മൂന്നാറിന്റെ താജ്മഹൽ
Mail This Article
അനശ്വര പ്രണയത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് എലേനർ ഇസബെൽ മേ എന്ന ഇംഗ്ലണ്ടുകാരിക്ക് മൂന്നാറിൽ നിർമിക്കപ്പെട്ട ശവകുടീരം. ക്രിസ്മസ് തണുപ്പുള്ള ആ പ്രണയകഥയ്ക്ക് നാളെ 125 വയസ്സ്. ....
മഞ്ഞിൻ കണങ്ങൾ കുടഞ്ഞിടാതെ, ഒറ്റയ്ക്കു നിൽക്കുന്ന കല്ലറയോളം പഴക്കമുള്ള ഓക്കു മരങ്ങൾ ഇൗ പ്രണയ കുടീരത്തിനു കാവലാണ്... പഴയ മൂന്നാറിലെ കുന്നിൻപുറത്തു തല ഉയർത്തി നിൽക്കുന്ന മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തിനു തൊട്ടു ചേർന്ന സെമിത്തേരിയിൽ, കാട്ടു ചെടികൾ അതിർവരമ്പു തീർത്ത കല്ലറയ്ക്കുള്ളിൽ തൂമഞ്ഞിന്റെ പുതപ്പു വലിച്ചിട്ട് എലേനർ ഇസബെൽ മേ ഉറങ്ങുന്നു... ഉറ്റവരുടെ കാലൊച്ചയ്ക്കു കാതോർക്കുന്ന എണ്ണമറ്റ കൽക്കുരിശുകളുള്ള കുന്നിൻ മുകളിലാണ് എലേനറുടെ കല്ലറ.
മഞ്ഞും മഴയും വെയിലും കൂട്ടിക്കുഴച്ച കാലത്തിന്റെ ചായക്കൂട്ടുകൾ പടർന്ന കല്ലറയുടെ തലയ്ക്കൽ മൂന്നു സിമന്റ് തട്ടുകൾ. മുകളിലത്തെ തട്ടിൽ എലേനർ ഇസബെൽ മേ (ELEANOR ISABEL MAY)എന്ന് ഇംഗ്ലീഷിൽ കൊത്തി വച്ചിരിക്കുന്നു.
‘‘THE DEARLY BELOVED WIFE OF HENRY MANSFIELD KNIGHT AND YOUNGEST DAUGHTER OF BEANFORT BRABAZON. M.D’’– രണ്ടാമത്തെ തട്ടിൽ. അടുത്ത വരിയിൽ ‘‘DIED-23 RD DEC 1894. AGED 24 YEARS’’. പ്രിയതമയ്ക്കു നിത്യശാന്തി നേരുന്ന ഹെൻറിയുടെ ഹൃദയാക്ഷരങ്ങൾ മൂന്നാമത്തെ തട്ടിൽ....
‘‘ഞാൻ മരിച്ചാൽ എന്നെ ഈ കുന്നിൻ മുകളിൽ അടക്കം ചെയ്യുക..’’
ഒന്നേകാൽ നൂറ്റാണ്ടു മൂൻപ്, ഒരു ക്രിസ്മസിന്റെ തലേന്ന് പഴയ മൂന്നാറിലെ കുന്നിൻപുറത്ത് തല ഉയർത്തി നിൽക്കുന്ന സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തോടു തൊട്ടു ചേർന്നാണ് എലേനർ ഇസബെൽ മേയ്ക്ക് കല്ലറ ഉയർന്നത്.
1894 ഡിസബർ 23 നായിരുന്നു എലേനറുടെ മരണം. അപ്പോൾ എലേനർക്ക് 24 വയസ്സ് മാത്രമായിരുന്നു. എലേനറുടെയും ഹെൻറിയുടെയും ജൻമനാട് ഇംഗ്ലണ്ടാണ്. ബ്രിട്ടീഷുകാരുടെ അധീനതയിലുണ്ടായിരുന്ന മൂന്നാറിലെ തേയിലത്തോട്ടത്തിലെ മാനേജറായിരുന്നു ഹെൻറി.
ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഏലേനറും ഹെൻറിയും ഇംഗ്ലണ്ടിൽ വച്ച് വിവാഹിതരാകുന്നത്. മധുവിധു ആഘോഷിക്കാനാണ് എലേനർ ഹെൻറിക്കൊപ്പം മൂന്നാറിലെത്തിയത്.
കപ്പൽ മാർഗം ശ്രീലങ്ക വഴി ഹെൻറിയും എലേനറും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ, അവിടെ നിന്നു ബോഡിമെട്ട് ചുരം നടന്നുകയറി ഇരുവരും മൂന്നാർ മലമുകളിലെത്തി. യാത്രാക്ഷീണത്താൽ എലേനർ അവശയായിരുന്നു.
1894 ഡിസംബർ 20നു വൈകിട്ട് ഇരുവരും നടക്കാനിറങ്ങി. മൂന്നാർ പുഴയുടെ തീരത്തു മഞ്ഞുപൊതിയുന്ന കുന്നിൻപുറത്തു കൂടിയായിരുന്നു ഇവരുടെ യാത്രകൾ.
മഞ്ഞിന്റെ വശ്യതയിൽ മയങ്ങി പ്രിയതമന്റെ മടിയിൽ തലചായ്ച്ചു കിടന്ന എലേനർ, ഹെൻറിയുടെ കാതിൽ പറഞ്ഞു. ‘‘എത്ര സുന്ദരമാണ് ഇൗ പ്രദേശം. ഇതാണു ഭൂമിയിലെ സ്വർഗം. ഞാൻ മരിച്ചാൽ, കുന്നിൻമുകളിലെ ഈ സ്വപ്നഭൂമിയിൽ എന്നെ അടക്കം ചെയ്യുക...’’
ഹെൻറി അതു കേട്ടു പൊട്ടിച്ചിരിച്ചു, തമാശയെന്നു കരുതി. പക്ഷേ, എലേനറുടെ വാക്കുകൾ അറംപറ്റിയതു പോലെയായി. വിവാഹശേഷമുള്ള ആദ്യ ക്രിസ്മസിനു കാത്തിരിക്കാതെ കോളറ ബാധിച്ച് മൂന്നാംനാൾ എലേനർ മരിച്ചു. എലേനറുടെ മൃതദേഹം ജൻമനാട്ടിലേക്കു കൊണ്ടുപോകണം എന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും ഹെൻറി വഴങ്ങിയില്ല.
പ്രിയതമയ്ക്കു നൽകിയ വാക്കു പാലിച്ച ഹെൻറി, എലേനർ പറഞ്ഞ സ്ഥലത്തു മൃതദേഹം സംസ്കരിച്ചു. ക്രിസ്മസിന്റെ തലേന്ന് ഉച്ചയ്ക്കു രണ്ടിനായിരുന്നു സംസ്കാരം. മനോഹരമായ പ്രണയകുടീരവും പ്രിയപ്പെട്ടവൾക്കായി നിർമിച്ചു. ഒരു വിദേശിക്ക് ആദ്യമായി മൂന്നാറിൽ കല്ലറ ഒരുങ്ങിയതും അന്നായിരുന്നു. ജൻമനാട്ടിൽ നിന്നുള്ള വിലകൂടിയ മാർബിളാണ് കല്ലറയ്ക്കായി ഉപയോഗിച്ചത്.
എലേനറുടെ മരണശേഷം ഹെൻറി കുറെനാൾ മൂന്നാറിലുണ്ടായിരുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞ് എലേനറുടെ കല്ലറയിലെത്തുന്ന ഹെൻറി ഏറെനേരം ഇവിടെ ചെലവഴിച്ചിരുന്നു.
