ADVERTISEMENT

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ നഗരമധ്യത്തിലെ ടോണി വിൽസൺ പ്ലേസ്, 2017 ഓഗസ്റ്റിൽ ഒരു പ്രതിമയുടെ അസാധാരണവും കൗതുകകരവുമായ പുനഃപ്രതിഷ്ഠാ ചടങ്ങിനു വേദിയായി. കിലോമീറ്ററുകൾ അകലെ, യൂറോപ്പിന്റെ കിഴക്കേ അറ്റത്ത് റഷ്യൻ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യുക്രെയ്നിൽ രണ്ടു കഷണങ്ങളാക്കി ഉപേക്ഷിച്ചിരുന്ന ആ പ്രതിമയെ അത്തവണത്തെ മാഞ്ചസ്റ്റർ ഫെസ്റ്റിവൽ വേളയിലാണ് നഗരത്തിന്റെ നടുത്തളത്തിൽ ഉയർത്തിയത്.

മൂന്നു പതിറ്റാണ്ടു മുൻപുവരെ ലോകത്തിലെ മൂന്നിലൊന്നു ജനവിഭാഗത്തിന്റെ ഭാഗധേയം തീരുമാനിച്ചിരുന്ന കമ്യൂണിസം എന്ന രാഷ്ട്രീയ വ്യവസ്ഥയുടെ സഹ ഉപജ്ഞാതാവായ ഫ്രെഡറിക് എൻഗൽസിന്റേതായിരുന്നു, മൂന്നു മീറ്ററോളം ഉയരമുള്ള, കോൺക്രീറ്റിൽ തീർത്ത ആ പൂർണകായ പ്രതിമ.

കിഴക്കൻ യുക്രെയ്നിൽ, കമ്യൂണിസ്റ്റ് ഭരണകാലത്ത് എൻഗൽസിന്റെ നാമം പേറിയിരുന്ന ജില്ലയിലെ ഒരു കൃഷിയിടത്തിൽ മണ്ണിൽ മുഖമമർത്തി അനാഥമായി കിടക്കുകയായിരുന്നു ഈ പ്രതിമ. ദീർഘനാളത്തെ തിരോധാനത്തിനു ശേഷം തിരിച്ചെത്തിയ കുടുംബാംഗത്തെ എന്നപോലെ സ്നേഹത്തോടെയാണ് മങ്കൂണിയൻസ് (Mancunians) എന്നു വിളിപ്പേരുള്ള മാഞ്ചസ്റ്റർ നിവാസികൾ പ്രതിമയെ സ്വീകരിച്ചത്.

പ്രഷ്യയിലെ (ഇന്നത്തെ ജർമനി) ബാർമൻ പട്ടണത്തിൽ 200 കൊല്ലം മുൻപ്, 1820 നവംബർ 28ന് ഒരു ഇടത്തരം തുണി വ്യവസായിയുടെ മകനായി ജനിച്ച എൻഗൽസിന് മാഞ്ചസ്റ്റർ നഗരവുമായി അഭേദ്യ ബന്ധമാണുള്ളത്. ലോകത്തിലെ ആദ്യത്തെ വ്യവസായ നഗരമെന്ന ഖ്യാതിയുള്ള മാഞ്ചസ്റ്ററിലെ രണ്ടര പതിറ്റാണ്ടോളം നീണ്ട ജീവിതം. അതാണ് ആത്മമിത്രമായ കാൾ മാർക്സുമായി ചേർന്ന് കമ്യൂണിസം എന്ന ശാസ്ത്രീയ സോഷ്യലിസത്തിനു പ്രായോഗികവും സൈദ്ധാന്തികവുമായ അടിത്തറ പാകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

engels-statue

മാഞ്ചസ്റ്ററുമായുള്ള എൻഗൽസിന്റെ ബന്ധത്തിനു വഴിയൊരുങ്ങിയത് ആകസ്മികമായാണ്. മകന്റെ രാഷ്ട്രീയ പ്രവർത്തനവും പുരോഗമന ചിന്താഗതിയും പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയപ്പോൾ തൽക്കാലം നാട്ടിൽനിന്നു മാറ്റിനിർത്താൻ എൻഗൽസിന്റെ പിതാവു തീരുമാനിച്ചു. അങ്ങനെയാണ്, 1842ൽ, മാഞ്ചസ്റ്ററിൽ തനിക്കുകൂടി പങ്കാളിത്തമുള്ള ‘എർമാൻ ആൻഡ് എൻഗൽസ്’ എന്ന നൂൽ ഉൽപാദനക്കമ്പനിയിലെ ജോലിക്കാരനായി അദ്ദേഹം ആ ഇരുപത്തിരണ്ടുകാരനെ അയയ്ക്കുന്നത്.

