സ്പർശത്തെ നാം അത്രമേൽ ഭയന്ന കാലം; കോവിഡിൽ ജീവിതം തൊട്ട വിധം
Mail This Article
എവിടെയും തട്ടാതെയും മുട്ടാതെയും നടക്കാൻ നമ്മെ പഠിപ്പിച്ച ഒരു വർഷം – 2020! കോണിപ്പടികൾ കയറുമ്പോൾ ഒരു രസത്തിനു ഹാൻഡ്റെയിലിലൂടെ കൈ ഓടിച്ചിരുന്ന നമ്മൾ ഒറ്റയടിക്കു കൈവലിച്ചു. ലിഫ്റ്റിലെ ബട്ടണിൽ അലസമായി ഞെക്കിയിരുന്ന നമ്മുടെ പോക്കറ്റിൽ ഇതിനായി താക്കോലോ പേനയോ ഇടംപിടിച്ചു. ഏതു വാതിലും കൂളായി തള്ളിത്തുറന്നിരുന്ന നമ്മൾ അതാരെങ്കിലും തുറന്നുതന്നിരുന്നെങ്കിൽ എന്ന് ആശിച്ചു തുടങ്ങി. ഷേക്ക് ഹാൻഡും ആലിംഗനവും ‘അടുപ്പമായിരുന്നെങ്കിൽ’ ഇന്നത് ഒഴിവാക്കുന്നതിനെ നാം കരുതലെന്നു വിളിച്ചു തുടങ്ങി. ബസ് സ്റ്റോപ്പിലെ തൂണിൽ അറിയാതെ തൊട്ട കൈകളെ സാനിറ്റൈസർ കിട്ടുംവരെ നമ്മൾ ‘സംശയനിഴലിലാക്കി’. ‘ടച്ച്’ അഥവാ സ്പർശത്തെ ഇത്രമേൽ ഭയന്ന ഒരു കാലം ഇതാദ്യം.
കോവിഡ്കാലത്തു ശരീരം കൊണ്ടു നാം അകന്നപ്പോഴും മനസ്സുകൊണ്ടു നമ്മളെ അടുപ്പിച്ചത് സാങ്കേതികവിദ്യയുടെ കരുത്താണ്. തിരക്കിട്ട ജീവിതത്തിൽനിന്നു ഭൂമി ഒരു ബ്രേക്ക് എടുത്തപ്പോഴും നമ്മളെ അതു കാര്യമായി ബാധിക്കാതിരുന്നതും ഒരു വെർച്വൽ ലോകം അപ്പുറത്തുണ്ടായിരുന്നതുകൊണ്ടാണ്. നമ്മുടെയൊക്കെ സ്മാർട് ഫോണിൽ ലോക്ഡൗണിനു ശേഷം ഇടംപിടിച്ച ആപ്ലിക്കേഷനുകളുടെ എണ്ണം മാത്രമെടുത്താൽ ഈ മാറ്റം വ്യക്തമാകും.
മേൽവിലാസം ‘മേഘങ്ങളിൽ’
ഡിസംബർ 8 വരെ ഫുൾകോണ്ടാക്ട് എന്ന ഐടി കമ്പനിയുടെ മേൽവിലാസത്തിൽ കൊച്ചി കാക്കനാട് ഇൻഫോപാർക്കുണ്ടായിരുന്നു. ഇനിയതില്ല. 13,235 ചതുരശ്രയടി വലുപ്പമുള്ള ഓഫിസിനോട് ജീവനക്കാർ ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു.
‘ഒരു അഡ്രസ് പോലുമില്ലാത്ത കമ്പനിയാണല്ലോ’ എന്നു പറയാൻ വരട്ടെ. കൃത്യമായൊരു സർവേ നടത്തിയിട്ടായിരുന്നു ഈ തീരുമാനം. ഓഫിസിലേക്കു തിരിച്ചുവരാനാണോ അതോ വർക് ഫ്രം ഹോം തുടരാനാണോ താൽപര്യമെന്ന ചോദ്യത്തിന് 60% പേരും വർക് ഫ്രം ഹോം തിരഞ്ഞെടുത്തു. ഓഫിസിന്റെ കാര്യത്തിലൊരു തീരുമാനമെടുക്കാൻ പോകുകയാണ്, നല്ലവണ്ണം ആലോചിച്ചു പറയണമെന്ന് ആവശ്യപ്പെട്ട് ഇതേ ചോദ്യം ആവർത്തിച്ചപ്പോഴും 55% പേർ വർക് ഫ്രം ഹോം തന്നെ തിരഞ്ഞെടുത്തതോടെ മാനേജ്മെന്റിനു സംഗതി പിടികിട്ടി. ഇനി ഓഫിസ് ആവശ്യമില്ല. ഓഫിസ് ഇനി ക്ലൗഡിൽ!
