ADVERTISEMENT

എംടിയുമായി മകൾ അശ്വതി ശ്രീകാന്ത് നടത്തിയ അഭിമുഖം

അച്ഛൻ ആദ്യം തിയറ്ററിൽ പോയിട്ട് സിനിമ കണ്ടത് എപ്പോഴാണ്?

തിയറ്ററിൽ പോയി സിനിമ കണ്ടത് വല്യേട്ടൻ ചാവക്കാട് ഹൈസ്കൂൾ മാഷായിരിക്കുമ്പോഴാണ്. വെക്കേഷൻ കാലത്ത് ഞാൻ, കൊച്ചുണ്ണിയേട്ടൻ, ബാലേട്ടൻ എല്ലാവരുംകൂടി ചാവക്കാട് പോയിരുന്നു. ഒരു ട്രിപ് പ്ലാൻ ചെയ്താണു പോയത്. തൃശൂർ പോയിട്ട് കാഴ്ചബംഗ്ലാവു കാണാം. അവിടന്ന് ബസിനു ചാവക്കാട്ടേക്കു പോകാം. ഏട്ടൻ അവിടെ മൂന്നാലു മാഷുമാരു കൂടി താമസിക്കുകയാണ്. അവിടെ ഒന്നോ രണ്ടോ ദിവസം താമസിക്കാം. അന്ന് അവിടെ എത്തിയപ്പോൾ ഏട്ടൻ പറഞ്ഞു, എല്ലാവരുമുണ്ടല്ലോ, നമുക്കൊരു സിനിമ കാണാൻ പോകാം.

ഏതായിരുന്നു സിനിമ എന്ന് ഓർമയുണ്ടോ?

എന്റെ ഓർമ ആരാച്ചിമണി എന്നോ മറ്റോ ആണ്. തമിഴ് സിനിമയാണ്. തമിഴ്നാട്ടിലെ ഏതോ ഒരു രാജാവ്. അയാൾ വളരെ നീതിമാനാണ്. കൊട്ടാരത്തിന്റെ പടിക്കൽ ഒരു മണി തൂക്കി. ആർക്കു വേണമെങ്കിലും മണിയടിച്ചു പരാതി പറയാം. അങ്ങനെ ഒരുദിവസം ഒരു പശു വന്നിട്ട് മണി അടിച്ചു. അപ്പോൾ അന്വേഷിച്ചപ്പോൾ പട്ടാളക്കാരന്റെ തേരോ മറ്റോ തട്ടി ഈ പശുവിന്റെ കുട്ടി മരിച്ചു പോയിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അതു വന്നു മണിയടിച്ചത്. അങ്ങനത്തെ ഒരു സിനിമയാണ്. ബാക്കിയൊന്നും എനിക്കോർമയില്ല. പശു വന്നു മണിയടിക്കുന്നത് ഓർമയുണ്ട്.

ആദ്യം ഇംഗ്ലിഷ് സിനിമകൾ എവിടെ‌നിന്നാണ് കാണാൻ തുടങ്ങിയത്? കോഴിക്കോട്ടു നിന്നാണോ?

കോഴിക്കോട്ട് ക്രൗണിൽ ഇംഗ്ലിഷ് സിനിമകൾ മാത്രമാണു വന്നിരുന്നത്, ഒരുഘട്ടത്തിൽ. ഇംഗ്ലിഷ് സിനിമകൾ കാണേണ്ടവർ മാത്രമേ ക്രൗണിൽ പോകൂ. പാലക്കാട് വളരെ അപൂർവം. വേറെ പടങ്ങൾ കിട്ടാതെ വരുമ്പോൾ കയ്യിലുള്ളത് എന്താണെന്നുവച്ചാൽ അതു കാണിക്കും. ഞാനങ്ങനെ ഒരു പടം കണ്ടു. ഫന്റാസ്റ്റിക് ഫിലിം.

ഏതാണത്?

Life of Emile Zola. കാണാൻ ആളു കുറവായിരുന്നു. കുറേശ്ശെ വായിക്കുന്നതുകൊണ്ടും എമിലി സോള ആരാണെന്നറിയാവുന്നതുകൊണ്ടും കണ്ടു. പോൾ മുനി അഭിനയിക്കുന്നു.

എനിക്കു തോന്നുന്നു, അതൊക്കെ ഇപ്പോൾ കിട്ടാൻ പ്രയാസമായിരിക്കും.

അതെ. ചെറിയൊരു ബോർഡ് കണ്ടു, ഒരു ഞായറാഴ്ച – Life of Emile Zola. ബ്ലാക്ക് ആൻഡ് വൈറ്റ്. കോളജീന്നു ഞാൻ മാത്രമേ പോയുള്ളൂ. ഒരേയൊരു ഇംഗ്ലിഷ് പടം അവിടന്നു കണ്ടത് അതാണ്. പിന്നെ സ്ഥിരമായി ഇംഗ്ലിഷ് പടങ്ങൾ കാണുന്നത് ക്രൗണിലായിരുന്നു. നല്ല പടങ്ങൾ ആയിരുന്നു.

MT VASUDEVAN NAIR
എം.ടി. വാസുദേവൻ നായർ

പരമു അങ്കിളിനെ (ശോഭന പരമേശ്വരൻ നായർ) എങ്ങനെയാണ് അച്ഛൻ പരിചയപ്പെടുന്നത്?

പരമു തൃശൂരായിരുന്നു. ഒരു സ്റ്റുഡിയോ നടത്തിയിരുന്നു.

സിനിമയിലേക്കുള്ള ബന്ധം അങ്ങനെയാണല്ലോ വന്നത്?

