ADVERTISEMENT

മേപ്പാടി ∙ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലാണ് അതിർത്തി നിർണയം നടത്തിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സര്‍വെ കല്ലിട്ടത്. കല്ല് പറിച്ചുമാറ്റിയാലും കണ്ടെത്താന്‍ കഴിയും വിധത്തില്‍ ജിയോ കോഡിനേറ്റ് ഉള്‍പ്പെടുത്തിയാണ് തത്സമയം കല്ലുകള്‍ സ്ഥാപിച്ചത്.

ജനുവരി ഏഴിന് ആരംഭിച്ച അടയാളപ്പെടുത്തലില്‍ വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തു നിന്നും ഡാം സൈറ്റ് വരെയും തിരിച്ച് ചൂരല്‍മല ടൗണ്‍, ഹൈസ്‌കൂള്‍ റോഡ്, ഏലമല പുഴ വരെയും 39 കല്ലുകളാണ് സ്ഥാപിച്ചത്. രണ്ടാം ദിനത്തില്‍ മുണ്ടക്കൈ, പുഞ്ചിരിമട്ടം വനമേഖലയില്‍നിന്നും രണ്ടു ടീമുകളായി തിരിഞ്ഞ് 81 സ്ഥലങ്ങളിലും  അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കിയത്.

ഉരുള്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും  വരും കാലത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ ആഘാതം എത്രത്തോളമെത്തും എന്നതിന്റെ അടയാളപ്പെടുത്തലാണ് നടത്തിയത്. വിദഗ്ധ സമിതി മാര്‍ക്ക് ചെയ്ത സ്ഥലങ്ങള്‍ അടിസ്ഥാനമാക്കി നിലവില്‍ പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ ലിസ്റ്റിനോടൊപ്പം പുതിയതായി എ, ബി ലിസ്റ്റുകള്‍ കൂടി മാനന്തവാടി സബ് കലക്ടര്‍ തയാറാക്കും. പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്തൃ പട്ടിക സബ് കലക്ടര്‍ തയാറാക്കി ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കും.

ദുരന്തം നേരിട്ട് ബാധിച്ചവര്‍, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ എന്നിവരെയാണ് ഒന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടാത്തതും വിദഗ്ധ സമിതി പോകാന്‍ പറ്റാത്തതായി അടയാളപ്പെടുത്തിയ പ്രദേശത്തുള്ളവരെയും കൂടി പരിഗണിച്ച് എ ലിസ്റ്റ് തയാറാക്കും. പോകാന്‍ പറ്റുന്ന സ്ഥലങ്ങളെന്ന് അടയാളപ്പെടുത്തുകയും എന്നാല്‍ പോകാന്‍ പറ്റാത്ത മേഖലയിലൂടെ മാത്രം വഴിയുള്ളതുമായ ഒറ്റപ്പെട്ട കുടുംബങ്ങളെ ബി ലിസ്റ്റിലേക്ക് പരിഗണിച്ച് പട്ടിക തയാറാക്കി ജനുവരി 22 നകം പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപങ്ങളും പരാതികളും അറിയിക്കാം. ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ഫെബ്രുവരി 12 ഓടെ പൂര്‍ത്തിയാവും.

മുണ്ടക്കൈ-ചൂരല്‍മല മേഖലകളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയത്തിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസ്, ഹസാര്‍ഡ് റിസ്‌ക് അനലിസ്റ്റ് പി.എസ്.പ്രദീപ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജിഐഎസ് സ്‌പെഷലിസ്റ്റ് എ.ഷിനു, സര്‍വെ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബാബു, വൈത്തിരി തഹസില്‍ദാര്‍ ഇന്‍-ചാര്‍ജ്ജ് വി. അശോകന്‍, എന്‍. ജയന്‍, വെള്ളരിമല വില്ലേജ് ഓഫിസര്‍ എം. അജീഷ് എന്നിവര്‍ പങ്കെടുത്തു.

English Summary:

Go-No-Go Zones Demarcated: Mundakkai-Chooralmala landslide demarcation defines go-no-go zones. A new beneficiary list for a rehabilitation township will be published soon, following a two-day survey and geo-coding process.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com