ADVERTISEMENT

ഒന്നര വർഷം നീണ്ട കാത്തിരിപ്പിനും തയാറെടുപ്പുകൾക്കും ശേഷമായിരുന്നു, 1997 ജൂലൈ 3ന് കേരളത്തിലെ എന്റെ ഹൃദയശസ്ത്രക്രിയയിലെ അരങ്ങേറ്റം. 1995 ഡിസംബറിൽ ഇംഗ്ലണ്ടിൽനിന്നു തിരിച്ചെത്തിയ ഞാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചേരുന്നത് ആറു മാസത്തിനു ശേഷമാണ്.

ഏറ്റുമാനൂരിൽ സ്വന്തം തറവാട്ടിൽ താമസിച്ചുകൊണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം എറണാകുളത്തു സ്വന്തമായുള്ള ഫ്ലാറ്റിൽ പോകുകയും മെഡിക്കൽ ട്രസ്റ്റിലെ ഹൃദ്രോഗ ശസ്ത്രക്രിയാ സംവിധാനങ്ങളുടെ നിർമാണപുരോഗതി മനസ്സിലാക്കുകയും നിർദേശങ്ങൾ നൽകുകയും പുതിയ യന്ത്രോപകരണങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്നതു പതിവായിരുന്നു.

എന്നോടൊപ്പം കാർഡിയോളജി വിഭാഗത്തിൽ ചേരാൻ തീരുമാനിച്ചിരുന്ന, ഇംഗ്ലണ്ടിൽ എന്റെ സഹപ്രവർത്തകനായിരുന്ന ഒരു ഉത്തരേന്ത്യൻ ഡോക്ടർ അവസാനനിമിഷം പിന്തിരിഞ്ഞത് എന്നെ വല്ലാതെ സമ്മർദത്തിലാക്കി. ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്യാൻ പകരം ഒരു കാർഡിയോളജിസ്റ്റിനെ കണ്ടുപിടിക്കേണ്ട ബാധ്യതയും അങ്ങനെ എന്റെ ചുമലിൽ വന്നുചേർന്നു.

കേരളത്തിൽ ബൈപാസ് ശസ്ത്രക്രിയയും മറ്റു ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും ചെയ്യുന്നത് അപകടകരമാണെന്നു പ്രചരിപ്പിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ ആശുപത്രികളെ എങ്ങനെ നേരിടും എന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഇതു ‘കുട്ടിസർജന്മാരുടെ’ സ്പെഷ്യൽറ്റി അല്ലെന്നു പറഞ്ഞു പ്രചരിപ്പിച്ചിരുന്ന കേരളത്തിലെ ചില പ്രമുഖ ഡോക്ടർമാർ ഞങ്ങളുടെ ആത്മവിശ്വാസത്തെ ഒട്ടൊന്നു പിടിച്ചു കുലുക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് ആകെക്കൂടി കുറച്ചു ഹൃദയശസ്ത്രക്രിയകൾ നടന്നിരുന്നത് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലും എന്റെ സീനിയറായി അയർലൻഡിൽ പരിശീലനം ലഭിച്ച ഡോ.ജയകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഉത്രാടം ആശുപത്രിയിലും മാത്രമാണ്.

അങ്ങനെ ശക്തിയായ ഒഴുക്കിനെതിരെ നീന്താനുള്ള വലിയ വെല്ലുവിളിയുമായി 1997 ജൂലൈയിൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം തയാറായി. ഞാൻ ഇംഗ്ലണ്ടിൽനിന്നു തിരികെ വരുന്ന സമയത്ത്, എന്റെ അവിടത്തെ ഗുരുനാഥനും ഇംഗ്ലണ്ടിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയാ സംഘത്തിൽ അംഗവുമായിരുന്ന സ്കോട്‌ലൻഡുകാരൻ ഡോ. ബ്രെക്കൻറിഡ്‌ജ്‌ സഹായത്തിനായെത്തി. രണ്ടര ആഴ്ച എന്നോടൊപ്പം ചെലവഴിക്കാനുള്ള തീരുമാനവുമായി ഇവിടെയെത്തിയ എന്റെ ഗുരുനാഥൻ എനിക്കു തന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ലായിരുന്നു. ഉപകരണങ്ങളിലും മറ്റും പലതവണ ട്രയൽ പരിശീലനങ്ങൾ നടത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