അതെ. പരമു നന്നായി വായിക്കും. പരമുവിന്റെ സർക്കിൾ എന്നു പറഞ്ഞാൽ സിനിമക്കാർ മാത്രമൊന്നുമല്ല. സിനിമക്കാരു വരും. ബഷീറുമായിട്ട് വലിയ ലോഹ്യമായിരുന്നു. പരമൂന്റെ ജ്യേഷ്ഠൻ ബഷീറിന്റെ ഏറ്റവും അടുത്ത ഒരാളായിരുന്നു. അങ്ങനെ ബഷീറുമായിട്ട് അടുപ്പം വന്നു. അതുപോലെ എല്ലാവരുമായി കുറച്ച് അടുപ്പമുണ്ട്. ആ വഴിക്കു പോകുന്നോരൊക്കെ പരമൂന്റെ സ്റ്റുഡിയോയിലേക്കു വരും. വെറുതേ ഒന്നു േകറുക, കാണുക. ഞാനൊരിക്കൽ ചെല്ലുമ്പോൾ‌ സത്യൻ മാസ്റ്ററുണ്ടവിടെ. അങ്ങനെ ഓരോരുത്തരും വരും. പരമു സ്റ്റിൽ ഫൊട്ടോഗ്രഫറായിരുന്നു. അങ്ങനെയാണ് സിനിമയായിട്ടു ബന്ധപ്പെടുന്നത്.

വല്യച്ഛൻ മാഷായിരുന്നല്ലോ. പക്ഷേ, ബാല വല്യച്ഛനും കൊച്ചുണ്ണി വല്യച്ഛനും ടീച്ചിങ്ങിലേക്കു പോയിട്ടില്ല?

വല്യച്ഛൻ മാഷാകാൻ കാരണമുണ്ടായിരുന്നു. പ്രതിഭാശാലിയായിരുന്നു. ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് അന്ന് ഇൻഡിപെൻഡൻസ് മൂവ്മെന്റിൽ കുറച്ചു പ്രവർത്തിക്കുകയുണ്ടായി. ഐഎഎസ് പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ ഇന്റർവ്യൂവിൽ ഖാദി വേഷം കണ്ടിട്ട് കുറ്റക്കാരനാണെന്ന മട്ടിൽ എടുത്തില്ല. അപ്പോൾ വല്യച്ഛൻ നിശ്ചയിച്ചു, ഇനി േവറെ പണിക്കൊന്നും പോകണ്ട. നേരെ മദ്രാസിൽ പോയി ട്രെയ്നിങ് കോളജിൽ ചേർന്ന് ബിടി എടുത്ത് നാട്ടിൽ വന്നു മാഷായി. നന്നായി വായിക്കുകയും ചെയ്യും. വായനയിൽ എനിക്കു താൽപര്യമുണ്ടാകാൻ കാരണം വല്യച്ഛനായിരുന്നു. കാരണം, അന്നു നല്ല പുസ്തകങ്ങൾ കൈവശമുള്ള ചില ആളുകളുണ്ടായിരുന്നു. അവരുടെ വീടുകളിൽ പോയി ഇന്ന ബുക്ക് എടുത്തുകൊണ്ടു വരൂ എന്ന് എഴുതിത്തന്നു വിടും. ‘വാർ ആൻഡ് പീസ്’ ഒക്കെ എടുക്കുന്നത് കെ.പി.മാധവമേനോന്റെ വീട്ടിൽനിന്നാണ്. അദ്ദേഹം വലിയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഒരു ബ്രദർ ഐസിഎസും ഒരാൾ ഐഎഎസും. ഇന്ദിരാഗാന്ധിയുടെ ഡിഫൻസ് സെക്രട്ടറിയായിരുന്നു കെ.കെ.അച്യുതമേനോൻ. അദ്ദേഹം ആദ്യം മുതൽ കമ്യൂണിസ്റ്റായിരുന്നു. ജയിലിലെ പീഡനമെല്ലാമനുഭവിച്ച് തിരിച്ചുവന്നപ്പോൾ ക്ഷീണിതനായിരുന്നു; ഒരുമാതിരി കിടപ്പുതന്നെ. കുമരനെല്ലൂരാണു വീട്. പോണ വഴിക്കു കാണാം. അവിടെ കിടക്കുക, വായിക്കുക. അന്നു ടിബിക്ക് ഇന്നത്തെപ്പോലെ ചികിത്സയൊന്നുമില്ല. അദ്ദേഹത്തിന്റെയടുത്തുനിന്നു പുസ്തകമെടുത്ത് ഏട്ടനു കൊടുക്കാറുണ്ടായിരുന്നു. ബാലേട്ടന് ചിത്രം‌വരയൊക്കെയായിട്ട് പോവാനായിരുന്നു താൽപര്യം.

ഫൊട്ടോഗ്രഫി ഉണ്ടായിരുന്നു?

ഉണ്ടായിരുന്നു. ഏട്ടനൊരു നല്ല ഫൊട്ടോഗ്രഫറായിരുന്നു.

കൊച്ചുണ്ണി വല്യച്ഛന് അത്യാവശ്യം വായന ഉണ്ടായിരുന്നുവെന്നു തോന്നുന്നു?

വായന ഉണ്ടായിരുന്നു.

ഈ അടുത്ത കാലത്തല്ലേ, റിട്ടയർ ചെയ്തശേഷം കുറെ ട്രാൻസ്‌ലേഷൻസ് ഒക്കെ ചെയ്യാൻ തുടങ്ങിയത്?

ജിദ്ദു കൃഷ്ണമൂർത്തിയുടെ പുസ്തകമൊക്കെ ചെയ്തു. ആദ്യകാലത്തില്ല. ആദ്യകാലത്ത് കുറേശ്ശെ കവിത എഴുതിത്തുടങ്ങി. അതൊക്കെ അങ്ങനെ അംഗീകാരം കിട്ടാവുന്ന തലത്തിൽ എത്തിയില്ല. പതുക്കെ അതീന്ന് ഒഴിഞ്ഞുമാറി. പിന്നീടാണ് ട്രാൻസ്‌ലേഷൻ ചെയ്തത്.

ബാല വല്യച്ഛൻ ഫൊട്ടോഗ്രഫി പഠിച്ചിരുന്നോ?

ഇല്ല. പക്ഷേ, നല്ല ഫൊട്ടോഗ്രഫർ ആയിരുന്നു.

എനിക്ക് ഓർമയുണ്ട്. പഴയ ആ വീട്ടിൽ കുറച്ചു നല്ല പടങ്ങളുണ്ടായിരുന്നു. അച്ഛൻ കുറച്ചുനാൾ എംബി ട്യൂട്ടോറിയലിൽ പഠിപ്പിച്ചിരുന്നോ?

പഠിപ്പിച്ചിരുന്നു.

