കുന്നിന് മുകളിലെത്തിയവർക്കല്ല, കുന്നുകൾ കീഴടക്കാൻ പോരടിക്കുന്നവർക്ക് വായിക്കാൻ...
Mail This Article
മലകളേ, കുന്നുകളേ..
കീഴടങ്ങുക..
ഇവന്റെ മുറിഞ്ഞ കാൽപാദത്തിനു
കീഴിൽ ‘ലോക്ഡൗൺ’ ആവുക!
2017 ഓഗസ്റ്റ് 27,
അവൻ Locked down ആയ കാലം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി.
ഡോക്ടർ പറഞ്ഞു: കാൽ മുറിക്കുകയേ രക്ഷയുള്ളൂ.
അവന്റെ കൂട്ടുകാർ പറഞ്ഞു: ഡോക്ടർ, അവനു ബോധം വന്നിട്ടു ചോദിച്ചിട്ടു ചെയ്താൽ മതി. അവനൊരു പ്രത്യേക സ്വഭാവക്കാരനാ... അങ്ങനൊന്നും വഴങ്ങില്ല.
മരുന്നു കുത്തിവച്ചു മയക്കിയ ഡോക്ടറും കൂട്ടുകാരും അവനു ബോധം തെളിയാൻ കാത്തിരിപ്പായി.
ബോധം വന്നപ്പോൾ ഡോക്ടർ പറഞ്ഞു: കാൽ മുറിക്കുകയേ രക്ഷയുള്ളൂ.
അവൻ നോക്കുമ്പോൾ വെള്ളയിൽ പൊതിഞ്ഞുവച്ച് സംസ്കാരം കാത്തിരിക്കുന്ന മൃതദേഹം പോലിരിക്കുന്നു കാലിന്റെ അറ്റത്ത് പാദം. അപകടത്തിൽപെടുമ്പോൾ കാൽപാദത്തിനു കാലുമായി ഒരു നൂൽബന്ധം മാത്രമേയുള്ളൂവെന്നു നേരിട്ടു കണ്ടതാണ്.
ആശുപത്രിയിൽ ബോധം മായുമ്പോൾ അവൻ കണ്ട സ്വപ്നം നിറയെ മലകളായിരുന്നു. ലേയുടെ, ലഡാക്കിന്റെ മുകളിൽ അവൻ കൈവിരിച്ചു നിൽക്കുന്ന കാഴ്ചയായിരുന്നു.
അവൻ ഡോക്ടറോടു പറഞ്ഞു. കാൽ മുറിച്ചുകളയാൻ 10 മിനിറ്റ് മതി. അത് എപ്പോൾ വേണമെങ്കിലും ചെയ്യാം. ഇപ്പോൾ എനിക്കെന്റെ കാൽ വേണം...
അവൻ അഷ്റഫ്. തൃശൂർ പാർളിക്കാട്
തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷ്റഫ്
എന്ന മുത്തു.
അപകടങ്ങളിൽ Locked in!
ഒന്നര വയസ്സിൽ പപ്പടം കുത്തുന്ന കമ്പിക്കുമേൽ വീണ് ചുണ്ടും മൂക്കും തുളച്ചു കമ്പികയറി അപകടജീവിതത്തിന് ‘ഐശ്വര്യത്തോടെ’ തുടക്കമിട്ടവൻ. 31–ാം
വയസ്സിൽ കാൽപാദം ഏതാണ്ടു മുറിഞ്ഞു നഷ്ടമാകുമ്പോൾ കടന്നുപോയത് പത്തിലേറെ ഭീകരമായ അപകടങ്ങൾ. പത്തിൽ നിൽക്കില്ല, അഷ്റഫിന്റെ വാക്കിൽ പറഞ്ഞാൽ ‘ബാക്കിയുള്ളതൊക്കെ വിരലൊടിഞ്ഞും കയ്യൊടിഞ്ഞുമൊക്കെയുള്ള ‘ലോക്കൽ’ അപകടങ്ങൾ.
ഒടിയാത്ത എല്ലുകൾ ചുരുക്കം. പല്ലുകൾ മൂന്നെണ്ണം കുറവ്. ആശുപത്രിയിൽ കിടന്ന ദിവസങ്ങൾ കൂട്ടിച്ചേർത്താൽ വർഷങ്ങളിലേക്കു നീളും!