തിരുവനന്തപുരം ടെക്നോപാർക്കിൽ കോൺഫിയൻസ് ഗ്ലോബൽ 12,000 ചതുരശ്രയടി സ്ഥലത്തിനു പ്രതിമാസം മുടക്കിയിരുന്നത് 6 ലക്ഷത്തോളം രൂപ. കോവിഡിൽ ഓഫിസ് അടച്ചതോടെ എല്ലാ ജീവനക്കാർക്കും അവരുടെ കംപ്യൂട്ടറുകൾ വീടുകളിലെത്തിച്ചു നൽകി. ബാക്കി സാധനങ്ങൾ സൂക്ഷിക്കാൻ ടെക്നോപാർക്കിനു പുറത്ത് 10,000 രൂപയ്ക്കൊരു വീട് വാടകയ്ക്കെടുത്തു. സെർവർ കംപ്യൂട്ടറുകൾ അവിടെ സജ്ജീകരിച്ചു. നേരത്തേയുള്ള സെക്യൂരിറ്റി ജീവനക്കാരനെ വീടിന്റെ ചുമതലയേൽപിച്ചു. ചുരുക്കത്തിൽ ആരെയും പിരിച്ചുവിട്ടില്ല. 6 ലക്ഷത്തിലധികം രൂപ നൽകിയിരുന്നിടത്ത് പുതിയ തീരുമാനത്തോടെ മാസം വൈദ്യുതി ചാർജ് ഉൾപ്പെടെ 30,000 രൂപയിൽ താഴെ മാത്രം ചെലവ്.
ഫുൾകോണ്ടാക്ടും കോൺഫിയൻസും മാത്രമല്ല, കേരളത്തിലെ ഐടി പാർക്കുകളിൽ കോവിഡ് മൂലം കാലിയായത് 3.05 ലക്ഷം ചതുരശ്രയടി സ്ഥലമാണ്. രാജ്യം ലോക്ഡൗൺ ആകുന്നതിനു കൃത്യം 5 ദിവസം മുൻപാണ് പ്രമുഖ പ്രഫഷനൽ സർവീസസ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും 6,500 ജീവനക്കാരെ കമ്പനി ഒറ്റയടിക്ക് വർക് ഫ്രം ഹോമിലേക്കു മാറ്റിയത്. സംസ്ഥാനത്ത് ഇത്രയും ജീവനക്കാരുള്ള ഒരു സ്ഥാപനം വർക് ഫ്രം ഹോമിലേക്കു മാറിയത് ആദ്യമായിരുന്നു. അന്നു താങ്ങായത് മൈക്രോസോഫ്റ്റ് ടീംസ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ.
ഇനി ഓഫിസിലേക്ക് ആളുകൾ തിരിച്ചെത്തിയാൽത്തന്നെ കേന്ദ്രീകൃത ഓഫിസ് വേണ്ടെന്നാണ് പല കമ്പനികളുടെയും നിലപാട്. ‘ഹബ് ആൻഡ് സ്പോക് മോഡൽ’ അഥവാ ‘സാറ്റലൈറ്റ് ഓഫിസുകൾ’ എന്ന ആശയവും ശക്തിപ്രാപിക്കുകയാണ്. പ്രധാന ഹബ്ബിനു പുറമേ, ജീവനക്കാർ കൂടുതലായി താമസിക്കുന്ന പല സ്ഥലങ്ങളിൽ ചെറിയ വർക്
സ്പേസുകൾ വാടകയ്ക്കെടുത്ത് സമാന്തര ടീമുകളായി നിലനിർത്തുകയാണു ലക്ഷ്യം. കേരളത്തിലുൾപ്പെടെ ഗ്രാമീണമേഖലകളിൽ 20 ജീവനക്കാരെ ഉൾക്കൊള്ളുന്ന 10 ചെറിയ ഓഫിസുകൾ തുടങ്ങുമെന്ന് സോഹോ സോഫ്റ്റ്‌വെയർ കമ്പനി പ്രഖ്യാപിച്ചതും ഈയിടയ്ക്കാണ്.