മധ്യകേരളത്തിൽ ആരും ചെയ്യാത്ത ബൈപാസ് ശസ്ത്രക്രിയ. പുതിയ കുറച്ചു യുവ ഡോക്ടർമാർ, സമൂഹത്തിൽ ഒട്ടും അറിയപ്പെടാത്തവർ, പ്രാഗല്ഭ്യം തെളിയിക്കപ്പെടാത്തവർ... അയൽസംസ്ഥാനത്ത് ഊർജിതമായും വിജയകരമായും ഹൃദയശസ്ത്രക്രിയകൾ നടക്കുമ്പോൾ എന്തു ധൈര്യത്തിൽ രോഗികൾ ഇവിടെ വരുമെന്ന ആശങ്ക ഏവരിലും ഉണ്ടായിരുന്നു.

സാധാരണഗതിയിൽ ഒരു ഹൃദയശസ്ത്രക്രിയാ വിഭാഗം ആരംഭിക്കുമ്പോൾ പരിചിതരായ വ്യക്തികളുടെ ഒരു സംഘമായി തുടങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ടീമായി വർഷങ്ങളോളം പ്രവർത്തിച്ചു പരിചയമുള്ള സർജൻ, കാർഡിയോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ്, നഴ്‌സുമാർ, ബൈപാസ് ടെക്‌നിഷ്യന്മാർ അങ്ങനെ എല്ലാവരും ചേർന്ന ഒരു സംഘം. എന്നാൽ, ഇവിടെ അങ്ങനെയൊന്നില്ലായിരുന്നു.

ഇംഗ്ലണ്ടിൽ ഒരു പതിറ്റാണ്ടോളം പ്രവർത്തിച്ച ഞാൻ എന്ന സർജൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിലവിൽ ജോലി ചെയ്തിരുന്ന ഡോ.വിനോദൻ എന്ന അനസ്തെറ്റിസ്റ്റ്, കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡോ. പ്രസാദ് സുരേന്ദ്രൻ, ഡോ. പ്രവീൺ മേനോൻ എന്നീ രണ്ടു ജൂനിയർ സർജന്മാർ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്ന് എന്നോടൊപ്പം ചേർന്ന രണ്ടു ബൈപാസ് ടെക്‌നിഷ്യന്മാർ, മദ്രാസിൽനിന്നു വന്ന കുറച്ചു നഴ്സുമാർ ഇവരെല്ലാം കൂടിച്ചേരുന്നതായിരുന്നു ഞങ്ങളുടെ ഹൃദയശസ്ത്രക്രിയാ വിഭാഗം. പക്ഷേ, എല്ലാവരിലും ഞാൻ കണ്ടത് നിശ്ചയദാർഢ്യവും പുതിയൊരു സംരംഭത്തിന്റെ ആവേശവും അഭിനിവേശവുമാണ്. മറ്റുള്ളവർ എന്തു പറഞ്ഞാലും ചിന്തിച്ചാലും ഒത്തൊരുമിച്ചു മുന്നോട്ടു പോകാനുള്ള നിശ്ചയമായിരുന്നു ഞങ്ങളുടെ ശക്തി. ബൈപാസ് ടെക്‌നിഷ്യന്മാരായിരുന്ന രവിചന്ദ്രനും സുഭാഷിണിയും അവരോടൊപ്പം ഐസിയു നഴ്‌സ്‌ മരീന സെബാസ്റ്റ്യനും തിയറ്റർ നഴ്‌സ്‌ മിനിജ അഗസ്റ്റിനുമെല്ലാം ചേർന്നുള്ള ശക്തമായ കൂട്ടായ്മ ഞങ്ങളുടെ മുതൽക്കൂട്ടായിരുന്നു.

ഇങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു വന്നുചേർന്ന ഒരുപറ്റം വ്യക്തികൾ ഇന്ത്യയിലെ ആശുപത്രി സാഹചര്യങ്ങളുമായി ഒട്ടുംതന്നെ പരിചിതനല്ലാത്ത ഒരു സായ്പിന്റെ മേൽനോട്ടത്തിൽ മധ്യകേരളത്തിൽ ആദ്യമായി നടത്താൻ പോകുന്ന ഹൃദയശസ്ത്രക്രിയകളെപ്പറ്റി ആശുപത്രിയിലെ മറ്റു ഡോക്ടർമാർക്കും നഴ്സുമാർക്കും ആശങ്കയുണ്ടായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ  ഒപിയിൽ 35 വയസ്സുള്ള ഷംസുദീൻ എന്ന യുവാവു വന്നു. ഭയാശങ്കകൾ നിറഞ്ഞ്, ആകാംക്ഷ മുറ്റിനിൽക്കുന്ന കണ്ണുകളുമായാണ് അദ്ദേഹം എത്തിയത്.