പിന്നെ പട്ടാമ്പി കോളജിൽ?

പട്ടാമ്പി ഹൈസ്കൂളിൽ.

അപ്പോൾ എങ്ങനെയാണു സ്കൂളിലേക്കു മാഷായി വന്നത്?

ജോലി അന്വേഷിച്ചു നടക്കുന്ന കാലമാണ്. അന്നു മലബാറിലെ ഹൈസ്കൂളുകളൊക്കെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ്. ഇന്നത്തെ ഗവൺമെന്റ് പോലെ തന്നെ. അന്ന് ഷോർട് ടേം വേക്കൻസിയിൽ മാഷായിട്ടു ജോലി കിട്ടുമായിരുന്നു. ഞാൻ ബിടി ഒന്നും എടുത്തിട്ടില്ല. പക്ഷേ, എവിടെയെങ്കിലും എന്തെങ്കിലുമൊരു ചെറിയ വരുമാനം കിട്ടുക എന്നുള്ളത് ആവശ്യമായിരുന്നു. കാരണം അന്നു ബുദ്ധിമുട്ടുണ്ടായിരുന്നു. കണ്ണിൽ കണ്ടതെല്ലാം എഴുതും. അതു വല്ലവർക്കും പോസ്റ്റ് ചെയ്യണമെങ്കിൽ, മുക്കാൽ അണ; ഈ മുക്കാൽ അണ അമ്മയോട് എങ്ങനെയാ ചോദിക്കുക? അങ്ങനെയിരിക്കുമ്പോഴാണ് ഡിസ്ട്രിക്ട് ബോർഡിൽ ലീവ് വേക്കൻസി വരുന്നത്. അങ്ങനെയാണ് പട്ടാമ്പി ഹൈസ്കൂളിൽ കിട്ടിയത്. അതു ഞാൻ ശരിക്കും ആസ്വദിച്ചു. ‌ബിടി എടുത്താലേ തുടരാൻ കഴിയുമായിരുന്നുള്ളൂ, പിന്നെ എന്റെ ആദ്യത്തെ ലക്ഷ്യവും അതായിരുന്നില്ല. ബിഎസ്‌സി കഴിഞ്ഞപ്പോൾ എംഎസ്‌സി എടുത്തിട്ട് കോളജിൽ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. അതിന്റെയൊരു കാരണം, അന്നു കോളജിൽ കൊല്ലത്തിൽ നാലു മാസം ലീവാണ്. ആ കാലത്ത് കോളജ് ലൈബ്രറി ഉപയോഗിക്കാം. പുസ്തകങ്ങൾ കൊണ്ടുവരാം. അതു വായിക്കാം. അങ്ങനത്തെ ഒരു അന്തരീക്ഷമായിരുന്നു.

എനിക്കു പോസ്റ്റ്ഗ്രാജ്വേഷൻ േവണമായിരുന്നു. അതിനു പോകാനുള്ള സാമ്പത്തിക സൗകര്യമുണ്ടായിരുന്നില്ല. എംഎസ്‌സിക്കു പോകണമെങ്കിലും അന്നു പാലക്കാടില്ല, തൃച്ചിയിൽ പോണം. അതുകൊണ്ടാണ് ആദ്യം ലീവ് വേക്കൻസിയിൽ ഹൈസ്കൂളിൽ പഠിപ്പിക്കാൻ തീരുമാനിച്ചത്. പിന്നെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു. അത്യാവശ്യം ജീവിക്കാം. ഇൻഡിപെൻഡന്റാണ്. അതാണ് ഒന്നാമത്തെ കാര്യം.

MT VASUDEVAN NAIR
എം.ടി. വാസുദേവൻ നായരും മകൾ അശ്വതി ശ്രീകാന്തും. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

ചില കഥകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ കുറച്ചുകൂടി പ്രസക്തി ഉണ്ടെന്നു തോന്നിയിട്ടുണ്ടോ? ‘നിർമാല്യം’ പോലത്തെ ഒരു സിനിമ ഇന്ന് ആർക്കും എടുക്കാൻ ധൈര്യമുണ്ടാവില്ല എന്നൊക്കെ പറയും.

എനിക്ക് അതുപോലെ തോന്നിയ വേറൊന്ന് ‘അസുരവിത്താ’ണ്. ഇന്നത്തെ മത‌സ്പർധയുടെ കാലത്ത് പിന്നെയും പിന്നെയും അതിന്റെ പ്രസക്തി വർധിക്കുകയേ ഉള്ളൂ, പ്രത്യേകിച്ച്, അസുരവിത്ത്. അസുരവിത്തിന്റെ കാലത്ത് ഹിന്ദു – മുസ്‌ലിം സ്പർധയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് അതിലേക്കു കൂടുതൽ മതാധിഷ്ഠിതമായ കാഴ്ചപ്പാടു വരാൻ തുടങ്ങിയത്. അന്ന് അതില്ല. മതംമാറി വന്ന ഗോവിന്ദൻകുട്ടിയെ ആഹ്ലാദത്തോടുകൂടി സ്വീകരിക്കുമെന്നു വിചാരിച്ചിട്ടാണ് ഗോവിന്ദൻകുട്ടി കുഞ്ഞാലിക്കയുടെ വീട്ടിലെത്തിയത്. കുഞ്ഞാലിക്കയ്ക്കു ഭയങ്കര േദഷ്യമായി. അയാൾ മതത്തിനതീതനായ ഒരു ശുദ്ധാത്മാവാണ്.

ഇന്ന് അത്തരം കാഴ്ചപ്പാടുകൾക്കു പ്രസക്തി കൂടി വരികയാണ്, പ്രത്യേകിച്ചും മതങ്ങൾക്കിടയിൽ മതിലുകൾ പണിയുന്ന സന്ദർഭത്തിൽ.

കുട്ടികൾ വളർന്നുവരുന്നത് കൂടുതലും പ്രകൃതിയുമായിട്ട് ഒരടുപ്പത്തോടെ വേണം. ഇപ്പോൾ അതിനുള്ള പരിതസ്ഥിതികളൊക്കെ പോയി. എന്റെ ഗ്രാമത്തിൽ ഞങ്ങളുടെ കുട്ടിക്കാലത്ത്, ഓണക്കാലത്തു പൂ പറിച്ചിരുന്നത് മത്സരിച്ചു കുന്നിൻ‌ചെരുവിൽ നടന്നിട്ടാണ്. പല വീടുകളിൽനിന്നു കുട്ടികൾ വരും. ഇന്നു പൂക്കൾ നമുക്ക് തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും വരണം.