കൽക്കരി, ഇരുമ്പ്, തുണി തുടങ്ങിയ പ്രധാന വ്യവസായങ്ങളിൽ ലോകത്തെ പ്രമുഖ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററിലെ ഫാക്ടറികളിൽ പതിനായിരക്കണക്കിനു തൊഴിലാളികളാണു പണിയെടുത്തിരുന്നത്. വ്യവസായയുഗത്തിന്റ പിറവിയിൽ കൃഷിയിടങ്ങൾ പോലും ചെറുയന്ത്രങ്ങൾ കയ്യടക്കിയതോടെ തൊഴിലും പുതുജീവിതവും സ്വപ്നം കണ്ട് മാഞ്ചസ്റ്റർ പോലുള്ള വ്യവസായ കേന്ദ്രങ്ങളിലേക്കു ദിവസേന ആയിരങ്ങൾ ഒഴുകിയെത്തി. അക്കൂട്ടത്തിൽ ഒട്ടേറെ കുട്ടികളും ഗർഭിണികളുമൊക്കെ ഉണ്ടായിരുന്നു. കൃത്യമായ തൊഴിൽ നിയമങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെയും അഭാവത്താൽ നരകതുല്യമായ ജീവിതമായിരുന്നു അവരുടേത്.

സാർവത്രിക വോട്ടവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ചാർട്ടിസ്റ്റ് മുന്നേറ്റങ്ങളുടെയും റോബർട് ഒവന്റെ സഹകരണ പ്രസ്ഥാനത്തിന്റെയും കേന്ദ്രമായിരുന്നു അക്കാലത്തെ മാഞ്ചസ്റ്റർ. ചാർട്ടിസ്‌റ്റുകളുടെ നേതൃത്വത്തിൽ മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളായ ലങ്കാഷറിലും ചെഷയറിലുമൊക്കെ തൊഴിലാളിസമരം നടന്ന് അൽപദിവസങ്ങൾ കഴിഞ്ഞാണ് എൻഗൽസ് അവിടെയെത്തുന്നത്. തൊഴിലാളികളുടെ ജീവിതാവസ്ഥ കണ്ട് ആ യുവാവു ഞെട്ടിപ്പോയി. അനിയന്ത്രിത വ്യവസായവൽക്കരണം മൂലം രൂക്ഷമായ മലിനീകരണവും ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളും നഗരവാസികളുടെ ആയുസ്സു വെട്ടിക്കുറച്ചു. 

engels-library
ചെതാംസ് ലൈബ്രറിയിലെ മാർക്സ് ഡെസ്ക്.

തൊഴിലാളികളിൽ ഭൂരിഭാഗവും ഐറിഷ് വംശജരായിരുന്നു. അവർ തിങ്ങിപ്പാർത്തിരുന്ന ചേരിക്കു സമാനമായ പ്രദേശം ‘ലിറ്റിൽ അയർലൻഡ്’ എന്നാണറിയപ്പെട്ടിരുന്നത്. തന്റെ കമ്പനിയിലെ തൊഴിലാളിയായിരുന്ന മേരി ബേൺസ് എന്ന ഐറിഷ് യുവതിയുടെയും അവളുടെ സഹോദരി ലിഡിയയുടെയും (ലിസി) സഹായത്തോടെയാണ് അവിടത്തെ നരകതുല്യമായ ജീവിതം നേരിട്ടറിയാൻ എൻഗൽസിനു കഴിഞ്ഞത്. 41–ാം വയസ്സിൽ ഹൃദയസംബന്ധമായ അസുഖം മൂലം മരിക്കുന്നതുവരെ മേരി, എൻഗൽസിനൊപ്പം കഴിഞ്ഞു. വ്യവസ്ഥാപിത വിവാഹരീതിയോടു യോജിപ്പില്ലാതിരുന്ന ഇരുവരും നിയമപരമായി വിവാഹം ചെയ്തില്ല. മേരിയുടെ മരണശേഷം അനാഥയായ ലിസിയെ എൻഗൽസ് ജീവിതത്തിൽ ഒപ്പംകൂട്ടി.

