ADVERTISEMENT

കഴിഞ്ഞ ലോക ഹൃദയദിനത്തിൽ ‘ഹൃദയം ദേവാലയം’ എന്ന ഗാനം പാടിയ സണ്ണി തോമസിന്റെ ശബ്ദം എന്റെ മനസ്സിനെ പഴയ ഓർമകളിലേക്കു നയിച്ചു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ എത്തിയപ്പോൾ, ഹൃദയപരാജയം മൂലം സാധാരണ രോഗികൾക്ക് ഉണ്ടാകുന്ന ശ്വാസതടസ്സം മാത്രമായിരുന്നില്ല സണ്ണിയുടെ പ്രശ്നം. അനിയന്ത്രിതമായ ഹൃദയതാള വ്യതിയാനവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന Ventricular Tachycardia എന്ന വളരെ ഗുരുതരമായ സാഹചര്യം.

ഏറ്റവും വേഗത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന ആഗ്രഹത്തിൽ, അവയവം മാറ്റിവയ്ക്കലിനായി ഒരേസമയം കേരളത്തിലും തമിഴ്നാട്ടിലും അദ്ദേഹം പേര് റജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ഹൃദയതാളം ക്രമീകരിക്കാനായി പേസ്മേക്കർ പോലുള്ള ഒരു ഉപകരണവും (ഐസിഡി) ഡോ.അജിത് തച്ചിലിന്റെ നേതൃത്വത്തിൽ വച്ചുപിടിപ്പിക്കേണ്ടി വന്നു. ഹൃദയസ്പന്ദനത്തിലെ വ്യതിയാനങ്ങൾ മരണകാരണമാകുന്ന സാഹചര്യമുണ്ടായാൽ ഒരു ഷോക്ക് കൊടുത്ത് ജീവൻ തിരികെപ്പിടിക്കാനുതകുന്ന ഉപകരണമാണിത്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ലോക ഹൃദയദിനത്തിൽ ‘ഹൃദയം ദേവാലയം’ എന്ന ഗാനം സണ്ണിയുടെ കണ്ഠത്തിൽ നിന്നുയരുമ്പോൾ, ആ ദേവാലയം എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരം അനുജിത് ആയിരുന്നു.

2020 ജൂലൈ 20നാണ് ലിസി ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ സിസ്റ്റർ അൽഫോൻസയ്ക്ക് കേരള നെറ്റ്‌വർക് ഫോർ ഓർഗൻ ഷെയറിങ്ങിൽ നിന്നു സന്ദേശമെത്തിയത്: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതമറിയിച്ചിട്ടുണ്ട്.

സണ്ണിക്കു യോജ്യമായ ഹൃദയമാണെന്നു പ്രാഥമിക പരിശോധനയിൽ ബോധ്യമായപ്പോൾ ഹൃദയമെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. മുൻപെന്ന പോലെ തന്നെ ദൂരവും സമയവുമായിരുന്നു പ്രധാന പ്രശ്നം. സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഒരിക്കൽകൂടി വിട്ടുനൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായി. അതിനായി അദ്ദേഹം പ്രൈവറ്റ് സെക്രട്ടറി ആർ.മോഹനെ ചുമതലപ്പെടുത്തി. സണ്ണി തോമസ് താമസിക്കുന്ന തൃപ്പൂണിത്തുറയിലെ എംഎൽഎയായ എം.സ്വരാജിന്റെ ഇടപെടൽമൂലം പൂർണമായും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്.

21നു രാവിലെ 5.30ന് ഹൃദയം എടുക്കാനുള്ള മെഡിക്കൽ സംഘം ലിസി ആശുപത്രിയിൽനിന്നു പുറപ്പെട്ടു. ഉച്ചയ്ക്ക് 1.50നു തിരുവനന്തപുരത്തുനിന്നു ഹൃദയവുമായി മടങ്ങിയ സംഘം 2.45ന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡിൽ വന്നിറങ്ങി. തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ ഗ്രീൻ കോറിഡോർ സൃഷ്ടിച്ച് 4 മിനിറ്റിൽ താഴെ സമയം കൊണ്ട് ലിസി ആശുപത്രിയിലെത്തി ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു.

വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം പത്താം ദിവസം സണ്ണി ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വിഡിയോ കോൺഫറൻസിലൂടെ സണ്ണിക്ക് ആശംസകൾ നേരുകയുണ്ടായി.