ചെന്നൈ കേന്ദ്രമായ കിസ്ഫ്ലോ കമ്പനി നടപ്പാക്കിയ റിമോട്ട് പ്ലസ് എന്ന ആശയവും സമാനമാണ്. നഗരത്തിനു പുറത്തുള്ള ജീവനക്കാർക്കു ചെലവുകുറയ്ക്കലിന്റെ ഭാഗമായി അവരവരുടെ നാട്ടിലേക്കു പോകാം. ആവശ്യമെങ്കിൽ മാസത്തിൽ ഒരാഴ്ച മാത്രം ഓഫിസിൽ റിപ്പോർട്ട് ചെയ്താൽ മതി. ഈ ഒരാഴ്ചത്തെ താമസസൗകര്യം കമ്പനി ഒരുക്കും.
ജോലി വീട്ടിൽ കൊണ്ടുവന്നു തരും!
ജോലിക്കു ശ്രമിക്കുന്നവരോട് ‘എന്താ നിനക്കൊക്കെ പണി വീട്ടിൽ കൊണ്ടുവന്നു തരണോ’ എന്നു പരുഷമായി ചോദിക്കുന്നവർ ശ്രദ്ധിക്കുക: കഴിഞ്ഞ 10 മാസമായി കേരളത്തിലടക്കം പല ഐടി കമ്പനികളും യുവാക്കൾക്കു ജോലി വീട്ടിൽകൊണ്ടുപോയി കൊടുക്കുന്നുണ്ട്!
കോവിഡ്കാലത്ത് ഐടി കമ്പനികളിൽ ജോലിക്കു കയറിയ യുവാക്കളിൽ പലരും അവരുടെ കമ്പനി കണ്ടിട്ടുള്ളത് ഇന്റർനെറ്റിലെ ചിത്രങ്ങളിലൂടെ മാത്രമാണ്.
അഭിമുഖങ്ങൾ മുൻപും ഓൺലൈനായി നടന്നിട്ടുണ്ടെങ്കിലും പൂർണമായും വെർച്വലായി ജോലിയിൽ പ്രവേശിക്കുന്ന വെർച്വൽ ഓൺബോർഡിങ് രീതി കേരളത്തിലടക്കം ഐടി സ്ഥാപനങ്ങൾ വ്യാപകമാക്കിക്കഴിഞ്ഞു. അതായത് പുതുമുഖങ്ങൾക്കു ലാപ്ടോപ്, വെൽകം കിറ്റ് അടക്കമുള്ള ‘പണിയായുധങ്ങൾ’ കുറിയറായി വീട്ടിലെത്തും. ആദ്യ ദിവസങ്ങളിൽ കമ്പനിയെ പരിചയപ്പെടുത്താനായി നടത്തുന്ന ഇൻഡക്‌ഷൻ പ്രോഗ്രാമും വെർച്വലാണ്. ചുരുക്കത്തിൽ ഒരൊറ്റ ദിവസം പോലും ഓഫിസിൽ പോകേണ്ട.
ഇതൊക്കെ തമാശയാണെന്നു പറയാൻ വരട്ടെ, പ്രഫഷനൽ നെറ്റ്‍വർക്കായ ലിങ്ക്ഡ്ഇൻ ഈയിടെ പുറത്തിറക്കിയ ഫ്യൂച്ചർ ഓഫ് റിക്രൂട്ടിങ് എന്ന റിപ്പോർട്ട് പ്രകാരം, കോവിഡ് കഴിഞ്ഞാലും 72% കമ്പനികളിലും വെർച്വൽ ഹയറിങ് തുടരുമത്രേ.