മാർക്സ് എഡിറ്റ് ചെയ്തിരുന്ന പത്രത്തിൽ, ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ദയനീയാവസ്ഥയെക്കുറിച്ച് എൻഗൽസ് ഒട്ടേറെ ലേഖനങ്ങളെഴുതി. അവയെല്ലാം സമാഹരിച്ച് 1845ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ചതാണ് ‘ദ് കണ്ടിഷൻ ഓഫ് വർക്കിങ് ക്ലാസ് ഇൻ ഇംഗ്ലണ്ട്’ എന്ന കൃതി. 41 വർഷങ്ങൾക്കു ശേഷം 1886ലാണ് ഇതിന്റെ ഇംഗ്ലിഷ് പരിഭാഷ അമേരിക്കയിൽ പ്രസിദ്ധീകരിച്ചത്; ഇംഗ്ലണ്ടിലാകട്ടെ 1892ലും – അതായത് എൻഗൽസ് മരിക്കുന്നതിനു മൂന്നു വർഷം മുൻപു മാത്രം. പക്ഷേ, വ്യവസായ വിപ്ലവത്തിന്റെ അരങ്ങായിരുന്ന വിക്ടോറിയൻ ഇംഗ്ലണ്ടിലെ അടിസ്ഥാന വർഗത്തിന്റെ യഥാർഥ ജീവിതം ഒരു വിദേശിയുടെ പേനത്തുമ്പിലൂടെ അന്നാട്ടുകാർ അറിഞ്ഞപ്പോൾ, ലിറ്റിൽ അയർലൻഡ് അപ്രത്യക്ഷമായിരുന്നു.

മുതലാളിത്തത്തിന്റെ വിളനിലമായിരുന്ന നഗരത്തിൽത്തന്നെ, അതിനെതിരായ ചിന്താഗതിക്കു തുടക്കം കുറിച്ചതും മുതലാളിവർഗത്തിൽപെട്ട ഒരാൾ അതിനു കാരണക്കാരനായി എന്നതും ചരിത്രത്തിലെ ആകസ്മികതയോ അനിവാര്യതയോ ആകാം. മാഞ്ചസ്റ്റർ നഗരാനുഭവങ്ങൾ, ജീവിതത്തിൽ അർഥവും ലക്ഷ്യവും കണ്ടെത്തിയ യുവാവായി എൻഗൽസിനെ മാറ്റി. ആ കാലം വിചാരങ്ങളെയും കാഴ്ചപ്പാടുകളെയും വളരെയേറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പിൽക്കാലത്ത് എഴുതി.

1843 ഒക്ടോബറിൽ പ്രഷ്യൻ ഭരണകൂടം പുറത്താക്കിയ ശേഷം മാർക്സും കുടുംബവും പാരിസിൽ എത്തിയപ്പോൾ എൻഗൽസ് അവിടെയെത്തി അദ്ദേഹത്തെ കണ്ടു. മാർക്സിന്റെ മരണം വരെ, നാലു പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആ ബൗദ്ധിക കൂട്ടുകെട്ട് 20–ാം നൂറ്റാണ്ടിലെ ലോക രാഷ്ട്രീയഭൂപടം മാറ്റിവരച്ചു. നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥകൾക്കു പകരം നവീനമായ ഒരു പ്രായോഗിക സോഷ്യലിസം അനിവാര്യമാണെന്നും വ്യവസ്ഥാപിത മതങ്ങളും സിദ്ധാന്തങ്ങളുമൊക്കെ ആ ഭൗതിക ചിന്താധാരയ്ക്കു വഴിമാറുമെന്നും ഇരുവരും വിശ്വസിച്ചു. വ്യാപാര – മുതലാളിത്ത – സാമ്പത്തിക ഘടനയിലെ പരിചയവുമായി എത്തിയ എൻഗൽസിന്റെ സാമ്പത്തികശാസ്ത്ര പരിജ്ഞാനവും വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള മാർക്സിന്റെ തത്വങ്ങളും ചേർന്ന് ശാസ്ത്രീയ സോഷ്യലിസം എന്ന കമ്യൂണിസത്തിന് അടിസ്ഥാനമായി.