ജാതി, മതം ഇതിന്റെയൊക്കെ അപ്പുറത്താണു മാനവികത. അതൊരു വലിയ കാര്യമാണ്. അതു യുവതലമുറയിൽ വളർത്തണം. അതെങ്ങനെ വളർത്തണം എന്നെനിക്കു പറയാൻ പറ്റില്ല. അതു പക്ഷേ, പാഠങ്ങളിലൂടെ, പഠിപ്പിക്കലിലൂടെ ഒക്കെ തനിയെ ഉണ്ടാവണം.

അച്ഛന്റെ കഥകളിലും സിനിമകളിലും മൗനത്തിന് ഒരുപാടു മാനങ്ങളുണ്ട്. മൗനത്തിനു സൗന്ദര്യമുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. വ്യാസന്റെ മൗനത്തിനു ഭാഷ്യം കൊടുത്തതാണ് ‘രണ്ടാമൂഴ’മെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ പല കഥാപാത്രങ്ങളുടെയും ചില സമയത്തുള്ള മൗനം. അതു ബോധപൂർവമാണോ അങ്ങനെ സംഭവിക്കുന്നതാണോ?

സംഭവിക്കുന്നതാണ്. രണ്ടാമൂഴത്തിലൊക്കെ അങ്ങനെയാണ്. ചില സന്ദർഭങ്ങളിലെത്തുമ്പോൾ നമ്മളെ അതു പിടിച്ചുവലിക്കും. അപ്പോൾ അവിടെ കുറച്ചുകൂടി ചെയ്യേണ്ടതുണ്ട് എന്നു തോന്നും. അതു കലയുടെ ഭാഗമാണ്. നമ്മൾ എഴുതിവരുമ്പോൾ എന്തിനാ അവിടെ കൂടുതൽ വാക്കുകൾ എന്നു തോന്നിപ്പോകും.

ചിലപ്പോൾ ഒരു നോട്ടം?

അതു മതി. ഒരു നോട്ടം.

‘ഒരു ചെറുപുഞ്ചിരി’യിൽ ഒടുവിലിന്റെ ക്യാരക്ടർ.ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഭക്ഷണത്തെക്കുറിച്ചു മാത്രംചിന്തിക്കുന്നയാൾ. ആ ക്യാരക്ടറിന്റെ സ്വഭാവംതന്നെ അതാണ്. രാവിലെ ഇരിക്കുമ്പോൾ ഉച്ചയ്ക്കു ഭക്ഷണം എന്താണ് എന്ന ഒരു ചർച്ച.

അച്ഛന് എന്റെ അറിവിൽ കുക്കിങ് ആയിട്ട് അങ്ങനെയൊരു ബന്ധമൊന്നുമില്ല. എങ്കിലും അത്രയും ഡീറ്റെയിൽ ആയിട്ടു പറയാൻ എങ്ങനെ സാധിച്ചു?

പാചകവുമായി എനിക്കങ്ങനെ ബന്ധമൊന്നുമില്ല. പക്ഷേ, ഈ ക്യാരക്ടർ അങ്ങനെ േവണമെന്നു തോന്നി. ഓരോ ഭക്ഷണവും കഴിഞ്ഞാൽ പിന്നെ എന്താണ് എന്ന ചിന്ത. ചില ആളുകൾക്ക് ഈ ഭക്ഷണം വലിയൊരു ആചാരം പോലെയാണ്.

അപ്പോൾ അത് ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയോ? വച്ചുണ്ടാക്കുന്നതൊക്കെ ഭാര്യയോടു പറയുന്നൊക്കെയുണ്ടല്ലോ.

അതെ. നമ്മുടെ ആളുകളോടു ചോദിച്ചിട്ടാണ്. നമ്മുടെ ചിലരോടുചോദിച്ചു. നമുക്ക് അത്രയും അറിയില്ലല്ലോ.

അതുപോലെ മാണിക്യക്കല്ല്, ദയ, തന്ത്രക്കാരി തുടങ്ങി കുട്ടികൾക്കുവേണ്ടി എഴുതിയവ. അത് ഈ പറഞ്ഞപോലെ ക്രിയേറ്റീവ് പ്രോസസിൽ തനിയെ ഉണ്ടായതാണോ?

മാണിക്യക്കല്ല് ഒന്നിൽനിന്നും എടുത്തതല്ല. അതെന്റെ കുട്ടിക്കാലത്ത് ആരൊക്കെയോ പറഞ്ഞ ഒരു കഥയാണ്. മറ്റുള്ളവ അറേബ്യൻ നൈറ്റ്സിൽനിന്നാണ്. തന്ത്രക്കാരി, ദയ. എന്റെ കയ്യിൽ അറേബ്യൻ ട്രഷർ ഓഫ് സ്റ്റോറീസിന്റെ നാലു വോള്യമുണ്ടായിരുന്നു. കുട്ടികൾക്കു വേണ്ടി എഴുതുന്നതു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർക്കു മനസ്സിലാകുന്ന ഭാഷയായിരിക്കണം. അവർക്കു താൽപര്യമുള്ള വിഷയവുമായിരിക്കണം. അതുകൊണ്ടാണ് മാണിക്യക്കല്ല് ഇന്നും വിറ്റുകൊണ്ടിരിക്കുന്നത്.

‘രണ്ടാമൂഴം’ നോവലിൽനിന്നു തിരക്കഥയാക്കി മാറ്റിയപ്പോൾ ഭീഷ്മരുടെ ക്യാരക്ടർ കുറച്ചു വികസിപ്പിച്ചു െചയ്തിട്ടുണ്ടോ? ഏതെങ്കിലും ക്യാരക്ടർ ഒന്നുകൂടി വികസിപ്പിക്കേണ്ടി വന്നോ?