അഷ്റഫിനുണ്ടായ അപകടങ്ങളിൽ പ്രധാനപ്പെട്ടവ ഇങ്ങനെ സംഗ്രഹിക്കാം:
∙ ഒന്നര വയസ്സിലെ കമ്പികുത്തിക്കയറലിന്റെ പാട് ഇപ്പോഴും ചുണ്ടിലും മൂക്കിലുമുണ്ട്.
∙ നാലാം വയസ്സിൽ പൊള്ളൽ.
∙ അതേ വർഷം ടെറസിന്റെ മുകളിൽനിന്നു വീണ് കയ്യിലെയും കാലിലെയും അസ്ഥി പൊട്ടി.
∙ 9–ാം വയസ്സിൽ വീട്ടുകാർ അടിക്കാൻ ഓടിച്ചപ്പോൾ തെങ്ങിൽ പിടിച്ചുകയറി വീണ് രണ്ടു കയ്യും ഒടിഞ്ഞു.
∙ അഞ്ചിൽ പഠിക്കുമ്പോൾ ഓട്ടോ ഇടിച്ചുകയറി ഒരു കാലൊടിഞ്ഞു.
∙ പ്ലസ്ടുവിനു പഠിക്കുമ്പോൾ പത്താംകല്ലിൽ വീടിനു മുന്നിൽ ഇറങ്ങുമ്പോൾ പെട്ടെന്നു മുന്നോട്ടെടുത്ത ബസിൽനിന്നു വീണ് കാൽമുട്ടിന്റെ അസ്ഥികൾ പൊട്ടി.
∙ ബൈക്ക് ഓടിക്കാൻ പഠിച്ചപ്പോൾ എതിരെ വന്ന ബസിലിടിച്ചു. അത്രയല്ലേ പറ്റിയുള്ളൂ എന്ന് ആശ്വസിക്കാൻ വരട്ടെ; വലതുകൈ ബസിന്റെ മുന്നിൽ ബോണറ്റിനുള്ളിലെ ഫാനിൽ കുടുങ്ങി മൂന്നു വിരലുകളും ഒടിഞ്ഞു. നടുവിരൽ ഇപ്പോഴും മടങ്ങില്ല.
∙ 2006ൽ മേൽക്കൂരയിൽ ഓട് ഒട്ടിക്കുന്ന ജോലി ചെയ്തപ്പോൾ വീണ് നടുവിന്റെ എൽ1, എൽ2 അസ്ഥികളിൽ പൊട്ടൽ (120 ദിവസം ആശുപത്രിയിൽ ഒരേ കിടപ്പ്).
∙ 2010ൽ കൂട്ടുകാരനെ വിമാനത്താവളത്തിൽ കൊണ്ടുപോയി മടങ്ങുംവഴി അപകടത്തിൽപെട്ടു. 3 പല്ലു പോയി. കാൽമുട്ടിലെ ചിരട്ട തെറ്റി.
∙ ആശുപത്രിയിൽ നിന്നിറങ്ങിയ ദിവസം കൂട്ടുകാരന്റെ കല്യാണത്തിനു പോയി മടങ്ങുംവഴി വണ്ടിയിടിച്ചു. നെഞ്ചിലെ എല്ലു പൊട്ടി; തലയിൽ 12 തുന്നൽ (അന്നാണ് ‘കിലുക്കത്തിലെ ജഗതി’ എന്ന വട്ടപ്പേരു വീണത്).
∙ 2016ൽ വിസിറ്റ് വീസയിൽ ഗൾഫിൽ ജോലിക്കു പോയി. ജോലി ശരിയാക്കി നാട്ടിലേക്കു മടങ്ങാനിരിക്കുമ്പോൾ സുഹൃത്തുക്കളുടെ ക്യാംപിൽ വച്ച് തീപിടിത്തം. പൊള്ളലേറ്റു കിടന്നത് 40 ദിവസം.
∙ 2017 ഓഗസ്റ്റ് 27: ചെറുപ്പം മുതലുള്ള വോളിബോൾ പ്രേമം മൂലം കളി കാണാനുള്ള പോക്കിൽ വടക്കാഞ്ചേരിയിൽ അപകടം. എതിരെ വന്ന ബൈക്കിന്റെ ഫുട്റെസ്റ്റ്് കുത്തിക്കയറി കാൽപാദം അറ്റു.