കാട്ടുപൂക്കൾ കല്ലറയിൽ വിതറി എലേനറെക്കുറിച്ചോർത്തു വിതുമ്പുന്ന ഹെൻറിയെ സഹപ്രവർത്തകരാണ് പലപ്പോഴും ബംഗ്ലാവിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നത്. പിന്നീടു ജൻമനാട്ടിലേക്കു മടങ്ങിയ ഹെൻറി അവിടെ വച്ചാണ് മരിച്ചത്. മൂന്നാറിനെ വൻകിട തേയിലത്തോട്ടം മേഖലയാക്കി മാറ്റിയതിലും ഹെൻറിക്കു മുഖ്യപങ്കുണ്ട്.
ദേവാലയത്തിനും മുൻപ്..
എലേറുടെ മരണത്തിനുശേഷവും ഈ കുന്നിൻപുറത്തു വിദേശികളെ അടക്കം ചെയ്തു. ബ്രിട്ടിഷുകാരായിരുന്നു ഇവരിൽ ഭൂരിഭാഗവും. ഇതോടെയാണ് ആരാധനയ്ക്കായി ഇവിടെ ദേവാലയം വേണം എന്ന ആവശ്യം ആദ്യമായി ഉയർന്നത്. റവ. ഇ. നോയൽ ഹോഡ്ജസ് ബിഷപ് 1898ൽ ആദ്യമായി മൂന്നാറിലെത്തി.
1900 ഏപ്രിൽ 15ന്, ഒരു ഇൗസ്റ്റർ ദിനത്തിൽ കുന്നിൻമുകളിലെ പ്രദേശം സെമിത്തേരിയായി ആശീർവദിക്കപ്പെട്ടു. ഒരു മരണ റജിസ്റ്ററും തുറന്നു.
എലേനറുടേതായിരുന്നു ആ റജിസ്റ്ററിലെ ആദ്യ പേര്. ദേവാലയം പണിയുന്നതിനു മുൻപ് സെമിത്തേരി ആശീർവദിക്കപ്പെട്ടയിടം എന്ന പേരും പിൽക്കാലത്തു നിർമിക്കപ്പെട്ട മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തിനു ലഭിച്ചു. 1900 ഡിസംബർ 9ന് എലേനറുടെ കല്ലറയിൽ വിക്ടോറിയ രാജ്ഞിക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തി.
1910 മാർച്ച് 10നു ദേവാലയത്തിനു തറക്കല്ലിട്ടു. അന്നു കൊച്ചിയിൽ നിന്നു മൂന്നാറിലേക്കു ഗതാഗതം സുഗമമല്ലാത്തതിനാൽ കൊളംബോയിൽ നിന്നു രാമേശ്വരം വഴി എത്തിയ സംഘമാണ് ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും ചർച്ച് ഓഫ് സ്കോട്‌ലൻഡിന്റെയും പ്രാർഥനകളും ഇവിടെ നടന്നു. 1911 മേയിൽ വിശ്വാസികൾക്കായി പള്ളി തുറന്നുകൊടുത്തു. സെമിത്തേരി ആശീർവദിച്ച് 11 വർഷങ്ങൾക്കു ശേഷമായിരുന്നു അത്.
സ്കോട്ടിഷ് മാതൃക
സ്കോട്ടിഷ് മാതൃകയിൽ പൂർണമായും കരിങ്കല്ലിലാണു ദേവാലയം നിർമിച്ചത്. ഉള്ളിൽനിന്നു നോക്കിയാൽ കുരിശിന്റെ ആകൃതി. മൂന്നാറിൽ നിന്നുള്ള കല്ലുകളാണ് നിർമാണത്തിന് ഉപയോഗിച്ചത്.