അത്യാവശ്യം ചിലതൊക്കെ വന്നിട്ടുണ്ട്. ഘടോൽക്കചൻ. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകൻ. നമ്മൾ ശ്രദ്ധയാകർഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാൻ കുറച്ചുകൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസൻ ഋഷി‌തുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചുകൂടി ശ്രദ്ധയാകർഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വർക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാൻ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോൾ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി.

നോവലിന്റെ റിസർച് തന്നെ ഇതിലേക്കും ഉപകാരപ്പെട്ടു?

അതെ.

അല്ലാതെ തിരക്കഥയാക്കുമ്പോൾ കൂടുതൽ എന്തെങ്കിലും റഫർ ചെയ്തോ?

തിരക്കഥയ്ക്ക് ഒന്നും വേണ്ടിവന്നില്ല. നോവലിനു വേണ്ടി അന്നു ചെയ്ത റഫറൻസ് ഒക്കെയേ ഉള്ളൂ. തിരക്കഥയ്ക്കു വേണ്ടി യുദ്ധത്തിന്റെ മുറകളൊക്കെയുണ്ടല്ലോ. അതു നോവലിൽ അത്രയും ഇല്ല. അതിന്റെ കുറച്ചുകൂടി വിശദാംശങ്ങൾ യുദ്ധത്തിൽ വേണം. പ്രത്യേകിച്ച് ഗദായുദ്ധം. അങ്ങനെ ഓരോന്നു വന്നിട്ടുണ്ട്.

ആയുധങ്ങളുടെ വിശദാംശങ്ങൾ എങ്ങനെ കണ്ടെത്തി?

ആയുധങ്ങളെക്കുറിച്ചു വിസ്തരിച്ച് നമ്മുടെ വേദത്തിൽ പറയുന്നുണ്ട്. ആയുധങ്ങളെപ്പറ്റിയൊക്കെ കുറെ അതിലുണ്ട്.

അതിൽനിന്നാണോ റഫറൻസിന്?

അതെ. അതു തിരക്കഥയിലേക്കും കുറച്ചു യുദ്ധരംഗത്തിനും എടുത്തിട്ടുണ്ട്.

നമ്മുടെ പിറകുവശത്തെ കുന്നിന്റെ അങ്ങേവശത്താണ് ചെറുമക്കൾ അന്നു താമസിച്ചിരുന്നതെന്ന് എനിക്ക് ഓർമയുണ്ട്. അതിൽ പലരെക്കുറിച്ചും അച്ഛൻ പല കഥകളിലും എഴുതിയിട്ടുമുണ്ട്. താമി, കോച്ചി ഒക്കെ കഥകളിൽ വന്നിട്ടുണ്ട്. പക്ഷേ, അവരുടെ ജീവിതരീതിയും ആചാരങ്ങളും വ്യത്യസ്തമാണ്. അതു നിരീക്ഷിച്ചിട്ടുണ്ടായിരുന്നോ?

കുറച്ചൊക്കെ. തകഴിച്ചേട്ടൻ ചെയ്തിരുന്നതുപോലെ കൃഷിയിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം കൃഷിക്കാരനായിരുന്നു. സ്വന്തം കൃഷിസ്ഥലമുണ്ടായിരുന്നു. ഒരുപാടു പണിക്കാരുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ഇഴുകിച്ചേർന്നു ജീവിക്കാൻ കഴിഞ്ഞിരുന്നു. നമ്മൾ കൃഷി നടക്കുമ്പോൾ മാത്രമേ വയലിലേക്കു പോവാറുണ്ടായിരുന്നുള്ളൂ. താമിയൊക്കെ നല്ല കൃഷിക്കാരായിരുന്നു. വീടായിട്ടൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. 

അച്ഛച്ഛനു കൃഷിയിൽ താൽപര്യവുമില്ല. അച്ഛച്ഛൻ സിലോണിലായിരുന്നില്ലേ?

അച്ഛൻ സിലോണിലായിരുന്നു. നാട്ടിൽ വന്നാൽത്തന്നെ പുന്നയൂർക്കുളത്താണു താമസം. അവിടെ അച്ഛനു കൃഷിയുണ്ടായിരുന്നു. തെങ്ങുംതോട്ടം ഉണ്ടായിരുന്നു.

അവിടെ അച്ഛച്ഛന്റെ വീട്ടിൽ പോകുമ്പോഴാണോ ആമി ഓപ്പുവിന്റെ കുടുംബവുമായിട്ടുള്ള അടുപ്പം ഉണ്ടാവുന്നത്?

അതെ. അവരുടെ അടുത്താണ്. പക്ഷേ, ഞാൻ ആ വീട്ടിലേക്കു പോകാറൊന്നുമില്ല. നാലപ്പാട്ടു തറവാട് എന്നൊക്കെ പറഞ്ഞാൽ വലിയ കുടുംബമാണ്. നാലപ്പാട്ട് നാരായണമേനോൻ അവിടെ ഇരിക്കുന്നുണ്ടാവും. നമ്മൾ ദൂരെനിന്നു കാണുകയേയുള്ളൂ. അവിടെ ഒരഞ്ചാറ് വലിയ വീടുകളുണ്ട്. അവരൊക്കെ വലിയ തറവാട്ടുകാരാണ്. നമ്മൾ അങ്ങനെയൊന്നുമല്ലല്ലോ. ആമി കുറച്ചുകാലം പുന്നയൂർക്കുളത്തു പഠിച്ചിരുന്നു. അപ്പോൾ കാർത്യായനി ഓപ്പുവും ആമിയുമൊക്കെ ഒരു ക്ലാസിലായിരുന്നു. നാലപ്പാട്ടു തറവാട്ടിൽ കൊല്ലത്തിൽ ഒരിക്കൽ ഈ നാരായണമേനോനൊക്കെ ചേർന്ന് നാടകമെഴുതീട്ടു കളിക്കും. വീടിന്റെ മുറ്റത്ത് അവരുടെ ബന്ധുക്കൾക്കു മാത്രം പ്രവേശനം. ‘വേശുവമ്മയുടെ വിശറി’ അങ്ങനെ ഒരിക്കൽ ഉണ്ടായി. ഓസ്കർ ൈവൽഡിന്റെ നാടകം തർജമ ചെയ്തതാണ്. അതു നാലപ്പാട്ടു മുറ്റത്ത് സ്റ്റേജിട്ട് കളിക്കും.