അൺlocked പാദം
അങ്ങനെ 31–ാം വയസ്സിൽ കാൽ മുറിക്കണോ വേണ്ടയോ എന്ന ചർച്ചയിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. ബാക്കിയുള്ളവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇടയ്ക്ക് ‘ഫോൺ എ ഫ്രണ്ട്’. ഓസ്ട്രേലിയയിലെ വോളിബോൾ സുഹൃത്ത് ഡോ. മിഥുനെ വിളിച്ചു. മിഥുൻ പറഞ്ഞു: മുറിക്കരുത്.
‘കാൽ’ ‘കൈ’വിടാതിരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. പലതരത്തിൽ തുന്നിക്കെട്ടിയും മറ്റുമുള്ള ചികിത്സ കഴിഞ്ഞ് ആംബുലൻസിൽ കിടന്നു തൃശൂരിലെത്തുമ്പോൾ കാലുണ്ട്, പക്ഷേ ഉപയോഗമില്ല എന്ന സ്ഥിതി.
നടക്കാനുള്ളതല്ലെങ്കിൽ കാലെന്തിന്?
തൃശൂർ ദയ ആശുപത്രിയിലെ ബോൺ സ്പെഷലിസ്റ്റ് ഡോ. പ്രേംകുമാർ അഷ്റഫിന്റെ സുഹൃത്താണ്. നെടുമുടി വേണുവിന്റെ ഭാഷയിൽ പറഞ്ഞാൽ ‘സോഭാവികം’!
ഇത്രയേറെത്തവണ കാലും കയ്യുമൊടിഞ്ഞൊരാൾക്ക് നാട്ടിലെ എല്ലു സ്പെഷലിസ്റ്റുകളെല്ലാം സുഹൃത്തുക്കളായിരിക്കും; സ്വാഭാവികം.
അദ്ദേഹം കാൽ പരിശോധിച്ചു. ഈ സ്ഥിതിയിൽ കാൽ പഴുക്കും. മുകളിൽ വച്ചു മുറിക്കേണ്ടി വരും. പ്രേംകുമാറിന്റെ നിർദേശപ്രകാരം തൃശൂർ എലൈറ്റ് ആശുപത്രിയിലെ ഡോ. ആന്റോ ജോസഫിന്റെ അടുത്തേക്ക്.
ഒന്നു ശ്രമിച്ചുനോക്കാമെന്ന് ഡോക്ടർ. ഡോ. പ്രേംകുമാറിന്റെ ശുപാർശക്കത്തുമുണ്ടായിരുന്നു: കാൽ എങ്ങനെയും പിടിച്ചുനിർത്തണം..., ഒപ്പ്!
പ്ലാസ്റ്റർ അൺലോക്ഡ്
വിശദീകരണഭയം നിമിത്തം ഈ ഫീച്ചറിൽനിന്ന് ‘ആംപ്യൂട്ട്’ ചെയ്തൊരു കഥാഭാഗം പറയാം. വോളിബോളിനോടു ഭ്രാന്തായിരുന്നു അഷ്റഫിന്. അമ്മയുടെ കഴുത്തിലെ മാല വിറ്റുവരെ ടീമിനെ ഇറക്കിയിരുന്ന കാലം. അതുവഴി സംസ്ഥാനത്തു മുഴുവൻ വോളിബോൾ ടീമുകളുമായി വലിയ ബന്ധം. നന്നായി കളിക്കുകയും ചെയ്യുമായിരുന്നു. അഷ്റഫിന്റെ കാൽ അങ്ങനെ വോളിബോൾ പ്രേമി സംഘങ്ങളിൽ ചർച്ചയായി. വോളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കിഷോർ കുമാർ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ ഇട്ടു.
അഷ്റഫിന്റെ കാലാണ് വിഷയം. കാലിക്കറ്റ് ഹീറോസ് വോളിബോൾ ടീമിന്റെ സഫീർ, ഖത്തർ വോളിക്യൂ സെക്രട്ടറിയും ഇന്ത്യയിലെ വോളിബോൾ സംഘാടകനുമായ ആഷിക് അഹമ്മദ്... ഇവരെല്ലാം അഷ്റഫിന്റെ കാലിനു വേണ്ടി ‘ഒറ്റക്കാലിൽ നിന്നു’. പലയിടത്തുനിന്നായി പണം ഒഴുകിയെത്തി. ജനിച്ച നാൾ മുതൽ ഇപ്പോഴും വാടകവീട്ടിൽ കഴിയുന്ന അഷ്റഫിന് അല്ലാതെ എവിടെനിന്നു പണം കിട്ടാൻ?