തൊഴിൽ അഭിമുഖവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫോണെടുത്തു വിളിക്കുന്ന ജോലി ചാറ്റ്ബോട്ടുകൾ (ചോദ്യങ്ങൾക്കു തനിയെ പ്രതികരിക്കുന്ന സോഫ്റ്റ്‌വെയർ റോബട്) ഏറ്റെടുത്തുകഴിഞ്ഞു. റിക്രൂട്ടർമാർ ഒരു വർഷം ശരാശരി 78,352 മിനിറ്റ് ഫോണിൽ ചെലവഴിക്കുന്നുവെന്നാണു കണക്ക്. ഇതിൽ ഭൂരിഭാഗം കോളുകളും നിസ്സാര കാര്യങ്ങൾക്കുമാണ്! ഈ പണി ഇനി സോഫ്റ്റ്‌വെയർ ചെയ്യും. ഉദ്യോഗാർഥികളുടെ ചോദ്യങ്ങൾക്ക് ഇനി മറുപടി നൽകുന്നത് ഈ വെർച്വൽ മുഖങ്ങളായിരിക്കും. കേരളത്തിൽ ഏൺസ്റ്റ് ആൻഡ് യങ്, ടാറ്റ എൽക്സി, ഐബിഎസ്, യുഎസ്ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇത്തരം സേവനങ്ങൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്.
ഫിംഗർപ്രിന്റ കട പൂട്ടിയപ്പോൾ
ബയോമെട്രിക് പരിശോധനയിലെ ഏറ്റവും ജനകീയമാർഗമായ വിരലടയാള സ്കാനിങ്ങിന്റെ നെറുകുംതലയിലാണ് കോവിഡ് അടിച്ചത്. മിക്ക സ്ഥാപനങ്ങളിലും ഹാജർ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഫിംഗർപ്രിന്റ് റീഡിങ് സംവിധാനം കോവിഡ് ഭീതിയിൽ പിൻവലിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ബിസിനസിൽ കോവിഡിനു ശേഷം 1.8 ബില്യൻ യുഎസ് ഡോളറിന്റെ (ഏകദേശം 7700 കോടി രൂപ) കുറവുണ്ടാകുമെന്നാണു വിലയിരുത്തൽ. ഫിംഗർപ്രിന്റ് സ്കാനിങ്ങിനു പകരം ഫെയ്സ് ഡിറ്റക്‌ഷൻ, വോയ്സ് കൺട്രോൾ തുടങ്ങിയവ വ്യാപകമാകുമെന്നാണ് വിപണിയുടെ പ്രവചനം. അതേസമയം, ബയോമെട്രിക് രീതികളാകും ഭാവിയിൽ ശക്തമാവുക. ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ എസ്ഐടിഎ എന്ന സ്വിസ് കമ്പനിയുമായി ചേർന്ന് ഫ്ലൈറ്റ് ബോർഡിങ് പ്രക്രിയ മുഴുവൻ ഫെയ്സ് ഡിറ്റക്‌ഷൻ അടിസ്ഥാനമാക്കി ഓട്ടമേറ്റ് ചെയ്തുകഴിഞ്ഞു. എവിടെയും തൊടാതെ, ആരുമായി ഇടപഴകാതെ ‘മുഖം കാണിച്ച്’ വിമാനത്തിലേക്കു കയറാം.
സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തിലെ ഡിജിറ്റൽ കിയോസ്ക്കുകളിൽ കൈകൊണ്ടു തൊടേണ്ട. യാത്രക്കാരുടെ വിരലിന്റെ അനക്കം ഇൻഫ്രാറെഡ് സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് പ്രതികരിക്കും.
ടച്ച് സ്ക്രീൻ വൻ വിപ്ലവമായിരുന്നെങ്കിലും അതിൽ ടച്ച് ചെയ്യാതെ എങ്ങനെ കാര്യം സാധിക്കാമെന്നായി പുതിയ ചിന്ത. കേംബ്രിജ് സർവകലാശാല പ്രമുഖ ഓട്ടമൊബീൽ ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവറിനു വേണ്ടി വികസിപ്പിക്കുന്ന ടച്ച്‌ലെസ് ടച്ച് സ്ക്രീൻ ഇത്തരമൊരു ചിന്തയുടെ ഫലമാണ്. സ്ക്രീനിൽ തൊടുന്നതിനു പകരം വിരൽ ചൂണ്ടിയാൽത്തന്നെ കംപ്യൂട്ടറിനു മനസ്സിലാകും. മെഷീൻ ഇന്റലിജൻസ്, വിഷൻ–റേഡിയോ ഫ്രീക്വൻസി സെൻസറുകൾ ഉപയോഗിക്കുന്ന ഈ സംവിധാനമാണ് ഭാവിയെന്നും പറയുന്നവരുണ്ട്.