1845 ജൂലൈ മധ്യത്തോടെ എൻഗൽസ് മാർക്സിനെയും കൂട്ടി മാഞ്ചസ്റ്ററിലെത്തി. നന്നായി ഇംഗ്ലിഷ് കൈകാര്യം ചെയ്തിരുന്ന, ഇംഗ്ലിഷ് സോഷ്യലിസ്റ്റ് നേതാക്കളെ പരിചയമുണ്ടായിരുന്ന എൻഗൽസിലൂടെ മാർക്സ് ബ്രിട്ടിഷ് മണ്ണും കാലാവസ്ഥയും ആദ്യമായി അറിഞ്ഞു. പിന്നീട് മരണംവരെ ഇംഗ്ലണ്ട് തങ്ങളുടെ കർമമണ്ഡലമായിത്തീരുമെന്ന് അന്ന് ഇരുവരും കരുതിയില്ല. മാർക്സ് ഏറെ നേരവും ചെലവഴിച്ചത് 1653ൽ സ്ഥാപിതമായ ചെതാംസ് ലൈബ്രറിയിലാണ്. എൻഗൽസിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ടോണി വിൽസൺ പ്ലേസിൽനിന്ന് ഏകദേശം ഒരു മൈൽ ദൂരമേയുള്ളൂ ഈ ലൈബ്രറിയിലേക്ക്. 1421ൽ പണികഴിപ്പിച്ച പൗരാണിക കെട്ടിടത്തിലാണു ലൈബ്രറി. ഒരു ലക്ഷത്തിലേറെ വരുന്ന ഗ്രന്ഥശേഖരത്തിൽ ‘പാരഡൈസ് ലോസ്റ്റി’ന്റെ കയ്യെഴുത്തുപ്രതി ഉൾപ്പെടെ അറുപതിനായിരത്തിലേറെ ഗ്രന്ഥങ്ങൾ 1851നു മുൻപു പ്രസിദ്ധീകരിച്ചവയാണ്.

മധ്യകാലഘട്ടത്തിൽ പണിത ഉയർന്ന മേൽക്കൂരയുള്ള കെട്ടിടം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുണ്ട ചട്ടയുള്ള പുസ്തകങ്ങൾ, അവയെ പേറുന്ന അത്രതന്നെ പുരാതനമായ തടി ഷെൽഫുകൾ, നനുത്ത ഇരുളിൽ മൂന്നു നൂറ്റാണ്ടു പഴക്കമുള്ള ചരിത്രത്തിന്റെ ഗന്ധം... മൂന്നു വശത്തുനിന്നും പുറത്തെ സൂര്യപ്രകാശം അകത്തേക്കു ധാരാളമായി എത്തിക്കുന്ന ഉയർന്ന ജനാലകളുള്ള, പുറത്തേക്കു തള്ളിനിൽക്കുന്ന ലൈബ്രറിക്കെട്ടിടത്തിന്റെ മൂല. നടുക്ക് ദീർഘചതുരാകൃതിയിലുള്ള ‘കാൾ മാർക്സ് ഡെസ്ക്’ എന്നറിയപ്പെടുന്ന കനത്ത തടിമേശ. 180 കൊല്ലം മുൻപ് മാർക്സും എൻഗൽസും വായിച്ച പുസ്തകങ്ങളുടെ പകർപ്പുകൾ മേശപ്പുറത്തുണ്ട്. വായന കഴിഞ്ഞ് അൽപം മുൻപു മാത്രം രണ്ടുപേരും എഴുന്നേറ്റു പോയതുപോലെ...

ഇവിടെയാണ് 20–ാം നൂറ്റാണ്ടിൽ മഹാവൃക്ഷമായി വളർന്ന കമ്യൂണിസ്റ്റ് ആശയത്തിന്റെ ആദ്യ വിത്തു വീണത്. മാർക്‌സും എൻഗൽസും ഇരുന്ന, വായിച്ച, സംസാരിച്ച, നോട്ടുകൾ കുറിച്ച ആ ബെഞ്ചും ഡെസ്ക്കുമാണ് ഇന്ന് ചെതാംസ് ലൈബ്രറിയെ പ്രശസ്തമാക്കുന്നത്.

1870ൽ മാഞ്ചസ്‌റ്ററിനോടു വിട പറയുന്നതിനു മുൻപ് നഗരത്തിൽ തനിക്കു പ്രിയപ്പെട്ട സ്ഥലം ഗൃഹാതുരത്വത്തോടെ വീണ്ടും സന്ദർശിച്ച എൻഗൽസ് മാർക്സിന് എഴുതി: ‘24 കൊല്ലങ്ങൾക്കു മുൻപ് നാം ഇരിക്കാറുണ്ടായിരുന്ന ആ മേശയ്ക്കരികിൽ കഴിഞ്ഞ ദിവസം ഞാൻ പോയിരുന്നു. വളരെ പ്രിയങ്കരമാണ് ഈ സ്ഥലം. ജനൽക്കണ്ണാടിയിലൂടെ അനുഭവിക്കാവുന്ന കാലാവസ്ഥ എപ്പോഴും സുന്ദരമാണ്. ലൈബ്രേറിയൻ ജോൺസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷേ, വളരെ പ്രായമായി. ഇത്തവണ അദ്ദേഹത്തെ അവിടെ കണ്ടില്ല. ഒരു കൊടുങ്കാറ്റിൽ ജനലിലെ വർണക്കണ്ണാടിപ്പാളികൾ തകർന്നുപോയതിനാൽ, നിറമില്ലാത്ത സാധാരണ കണ്ണാടിപ്പാളികളാണ് ഇപ്പോൾ’.