ഒരു കേരളപ്പിറവി ദിനത്തിൽ വിവാഹിതരായവരാണ് അനുജിത്തും പ്രിൻസിയും. വ്യത്യസ്ത മതവിശ്വാസ സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവർ. 2020 നവംബർ ഒന്നിന് അഞ്ചാം വിവാഹവാർഷികം ആഘോഷിക്കേണ്ടിയിരുന്നവർ. ഇന്ന് അനുജിത്തിന്റെ ഓർമകളുമായി മുന്നോട്ടുപോകാൻ പ്രിൻസിക്ക് ആത്മവിശ്വാസം നൽകുന്നത് അവരുടെ പ്രിയപുത്രൻ എഡ്‌വിനും അനുജിത്തിന്റെ ഹൃദയതാളങ്ങളിലൂടെ ജീവിക്കുന്ന സണ്ണി തോമസും അനുജിത്തിന്റെ കൈകളുമായി ജീവിക്കുന്ന യെമൻ സ്വദേശി ഇസ്‌ലാമും.

‘സണ്ണിയങ്കിളിനെ ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കുമ്പോൾ അത് അനുജിത്തിന്റെ ശബ്ദം പോലെയാണ് അനുഭവപ്പെടുന്നത്’ എന്നു പ്രിൻസി പറയുന്നു. അച്ഛന്റെ സ്നേഹനിർഭരമായ കരങ്ങളിൽ വീണ്ടുമൊന്നു സ്പർശിക്കണമെന്ന മോഹവുമായി കുഞ്ഞ് എഡ്‌വിനും.

ആത്മവിശ്വാസത്തിന്റെ പര്യായമായിരുന്നു അനുജിത്. കഠിനാധ്വാനി. ജീവിതത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവർക്കു വേണ്ടി മാറ്റിവച്ച മനുഷ്യസ്നേഹി. വർഷങ്ങളായി രക്തദാനം നടത്തുന്ന ഗ്രൂപ്പിലെ അംഗമായിരുന്നു. പല പ്രാവശ്യം ആവശ്യക്കാർക്കായി എത്രദൂരം വേണമെങ്കിലും ഓടിയെത്തിയിരുന്ന അനുജിത്തിന്റെ ശരീരത്തിൽ ഇനി രക്തം അൽപമെങ്കിലും ബാക്കിയുണ്ടാകുമോ എന്നു തമാശരൂപേണ പറഞ്ഞ് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നത്രെ.

കൊട്ടാരക്കര വിജയ ആശുപത്രിയിൽ ഒരു കുട്ടിക്കു രക്തം നൽകാൻ ദിവസം മുഴുവൻ ജോലിപോലും മാറ്റിവച്ചു കാത്തിരുന്നത് പ്രിൻസിയുടെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. പ്രളയസമയത്ത് സുഹൃത്തുക്കളോടൊപ്പം ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടാണ് അനുജിത് തന്റെ സാമൂഹികപ്രതിബദ്ധത തെളിയിച്ചത്. വീട്ടിൽ വളരെ വൈകിയെത്തുന്നതും എത്താൻ കഴിയാത്തതുമായ ദിവസങ്ങളുണ്ടായിരുന്നു.

2010 സെപ്റ്റംബർ ഒന്നിനാണ് പത്രമാധ്യമങ്ങളിൽ ആ വാർത്ത വന്നത്. കൊല്ലം എഴുകോണിനു സമീപം റെയിൽവേ പാളത്തിൽ വലിയ വിള്ളൽ കണ്ട് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തകസഞ്ചി വീശി, വേഗത്തിൽ വന്ന ട്രെയിൻ നിർത്തിച്ച്, നൂറുകണക്കിനു ജീവൻ രക്ഷിച്ചെന്ന വാർത്ത. അതിനു നേതൃത്വം നൽകിയത് അന്നു ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായിരുന്ന അനുജിത്താണ്. ട്രെയിൻ കൃത്യസമയത്തു നിർത്തിക്കാൻ കഴിഞ്ഞതിലൂടെ ഒഴിവായത് വൻ ദുരന്തമാണ്.

അനുജിത്തിന്റെ എല്ലാമായിരുന്നു ഭാര്യ പ്രിൻസിയും മകൻ എഡ്‌വിനും. പ്രിൻസിയുടെ ജന്മദിനത്തിൽ അവൾക്കായി പ്രത്യേക ജന്മദിനാശംസാ കേക്ക് ഒരു കൈയിൽ പിടിച്ച് ഒറ്റക്കൈ കൊണ്ടു ബൈക്കോടിച്ചു പുനലൂരിൽനിന്നു കൊട്ടാരക്കര വരെ രാത്രിയിൽ വന്നത് അവളുടെ കരളും ഹൃദയവും അലിയിക്കാതിരിക്കുമോ?