‘സൂം’ ചെയ്ത കേരളം
2019 ഡിസംബറിൽ കേരളത്തിൽ വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ ‘സൂം’ ഗൂഗിളിൽ തിരഞ്ഞവരുടെ എണ്ണം നാമമാത്രമായിരുന്നു. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ച് മാർച്ച് അവസാന ആഴ്ച ഗൂഗിൾ ട്രെൻഡ് ഗ്രാഫിൽ മലയാളികളുടെ ‘സൂം’ തിരച്ചിൽ കുത്തനെ കയറിത്തുടങ്ങി. മേയ് മാസത്തിൽ ഈ ഗ്രാഫ് ഏറ്റവും മുകൾവരയിൽ തൊട്ടു. ഗൂഗിൾ മീറ്റിന്റെയും അവസ്ഥ സമാനമായിരുന്നു. കോവിഡിനു ശേഷം മിക്കവരുടെയും ഫോണിൽ കയറിക്കൂടിയ രണ്ട് ആപ്പുകൾ ഇവയായിരുന്നു.
ഫയലുകൾ തയാറാക്കി കംപ്യൂട്ടറിൽ മാത്രം സൂക്ഷിക്കുന്ന ഓഫ്‌ലൈൻ രീതിക്കും മാറ്റമുണ്ടായി. കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന വേഡ് ഡോക്യുമെന്റുകൾ വിദ്യാർഥികൾ ക്ലൗഡിലേക്കു മാറ്റി. പലയിടത്തുള്ള വിദ്യാർഥികൾക്കിടയിൽ ഫയൽ ഓൺലൈനായി പരസ്പരം പങ്കുവച്ച് ഒരേസമയം എഡിറ്റിങ് സാധ്യമാകുമെന്നതാണ് ക്ലൗഡ് ആപ്ലിക്കേഷനുകളുടെ മെച്ചം.
ഓൺലൈൻ സിനിമ ചെറിയ കളിയല്ല
ഓൺലൈൻ വിഡിയോ സ്ട്രീമിങ് സേവനങ്ങൾക്കു കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായത് മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെയായിരുന്നു. ഇതൊരു മാറ്റത്തിന്റെ സൂചനയായിരുന്നു. ഒന്നും രണ്ടുമല്ല 40 വിഡിയോ സ്ട്രീമിങ് സേവനങ്ങളാണ് കോവിഡ്കാലത്ത് ഇന്ത്യയിൽ കളംപിടിച്ചത്. ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റിയും ശക്തമായ 4ജി ശൃംഖലയുമാണ് ഇതിനു കളമൊരുക്കിയത്.
‘കോമഡി’യെന്ന വാക്ക് കേരളത്തിൽ ഏറ്റവുമധികം ഗൂഗിളിൽ തിരയപ്പെട്ടതും കഴിഞ്ഞ മാർച്ച് – ഏപ്രിൽ മാസങ്ങളിലാണെന്നതു ശ്രദ്ധേയമാണ്. ലോക്ഡൗൺ നാട്ടിൽ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ നേരിടാൻ മലയാളികൾ കണ്ടെത്തിയ വഴികളിലൊന്ന് ഇതായിരുന്നു. മാർച്ച് ആദ്യ ആഴ്ചയുണ്ടായ തിരച്ചിലിന്റെ രണ്ടിരട്ടിയാണ് മാർച്ച് അവസാന ആഴ്ച കേരളത്തിൽനിന്നു രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയിലും മലയാളികൾ അങ്ങനെ മനസ്സുനിറഞ്ഞു ചിരിച്ചു! ഡിപ്രഷൻ (വിഷാദം) എന്ന വാക്ക് കേരളത്തിൽ കോവിഡ്കാലത്ത് അധികം തിരയപ്പെട്ടില്ലെന്നതും ആശ്വസിക്കാനുള്ള വകയാണ്.