അദ്ദേഹത്തിന്റെ ഹൃദയഭിത്തിയിൽ ജന്മനാ തന്നെ ഒരു ദ്വാരമുണ്ടായിരുന്നു. ചെറുപ്പം മുതൽ തന്നെ പല ഡോക്ടർമാരും ശസ്ത്രക്രിയ നിർദേശിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടു മൂലവും സാമ്പത്തികം ശരിയായപ്പോൾ ഭയം മൂലവും ശസ്ത്രക്രിയ ഒഴിവാക്കിയ ഒരു ചെറുപ്പക്കാരൻ. ഇത്രയേറെ ഭയാശങ്കകളുള്ള യുവാവ്, കേരളത്തിൽ ഒരു ഹൃദയശസ്ത്രക്രിയയും നിർവഹിച്ചിട്ടില്ലാത്ത ഒരു ഡോക്ടറുടെ അടുത്തു വരാനുണ്ടായ കാരണം എനിക്ക് അന്നും ഇന്നും അജ്ഞാതമാണ്.

രണ്ടു മൂന്നു ദിവസത്തെ പരിശോധനകൾക്കു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിലെ ദ്വാരം ശസ്ത്രക്രിയ വഴി അടയ്ക്കേണ്ടതാണെന്നും അടയ്ക്കാനാവുമെന്നും ഞങ്ങൾ കണ്ടെത്തി. പുതിയൊരു ശസ്ത്രക്രിയാ വിഭാഗം ആരംഭിക്കുമ്പോൾ ഹൃദയഭിത്തികളിലെ ദ്വാരം അടയ്ക്കുന്ന താരതമ്യേന എളുപ്പമുള്ള ശസ്ത്രക്രിയയായിരിക്കണം ആദ്യമൊക്കെ ചെയ്യേണ്ടതെന്ന് ഡോ.ബ്രെക്കൻറിഡ്‌ജ് ഇംഗ്ലണ്ടിൽ വച്ചുതന്നെ പറയുമായിരുന്നു. അങ്ങനെ തന്നെ സംഭവിക്കാനായിരിക്കണം ഹൃദയഭിത്തിയിലെ ദ്വാരവുമായി ഷംസുദീൻ ഞങ്ങളെ സമീപിച്ചതും. ആദ്യ ശസ്ത്രക്രിയയുടെ തലേന്നു വൈകുന്നേരം, കേരളത്തിലെ ആദ്യകാല ഹൃദയശസ്ത്രക്രിയാ വിദഗ്ധനും മെഡിക്കൽ ട്രസ്റ്റിൽ എന്റെ വിഭാഗത്തിന്റെ അധ്യക്ഷനുമായിരുന്ന ആദരണീയനായ ഡോ. ടി.എം.ജോസഫ് സാറിനെ വീട്ടിൽ പോയിക്കണ്ട് അദ്ദേഹത്തിന്റെ പ്രത്യേക അനുഗ്രഹം തേടാൻ ഉപദേശിച്ചതും എന്റെ പ്രിയഗുരു ഡോ. ബ്രെക്കൻറിഡ്‌ജ് തന്നെയായിരുന്നു.

ശസ്ത്രക്രിയയുടെ ദിവസം ഉദ്വേഗഭരിതമായിരുന്നു. ഞങ്ങളുടെയും ആശുപത്രിയുടെയും മുന്നോട്ടുള്ള പ്രയാണത്തെത്തന്നെ ബാധിക്കാൻ സാധ്യതയുള്ള ഒരു ദിവസം. തലേന്നു തന്നെ അസിസ്റ്റന്റ് സർജൻ ഡോ. പ്രവീണിനെ ഓപ്പറേഷൻ ടേബിളിൽ രോഗിക്കു പകരം കിടത്തി മോക് ടെസ്റ്റ് നടത്താനുള്ള തീരുമാനം ഡോ.ബ്രെക്കൻറിഡ്‌ജിന്റേതായിരുന്നു. അനസ്‌തീസിയ മുതൽ ശസ്ത്രക്രിയയുടെ ഓരോ ഘട്ടവും പല പ്രാവശ്യം മാറി മാറി ഞങ്ങൾ ചെയ്തു പരിശീലിച്ചു; ചെറിയൊരു ശ്രദ്ധക്കുറവു പോലും ഒരു വ്യക്തിയുടെ ജീവനെ ബാധിക്കുന്നതായതു കൊണ്ടു തന്നെ.

