‘അവശയായ സ്ത്രീയെ രക്ഷിക്കാൻ ഗേറ്റ് തുറന്നു; ആൾക്കൂട്ടം പാഞ്ഞടുത്തപ്പോൾ നിയന്ത്രണം പാളി’
Mail This Article
തിരുപ്പതി ∙ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ അപകടത്തിനു കാരണം അപ്രതീക്ഷിതമായുണ്ടായ വലിയ തിരക്കിനെ നിയന്ത്രിക്കാൻ സാധിക്കാതിരുന്നതെന്നു നിഗമനം. വൈകുണ്ഠ ഏകാദശി ഉത്സവം ആരംഭിക്കുന്നതിനു 2 ദിവസം മുൻപായിരുന്നു അപകടം. തൊണ്ണൂറിലേറെ ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയത്. ഈ കൗണ്ടറുകളിലേക്കു വന്‍ ജനക്കൂട്ടം ഒഴുകിയെത്തി. ഭക്തര്‍ക്കു ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ പ്രവേശന കവാടത്തിലൂടെ പ്രാർഥിക്കാന്‍ സാധിക്കുമെന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 3 സ്ത്രീകളടക്കം 6 പേരാണു മരിച്ചത്.
ഉത്സവത്തിന്റെ ആദ്യ 3 ദിവസങ്ങളില്‍ (ജനുവരി 10 മുതല്‍ 12 വരെ) വെങ്കടേശ്വര സ്വാമിയുടെ ‘സര്‍വദര്‍ശനത്തിന്’ 1.2 ലക്ഷം ടോക്കണുകള്‍ ഭക്തര്‍ക്കു വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. 10 ദിവസത്തെ ഉത്സവത്തിനുള്ള ദര്‍ശന ടോക്കണുകള്‍ വ്യാഴാഴ്ച രാവിലെ 5 മുതല്‍ വിതരണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഒരുക്കിയ കൗണ്ടറുകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒരു ദിവസം മുൻപുതന്നെ ഒത്തുകൂടി.
വിഷ്ണു നിവാസം, ശ്രീനിവാസം, ഭൂദേവി കോംപ്ളക്സുകള്‍ എന്നീ 3 തീർഥാടക കേന്ദ്രങ്ങളിലെ 94 കൗണ്ടറുകളിലും, സത്യനാരായണപുരം, ബൈരാഗിപട്ടേഡ, രാമനായിഡു സ്‌കൂള്‍ തുടങ്ങിയ തിരുപ്പതിയിലെ മറ്റു സ്ഥലങ്ങളിലും ടോക്കൺ വിതരണത്തിനു ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈകുന്നേരത്തോടെ ജനക്കൂട്ടം തള്ളുകയും ചവിട്ടുകയും ചെയ്യുന്ന അവസ്ഥയായപ്പോൾ നിയന്ത്രണം പാളുകയായിരുന്നു.
‘‘അവശയായ ഒരു സ്ത്രീയെ സഹായിക്കാന്‍ ഗേറ്റ് തുറന്നിരുന്നു. അപ്പോൾ ജനക്കൂട്ടം ഒന്നടങ്കം മുന്നോട്ടു പാഞ്ഞടുത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ അഭാവമാണു ബുധനാഴ്ച വൈകുന്നേരം തിക്കും തിരക്കുമുണ്ടാക്കിയത്’’– ടിടിഡി ചെയര്‍മാന്‍ ബി.ആര്‍.നായിഡു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു തുടങ്ങിയവർ അപകടത്തിൽ അനുശോചിച്ചു.