പ്രതിസന്ധികൾക്കുമേൽ പറന്നൊരു ഹൃദയം
Mail This Article
രാത്രി വളരെ വൈകിയിരുന്നു. അപ്പോഴാണ് മൂന്നാറിൽനിന്നു ഷിബുവിന്റെ ഫോൺ കോൾ. ക്ഷമാപണത്തോടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്: ലീനയ്ക്കു കടുത്ത ശ്വാസംമുട്ടൽ. കോതമംഗലത്തുള്ള ലീനയുടെ പക്കൽ എത്താനാകാത്ത അവസ്ഥ. കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് ലോക്ഡൗണും ജോലിത്തിരക്കും കാരണം ഡോക്ടറെ വന്നു കാണാൻ സമയം കിട്ടിയില്ല... കാര്യങ്ങൾ മുഴുവൻ കേട്ടശേഷം നാളെത്തന്നെ ലീനയെ ആശുപത്രിയിൽ കൊണ്ടുവരാൻ ഞാൻ ഷിബുവിനോടു പറഞ്ഞു.
ഏകദേശം രണ്ടു മാസം മുൻപ് ലീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധനകൾ നടത്തിയിരുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ വേറെ മാർഗമില്ലെന്ന് ആ സമയത്താണു ഷിബുവിനോടു പറഞ്ഞത്. എങ്കിലും ഷിബുവിന്റെ മൃദുല ഹൃദയത്തിന് അതു ലീനയെ അറിയിക്കാനുള്ള ശക്തിയില്ലായിരുന്നു. ഷിബു പറഞ്ഞു: ‘നമുക്കതിനു തയാറെടുക്കാം ഡോക്ടർ. മൃതസഞ്ജീവനിയിൽ പേരു റജിസ്റ്റർ ചെയ്തുകൊള്ളൂ..
എന്റെ സെക്രട്ടറി ലക്ഷ്മി നായർ ലിസി ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് വിഭാഗവുമായി ബന്ധപ്പെട്ട് ലീനയുടെ പേര് കെഎൻഒഎസിൽ (കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ്) റജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. അപ്പോഴും ഭാര്യയോട് അതു തുറന്നു പറയാൻ ഷിബുവിന്റെ മനസ്സ് അനുവദിച്ചില്ല.
മൂന്നാറിൽനിന്നു വിളിച്ചതിന്റെ പിറ്റേന്ന് ലീനയെയും കൂട്ടി ഷിബു ആശുപത്രിയിൽ വന്നു. ഞാൻ സങ്കീർണമായ ഒരു ശസ്ത്രക്രിയയുടെ തിരക്കിലായിരുന്നതിനാൽ അവർക്ക് എന്റെ മുറിയുടെ പുറത്ത് രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു.
ലീന ഒപിയിലേക്കു കയറിവരുമ്പോൾ എന്റെ മനസ്സു മന്ത്രിച്ചു – ഇവരെ ഞാൻ കഴിഞ്ഞതവണ കണ്ടതു പോലെയല്ലല്ലോ. സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥ. മുറിഞ്ഞുപോകുന്ന വാചകങ്ങൾ. ഇടുങ്ങിയ മുഖം. നീരുകെട്ടി വീർത്ത കാലുകൾ. ഞാൻ ലീനയുടെ അവസ്ഥ കണ്ട് ഒന്നും മറയ്ക്കാനാവാതെ പറഞ്ഞു: “ലീന, നിങ്ങളുടെ ഹൃദയത്തിന്റെ മാംസപേശികളുടെ പ്രവർത്തനക്ഷമത പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു”. ‘എനിക്കറിയാം ഡോക്ടർ, ഞാനെന്തിനും തയാറാണ്’.
യാത്രാമധ്യേ ഷിബു ഭാര്യയോട് അസുഖത്തെക്കുറിച്ചും അതിനു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതൊരു പോംവഴി ഇല്ലെന്നും പറഞ്ഞിരുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കാം ആ പ്രതികരണം. ശ്വാസകോശത്തിനു ചുറ്റും കെട്ടിയിരിക്കുന്ന നീരു വലിഞ്ഞ ശേഷമേ ലീനയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധിക്കുമായിരുന്നുള്ളൂ. എ പോസിറ്റീവ് ആയിരുന്നു ലീനയുടെ രക്ത ഗ്രൂപ്പ്.