ഹൃദയശസ്ത്രക്രിയ മറ്റു ശസ്ത്രക്രിയകൾ പോലെയല്ല. ഹൃദയത്തിലേക്കു ശരീരത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നു വരുന്ന അശുദ്ധരക്തത്തെ ചില പൈപ്പുകളിലൂടെ ശേഖരിച്ച് അതിനെ ബൈപാസ് യന്ത്രത്തിലേക്ക് ഒഴുക്കുന്നു. ബൈപാസ് യന്ത്രത്തിലെ കൃത്രിമ ശ്വാസകോശം ആ രക്തത്തിലെ കാർബൺഡയോക്സൈഡിനെ മാറ്റുകയും രക്തത്തിൽ ഓക്സിജൻ നൽകി ശുദ്ധീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ശുദ്ധീകരിക്കപ്പെട്ട രക്തത്തെ മറ്റൊരു പൈപ്പിലൂടെ രോഗിയുടെ ശരീരത്തിലെ ശുദ്ധരക്ത വാഹിനിയിലേക്കു പമ്പ് ചെയ്യുന്നു. ഈ സമയത്തു രോഗിയുടെ ഹൃദയവും ശ്വാസകോശവും നിശ്ചലമാക്കാനായി തണുപ്പിച്ച ഒരു പ്രത്യേക ലായനി ഹൃദയത്തിലെ രക്തധമനികളിലൂടെ കടത്തിവിടുന്നു. അങ്ങനെ നിശ്ചലമായ, തണുപ്പിച്ച ഹൃദയത്തിന്റെ അറകൾ തുറന്നാണ് ഹൃദയഭിത്തിയിലെ ദ്വാരം വളരെ സുതാര്യമായ നൂലുകൾകൊണ്ടു തുന്നിച്ചേർക്കുന്നത്. ഇത്തരമൊരു ശസ്ത്രക്രിയയിൽ ഒരു ശതമാനം വ്യതിയാനം വന്നാൽപോലും വിജയപരാജയങ്ങൾക്ക് അതു നിമിത്തമാകാം എന്ന വസ്തുത എല്ലാവരെയും ജാഗരൂകരാക്കിയിരുന്നു.

ഷംസുദീന്റെ ഹൃദയഭിത്തിയിലെ ദ്വാരം സാധാരണയിൽ കൂടുതൽ വലുതായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയകവചത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് ആ ദ്വാരത്തിന്റെ അതേ വലുപ്പത്തിൽ ചെറുതാക്കിയാണ് തുന്നിച്ചേർത്തത്. നിശ്ചലമായ ഹൃദയം ശസ്ത്രക്രിയയ്ക്കു ശേഷം വീണ്ടും സാധാരണ നിലയിൽ സ്പന്ദിക്കുന്നതും രക്തസമ്മർദം ക്രമീകരിക്കുന്നതുമെല്ലാം ഞങ്ങളുടെ ആത്മവിശ്വാസത്തെ തട്ടിയുണർത്തി. 24 മണിക്കൂറിനുള്ളിൽ വെന്റിലേറ്ററിൽനിന്നു വിഘടിപ്പിക്കപ്പെട്ട് ഐസിയു കിടക്കയിൽ അനസ്‌തീസിയ വിഭാഗം തലവൻ ഡോ. വിനോദനു സമീപം ഉന്മേഷവാനായിരിക്കുന്ന ഷംസുദീന്റെ ചിത്രം എന്റെ മനസ്സിൽനിന്നു മായില്ല; ഒരിക്കലും.