അകലാനൊരു അലർട്ട്
ഓഫിസിലെ ജീവനക്കാർ ദൂരപരിധി ലംഘിച്ച് അടുത്തടുത്തു വന്നാൽ അപായ അലർട്ട് നൽകുന്ന ഒരു സംവിധാനം ഇനി സയൻസ് ഫിക്‌ഷൻ സിനിമകളിലെ കാഴ്ചയല്ല. കോവിഡ് ഭീതി തുടരുന്നതിനാൽ ഭാവിയിലും സാമൂഹിക അകലം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്നത് പത്തിലധികം സ്റ്റാർട്ടപ്പുകൾ. ഡെൻസിറ്റി, സ്റ്റാക്യു, ഔട്ട്സൈറ്റ്, സെൻസേഴ്സ്, വെർജ്സെൻസ് തുടങ്ങിയ കമ്പനികൾ ഈ രംഗത്തു പ്രവർത്തിക്കുന്നു. ഓഫിസിലോ കടയിലോ ഒരു നിശ്ചിത സ്ഥലത്ത് ആളുകൾ കൂട്ടംകൂടിയാൽ വെർജ്സെൻസിന്റെ സെൻസറുകൾ അലർട്ട് നൽകും. ഭിത്തിയിലും സീലിങ്ങിലും ഘടിപ്പിച്ച സെൻസറുകളാണ് ഓഫിസിലെ ആളുകളുടെ എണ്ണമെടുക്കുന്നത്. ക്യുബിക്കിളുകൾ തമ്മിൽ 6 അടി അകലം ഉറപ്പാക്കുന്ന 6 ഫീറ്റ് ഓഫിസ് സങ്കൽപവും പ്രചാരം നേടുകയാണ്.
ഹോട്ടലുകളിൽ അച്ചടിച്ച മെനു കാർഡുകൾക്കു പകരം ക്യുആർ കോഡ് (ക്വിക് റെസ്പോൺസ്) നൽകുന്ന രീതിയും വ്യാപകമായി. മൊബൈൽ ഫോൺ ഉപയോഗിച്ചു സ്കാൻ ചെയ്താൽ മെനു അറിയാം. പുതിയ വിഭവങ്ങളെത്തുമ്പോൾ പുതിയ മെനു അച്ചടിക്കുകയെന്ന രീതിയും ഇതോടെ മാറി.
ഡിജിറ്റൽ പണമിടപാടുകളും കോവിഡ്കാലത്ത് രാജ്യത്തു കുതിച്ചുകയറി.ഗൂഗിൾപേ അടക്കമുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്സ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജനുവരിയിൽ 120 കോടി ആയിരുന്നെങ്കിൽ നവംബറിലത് 220 കോടിയായി ഉയർന്നു.
ലിഫ്റ്റ് വിളിക്കാം, വാട്സാപ് വഴി
ഓഫിസ് ലിഫ്റ്റിലെ ബട്ടണുകളിൽ തൊടാതെ ജീവനക്കാർക്ക് അവരുടെ ഫോണുകൾ വഴി നിർദേശങ്ങൾ കൊടുക്കാൻ കഴിയുന്ന സംവിധാനം ഇന്ത്യയിലുൾപ്പെടെ പരീക്ഷിച്ചുതുടങ്ങി. ബ്ലൂടൂത്ത് വഴി ലിഫ്റ്റുമായി ഫോൺ പെയർ ചെയ്ത് ഉപയോഗിക്കാവുന്ന രീതിയാണ് പല കമ്പനികളും പരീക്ഷിക്കുന്നത്.