ദേവാലയത്തിനുള്ളിലെ ഫർണിച്ചർ, മണി, ക്ലോക്ക്, പിയാനോ, ഗ്ലാസുകൾ തുടങ്ങിയവ ലണ്ടനിൽനിന്നു കപ്പൽ മാർഗം എത്തിച്ചു. പള്ളിമണിയുമായി വന്ന ആദ്യ കപ്പൽ മുങ്ങി. പിന്നീട്, മറ്റൊരു കപ്പലിൽ സാധനങ്ങൾ എത്തിച്ചു. മദ്ബഹയിൽ ഇരുവശങ്ങളിലും സെന്റ് തോമസും സെന്റ് ജെയിംസും. നല്ലിടയന്റെ രൂപം നടുവിൽ. അന്നത്തെ വേദപുസ്തകം, കൂറ്റൻ മണി, അന്ന് ഉപയോഗിച്ചിരുന്ന ചവിട്ടുപിയാനോ എന്നിവ ഇപ്പോഴുമുണ്ട്.
മദ്രാസ് ഗവർണറായിരുന്ന വെല്ലിങ്ടൻ പ്രഭു 1922ൽ ദേവാലയം സന്ദർശിച്ചു. 25 രൂപ സഹായം നൽകി. തിരുവിതാംകൂർ–കൊച്ചി ഇടവക എന്നാണു തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്. 1966ൽ ദേവാലയത്തിന്റെ മേൽക്കൂര മാറ്റി, പകരം ആസ്ബസ്റ്റോസ് ഷീറ്റ് പാകി.
എലേനർ ഭർത്താവുമായി സംസാരിച്ചിരുന്ന ആ കുന്നിൻപുറം ഇന്ന് 1065 കല്ലറകൾ അടങ്ങിയ വലിയ സെമിത്തേരിയാണ്. കല്ലറകളിൽ 37 എണ്ണം വിദേശികളുടേത്.
പഴയ മൂന്നാറിലെ കുന്നിൻപുറത്ത്, മഞ്ഞു വീണുടയുന്ന മലനിരകൾക്കു മുകളിൽ തല ഉയർത്തി നിൽക്കുന്ന മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയത്തിനു സ്വന്തമായുള്ളത് പതിനാലര ഏക്കർ ഭൂമി.
ഇതിൽ 9 ഏക്കറും സെമിത്തേരിയാണ്. തുടക്കത്തിൽ ഇംഗ്ലിഷിൽ മാത്രമായിരുന്നു ആരാധന. നിലവിൽ, ഇംഗ്ലിഷിനു പുറമെ മലയാളത്തിലും തമിഴിലും ആരാധനകളുണ്ട്. ആകെ 202 കുടുംബങ്ങളാണ് ദേവാലയത്തിന്റെ പരിധിയിലുള്ളത്.
തമിഴ് ഭാഷയിലെ ആരാധനയ്ക്കു വികാരി റവ. നിറ്റൺ ബോസും മലയാളത്തിലെ ആരാധനയ്ക്ക് വികാരി റവ. അനൂബ് ജോർജും നേതൃത്വം നൽകുന്നു. സിഎസ്ഐ കൊച്ചിൻ മഹാ ഇടവകയുടെ നിയന്ത്രണത്തിലാണ് ദേവാലയം. റവ. ബി.എൻ. ഫെൻ ആണ് ബിഷപ്.
എലേനറുടെ ഓർമകൾ
എലേനറുടെ ബന്ധുക്കൾ ഇപ്പോഴും കല്ലറ സന്ദർശിക്കാനെത്താറുണ്ട്. മൂന്നാർ ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലെ പഴയ മൂന്നാറിലാണ് സിഎസ്ഐ ദേവാലയവും എലേനറുടെ കല്ലറയും.
മൂന്നാറിലെത്തുന്നവർ ദേവാലയവും എലേനറുടെ കല്ലറയും കാണാതെ മടങ്ങില്ല. എലേനറുടെയും ഹെൻറിയുടെയും ഓർമച്ചിത്രങ്ങൾ ദേവാലയ അധികൃതരുടെ ചിത്രശേഖരത്തിൽ ഇല്ല. എന്നാൽ, പറഞ്ഞും കേട്ടും അറിഞ്ഞ കഥകളിലൂടെ എലേനറും ഹെൻറിയും ഇന്നും മൂന്നാറിൽ മുംതാസും ഷാജഹാനുമായി ജീവിക്കുന്നു.