സ്വാതന്ത്ര്യത്തിന്റെ ഉടൽവളയം: തരംഗമായി എഷ്നയുടെ ‘ഹൂല ഹൂപ്പിങ് ’
Mail This Article
കൈകാലുകളുടെയും വിരലുകളുടെയും ഉടൽ മുഴുവന്റെയും എത്രമാത്രം ചലനസാധ്യതകൾ നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്? ഇങ്ങനെ അടക്കിയൊതുക്കി, വരിഞ്ഞുമുറുക്കി കെട്ടിപ്പൂട്ടിവയ്ക്കേണ്ടതാണോ ശരീരം? ഒന്നു ശ്രമിച്ചാൽ കാറ്റുപോലെയിളകാൻ, കടലുപോലെയിരമ്പിയാർക്കാൻ കഴിയുന്ന എത്രമാത്രം ഊർജ കണികകളുണ്ടെന്നോ നിങ്ങളുടെ കൈവിരൽത്തുമ്പുകളിലും പാദങ്ങളിലുമൊക്കെ! അതറിയണമെങ്കിൽ നിങ്ങൾ ഡൽഹിയിൽനിന്നുള്ള, മലയാളിയായ എഷ്നക്കുട്ടിയെ പരിചയപ്പെടണം. അച്ഛന്റെ നാട് പാലക്കാട്, അമ്മവീട് എറണാകുളം പറവൂർ. ഡൽഹിയിൽ ജനിച്ചുവളർന്ന എഷ്ന കേരളത്തോടുള്ള ഇഷ്ടം എക്കാലവും കൂടെക്കൂട്ടാൻ വേണ്ടിയാണ് പേരിനൊപ്പം കുട്ടി എന്നു കൂട്ടിച്ചേർത്തത്.
എഷ്നയുടെ ‘ഹൂല ഹൂപ്പിങ്’ വിഡിയോകൾ കണ്ട് അമ്പരന്നു നിൽക്കുകയാണ് ചെറുപ്പക്കാർ. മോഹിനിയാട്ടവും ഭരതനാട്യവുമൊക്കെ കണ്ടു പരിചയിച്ച മലയാളിക്കു ഹൂല ഹൂപ്പിങ് പുതുമയാണ്. ഓ... ഈ വളയം വട്ടത്തിൽ കറക്കിക്കൊണ്ടുള്ള എന്തോ ഏർപ്പാടല്ലേ എന്നു പറഞ്ഞേക്കാം. പക്ഷേ, അതിനപ്പുറം ഹൂല ഹൂപ്പിങ്ങിനെ സ്ത്രീശരീരത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനമായി മുന്നോട്ടുവച്ചുകൊണ്ടാണ് എഷ്നക്കുട്ടി ഇന്നു സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്. സാരിയുടുത്തുകൊണ്ടുള്ള ഹൂല ഹൂപ്പിങ് ‘സാരി ഫ്ലോ’ ഹാഷ്ടാഗോടെ പലരും ഏറ്റെടുത്തു കഴിഞ്ഞു. ഹൂല ഹൂപ്പിങ് വെറും ഒരു വർക്കൗട്ടായി മാത്രം തുടങ്ങിയ എഷ്നയ്ക്ക് ഇപ്പോഴിതു തന്റെ മനസ്സിന്റെ കൂടി ഫിറ്റ്നസ് സീക്രട്ടാണ്.
ബെഡ്‍റൂം ഹൂപ്പിങ്ങിൽ തുടക്കം
11–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് എഷ്നയ്ക്ക് ആദ്യത്തെ ഹൂല ഹൂപ് കയ്യിൽകിട്ടുന്നത്. അതുവരെ ഒരിക്കൽപോലും നൃത്തം ചെയ്തിട്ടേയില്ല എഷ്ന. നൃത്തം ശരീരത്തിന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട കലയാണെന്നും അതിസുന്ദരികൾക്കേ നർത്തകരാകാൻ കഴിയൂ എന്നുമായിരുന്നു ആ കൗമാരക്കാരിയുടെ വിചാരം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷബോധമോ ആത്മവിശ്വാസക്കുറവോ എഷ്നയെ എപ്പോഴും നൃത്തച്ചുവടുകളിൽനിന്നു പിന്നോട്ടുവലിച്ചുകൊണ്ടിരുന്നു.
അതുകൊണ്ടാകാം, ഹൂല ഹൂപ്പിങ് പോലും മുറിക്കുള്ളിൽ വാതിലടച്ചിട്ടാണ് ആദ്യം പരിശീലിച്ചത്. പരിശീലനം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും ആർക്കും അറിയില്ലായിരുന്നു. ബെഡ്‍റൂം ഹൂപ്പിങ് എന്നാണ് എഷ്ന സ്വയം തന്റെ പ്രാക്ടീസിനെ വിളിച്ചിരുന്നത്. എന്നാൽ, പലരും സാധാരണയായി ചെയ്യുന്നതുപോലെ അരയ്ക്കു ചുറ്റും മാത്രമല്ല ഹൂല ഹൂപ്പിങ്ങിന്റെ സാധ്യതകൾ എന്നു പതിയെപ്പതിയെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ എഷ്നയ്ക്കു കൂടുതൽ ആത്മവിശ്വാസം കൈവരികയായിരുന്നു. എങ്കിലും മറ്റുള്ളവർക്ക് ഹൂല ഹൂപ്പിങ്ങിനെക്കുറിച്ചു ധാരണയില്ലായിരുന്നത് മറ്റൊരു വെല്ലുവിളിയായി.