ആരാണ് അഭിനയിക്കുക? അവർ തന്നെ?

അവർ തന്നെ. അവിടത്തെ ആളുകളും അവരുടെ അത്യാവശ്യം കുടുംബക്കാരും ഉണ്ടാവും. അവർ അങ്ങനെ ജീവിച്ചവരാണ്. നമ്മൾ അങ്ങനെയല്ല. എന്റെ അച്ഛനും അമ്മാമയുമൊക്കെ ജോലി ചെയ്തു ജീവിതം പുലർത്തിയവരാണ്. അത്രയും സാധുക്കളായിരുന്നു. അതുകൊണ്ട് നമുക്കൊന്നും നാലപ്പാട്ടു തറവാടുമായി അങ്ങനെയൊരു അടുപ്പമില്ല. നാലപ്പാടനെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ അച്ഛന്റെ ക്ലാസ്മേറ്റായിരുന്നു. അവരുടെ മുന്നിൽക്കൂടി അച്ഛന്റെ കൂടെ ഒരിക്കൽ നടന്നുപോകുമ്പോൾ നാരായണമേനോൻ പുറത്തിരിക്കുന്നുണ്ട്. അച്ഛൻ കയറിച്ചെന്നു. മകനാണെന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. ഞാൻ അവിടെ നിന്നു. അച്ഛൻ കുറച്ചുനേരം വർത്തമാനം പറഞ്ഞു, പോന്നു.

മാതൃഭൂമിയിൽ കെ.പി.കേശവമേനോൻ, വി.എം.നായർ, എൻ.വി.കൃഷ്ണവാരിയർ എന്നിവരുടെ കീഴിൽ അച്ഛൻ വർക്ക് ചെയ്തിട്ടുണ്ടല്ലോ. ആരായിരുന്നു ഏറ്റവും സ്വാധീനിച്ചത്?

ഓരോരുത്തരും ഓരോ രീതിയിൽ പ്രഗല്ഭരായിരുന്നു. ഭരണകാര്യങ്ങളിലായിരുന്നു വി. എം.നായർ തിളങ്ങിയത്. നല്ല അഡ്മിനിസ്ട്രേറ്റർ. േകശവമേനോൻ ഞങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു. ഒരു ഇതിഹാസം. ഇവരുടെയെല്ലാം കീഴിൽ ജോലി ചെയ്തതുകൊണ്ട് അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ‌പോലും ഞാൻ ശ്രദ്ധിച്ചിരുന്നു. എൻ.വി.കൃഷ്ണവാരിയർ എന്റെ സീനിയറാണ്. വീക്ക്‌ലി എഡിറ്ററായിരുന്നു. അദ്ദേഹം വലിയ സ്കോളർ ആണ്. അദ്ദേഹം ആദ്യം തന്നെ എനിക്കു പറഞ്ഞുതന്ന കാര്യം, നമുക്ക് ഒരുപാട് മാനുസ്ക്രിപ്റ്റ് വരും. നമ്മൾ സത്യസന്ധമായിട്ടാണെങ്കിൽ മുഴുവൻ വായിക്കണം. മുഴുവൻ വായിക്കണമെന്നു ഞാൻ പറയില്ല. കുറെയൊക്കെ വായിച്ചു കഴിഞ്ഞാൽ, നമുക്കറിയാല്ലോ അതു കൊള്ളുമോ ഇല്ലയോ എന്ന്. പക്ഷേ, ഒരു കാര്യമുണ്ട്. ഏതു വലിയ ആളുടെയായാലും ഒരു മാനുസ്ക്രിപ്റ്റ് വന്നാൽ അതു പ്രസ്സിൽ കൊടുക്കുന്നതിനു മുൻപ് നമ്മളൊന്നു വായിച്ചു നോക്കണം. ആർക്കായാലും ഒരു വാക്കു തെറ്റാം. നമ്മൾ അതു നോക്കും, േവണ്ടിവന്നാൽ തിരുത്തും എന്ന് അവർക്കറിയാം. അവർ അറിഞ്ഞുകൊണ്ടു തെറ്റിക്കുന്നതല്ല, ധൃതിപിടിച്ച് എഴുതുമ്പോൾ സംഭവിക്കുന്നതാണ്. നമ്മൾ വേണം അതു ശരിയാക്കാൻ.

മറ്റൊരു കാര്യം, ചിലപ്പോൾ വളരെ ഗഹനമായ ലേഖനങ്ങൾ വരും. നമ്മൾ കുറെ വായിച്ചിട്ട് ഏതെങ്കിലും ഭാഗം മനസ്സിലാകാതെ വന്നാൽ ശ്രദ്ധിക്കണം. എഴുത്തുകാരൻ വലിയ പണ്ഡിതനായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. അപ്പോൾ ആലോചിക്കേണ്ടത്, നമുക്കു വായിച്ചു മനസ്സിലാക്കാൻ പറ്റാത്തത് നമ്മുടെ വായനക്കാർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണല്ലോ. ഇങ്ങനെ ചില പ്രായോഗിക കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതൊക്കെയാണല്ലോ ശരിക്കും ഒരു നല്ല എഡിറ്ററുടെ ലക്ഷണം.

അതെ. കേശവമേനോൻ എന്റെ ബോസായിരുന്നു. അദ്ദേഹത്തിനു കാഴ്ച ഉണ്ടായിരുന്നില്ല. അവസാനകാലത്ത് പതിവായി രാവിലെ അദ്ദേഹത്തിനു വീട്ടിൽവന്ന് ആനുകാലികങ്ങൾ വായിച്ചു കൊടുക്കുന്ന ആളുണ്ടായിരുന്നു. അവർ വായനയ്ക്കിടയിൽ തെറ്റുകൾ കണ്ടാൽ അതും പറഞ്ഞുകൊടുക്കും. െചറുതൊക്കെ അദ്ദേഹം വിട്ടുകളയും. ചിലപ്പോൾ ദേഷ്യം വരും. ‘വാസുദേവൻ നായരെ വിളിക്കുക. എന്താ ഇത്?’ എന്നൊക്കെ ചോദിക്കും. അങ്ങനെ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു കഥ പബ്ലിഷ് ചെയ്തു. കഥ ഞാനാണു നോക്കുന്നത്. എൻവി കൂടുതലും കവിത, പണ്ഡിതോചിതമായ ലേഖനങ്ങൾ ഇവയാണു നോക്കുക. കൂട്ടത്തിൽ ആകെപ്പാടെയുള്ള മേൽനോട്ടവുമുണ്ട്.