1848ൽ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യുടെ രചനയിൽ എൻഗൽസിന്റെ പങ്ക് തുലോം ചെറുതാണെന്ന് ഹാരൾഡ് ലാസ്കിയെപ്പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, മുതലാളിത്ത സംവിധാനത്തിൽ തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങളും അവരുടെ സംഘശക്തിയും നേരിട്ടുകണ്ട എൻഗൽസിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വർഗസമരം, തൊഴിലാളിവർഗ സർവാധിപത്യം തുടങ്ങിയ സിദ്ധാന്തങ്ങളുടെ രൂപീകരണത്തിൽ മാർക്സിനു പ്രേരണയായി എന്നതിൽ സംശയമില്ല.

1848ൽ ഫ്രാൻസിലുണ്ടായ വിപ്ലവം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചപ്പോൾ മാർക്സും എൻഗൽസും അതിൽ പങ്കാളികളായി. വിപ്ലവം പരാജയപ്പെട്ടപ്പോൾ 1849ൽ മാർക്സ് പാരിസ് വഴി ലണ്ടനിൽ അഭയംതേടി. വിപ്ലവശ്രമങ്ങൾ പൂർണമായും അടിച്ചമർത്തപ്പെട്ടപ്പോൾ 1850 നവംബറിൽ എൻഗൽസും ഇംഗ്ലണ്ടിലെത്തി. മാഞ്ചസ്റ്ററിലെ പഴയ കമ്പനിയിലെ ജോലി സ്വീകരിച്ചു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായി ഈ തീരുമാനം. മാർക്സിന്റെ രാഷ്ട്രീയ, സൈദ്ധാന്തിക ഗവേഷണങ്ങൾക്കു സാമ്പത്തിക പിന്തുണ നൽകാനാണ് എൻഗൽസ് വീണ്ടും ജോലിക്കു ചേർന്നത്. 1867ൽ ദാസ് ക്യാപ്പിറ്റലിന്റെ ആദ്യ വാല്യം പൂർത്തിയാക്കിയ ശേഷം മാർക്സ് എഴുതി – ‘ഈ വാല്യം ഞാൻ എഴുതിത്തീർത്തിരിക്കുന്നു. ഇതു സാധ്യമായതിൽ ഞാൻ താങ്കളോടു കടപ്പെട്ടിരിക്കുന്നു. താങ്കളുടെ ആത്മത്യാഗം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും ബൃഹത്തായ ഒരു കൃത്യം നിർവഹിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.’

ആറു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം മാഞ്ച‌സ്റ്ററിലെത്തിയ എൻഗൽസ് ആദ്യം താമസിച്ചത് ഗ്രേറ്റ് ഡ്യുസി റോഡിൽ എഴുപതാം നമ്പർ വീട്ടിലായിരുന്നു. ആ കെട്ടിടം ഇന്നില്ല. പിന്നീട് തോൺക്ലിഫ് റോഡിലെ ആറാം നമ്പർ വീട്ടിലും താമസിച്ചു. മാഞ്ചസ്റ്റർ സർവകലാശാലയിലെ വിദ്യാർഥികളുടെ താമസസ്ഥലമായ തോൺക്ലിഫിലെ വീടിനു മുന്നിൽ, അദ്ദേഹം താമസിച്ചിരുന്നതിന്റെ ചരിത്രപ്രാധാന്യം മുൻനിർത്തി ഒരു നീലഫലകം ഇപ്പോൾ പതിപ്പിച്ചിട്ടുണ്ട്. 

