ഇഎംഎസിന്റെ ആത്മകഥയ്ക്ക് 50 വയസ്സ്
Mail This Article
മലയാളത്തിലെ സാമൂഹിക പ്രാധാന്യമുള്ള മികച്ച ആത്മകഥകളുടെ പട്ടികയിൽ സ്ഥാനമുള്ള ഇഎംഎസിന്റെ ആത്മകഥയ്ക്ക് 50 വയസ്സ്. അറുപതാമത്തെ വയസ്സിലാണ് സ്വന്തം ജീവിതകഥ പ്രകാശിപ്പിച്ചതെങ്കിലും സംഭവബഹുലമായ ആ ജീവിതത്തിന്റെ ആദ്യകാലം മാത്രമേ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികളിലിരിക്കുന്നു. അതേസമയം രഹസ്യമായി കമ്യൂണിസ്റ്റു പാർട്ടിയിൽ പ്രവർത്തിക്കുന്നുമുണ്ട്. അങ്ങനെ ജീവിതം ഒരു സുപ്രധാന വഴിത്തിരിവിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ആത്മകഥയ്ക്കു തിരശ്ശീല വീഴുകയാണ്.
ഗാന്ധിജി ഉപ്പുസത്യഗ്രഹം തുടങ്ങിയതോടെ ഇഎംഎസ് തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു മുങ്ങി. പിന്നെ പൊങ്ങിയത് കോഴിക്കോട് കടപ്പുറത്താണ്. അന്ന് സെന്റ് തോമസിൽ പഠിപ്പിച്ചിരുന്ന പ്രഫ. നാരായണസ്വാമി അവിടെ വിദ്യാർഥിയായിരുന്ന ഉള്ളാട്ടിൽ ശങ്കരൻകുട്ടി മേനോനോടു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ‘എന്റെ എക്കാലത്തെയും ഏറ്റവും നല്ല ചരിത്രവിദ്യാർഥി അകാലത്തിൽ പിരിഞ്ഞു. പക്ഷേ, അദ്ദേഹം വെറും ചരിത്ര വിദ്യാർഥിയായിരിക്കേണ്ടവനല്ല. ചരിത്രം സൃഷ്ടിക്കേണ്ടവനാണ്.’ ഇഎംഎസിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
ആത്മകഥയുടെ ആദ്യഭാഗങ്ങൾ ‘ഉണ്ണി നമ്പൂതിരി’ മാസികയിലും ‘ജനയുഗം’ വാരികയിലുമാണ് പ്രസിദ്ധീകരിച്ചത്. അവയെല്ലാം പൂർണമായും പരിഷ്കരിക്കുകയും കുറെക്കൂടി എഴുതി ചേർക്കുകയും ചെയ്തു പുസ്തകരൂപത്തിൽ.
ഇഎംഎസിന്റെ പഴയ ചിത്രങ്ങൾ തേടി പ്രസാധകർ പലയിടത്തും അലഞ്ഞു നടന്നെങ്കിലും ഫലമുണ്ടായില്ല. 1948–49 കാലത്ത് പൊലീസുകാർ എടുത്തുകൊണ്ടുപോയി എന്ന മറുപടിയാണ് അവർക്കു ലഭിച്ചത്. പക്ഷേ, കാലം ഒരു ചിത്രം മാത്രം മാഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചു. ഇഎംഎസിന്റെ കോൺഗ്രസ് സത്യഗ്രഹകാലത്തെ ചിത്രം. മാടമ്പ് നാരായണൻ നമ്പൂതിരി കൊടുത്ത ആ അപൂർവ ചിത്രം ഒന്നാം പതിപ്പിന്റെ സവിശേഷതയാണ്. പിൽക്കാല പതിപ്പുകളിൽ ഈ ചിത്രം ഒഴിവാക്കപ്പെട്ടു.
1969ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇഎംഎസിന്റെ ആത്മകഥയ്ക്കായിരുന്നു. മുപ്പതു വർഷങ്ങൾക്കുശേഷം, 1998ൽ അദ്ദേഹം ആത്മകഥയ്ക്ക് അനുബന്ധമായി ഒരു പുസ്തകംകൂടി രചിച്ചു– ‘തിരിഞ്ഞു നോക്കുമ്പോൾ’. 87–ാം വയസ്സിൽ, താൻ പിന്നിട്ട വഴികളെക്കുറിച്ചും സഹോദരൻ, മകൻ, അച്ഛൻ, ഭർത്താവ് എന്നീ നിലകളിൽ സ്വയം വിലയിരുത്തുന്ന 41 അധ്യായങ്ങളുണ്ട് ഈ ഓർമപ്പുസ്തകത്തിൽ.
– ഇ.കെ. പ്രേംകുമാർ