നിങ്ങളുടെ ശരീരം നിങ്ങളുടെ സ്വാതന്ത്ര്യം
സമൂഹമാധ്യമങ്ങൾ സജീവമായതോടെയാണ് ആളുകൾക്കു ഹൂല ഹൂപ്പിങ് പരിചിതമായത്. നമ്മുടെ പരമ്പരാഗത നൃത്തസങ്കൽപങ്ങളോടു ചേർന്നുപോകുന്നതല്ലാത്തതുകൊണ്ട് സമകാലിക നൃത്തശൈലിയിലാണ് എഷ്ന ഹൂല ഹൂപ്പിങ്ങിനെ അടയാളപ്പെടുത്തുന്നത്. നിയന്ത്രിതമായ ശരീരചലനങ്ങളോടെ, മുദ്രകളുടെയും ഭാവങ്ങളുടെയും അകമ്പടിയോടെ, അഴകോടെ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തങ്ങളിൽനിന്നു ഹൂല ഹൂപ്പിങ് വ്യത്യസ്തമാകുന്നത് അതിനുവേണ്ട അസാധാരണ മെയ്‍വഴക്കവും അതു ശരീരത്തിനു നൽകുന്ന സ്വാതന്ത്ര്യബോധവും കൊണ്ടാണ്. അതെ, ശരീരം തന്നെയാണ് ഹൂല ഹൂപ്പിങ്ങിന്റെ ആടയും അഴകും ചമയവും. സ്വന്തം ശരീരത്തോടുള്ള അതിയായ ഇഷ്ടത്തിൽനിന്നും അതിനു നൽകുന്ന സ്വാതന്ത്ര്യത്തിൽനിന്നുമാണ് എഷ്ന ഹൂല ഹൂപ്പിങ് ചെയ്യുന്നത്.
മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽനിന്ന് മൂവ്മെന്റ് തെറപ്പിയിൽ മാസ്റ്റേഴ്സ് ചെയ്തത് എഷ്നയ്ക്കു മുന്നിൽ ശരീരത്തിന്റെ പുതിയ സാധ്യതകൾ തുറക്കുകയായിരുന്നു. സ്വയം ശരീരത്തെ ട്യൂൺ ഇൻ ചെയ്യുമ്പോൾ ജീവിതമാകെ നൃത്തമയമാകുന്ന മാജിക് എഷ്ന പഠിച്ചെടുത്തു. മനസ്സിനു സന്തോഷം പകരാൻ മാത്രം ശ്രമിച്ചാൽ പോരാ, ശരീരത്തിനും പോസിറ്റിവിറ്റി പകരാൻ കഴിയണം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം ശ്രമങ്ങൾ നാം നടത്തുന്നു. എന്നാൽ, ശരീരത്തെ സ്നേഹിക്കുന്നതിൽ നമുക്കെന്തിനാണു പിശുക്ക് എന്നാണ് എഷ്നയുടെ ചോദ്യം. രോഗങ്ങളില്ലാതെ പരിരക്ഷിക്കുക എന്നതു മാത്രമാണ് ശാരീരികാരോഗ്യം എന്നാണു പലരും കരുതിയിരിക്കുന്നത്. അതിനപ്പുറം ശരീരത്തിന്റെ സൗന്ദര്യത്തിലേക്കും ചലനസ്വാതന്ത്ര്യത്തിലേക്കും ശ്രദ്ധ ചെലുത്തുമ്പോൾ അതു പുതിയ ആത്മവിശ്വാസം പകരും.
കടന്നുവരട്ടെ, കൂടുതൽ സ്ത്രീകൾ
ഹൂല ഹൂപ്പിങ്, ബെല്ലി ഡാൻസ് തുടങ്ങിയവ പരിശീലിക്കുന്ന സ്ത്രീകളോട് നിർഭാഗ്യവശാൽ ഇപ്പോഴും സമൂഹം പുരികം ചുളിക്കുകയാണ്. ആദ്യം ഹൂല ഹൂപ്പിങ് ക്ലാസുകളെടുക്കാൻ തുടങ്ങിയപ്പോൾ വളരെക്കുറച്ചുപേർ മാത്രമേ താൽപര്യം കാണിച്ചിരുന്നുള്ളൂ. പക്ഷേ, പിന്നീട് മൂവ്മെന്റ് തെറപ്പി എന്ന നിലയിലേക്ക് എഷ്ന തന്റെ നൃത്തരീതിയെ വിശാലമാക്കിയപ്പോൾ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ കൂടുതൽ പേർ അതു പഠിക്കാൻ മുന്നോട്ടു വരികയായിരുന്നു. ഹൂപ്പിനോട് എഷ്നയ്ക്കിപ്പോൾ തന്റെ ശരീരത്തിന്റെ തന്റെ ഭാഗമെന്നപോലെയുള്ള ആത്മബന്ധമാണ്. ‘നിങ്ങൾ എന്നിൽനിന്ന് ഹൂപ്പ് എടുത്തുമാറ്റിയാൽ നഗ്നയായാലെന്നപോലെ അതെന്നെ അസ്വസ്ഥമാക്കും’.
ഇരുനൂറോളം സ്ത്രീകളുൾപ്പെടെ അംഗങ്ങളായുള്ള സംരംഭമായി വളരുകയാണ് എഷ്നയുടെ ഹൂപ്പ് ഫ്ലോ എന്ന ബ്രാൻഡ്. ഇന്ത്യക്കു പുറത്തുള്ള ഹൂപ്പർമാരെക്കൂടി ചേർത്തു തന്റെ കമ്യൂണിറ്റി കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ തിരക്കിലാണ് കോവിഡ്കാലത്ത് എഷ്ന.
Content Highlights: Hula Hoop Eshna Kutty