അവരോടു സംസാരിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനായി ചാർട്ടിൽ കുറിച്ചുകൊണ്ടിരുന്ന സമയത്താണ് എന്റെ സഹപ്രവർത്തക ലിജ ഫോണുമായി അടുത്തേക്കു വന്നത്. ഡോ.ജേക്കബിന്റെ വിളി. ഐസിയുവിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴാണ് അദ്ദേഹം എന്നെ വിളിക്കാറുള്ളത്.
‘സർ, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച എ പോസിറ്റീവ് രക്ത ഗ്രൂപ്പുള്ള ഒരു അൻപതുകാരിയുടെ കുടുംബാംഗങ്ങൾ അവയവദാന സന്നദ്ധത അറിയിച്ചുവെന്നു മൃതസഞ്ജീവനിയിൽ നിന്ന് നമ്മുടെ ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ അറിയിപ്പു കിട്ടിയിട്ടുണ്ട്. പക്ഷേ, നമുക്കു ഹൃദയം മാറ്റിവയ്‌ക്കേണ്ട അതേ രക്ത ഗ്രൂപ്പിലുള്ള ആരും ഇപ്പോൾ ആക്ടീവ് ലിസ്റ്റിൽ ഇല്ലല്ലോ. വേണ്ടെന്നു പറഞ്ഞോട്ടെ?’ ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞ ശേഷം ഷിബുവിനോടും ലീനയോടും അൽപസമയം പുറത്തു കാത്തിരിക്കാൻ നിർദേശിച്ചു. ഞാൻ വീണ്ടും ഫോൺ കയ്യിലെടുത്തു. ‘നമുക്ക് ഒരു അത്യാവശ്യ സാഹചര്യമുണ്ട് ജേക്കബ്. ലീനയുടെ അവസ്ഥ വളരെ ഗുരുതരമാണ്. ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഭർത്താവിനോടൊപ്പം ലീന എന്റെ ക്ലിനിക്കിനു പുറത്തുണ്ട്. ഞാനവരെ അഡ്മിറ്റ് ചെയ്യുകയാണ്. ആ ഹൃദയം നമുക്ക് അനിവാര്യമാണ്’.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സംസ്ഥാന സർക്കാർ പൊലീസ് സേനയുടെ ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്തിരുന്ന ഹെലികോപ്റ്ററിനെച്ചൊല്ലി ചൂടുള്ള രാഷ്ട്രീയ വാഗ്വാദങ്ങൾ നടന്നിരുന്ന കാലം. ആ ഹെലികോപ്റ്റർ സാഹചര്യത്തിൽ പ്രയോജനപ്പെടുമോ എന്ന് മുൻ എംപി പി.രാജീവ് വഴി മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിക്കാൻ ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ പിആർഒ രാജേഷിനെ ചുമതലപ്പെടുത്തി. തുടർന്ന് ദൈനംദിന ശസ്ത്രക്രിയകൾക്കായി ഞാൻ ശസ്ത്രക്രിയാ മുറിയിലേക്കു മടങ്ങി. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു ശസ്ത്രക്രിയാ മുറിയിൽനിന്നു പുറത്തു വരുമ്പോൾ രാജേഷ് പറഞ്ഞു, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ (എസിപി) ലാൽജി സർ വിളിച്ചിരുന്നു. അദ്ദേഹത്തെ ഒന്നു തിരിച്ചു വിളിക്കണം.
ഇതിനിടെ ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി ഹെലികോപ്റ്റർ സേവനം വിട്ടുനൽകാൻ ഡിജിപിക്കു നിർദേശം നൽകിയിരുന്നു. പൂർണമായും സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കിയത്.