തുടരെത്തുടരെ നാലു ശസ്ത്രക്രിയകൾ. തുടയിൽനിന്നു തൊലിയെടുത്തും കാൽമുട്ടിനു താഴെനിന്ന് അസ്ഥിയെടുത്തുവച്ചും കാൽപാദം പുനർനിർമിച്ചു. ഇപ്പോൾ കാൽ എങ്ങനെയെന്നു പറയുമ്പോൾ അഷ്റഫ് ചിരിക്കും – ‘ലോറി വരുമ്പോൾ വായുപിടിച്ചു നിൽക്കുന്ന തവളയുടെ രൂപം’!
അഷ്റഫ് ചെറുതായി നടന്നുതുടങ്ങി. കെയിൻ വോക്കറിന്റെ സഹായത്തോടെ. പക്ഷേ, കാൽ നിലത്തു കുത്തിയാൽ സഹിക്കാനാവാത്ത വേദന.
വെഡ്‌ലോക്
ആ വേദനയുടെ കാലത്താണ് മാട്രിമോണിയൽ സൈറ്റിലൂടെ ജാസ്മിനെ പരിചയപ്പെട്ടത്. അതു പ്രണയമായി. ‘അപകടകരമായ’ പ്രണയത്തിൽ അവനോടൊപ്പം ജീവിക്കാൻ അവൾ തീരുമാനിച്ചു. നിക്കാഹ് കഴിഞ്ഞു, 2018 സെപ്റ്റംബറിൽ. ഒന്നര വയസ്സുള്ള മകനുണ്ട് – അമാൻ ഖാലിദ്.
‘നഴ്സായ അവൾ ദുബായിൽ ജോലിക്കു പോയി. ഇപ്പോൾ ലോക്ഡൗണിൽ അവിടെ കുടുങ്ങി. എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന് ജാസ്മിനോടു പറഞ്ഞപ്പോൾ അവളാണു പറഞ്ഞത്: നിനക്കു സഞ്ചരിക്കാൻ പരിമിതികളുണ്ട്. ഒരു ഫുട്പാത്തിൽ കച്ചവടത്തിനിരുന്നാലും ജീവിക്കാം. അതിനു മുൻപ് ഒരു ഇംപോസിബിൾ മിഷൻ ചെയ്യണം...’
സൗദിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ജാസ്മിന്റെ വാക്കുകൾ...
ശരിയാണ്; പത്തടിയിൽ കൂടുതൽ നടക്കുമ്പോൾ ഇരുന്നുപോകുന്ന ജീവിതത്തിന് ഒരു ഇംപോസിബിൾ മിഷൻ വേണം. അതാണ് ലേ– ലഡാക്ക് കീഴടക്കുക എന്ന മിഷൻ.
ദ് ലോക്ഡ് സൈക്കിൾ
പത്തടി നടക്കുമ്പോൾ വേദനിക്കുന്ന കാലുമായി വലിയ ദൂരം താണ്ടണമെങ്കിൽ ഒരു വാഹനം വേണം. ബൈക്ക് ഓടിക്കാൻ പറ്റില്ല. അനക്കാനാവാത്ത വലതുകാൽപാദം കൊണ്ടു ഗിയർ മാറ്റാനാവില്ല. സുഹൃത്ത് ജ്യോതിഷ് എന്ന കിച്ചുവിന്റെ വീട്ടിൽ പൂട്ടിവച്ചിരുന്ന സൈക്കിൾ (ദ് ലോക്ഡ് സൈക്കിൾ) ആയിരുന്നു ഉത്തരം. അതെടുത്തു വീട്ടുമുറ്റത്തു ചവിട്ടു തുടങ്ങി. ആദ്യ ദിവസം 100 മീറ്റർ. പിന്നെ ഒരു കിലോമീറ്റർ. വേദനിക്കുമ്പോൾ നിർത്തും. പിന്നെ രാവിലെ 5, വൈകിട്ട് 5 എന്നിങ്ങനെ 10 കിലോമീറ്റർ.