ഷംസുദീന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഏവരും. ഡോ.ബ്രെക്കൻറിഡ്‌ജിന് തിരികെ ഇംഗ്ലണ്ടിലേക്കു പോകാനുള്ള സമയം അടുത്തു വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹം മടങ്ങുന്നതിനു നാലു ദിവസം മുൻപാണ് ഇരുപത്തിരണ്ടുകാരി ഷമീറ ഞങ്ങളെ കാണാൻ വരുന്നത്. ഷമീറയ്ക്കും ഹൃദയഭിത്തിയിൽ ജന്മനാ ഒരു വലിയ സുഷിരം ഉണ്ടായിരുന്നു. പനിയുമായി ഡോക്ടറെ സമീപിച്ചപ്പോൾ ഡോക്ടർ സ്റ്റെതസ്കോപ്പിൽ ശ്രവിച്ച ചില മർമരങ്ങൾ തുടർപരിശോധനകൾ നടത്താൻ കാരണമായി. ഷമീറയ്ക്കു ഹൃദ്രോഗമുണ്ടെന്നു കണ്ടെത്തി. ആ ശസ്ത്രക്രിയയും അതീവ സൂക്ഷ്മതയോടെ വിജയകരമായി നിർവഹിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ശക്തമായ സഹവർത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും ഊഷ്മളത അതോടെ ഞങ്ങളെയെല്ലാവരെയും ഒരു ചങ്ങലയിലെ കണ്ണികളെന്നപോലെ കൂട്ടിയിണക്കിയിരുന്നു. അതിനെല്ലാം ശക്തമായ പിന്തുണയുമായി നിന്നത് മെഡിക്കൽ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടർ ഡോ. വർഗീസ് പുളിക്കനും അദ്ദേഹത്തിന്റെ മൂത്തമകനും ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി. വി. ആന്റണിയും ആയിരുന്നു; എല്ലാ സാഹചര്യങ്ങളെയും കൂട്ടിയിണക്കാൻ ആത്മവിശ്വാസത്തിന്റെ പര്യായമായി എന്റെ സെക്രട്ടറി, എഴുത്തുകാരി കൂടിയായ തനൂജ ഭട്ടതിരിയും.

ദിവസങ്ങൾ പെട്ടെന്നു കടന്നുപോയി. ഡോ. ബ്രെക്കൻറിഡ്ജിനെ എയർപോർട്ടിൽ യാത്രയാക്കുമ്പോൾ നന്ദിയുടെയും സ്‌നേഹത്തിന്റെയും നഷ്ടബോധത്തിന്റെയുമൊക്കെ സമ്മിശ്ര വികാരമായിരുന്നു ഞങ്ങൾക്കെല്ലാം. ‘നിങ്ങളുടേത് ഒരു നല്ല കൂട്ടായ്മയാണ്. നിങ്ങൾ ചെയ്യുന്ന ശസ്ത്രക്രിയകളൊക്കെ തീർച്ചയായും വിജയിക്കും’ എന്ന ആശംസയുമായി, വിമാനച്ചെലവു പോലും പ്രതിഫലമായി വാങ്ങാതെ എന്റെ ആ ഗുരുഭൂതൻ മടങ്ങി. അദ്ദേഹത്തിന്റെ പിന്തുണയും അനുഗ്രഹവുമാണ് പിന്നീടുള്ള എന്റെ ജീവിതത്തിനു വെള്ളിവെളിച്ചമായി കൂട്ടുനിന്നത്.

ഇനി തനതായ ഊഴം. ഇത്രയും നാൾ ഗുരുവിന്റെ നിഴലിൽ, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന രണ്ടു ശസ്ത്രക്രിയകൾ വിജയിച്ചു. ഇനി ഡോ. ജോസ് ചാക്കോ തനിച്ച് ഒരു ശസ്ത്രക്രിയ ചെയ്യുന്നതൊന്നു കാണട്ടെ എന്ന് പലരും അന്നു പറഞ്ഞിരുന്നുവെന്ന് വർഷങ്ങൾക്കു ശേഷം അറിയാൻ കഴിഞ്ഞു.

