ഭാവഗായകന് വിട: ഇതിഹാസ ശബ്ദത്താൽ അനുഗ്രഹീതനെന്ന് പ്രധാനമന്ത്രി
Mail This Article
തൃശൂർ ∙ മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന്റെ (80) മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് (മണ്ണത്ത് ഹൗസ്) മൃതദേഹം എത്തിച്ചത്. ഇതിനുശേഷം സംഗീത–നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും.
ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
ഗവർണർ, മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി. ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.