ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുകളുണ്ട്. ഓഗസ്റ്റിലെ ഉദ്ഘാടന ചടങ്ങിലുണ്ടായ പെരുമാറ്റത്തിൽ ബുദ്ധിമുട്ട് ഉണ്ടായ കാര്യം നടിയുടെ മാതാവ് ബോബിയുടെ മാനേജരെ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് മറ്റൊരു പരിപാടിക്ക് ക്ഷണിച്ചെങ്കിലും നിരസിച്ചു.

എന്നാൽ പുറകെ നടന്ന് നിരന്തരമായി അധിക്ഷേപിക്കുകയായിരുന്നു. വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലും അധിക്ഷേപം തുടർന്നു. അഭിമുഖങ്ങളിലടക്കം അധിക്ഷേപം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുക എന്നതു തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് പരാതി നല്‍കാൻ തീരുമാനിച്ചത്. ബിഎൻഎസ് 75 (4) (1), ഐടി 67 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്. അതുകൊണ്ട് ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

English Summary:

Obscene Remarks against Honey Rose: Boby Chemmanur Court Proceedings Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com