വായിച്ചുകൊടുക്കാൻ വരുന്ന ആൾ പറഞ്ഞു. ‘ആ കഥ മുഴുവൻ മഹാ തെറിയാണ്.’ ‘ആഹാ, അങ്ങനെയാണോ?’ എന്നു ചോദിച്ചു. കഥ എഴുതിയിട്ടുള്ളതു മാധവിക്കുട്ടിയാണ്. കമലാദാസ്. മാധവിക്കുട്ടിയുടേതായതുകൊണ്ടല്ല ആ കഥ പ്രസിദ്ധീകരിച്ചത്. കൗമാരപ്രണയത്തെക്കുറിച്ചുള്ള നല്ലൊരു കഥയായിരുന്നു അത്. ഇതിനെക്കുറിച്ചു േകശവമേനോൻ കുറച്ചുനേരം ഗുണദോഷിച്ചു പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ പ്രായവും പദവിയും ചിന്തിക്കാതെ ‘കഥ, കവിത കാര്യങ്ങളെപ്പറ്റി എഡിറ്ററെക്കാൾ കൂടുതൽ അറിയാവുന്നത് എനിക്കാണ്’ എന്ന് ഞാൻ അങ്ങോട്ടു പറഞ്ഞു. ഞാനന്നു ചെറുപ്പമാണ്. വൈകുന്നേരം അദ്ദേഹം എന്നെ മുറിയിലേക്കു വിളിപ്പിച്ചു. ‘അതേയ്, രാവിലെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. സാരല്യാട്ടോ.’ അന്നത്തെ ബന്ധങ്ങൾ അത്രയും ഊഷ്മളമായിരുന്നു. അതാണല്ലോ മഹത്വം. മറ്റൊരാൾ വി.എം.നായരാണ്. അദ്ദേഹം കൊൽക്കത്തയിൽ വലിയ കമ്പനിയിൽ മാനേജിങ് ഡയറക്ടറായിരുന്ന ആളാണ്. അദ്ദേഹം എസ്എസ്എൽസി വരെയേ പഠിച്ചിട്ടുള്ളൂ. മാതൃഭൂമിയിൽ ചെറിയ ജോലിയിൽ തുടങ്ങി ഉന്നതപദവിയിലെത്തിയ ആളാണ്. മാതൃഭൂമിയുടെ വളർച്ചയിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. പത്രങ്ങൾക്ക് ഒന്നിലധികം എഡിഷൻ എന്ന ആശയം കേരളത്തിൽ അദ്ദേഹം കൊണ്ടുവന്നതാണ്. ആദ്യത്തേത് എറണാകുളത്തായിരുന്നു. ഒരുദിവസം എന്തോ കാര്യത്തിന് എന്നെ മുറിയിലേക്കു വിളിച്ചു പറഞ്ഞു: ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ പോകുന്നതു ഞാൻ കാണാറുണ്ട്. രണ്ടു മണിയാകുമ്പോൾ തിരിച്ചും ഓട്ടോറിക്ഷയിൽ വരുന്നതു ഞാൻ കാണുന്നുണ്ട്. ഒരു കാറു വാങ്ങിച്ചുകൂടേ? എന്റെ മുറിയുടെ opposite ആണ് അദ്ദേഹം ഇരിക്കുന്നത്.

‘അതിന് എന്റെ കയ്യിൽ ഒന്നുമില്ല.’

‘കമ്പനീന്ന് കടം എടുക്കാം. പത്ത്, പന്തീരായിരം ഉറുപ്പിക കൊടുത്താൽ സെക്കൻഡ് ഹാൻഡ് കാർ കിട്ടും. ആപ്ലിക്കേഷൻ തന്നാൽ ഞാൻ ലോൺ പാസാക്കാം. അതു കുറേശ്ശെയായി ശമ്പളത്തിൽനിന്നു പിടിക്കാൻ പറയാം. അങ്ങനെയാണ് ഞാൻ ആദ്യമായി കാർ വാങ്ങുന്നത്.

അംബാസഡർ. 1955ൽ അല്ലേ?

അൻപത്തേഴിൽ‌. ഊണു കഴിക്കാൻ പോകുമ്പോൾ ഓട്ടോക്കൂലി എത്ര ചെലവാകും, അതിലും എളുപ്പല്ലേ ഇത് എന്നാണ് ഇദ്ദേഹത്തിന്റെ ന്യായം. ഒരിക്കൽ പത്രപ്രവർത്തകൻ എന്ന നിലയിൽ അമേരിക്കയിലേക്ക് ഒരു ക്ഷണം കിട്ടി. അംബാസഡറായിരുന്ന കെന്നത്ത് ബി.കീറ്റിങ് ഒപ്പിട്ട ക്ഷണക്കത്താണു കിട്ടിയത്. എനിക്ക് അവിടെയൊരു ടൂർ. അതിനു മുൻപ് വി.എം.നായർ ഔദ്യോഗിക ആവശ്യത്തിന് അമേരിക്കയിൽ പോയിവന്നിട്ടുണ്ട്. ഞാൻ വി. എം.നായരുടെ അടുത്തു പോയിട്ട് എനിക്കു ലഭിച്ച ക്ഷണത്തെപ്പറ്റി പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: പോകണം.