എവിടെയാണു ഹെലികോപ്റ്റർ ഇറക്കേണ്ടത് എന്ന കാര്യമാണ് എസിപി ലാൽജിക്ക് അറിയേണ്ടിയിരുന്നത്. ആശുപത്രിക്കടുത്തുള്ള ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന നിലയിൽ ബോൾഗാട്ടി പാലസിലെ ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡ് ഞങ്ങൾ തിരഞ്ഞെടുത്തു. അവിടെനിന്നു 4 മിനിറ്റു കൊണ്ട് ഗ്രീൻ കോറിഡോർ സൃഷ്ടിച്ച് ഹൃദയം ലിസിയിൽ എത്തിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. തിരുവനന്തപുരത്തു നിന്നു പൊലീസ് ഐജി ശ്രീജിത്തിന്റെ ഫോൺ കോൾ, എഡിജിപി മനോജ് ഏബ്രഹാമുമായുള്ള ഫോൺ വിനിമയങ്ങൾ, തിരുവനന്തപുരം എയർപോർട്ടിലെ അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യയുമായുള്ള കോളുകൾ.... പിന്നെ നടന്നത് വിവിധ തസ്തികകളിലുള്ള അധികാരികളുമായുള്ള ബന്ധപ്പെടലുകളാണ്.
ലീനയെ ഐസിയുവിൽ അഡ്മിറ്റ് ചെയ്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം അൽപമെങ്കിലും നിയന്ത്രിക്കാനുള്ള മരുന്നുകൾ ആരംഭിച്ചു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവരെയും കുടുംബാംഗങ്ങളെയും ഒരുക്കുന്ന ഒരുവിഭാഗം സഹപ്രവർത്തകർ. ഇതെല്ലാം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ രാത്രി ഒരു മണി. പിറ്റേന്നു രാവിലെ നാലരയ്ക്ക് ആംബുലൻസിൽ റോഡ് മാർഗം തിരുവനന്തപുരത്തേക്കുള്ള യാത്ര. ഏകദേശം ഒൻപതു മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയ ഞങ്ങളെ എതിരേറ്റത് അവിടത്തെ ഡോക്ടർമാരും സഹപ്രവർത്തകരും. അതിനിടയിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരുടെയും എയർപോർട്ട് കമ്മിഷണറുടെയുമെല്ലാം വിളികൾ...
ഞങ്ങൾ ചെന്നപ്പോൾ അതീവ സന്തോഷത്തോടെ സ്വീകരിച്ചത് കിംസ് ആശുപത്രി ഡയറക്ടർ ഡോ.സഹദുല്ല. അദ്ദേഹത്തോടൊപ്പം അവിടത്തെ ഹൃദയ ശസ്ത്രക്രിയാ മേധാവി ഡോ. ഷാജി പാലങ്ങാടനും ഇന്റൻസീവ് കെയർ യൂണിറ്റ് മേധാവി ഡോ.മുരളിയും ഡോ. അമീറുമെല്ലാം ഞങ്ങളോടൊപ്പം സഹകരിക്കാൻ രംഗത്തുണ്ടായിരുന്നു.
മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെയും കോഓർഡിനേറ്റർമാരായ അനീഷ്, ശരണ്യ എന്നിവരുടെയും പ്രവർത്തനം ഞങ്ങൾക്കു വലിയ സഹായമായി. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയും അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ ഹൃദയം നൽകാൻ അവരുടെ കുടുംബാംഗങ്ങൾ അനുവാദം നൽകിയതാണ് ഇതിനൊക്കെ നിമിത്തമായത്.
2020 മേയ് 9 ശനിയാഴ്ച. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യം. കോവിഡ് സാഹചര്യത്തിൽ അവയവദാനവും അവയവം മാറ്റിവയ്ക്കലും കാര്യമായി നടക്കുന്നില്ല. ആകെ ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ ഇതിനിടെ നടന്നിട്ടുള്ളൂ. അവയവദാനം നിർവഹിക്കുന്നവർക്കും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർക്കും മറ്റു സ്റ്റാഫ് അംഗങ്ങൾക്കുമുള്ള കോവിഡ് പരിശോധനകൾ. ഇങ്ങനെ പലവിധ പ്രശ്നങ്ങൾ. അതിലുപരി വൈകുന്നേരം മൂന്നിനു ശക്തമായ കാറ്റും മഴയും.
ശസ്ത്രക്രിയാ മുറിയിൽനിന്നു ജനാലയിലൂടെ നോക്കുമ്പോൾ കാണുന്നത് ഇരുണ്ട ആകാശവും കനത്ത കാർമേഘങ്ങളും. ഇങ്ങനെയൊരു ദിവസം ഹൃദയവുമായി ആകാശമാർഗം എറണാകുളത്തേക്കുള്ള യാത്രയെപ്പറ്റിയുള്ള സന്ദേഹങ്ങൾ മനസ്സിന്റെ കോണിൽ ഞാൻ ഒളിച്ചുവച്ചു.
