ബോബി ചെമ്മണൂർ ജയിലിൽ; യൂട്യൂബർമാർക്കെതിരെ ഹണി റോസിന്റെ പരാതി-ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
നടി ഹണി റോസിനു നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തതും പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികൾ ജയിൽമോചിതരായതുമാണ് ഇന്ന് ശ്രദ്ധിക്കപ്പെട്ട വാർത്തകൾ. വാളയാർ ലൈംഗികാതിക്രമ കേസിൽ കുട്ടികളുടെ മാതാപിതാക്കളെയും സിബിഐ കേസിൽ പ്രതി ചേർത്തതും തലക്കെട്ടുകളിൽ ഇടം നേടി.
ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തന്റെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നടിയെ അധിക്ഷേപിച്ചില്ലെന്നും ബോബിയുടെ അഭിഭാഷകർ വാദിച്ചെങ്കിലും പ്രോസിക്യൂഷൻ ഈ വാദങ്ങളെ ഖണ്ഡിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് ബോബി ആവർത്തിച്ചു. ബോബി ചെമ്മണൂർ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ രംഗത്തെത്തി. ബോബി ചെമ്മണൂർ പ്രാകൃതനും കാടനും പരമനാറിയും ആണെന്നായിരുന്നു സുധാകരന്റെ പരാമർശം.
അതിനിടെ തനിക്കെതിരെ മോശമായി യൂട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്ത 20 പേർക്കെതിരെ പരാതി നൽകുമെന്ന് ഹണി റോസ് പ്രഖ്യാപിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾ ജയിൽമോചിതരായി. ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി കഴിഞ്ഞദിവസം തടഞ്ഞിരുന്നു.
വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളെയും പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇവർക്കെതിരെ പ്രേരണക്കുറ്റമാണ് ചുമത്തിയത്.
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരിൽ ഒരു മലയാളിയും. പാലക്കാട് വെള്ളാരംകൽമേട് സ്വദേശി നിർമലയാണ് മരിച്ചത്.
കലൂരിൽ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് നടത്തി. ഈ നൃത്തപരിപാടിക്കിടെയാണ് വേദിയിൽനിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റത്.