‘കടയിലോ മാർക്കറ്റിലോ പോയാൽ എന്തെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അത് എനിക്കോ മകൻ എഡ്‌വിനോ വേണ്ടി മാത്രം. സ്വന്തമായി ഒന്നും തന്നെ വാങ്ങാറില്ല. ഞങ്ങളായിരുന്നു അനുജിത്തിന്റെ എല്ലാം. ഒരു ഷർട്ടോ മുണ്ടോ വാങ്ങണമെങ്കിൽ അതു ഞാൻ തന്നെ വാങ്ങണം’ – പ്രിൻസി സ്നേഹപൂർവം ഓർക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ദൂരെയുള്ള ജോലി ഉപേക്ഷിച്ച അനുജിത് വീടിനടുത്തുള്ള സൂപ്പർ സ്റ്റോറിൽ ജോലിക്ക് അപേക്ഷിച്ചു. 8 ജോലി ഒഴിവുകൾക്കായി ഇരുനൂറോളം പേർ അപേക്ഷിച്ചു. അനുജിത് തിരഞ്ഞെടുക്കപ്പെട്ടു.

കുറച്ചു ദിവസത്തിനു ശേഷം ജോലിയുടെ മികവിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജരായി സ്ഥാനക്കയറ്റം പറഞ്ഞിരുന്ന സമയം. 2020 ജൂലൈ 14. അന്നു രാത്രി പതിവു സമയത്തു വീട്ടിലെത്താതിരുന്ന അനുജിത്തിനെ പ്രിൻസി വിളിച്ചു വിവരം തിരക്കി. ‘ജോലിത്തിരക്കിലാണ്, മാത്രമല്ല പുതിയ ജോലി ഏറ്റെടുക്കുന്നതിനു മുൻപായി കുറച്ചധികം കാര്യങ്ങൾ പഠിക്കേണ്ടതുമുണ്ട്, അതുകൊണ്ട് താമസിക്കും’ എന്നു പറഞ്ഞുതീർത്ത ഫോൺ കോളിനു ശേഷം പിന്നെ പ്രിൻസി കേൾക്കുന്നത് അനുജിത്തിന്റെ അപകടവാർത്തയാണ്.

2019ൽ ആണ് കുളക്കടയിൽ അനുജിത് ഒരു വീടു സ്വന്തമാക്കിയത്. അത് അവരുടെ സ്വപ്നമായിരുന്നു. ‘ഉത്രാടം’ എന്നു പേരിട്ട വീടിന്റെ അറ്റകുറ്റപ്പണികൾ മുതൽ പെയ്ന്റിങ് വരെ ചെയ്തതും ഭാര്യയും ഭർത്താവും കൂടിയായിരുന്നു.

2020 ജൂണിൽ മഴ കോരിച്ചൊരിയുന്ന ഒരു ദിവസം. അവരുടെ തിരക്കിന്റെ ഇടവേളയിൽ പുതിയ വീട്ടിലെ ചില പണികൾ ഒരുമിച്ചു ചെയ്തുകൊണ്ടിരുന്നപ്പോൾ അവർ സംസാരിച്ച ചില കാര്യങ്ങൾ പ്രിൻസി ഓർത്തെടുത്തു. ഓരോരുത്തരുടെയും ജീവിതവീക്ഷണങ്ങളും മരണാനന്തര ജീവിതവുമൊക്കെയായിരുന്നു വിഷയങ്ങൾ. അന്ന് ഇരുവരും ഉറച്ച ഒരു തീരുമാനമെടുത്തു; മരണശേഷം സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യണം.

താങ്ങാനാവാത്ത ദുഃഖവുമായി, കൊട്ടാരക്കര ഇരുമ്പനങ്ങാട്ടെ വീട്ടുവളപ്പിൽ എരിഞ്ഞടങ്ങിയ ചിതയ്ക്കു മുൻപിൽ നിന്ന പ്രിൻസിയെ ആശ്വസിപ്പിച്ചത് അനുജിത്തിന്റെ സുഹൃത്തുക്കളും നാട്ടുകാരുമാണ്. മൂന്നര വയസ്സുകാരൻ എഡ്‌വിനാണ് ആ വിയോഗം താങ്ങാനുള്ള കെൽപ് പ്രിൻസിക്കു നൽകിയത്. അവന്റെ അച്ഛന്റെ അതേ ആത്മവിശ്വാസം. “അമ്മയെന്തിനാ കരയുന്നത്, അച്ഛൻ ദൈവത്തിന്റെ വീട്ടിൽ പോയിരിക്കുവല്ലേ, വിഷമിക്കണ്ട’ എന്നു പറഞ്ഞു തീരും മുൻപേ അവൻ വീണ്ടും പറയും – ‘ഈ കുട്ടൂസില്ലേ അമ്മയ്ക്ക്, അച്ഛൻ എന്നെയല്ലേ അമ്മയെ ഏൽപിച്ചിരിക്കുന്നത്?’. അച്ഛന്റെ പകർപ്പിൽ വാർത്തെടുത്ത എഡ്‌വിന്റെ ശക്തിയിൽ പ്രിൻസി ഇന്നും ആത്മവിശ്വാസത്തോടെ ജീവിക്കുന്നു – അനുജിത്തിന്റെ ഹൃദയം സ്പന്ദിക്കുന്നതും ദാനം ചെയ്ത കൈകൾ ചലിക്കുന്നതും അറിഞ്ഞ്...