തണുപ്പിച്ച ലായനിയിൽ ഒരു നീലപ്പെട്ടിയിലെ ഐസിന്റെ നടുക്ക് ഹൃദയം സൂക്ഷിച്ച് ആശുപത്രി ലോബിയിലേക്ക് അതിവേഗത്തിൽ നീങ്ങുമ്പോൾ ഞങ്ങളുടെയെല്ലാം മനസ്സിൽ ആശങ്കയായിരുന്നു. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഹൃദയവുമായി കന്നിയാത്ര.
താഴെയെത്തിയ ഞങ്ങളെ കാത്തിരുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ലാലി ടീച്ചറുടെ മക്കളും. അവരുടെ കണ്ണുനീരിൽ ഞങ്ങളുടെ മനസ്സും ആർദ്രമായി. കുറച്ചു നിമിഷങ്ങൾ അവരുമായി പങ്കിട്ടു. ഒട്ടും വൈകാതെ പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങൾ അതിവേഗം എയർപോർട്ടിലേക്കു യാത്രയായി.
55 മിനിറ്റ് ആകാശയാത്ര. കാർമേഘങ്ങളും മഴയുമെല്ലാം ഇടകലർന്ന കാലാവസ്ഥ. ഒന്നും കാണാൻ കഴിയാത്ത അന്തരീക്ഷവും. ബോൾഗാട്ടിയിൽ ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ കാലുകുത്തുമ്പോൾ ഞങ്ങൾ നന്ദി പറഞ്ഞത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ പ്രാർഥനകൾക്കു മാത്രമായിരുന്നില്ല, സംസ്ഥാനത്തിന്റെയാകെ കൂട്ടായ്മയ്ക്കു കൂടിയായിരുന്നു. തുടർന്ന് 4 മിനിറ്റിൽ താഴെ സമയംകൊണ്ട് പൊലീസിന്റെ സഹായത്തോടെ ലിസി ആശുപത്രിയിലെത്തി. അവിടെ ഞങ്ങളെ സ്വീകരിക്കാൻ ടി.ജെ.വിനോദ് എംഎൽഎ ഉൾപ്പെടെയുള്ളവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ശസ്ത്രക്രിയാ മുറിയിലേക്കു വേഗത്തിൽ നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന പിആർഒ രാജേഷ് അദ്ദേഹത്തിന്റെ ഫോൺ എന്റെ കയ്യിലേക്കു തന്നു. ആരോഗ്യമന്ത്രി ശൈലജ ടീച്ചറാണു മറുതലയ്ക്കൽ. ടീച്ചർ ഞങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ മുഴുവൻ കരുതലും ടീച്ചറുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
വിജയകരമായ ശസ്ത്രക്രിയയിലൂടെ, ജീവിതത്തിൽ ദിവസങ്ങൾ മാത്രം ശേഷിച്ചിരുന്ന ലീനയെ പുതുജീവിതത്തിലേക്ക് ആനയിക്കാൻ കഴിഞ്ഞു എന്നതിനപ്പുറം, അത് അവയവദാനത്തിലെ കൂട്ടായ പ്രവർത്തനത്തിന്റെ വലിയ സന്ദേശം കൂടിയായി.
മുഖ്യമന്ത്രി, മന്ത്രിമാർ, ആശുപത്രി ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർമാർ, ഹെലികോപ്റ്റർ പൈലറ്റുമാർ, അവയവദാനത്തിനു സമ്മതപത്രം ഒപ്പിട്ടു നൽകിയ കുടുംബാംഗങ്ങൾ തുടങ്ങിയവരുടെയെല്ലാം സന്മനസ്സിന്റെ സന്തോഷകരമായ പരിസമാപ്തി.
ലീനയുടെ രണ്ടു മക്കൾ, എംടെക് വിദ്യാർഥി ഷിയോണയും നിയമവിദ്യാർഥി ബേസിലും അവരുടെ അമ്മയ്ക്കു ലഭിച്ച പുതുജീവിതത്തിന്റെ നന്ദിസൂചകമായി, സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടതും അവിസ്മരണീയമായി.
(തുടരും)