മൂന്നു ദിവസത്തിനു ശേഷമാണ് മൂന്നാമത്തെ രോഗി എന്നെ കാണാൻ വന്നത്. ഷിംല എന്ന പേരിൽ ഒരു ഇരുപത്തൊന്നുകാരി. ഹൃദയഭിത്തിയിലെ ദ്വാരം തന്നെ പ്രശ്നം. ആ പെൺകുട്ടിയുടെ നെഞ്ചെല്ലിൽ ജന്മനാ ഉണ്ടായിരുന്ന വളവ് ശസ്ത്രക്രിയയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ടായിരുന്നു. ഡോ. ബ്രെക്കൻറിഡ്ജുമായി ഫോണിൽ സംസാരിച്ച് അനുഗ്രഹം വാങ്ങി ശസ്ത്രക്രിയാ മുറിയിലേക്കു പ്രവേശിക്കുമ്പോൾ, ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ എന്ന നിലയിൽ എന്റെ മികവ് അളക്കുന്ന ആദ്യ ശസ്ത്രക്രിയ ഷിംലയിലൂടെയാണ് എന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു.

ശസ്ത്രക്രിയാ സമയത്തു നെഞ്ചിന്റെ ഭിത്തി തുറക്കുക എന്നതു തന്നെ ശ്രമകരമായിരുന്നു. ഇടനെഞ്ചിലുള്ള Sternum എന്ന നെഞ്ചെല്ല് ജന്മനാ ഒരു വില്ലുപോലെ ഉള്ളിലേക്കു വളഞ്ഞു നിന്നിരുന്നു. ആ എല്ല് ഹൃദയത്തെ ഏതാണ്ടു സ്പർശിച്ചാണു നിന്നിരുന്നത്. ഹൃദയഭിത്തികൾക്കു ക്ഷതമേൽപിക്കാതെ നെഞ്ചു തുറക്കാനായതു വലിയ ആശ്വാസമായി. വളരെ ചെറിയൊരു ഹൃദയം. സ്ത്രീകളുടെ ഹൃദയം പുരുഷന്മാരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതായിരിക്കും. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഹൃദയശസ്ത്രക്രിയകൾ കൂടുതൽ ശ്രദ്ധയോടെ നടത്തേണ്ടതുണ്ട്.

ഷിംലയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ആശുപത്രിക്കും എന്നിലുള്ള വിശ്വാസം വർധിച്ചു.

മൂന്നു പേരാണ് ഒന്നിനു പിറകെ ഒന്നായി രണ്ടാഴ്ചയ്ക്കിടയിൽ ശസ്ത്രക്രിയയ്ക്കായി വന്നത്; മൂന്നും വിജയകരമായി ചെയ്യാനായതു വലിയ ഈശ്വരാനുഗ്രഹമായി. ഈ മൂന്നു പേരും എനിക്കു പ്രിയപ്പെട്ടവരാണ്. ഹൃദയശസ്ത്രക്രിയയുടെ  ശൈശവദശയിൽ എന്നെ വിശ്വസിച്ച് ഹൃദയം ഏൽപിച്ച ആ മൂന്നുപേരുടെയും പേര് ആരംഭിക്കുന്നത് ‘ഷ’ എന്ന അക്ഷരത്തിൽ:

ഷംസുദീൻ, ഷമീറ, ഷിംല!

മലയാളത്തിൽ എഴുതാൻ ബുദ്ധിമുട്ടുള്ള അക്ഷരങ്ങളിലൊന്നായ ‘ഷ’യിൽ പേരു തുടങ്ങുന്ന ഈ മൂവരും, എന്റെ ഹൃദയശസ്ത്രക്രിയകളുടെ ആദ്യ ലിപികൾ  എളുപ്പത്തിലെഴുതാൻ എന്നെ സഹായിച്ചവരാണ്. എന്റെ ഹൃദയയാത്രകൾ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ എത്തിനിൽക്കുന്ന ഈ നാളുകളിലും ഈ ‘ഷ’ ത്രിമൂർത്തികളെ എനിക്കു മറക്കാനാകില്ല.

baby
കെ.കെ.തോമസ് (ബേബി) ചിത്രം: ജിൻസ് മൈക്കിൾ‍∙മനോരമ

ഇവിടെയുണ്ട് ആ കാവൽമാലാഖ

‘കളഞ്ഞുപോയ ആ ജീവിതം’ തിരിച്ചു കൊടുത്തയാൾ ഇവിടെയുണ്ട് – ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ജീവിതത്തിൽ നിർണായക സഹായവുമായി എത്തിയ കോട്ടയം തൃക്കോതമംഗലം കിഴക്കേച്ചിറയിൽ വീട്ടിൽ കെ.കെ.തോമസ് (81) എന്ന ബേബി.