പ്രഷ്യൻ പൊലീസിന്റെ ചാരക്കണ്ണുകൾക്കു പിടികൊടുക്കാതിരിക്കാൻ ഇരട്ടജീവിതമാണ് അദ്ദേഹം നയിച്ചതെന്നു പറയപ്പെടുന്നു. നഗരത്തിലെ ജർമൻ പൗരപ്രമുഖരുടെ കേന്ദ്രമായ ആൽബർട് ക്ലബ്ബിൽ അംഗമായിരുന്ന അദ്ദേഹം, നല്ലൊരു കുതിരസവാരിക്കാരനും സംഗീതപ്രിയനും വാൾപയറ്റുകാരനുമായിരുന്നു. 7 മണിക്കൂർ തുടർച്ചയായി കുതിരസവാരി നടത്തിയെന്നും വിപ്ലവസമയത്തു കുതിരപ്പടയെ നയിക്കുന്നതു താനായിരിക്കും എന്നുമൊക്കെ ഫലിതരൂപേണ അദ്ദേഹം മാർക്സിന് എഴുതി.

മുഖ്യ ഇടപാടുകൾ നടത്തുന്ന ഉദ്യോഗസ്ഥനായി ജോലിക്കു കയറിയ എൻഗൽസ്, 1869 ജൂൺ 30ന് പിതാവിന്റെ ഒസ്യത്ത് പ്രകാരമുള്ള പതിനായിരം പൗണ്ടും കമ്പനിയുടെ ഭാവിവരുമാനത്തിന്റെ 20 ശതമാനവും വാങ്ങി വിരമിച്ചു.

1870 സെപ്റ്റംബറിലാണ് എൻഗൽസ്  മാഞ്ചസ്റ്ററിനോട് എന്നെന്നേക്കുമായി വിടപറഞ്ഞ്  മാർക്സ് താമസിച്ചിരുന്ന ലണ്ടനിൽ ലിസിക്കൊപ്പം എത്തുന്നത്. 1878 സെപ്റ്റംബർ 12ന് ലിസി മരിക്കുന്നതിനു തൊട്ടുമുൻപ് അവരുടെ ആഗ്രഹപ്രകാരം ഇരുവരും നിയമപരമായി വിവാഹിതരാവുകയും ചെയ്തു.

1883 മാർച്ച് 14ന് മാർക്സ് അന്തരിച്ചപ്പോൾ എൻഗൽസ് എഴുതി – ‘മനുഷ്യകുലത്തിന് ഒരു ശിരസ്സു കുറഞ്ഞു. ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശിരസ്സായിരുന്നു അത്. ഡാർവിൻ ജൈവസമൂഹത്തിന്റെ വികാസത്തിനു നിയമങ്ങൾ നിർവചിച്ചതുപോലെ മാർക്സ് മനുഷ്യചരിത്രത്തിലെ വളർച്ചയുടെ സിദ്ധാന്തങ്ങൾക്കു രൂപം നൽകി.’

മാർക്സിന്റെ മരണശേഷം സ്വന്തം രാജ്യമായ ജർമനിയിലോ സ്വിറ്റ്സർലൻഡിലോ പോയി അവിടങ്ങളിലെ കമ്യൂണിസ്റ്റ് പ്രവർത്തനത്തിനു നേതൃത്വം നൽകാൻ ആഗ്രഹിച്ചിരുന്നെങ്കിലും ‘മൂലധന’ത്തിന്റെ രണ്ടും മൂന്നും വാല്യങ്ങൾ പൂർത്തിയാക്കാനാണ് എൻഗൽസ് ഇംഗ്ലണ്ടിൽ തുടർന്നതെന്നു കരുതപ്പെടുന്നു. 

മാർക്സ് മരിക്കുന്നതിനു മുൻപു തന്നെ രണ്ടാം വാല്യത്തിന്റെ പണി ഏതാണ്ടു പൂർത്തിയായിരുന്നെങ്കിലും പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണശേഷം രണ്ടു വർഷം കഴിഞ്ഞ് 1885ൽ ആണ്. 1894ൽ മൂന്നാം വാല്യം പ്രസിദ്ധീകരിച്ചു.

അഞ്ചര പതിറ്റാണ്ടുകാലം യൂറോപ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ വിപ്ലവങ്ങൾക്കൊപ്പം നിന്ന ഫ്രെഡറിക് എൻഗൽസ് 1895 ഓഗസ്റ്റ് 5ന് അന്തരിച്ചു. തൊണ്ടയിലെ അർബുദമായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിച്ച് ചിതാഭസ്മം കടലിൽ വിതറി. എൻഗൽസ് ഇല്ലാതെ മാർക്സ് ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം ഏതായാലും അപ്രസക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com