തെളിവില്ല, ശിക്ഷാവിധി റദ്ദാക്കണം; വിസ്മയ കേസിൽ കിരൺ കുമാർ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നും ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്.
പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയിക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും ഹർജിയിൽ പറയുന്നു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന് ദീപക് പ്രകാശാണ് കിരണിന്റെ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി കിരണിന് പരോള്‍ അനുവദിച്ചിരുന്നു. 2021 ജൂണിലാണ് ഭര്‍തൃവീട്ടില്‍ വിസ്മയ തൂങ്ങി മരിച്ചത്.