സ്വീകരിച്ച അവയവങ്ങൾ പുതുജീവിതം നൽകിയവരുടെ സുഖവിവരങ്ങൾ അറിയുമ്പോൾ അവൾ തന്റെ ദുഃഖമെല്ലാം മറക്കുന്നു. അവൾ നൽകിയത് ‘ഉള്ളായ്മയിൽ’ നിന്നായിരുന്നില്ല, ഇല്ലായ്മയിൽ നിന്നായിരുന്നു. ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്ന ‘നന്മത്വ’ത്തിന്റെ മാതൃക.

അനുജിത്തിന്റെ ഹൃദയവുമായി സണ്ണി തോമസ് ഇന്ന് ആരോഗ്യവാനായി ജീവിക്കുന്നു. സണ്ണിയുടെ മകൻ തോമസ് സണ്ണി അവയവദാനത്തിന്റെ വക്താവായി, അവയവദാനപത്രം ഒപ്പിട്ട് സമൂഹത്തിനു സന്ദേശം നൽകി. അതു കെടാതെ കത്തുന്ന ഒരു വിളക്കായി പ്രകാശം പരത്തട്ടെ: വിശേഷണങ്ങൾക്കുമപ്പുറത്തെ നന്മയുടെ മുഖമായി, ഒരു ‘നന്മത്വ’മായി.

പകരുന്ന ജീവൻ 

ഇസ്‌ലാം (Eslam) യെമൻ സ്വദേശിയാണ്. അഞ്ചുവർഷം മുൻപ് ബോംബാക്രമണത്തിൽ അവനു കാഴ്ചയും രണ്ടു കൈകളും നഷ്ടപ്പെട്ടു. ചികിത്സയ്ക്കായി കേരളത്തിലെത്തിയ അവന്റെ കാഴ്ച, കോർണിയ മാറ്റിവയ്ക്കലിലൂടെ പുനഃസ്ഥാപിക്കപ്പെട്ടു.

നഷ്ടപ്പെട്ട കൈകൾക്കു പകരം അവനു ലഭിച്ചത് അനുജിത്തിന്റെ കൈകളാണ്. ജൂലൈ 20നു ലിസി ആശുപത്രിയിൽ അനുജിത്തിന്റെ ഹൃദയം സണ്ണിയിൽ തുന്നിച്ചേർത്ത അതേ സമയം തന്നെ, പ്രിൻസിയുടെ അനുവാദപ്രകാരം ഇരുകൈകളും ഈ യെമൻ സ്വദേശിയിൽ തുന്നിച്ചേർക്കപ്പെട്ടു. അമൃത ആശുപത്രിയിലെ ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി നിർവഹിക്കപ്പെട്ടത്.

മുപ്പത്തേഴുകാരിയായ പാലക്കാട് സ്വദേശിനി ദീപികമോൾക്ക് ചെറുകുടലിന്റെ പ്രവർത്തനരാഹിത്യത്തെത്തുടർന്ന് ഞരമ്പിലൂടെയാണു ഭക്ഷണം നൽകിക്കൊണ്ടിരുന്നത്. ദീപികയ്ക്കു പുതുജീവൻ ലഭിച്ചത് അനുജിത്തിന്റെ ചെറുകുടൽ സ്വീകരിച്ചതോടെയാണ്. 2020 സെപ്റ്റംബർ 14ന് പുതിയ അവയവവുമായി അവൾ ആശുപത്രി വിട്ടു. ഡോ. സുധീന്ദ്രന്റെ നേതൃത്വത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ഈ ശസ്ത്രക്രിയ, കേരളത്തിലെ ആദ്യത്തെ വിജയകരമായ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി.

അനുജിത് ദാനം ചെയ്ത വൃക്കകളിലൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ.റീനു തോമസിന്റെയും ഡോ. സതീഷ് ബാലന്റെയും നേതൃത്വത്തിൽ കല്ലമ്പലം സ്വദേശി നസീറിനു വച്ചുപിടിപ്പിച്ചു. രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ ബി.എസ്.ലീന എന്ന രോഗിക്ക് ഡോ. ജി. വേണുഗോപാലിന്റെയും ഡോ. തോമസ് ജേക്കബിന്റെയും നേതൃത്വത്തിൽ മാറ്റിവയ്ക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com