അപ്പോഴാണ് സൈക്ലിങ് വിദഗ്ധനും തൃശൂർ മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് അസോഷ്യേറ്റ് പ്രഫസറുമായ ഡോ. കൃഷ്ണകുമാറിനെ മെഹ്താഫ് എന്ന സുഹൃത്ത് പരിചയപ്പെടുത്തുന്നത്. ഡോക്ടറുടെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
ലോക്ഡൗൺ കാലമാണ്. വീടിന്റെ ലൊക്കേഷൻ അയയ്ക്കാൻ ഡോക്ടർ പറഞ്ഞു. 15 മിനിറ്റു കഴിഞ്ഞപ്പോൾ റൈഡർ വേഷത്തിൽ ഒരാൾ സൈക്കിളിൽ മുറ്റത്തുവന്നു നിന്നു. ഡോക്ടർ ഇറങ്ങി. അഷ്റഫിന്റെ ആകെ മൊത്തം കഥ കേട്ടു. കാൽ കണ്ടു.
അഷ്റഫിന്റെ സൈക്കിൾ പരിശോധിച്ചു ചികിത്സ തുടങ്ങി. സീറ്റിന്റെ ഉയരം കൂട്ടി. ബ്രേക്കിന്റെയും ഗിയറിന്റെയും പ്രഷർ പരിശോധിച്ചു. ചെറിയ ചില സർജറികൾ നടത്തി. സൈക്കിൾ ഗിയർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എക്സ്റേ കാണിച്ചെന്നപോലെ പറഞ്ഞുകൊടുത്തു, കൂടെക്കൂട്ടി. ഡോക്ടർ ടെക്നിക്കൽ അഡ്വൈസറായ, തൃശൂർ ഗിരിജ തിയറ്ററിനു സമീപത്തെ ക്രാങ്ക് സൈക്കിൾ ജോയിന്റ് ഷോപ്പിലേക്കു സ്വാഗതം ചെയ്തു.
അങ്ങനെ ലോക്ഡൗൺ കാലത്ത് അഷ്റഫ് ദൂരങ്ങൾ ചവിട്ടിത്തുടങ്ങി. ആദ്യം വീടിനടുത്തുള്ള പൂമല ഡാമിന്റെ കയറ്റം ചവിട്ടിനോക്കി. പകുതിയെത്തിയപ്പോഴേക്കും ഛർദിച്ചു കുഴഞ്ഞു. പിന്നെയാണ് തൃശൂർ നഗരപരിസരത്തെ വിലങ്ങൻ കുന്നിലെത്താൻ തീരുമാനിക്കുന്നത്. വടക്കാഞ്ചേരിയിൽനിന്നു രാവിലെ തൃശൂർ വിലങ്ങൻകുന്നിലേക്കു പുറപ്പെടും. എന്നിട്ടു നിർത്താതെ ഏഴുതവണ ചവിട്ടിക്കയറും. തിരിച്ചുമാകുമ്പോൾ 35 കിലോമീറ്റർ. പോരാതെ വൈകിട്ട്, ആദ്യം തോൽപിച്ച പൂമല ഡാം കയറ്റത്തെ ചവിട്ടിക്കീഴടക്കും. അവൻ മുന്നിൽ കാണുന്നത് വിലങ്ങൻകുന്നല്ല, ലേ – ലഡാക്കിലേക്കുള്ള മലറോഡുകളാണ്. അങ്ങനെ കോവിഡിനു മുൻപേ ‘ലോക്ഡ് ഇൻ’ ആയിരുന്ന ജീവിതം അഷ്റഫ് അൺലോക് ചെയ്തു.
2020 മേയ് 14:
ലോകം ലോക്കായ കാലം
ചലനശേഷിയില്ലാതെ തുന്നിക്കൂട്ടിവച്ചൊരു കാൽപാദവുമായി അഷ്റഫ് അതിരപ്പിള്ളിയിലേക്കുള്ള ഹെയർപിൻ കയറ്റങ്ങൾ ചവിട്ടിക്കയറുകയാണ്, ഒറ്റയ്ക്ക്. നോമ്പുകാലമാണ്. ഭക്ഷണം കഴിക്കാതെയുള്ള സൈക്കിൾ ചവിട്ട്. വടക്കാഞ്ചേരിയിൽനിന്നു തൃശൂർ വഴി ചാലക്കുടി കടന്ന് അതിരപ്പിള്ളി വഴി അതിർത്തിവരെയെത്തി. തിരികെ വടക്കാഞ്ചേരിയിലേക്ക്...