എനിക്കു പാസ്പോർട്ടുണ്ടായിരുന്നു. പക്ഷേ, കാലാവധി കഴിഞ്ഞു. പുതുക്കണം. അന്ന് ഇന്നത്തെ മാതിരിയല്ല. അതിന് ഒരുപാടു കടമ്പകളുണ്ട്. വേറൊരാൾ ഉത്തരവാദിത്തം ഏറ്റുകൊണ്ട് ഒപ്പിടണം, എന്തിനാണെന്നുവച്ചാൽ, നിങ്ങൾ അവിടെ വച്ചു മരിച്ചുപോയാൽ നിങ്ങളെ ഇവിടെ എത്തിക്കാൻ ചുമതല ഏൽക്കുന്നതായി ഒപ്പിട്ടു കൊടുക്കണം. പലരോടും ചോദിച്ചപ്പോൾ അവർക്കൊക്കെ ബുദ്ധിമുട്ട്. അതേസമയം വി.എം.നായർ പറഞ്ഞു, ഏതൊക്കെയാണ് കടലാസ് എന്നു വച്ചാൽ ഇങ്ങോട്ടു തന്നോളൂ, ഞാൻ ഒപ്പിടാം. ഞാൻ പേപ്പറുകളെല്ലാം കൊടുത്തു. എല്ലാ കടലാസിലും വി. എം.നായർ ഒപ്പിട്ടുതന്നു. വാതിൽക്കൽ എത്തിയപ്പോൾ വിളിച്ചു. ‘അതേയ്, നല്ല ഡ്രസൊക്കെയായിട്ടു പോണം. നമുക്ക് എക്യുപ്മെന്റ് അലവൻസ് എന്നൊരു വകുപ്പുണ്ട്.’ അതനുസരിച്ച് എക്യുപ്മെന്റ് അലവൻസിന് ഞാൻ അപേക്ഷിച്ചു. അതു പാസായി. ഞാൻ പുതിയ ഡ്രസ് ധരിച്ചാണു പോയത്. ഞാൻ പറഞ്ഞത്, അവരുടെ മഹത്വം എന്നു പറഞ്ഞാൽ അതാണ്.

ഇന്ന് അങ്ങനത്തെ ആളുകളെ കാണില്ല. അതായിരുന്നോ ആദ്യ വിദേശയാത്ര? അതിനു മുൻപു വിദേശയാത്ര ഉണ്ടായിട്ടില്ലേ?

ആദ്യത്തേത് അതല്ല. അതിനു മുൻപ് ഞാൻ രാമു കാര്യാട്ടുമായിട്ട് യൂത്ത് ഫെസ്റ്റിവലിന് െഹൽസിങ്കിയിലൊക്കെ പോയിട്ടുണ്ട്. അന്ന് ഫിൻലൻഡിൽനിന്ന് റഷ്യ, ജർമനിയൊക്കെ പോയി. ഇരുപതു ദിവസത്തെ യാത്ര.

ആരൊക്കെയാണ് കൂടെയുണ്ടായിരുന്നത്?

ഇവിടെനിന്ന് അധികവും ചെറുപ്പക്കാരായിരുന്നു. മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ ലീഡർ ഓഫ് ദ് ഡെലിഗേഷൻ. വളരെ നല്ല മനുഷ്യൻ. ഇവിടന്ന് ഞാൻ, രാമു കാര്യാട്ട്, പിന്നെ സലിൽ ചൗധരി, ഗുരു ഗോപിനാഥ്. എങ്ങനെയാണ് എന്റെ പേര് അതിൽ വന്നതെന്ന് എനിക്കറിയില്ല. ഡൽഹിവരെ നമ്മുടെ ചെലവിൽ പോകണം. ഡൽഹിയിൽനിന്നു തായ്‌ലൻഡിലേക്കു പോയി. അവിടന്നാണ് ഹെൽസിങ്കിയിലെത്തിയത്.

ഒരിക്കൽ പറഞ്ഞിട്ടുണ്ട്, മിസ്സിസ് കെ.എം.മാത്യുവിനെപ്പറ്റി അച്ഛൻ ഗൃഹലക്ഷ്മിയിൽ ഫീച്ചർ തയാറാക്കിയെന്ന്.

അതെ. മിസ്സിസ് കെ.എം.മാത്യുവിനെപ്പറ്റി ഞാനൊരു ഫീച്ചർ പബ്ലിഷ് ചെയ്തു. എന്റെ ചാർജിലായിരുന്നു എല്ലാ മാഗസിനുകളും. അപ്പോൾ അവരെപ്പറ്റി ഒരു ഫീച്ചർ ചെയ്യണമെന്ന് ഞാൻ അതിന്റെ ആളുകളോടു പറഞ്ഞു. എന്റെ ബോസ് േകശവമേനോൻ ആ ഭാഗത്തേക്കൊക്കെ പോകുമ്പോൾ കെ.എം.മാത്യുവിനെ വിളിച്ചു പറയും. അവരുടെ ഗെസ്റ്റ് ഹൗസിലാണു താമസിക്കുക. ഞാൻ പിന്നീട് അവിടെ പോയപ്പോൾ‌ കേശവമേനോന് സെർവ് െചയ്തിരുന്ന ആളൊക്കെ റിട്ടയർ ചെയ്തു. ആ ആളെ വിളിച്ചുവരുത്തി, എന്നെ കാണാൻ േവണ്ടി.

പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുണ്ട്. ചിലത് എഴുതി പകുതി വഴിക്ക് ഉപേക്ഷിക്കും. ചിലതു പിന്നെയും എഴുതും. ഏതെങ്കിലും അങ്ങനെ ഉപേക്ഷിച്ചതു വീണ്ടും എഴുതിയാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ടോ?

അങ്ങനെ ചില കഥകളുണ്ടായിരുന്നു. അതിനി വേണ്ട, ചെയ്യണ്ട എന്നു തോന്നി. പക്ഷേ, ചെയ്യണമെന്നു വിചാരിച്ചിരിക്കുന്ന ഒന്നുണ്ട്. അത് എന്റെ ഗ്രാമത്തെക്കുറിച്ചുള്ള നോവലാണ്. കുറച്ചെഴുതി. അത് ഉപേക്ഷിക്കണമെന്നില്ല. ഈ കാലം മാറുന്നതനുസരിച്ച് അതിനു കൂടുതൽ പ്രസക്തി വർധിക്കുന്നുണ്ട്.

(മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘എംടി അനുഭവങ്ങളുടെ പുസ്തക’ത്തിൽനിന്ന്. പുസ്തകം ഇവിടെനിന്നു വാങ്ങാം)

English Summary: MT Vasudevan Nair Interviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com