ഒട്ടേറെ ലിഫ്റ്റുകളുണ്ടെങ്കിൽ ഒരേ നിലയിലേക്കു പോകേണ്ടവരെ ഒരു ലിഫ്റ്റിൽ ഉൾക്കൊള്ളിക്കുന്ന പാസഞ്ചർ മാനേജ്മെന്റ് സിസ്റ്റവും വരുന്നുണ്ട്. ലിഫ്റ്റ് പല നിലകളിൽ നിർത്തുന്നത് ഒഴിവാക്കി തിരക്കു കുറയ്ക്കാനും സമയം കുറയ്ക്കാനുമാണ് ഈ സംവിധാനം. കോൺ എന്ന കമ്പനിയുടെ ലിഫ്റ്റ് വിളിക്കാൻ വാട്സാപ് മതിയാകും. റജിസ്റ്റർ ചെയ്തവർക്കു പോകേണ്ട നില നിശ്ചിത നമ്പറിലേക്കു മെസേജ് ചെയ്താൽ ലിഫ്റ്റ് പറന്നെത്തും. ഇതിനു പുറമേ, ക്യുആർ കോഡ് സ്കാൻ ചെയ്ത് ലിഫ്റ്റിന്റെ നിയന്ത്രണം മൊബൈലിലൂടെ സാധ്യമാക്കുന്ന രീതിയുമുണ്ട്.
പല രാജ്യാന്തര വിമാനത്താവളങ്ങളും ലിഫ്റ്റുകളിലെ ബട്ടണുകൾ ഒഴിവാക്കി പകരം വോയ്സ് കമാൻഡ് വഴിയും ആളുകളുടെ ആംഗ്യം വഴിയും നിയന്ത്രിക്കാൻ പ്രാപ്തമാക്കുകയാണ്.
റോബട്ടും കോവിഡും
തൊടുപുഴ സ്വദേശി ദിലീപ് ജോർജിന്റെ വൈക്കേരിയസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി യുഎസിൽ വ്യവസായ ആവശ്യങ്ങൾക്കായി ബുദ്ധിമാന്മാരായ റോബട്ടുകളെ വാടകയ്ക്കു നൽകിയെന്ന വാർത്ത കോവിഡ്കാലത്താണു പുറത്തുവന്നത്. പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ പിറ്റ്നി ബൗസ് ദീലീപിന്റെ റോബട്ടിനെ വാടകയ്ക്കെടുത്തത് കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തായിരുന്നു. കോവിഡിനിടയിലും യാതൊരു പ്രശ്നവുമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന റോബട്ടുകളെ വാടകയ്ക്കു നൽകുന്ന സ്റ്റാർട്ടപ് എന്നാണ് വൈക്കേരിയസിനെ പ്രമുഖ രാജ്യാന്തര ടെക് പ്രസിദ്ധീകരണമായ മാഷബിൾ വിശേഷിപ്പിച്ചത്.
മനുഷ്യന്റെ ഇടപെടൽ ഒരുപാട് ആവശ്യമുള്ള മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഓട്ടമേറ്റ് ചെയ്യപ്പെടുമെന്നാണ് കോവിഡ്കാലം കാണിച്ചുതന്നത്. കോവിഡ് പടർന്നുപിടിച്ച ഇറ്റലിയിലെ സാൻ റഫെയ്‍ല ആശുപത്രിയിൽ രോഗികളുടെ ശ്വാസകോശ റിപ്പോർട്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശോധിച്ച് കോവിഡ് വ്യാപനം മനസ്സിലാക്കുന്ന സംവിധാനം വികസിപ്പിച്ചത് പട്ടാമ്പി സ്വദേശിയായ പ്രശാന്ത് വാരിയരാണ്.
മാസ്ക് വയ്ക്കാത്ത ആളുകളെ സിസിടിവി വിഷ്വലുകളിൽനിന്നു കണ്ടുപിടിക്കാനും ഇന്നു നിർമിതബുദ്ധിക്കു കഴിയും. കോവിഡ് പ്രതിരോധ മരുന്നുകളുടെ ഗവേഷണത്തിൽ വിവിധ തന്മാത്രകളുടെ സംയോജനം കൃത്യമായി കണ്ടുപിടിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ പലതും മനുഷ്യൻ തനിയെ ചെയ്താൽ നാളുകളെടുക്കും.
ചുരുക്കത്തിൽ കോവിഡ്കാലം കാത്തുവച്ച സസ്പെൻസുകളും പരീക്ഷണങ്ങളും തുടരുമെന്നുറപ്പ്. വൈറസ് ഭീതിയൊഴിഞ്ഞാലും പുതിയ ലോകക്രമമായിരിക്കും നമ്മെ കാത്തിരിക്കുക.