എല്ലാ ആശങ്കകളെയും ‘ചവിട്ടി’ക്കൂട്ടി ചവറ്റുകുട്ടയിലെറിഞ്ഞ് അവൻ വീട്ടിലെത്തുമ്പോൾ മൊത്തം റൈഡ് 153 കിലോമീറ്റർ! 11 മണിക്കൂർ ഡ്രൈവ്. വീട്ടിലെത്തി തോളിൽ കിടന്ന ബാഗ് അഴിച്ചു. ബാഗിനുള്ളിൽനിന്ന് 20 കിലോ തൂക്കമുള്ളൊരു ഡംബ്‌ബെൽ (വ്യായാമത്തിന് ഉപയോഗിക്കുന്നത്) എടുത്ത് ആരും കാണാതെ മാറ്റിവച്ചു.
കണക്കുകൂട്ടൽ ഇങ്ങനെയാണ്: ലേയിലേക്ക് ഏകദേശം 3600 കിലോമീറ്റർ! ലോക്ഡൗൺ കാലത്തെ പരിശീലനത്തിലൂടെ ചവിട്ടി നേടിയെടുത്ത പ്രതിദിന ദൂരം 150 കിലോമീറ്റർ.
അതായത് വടക്കാഞ്ചേരിയിൽനിന്നു ലേ– ലഡാക്ക് മലനിരയിലെത്താൻ എത്ര ദിവസം വേണം?: 3600/150 = 24 ദിവസം.
ടെന്റും സൈക്കിൾ നന്നാക്കാനുള്ള അത്യാവശ്യ ഉപകരണങ്ങളും ഭക്ഷണവും മറ്റുമടക്കം റൈഡർ ബാഗിൽ കരുതേണ്ട വസ്തുക്കളുടെ ആകെ തൂക്കം – 20 കിലോ!
അതാണ് ആ ഡംബ്‌ബെല്ലിന്റെ ഭാരരഹസ്യം.
സ്വപ്നം Unlocked
ഇപ്പോൾ മനസ്സിലുള്ള സ്വപ്നം എന്താണെന്നു ചോദിച്ചാൽ അഷ്റഫിന്റെ മനസ്സ് കുന്നുകയറിത്തുടങ്ങും. ഇന്ത്യ മുഴുവൻ ലോക്ഡൗൺ എന്നു തീരുന്നോ, പിറ്റേന്നു പുലർച്ചെ അഷ്റഫ് പുറപ്പെടും. ലേ, ലഡാക്ക് മാത്രമല്ല ഇപ്പോൾ മനസ്സിൽ. ഇന്ത്യയുടെ ഭൂപടത്തിന്റെ അതിരുകളിലൂടെ സൈക്കിൾ ചവിട്ടി തിരിച്ചെത്തണം. മുറിഞ്ഞുപോയിട്ടും തുന്നിച്ചേർത്ത, ചലനമില്ലാത്ത ആ പാദം കൊണ്ട് അങ്ങനെ ഇന്ത്യയുടെ ‘ഭൂപടം വരയ്ക്കണം’.
അതിനു സ്പോൺസർ വേണം. പിന്നെ എന്തെങ്കിലുമൊരു തൊഴിൽ കണ്ടെത്തണം. ഭാര്യ ജാസ്മിൻ പറഞ്ഞതുപോലെ ‘ഇംപോസിബിൾ’ എന്നു മറ്റുള്ളവർ കരുതുന്ന ആ മിഷൻ ചെയ്യുക. അതിനുശേഷം വഴിയോരത്തു മാമ്പഴം വിൽക്കാനിരുന്നാലും ആ മാങ്ങയ്ക്കു മധുരം കൂടും.
Moral of The Story
Unlocked
ജയിക്കണമെന്നു നിങ്ങൾ വിചാരിച്ചാലും
ചിലപ്പോൾ നിങ്ങൾ തോൽക്കും.
പക്ഷേ, തോൽക്കില്ലെന്നു
നിങ്ങൾ വിചാരിച്ചാൽ
ജയിക്കാതിരിക്കാൻ നിങ്ങൾക്കാവില്ല.
English Summary: Ashraf