മൂന്നര പതിറ്റാണ്ടു മുൻപ് ഉപരിപഠനത്തിനു വിദേശത്തേക്കു പോകാനായി കോട്ടയത്തുനിന്നു പുറപ്പെടുന്നതിനിടെ നഷ്ടപ്പെട്ടുപോയ പാസ്പോർട്ട് ഡോ. ജോസിനു തിരികെ നൽകിയത് അന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ ടാക്സി ഓടിച്ചിരുന്ന ബേബിയാണ്.

കോട്ടയത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ട കഥ കഴിഞ്ഞയാഴ്ചത്തെ ‘ഹൃദയംതൊട്ട്’ പംക്തിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എഴുതിയിരുന്നു; ഒരു നന്ദിവാക്കു പോലും പറയുന്നതിനു മുൻപു ബേബി പോയെന്നും പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ല എന്നും. ഇതു വായിച്ച കോട്ടയം മറിയപ്പള്ളി സ്വദേശി ഭാസിയാണു ബേബിയെ തിരിച്ചറിഞ്ഞത്. ഭാസിയും അന്ന് കോട്ടയത്തു ടാക്സി ഓടിക്കുകയായിരുന്നു. വർഷവും പേരും കണ്ടപ്പോൾ ഭാസി, ബേബിയെ വിളിച്ച് അന്വേഷിച്ചു.

സംഭവത്തെക്കുറിച്ചു ചെറിയ ഓർമ മാത്രമാണു ബേബിക്കുള്ളത്. ബേബി പറയുന്നു: 

‘‘കെഎൽകെ 9697 അംബാസഡർ കാറാണ് അന്ന് ഓടിച്ചിരുന്നത്. ഒരു സായ്പിനെയും മദാമ്മയെയും കൊണ്ടു കോട്ടയത്തുനിന്നു കോവളത്തേക്കു പോകുന്നതിനിടയിലാണു സംഭവം. ഇരുവരെയും കൊണ്ടു കോട്ടയത്തു നിന്നു പുറപ്പെട്ടു. എന്നാൽ, പെട്രോൾ ശേഖരിച്ചു വയ്ക്കാൻ ചെറിയ ടിന്നെടുക്കാൻ വീണ്ടും സ്റ്റേഷനിലെത്തി. വീണ്ടും പുറപ്പെടുന്നതിനിടെ സ്റ്റാൻഡിൽ നിന്ന മറ്റു ഡ്രൈവർമാർ ഉറക്കെ വിളിച്ച് വണ്ടി നിർത്തിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരൻ ഓടിവന്ന് പാസ്പോർട്ടിന്റെ കാര്യം ചോദിച്ചു. അതു ബോക്സിൽ ഉണ്ടായിരുന്നു, എടുത്തു കൊടുത്തു. സ്റ്റേഷനിൽനിന്നു തന്നെയാണ് അതു കിട്ടിയത്. കട്ടിയുള്ള ഒരു ബുക്ക്. അന്നു പാസ്പോർട്ട് എന്താണ് എന്നൊന്നും അറിയില്ലായിരുന്നു. ബുക്ക് തിരിച്ചു കൊടുത്തിട്ട് ഞാൻ വണ്ടിയോടിച്ചുപോയി. ഇപ്പോൾ ഭാസി പറയുമ്പോഴാണ് ഈ സംഭവം വീണ്ടും ഓർമിക്കുന്നത്. അന്നു ഭാസി ടൗണിലും ഞാൻ റെയിൽവേ സ്റ്റേഷനിലുമാണു വണ്ടിയോടിക്കുന്നത്.

ഏതാണ്ട് 50 വർഷത്തോളം കോട്ടയത്തു ടാക്സി ഓടിച്ചു. ആദ്യം റെയിൽവേ സ്റ്റേഷനിലും പിന്നീട് തിരുനക്കര ബസ് സ്റ്റാൻഡിലും. ഒന്നര വർഷം മുൻപു വരെ ടാക്സി ഓടിക്കുമായിരുന്നു’’.

ഭാര്യ ഏലിയാമ്മയ്ക്കും മകളുടെ മകൾ ഏയ്ഞ്ചലിനുമൊപ്പമാണ് ഇപ്പോൾ ബേബിയുടെ താമസം. മിനി തോമസ്, ലാൽ കെ.തോമസ്, ഷീന സജി എന്നിവരാണു മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com