ADVERTISEMENT

എറണാകുളം ജില്ലയിലെ കണ്ടനാടും പുല്ലുവഴിയും തമ്മിൽ 32 കിലോമീറ്റർ അകലം മാത്രമേയുള്ളൂ. പരമാവധി ഒരു മണിക്കൂർ യാത്രാദൂരം. പക്ഷേ, കണ്ടനാട്ടുകാരനായ ഞാൻ പുല്ലുവഴിക്കാരനായ മാർട്ടിൻ മാർക്കോസിനെ കണ്ടുമുട്ടിയത് നോർത്ത് അറ്റ്ലാന്റിക്കിലെ ഏറെക്കുറെ ഏകാന്തമായ ഒരു സമുദ്രകോണിൽവച്ചാണ്. കണ്ടു എന്നല്ല, ഞങ്ങൾ പരസ്പരം കേട്ടു എന്നു പറയുന്നതാണു ശരി.

കനത്ത മഴയും കാറ്റുമുള്ള ഒരു ദിവസം. സൂര്യനെ കാണാതായിട്ടു ദിവസങ്ങളായിരുന്നു. സൂര്യന്റെ സഞ്ചാരദിശ നോക്കി ബോട്ടിന്റെ സ്ഥാനവും യാത്രാവഴിയും തീരുമാനിക്കേണ്ട ഗോൾഡൻ ഗ്ലോബ് റേസിലെ മത്സരാർഥികളെ സംബന്ധിച്ച് കണ്ണുകെട്ടിയ അവസ്ഥ. അതിനിടെയാണ് പച്ചനിറമുള്ള ഒരു കപ്പൽ എന്റെ കണ്ണിൽപെട്ടത്. അതിന്റെ പേരു വായിക്കാൻ കഴിയുന്നില്ല. മഴ കാരണം വിസിബിലിറ്റി അത്രയ്ക്കു മോശം.

ബോട്ടിലെ വിഎച്ച്എഫ് റേഡിയോ വഴി ഞാൻ ആ കപ്പലിനെ ബന്ധപ്പെട്ടു. കപ്പലിന്റെ പേര് അറിയാത്തതിനാൽ, ‘ഹലോ ഗ്രീൻ ഷിപ്’ എന്നാണു വിളിച്ചത്. തിരിച്ച് ഊർജസ്വലമായ ശബ്ദത്തിൽ മറുപടി.

തുരീയയുടെ പൊസിഷൻ കൃത്യമായി മനസ്സിലാക്കുകയായിരുന്നു എനിക്ക് ആദ്യം വേണ്ടിയിരുന്നത്. 50 വർഷം മുൻപത്തെ സമുദ്രപര്യവേക്ഷണ മാർഗങ്ങൾ മാത്രമേ മത്സരാർഥികൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ളൂവെങ്കിലും കടലിൽ കണ്ടുമുട്ടുന്ന കപ്പലുകളോടും മറ്റും പൊസിഷൻ സംബന്ധമായ സഹായം തേടാൻ അനുമതിയുണ്ടായിരുന്നു. അതനുസരിച്ച് ഞാനെന്റെ പൊസിഷൻ ചോദിച്ചു. നിങ്ങൾക്കെന്താ ബോട്ടിൽ ജിപിഎസ് ഇല്ലേ എന്നായിരുന്നു മറുചോദ്യം.

ഞാൻ വാസ്തവം പറഞ്ഞു. ജിപിഎസും ഇന്റർനെറ്റും ഇല്ലാത്ത, കേവലം കുറെ ചാർട്ടുകളും വടക്കുനോക്കിയന്ത്രവും വച്ചുള്ള സമുദ്രപര്യടനമാണെന്നു കേട്ടപ്പോൾ മറുവശത്തൊരു ദീർഘനിശ്വാസം. കാലാവസ്ഥ ഇപ്പോൾ വളരെ മോശമാണ്, സൂക്ഷിക്കണമെന്നൊരു മുന്നറിയിപ്പോടെ എനിക്കു പൊസിഷൻ പറഞ്ഞുതന്നു.

ബിഡബ്ല്യു ലൈലാക് എന്ന എൽഎൻജി ടാങ്കറായിരുന്നു അത്. മാൾട്ടയിൽ റജിസ്റ്റർ ചെയ്ത ആ കപ്പലിലുള്ളയാൾ ഇന്ത്യക്കാരനാണെന്നു മനസ്സിലായി.

എന്റെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു: മലയാളിയാണോ?

തനി മലയാളത്തിലുള്ള ഈ ചോദ്യം കേട്ട് അടുത്ത സെക്കൻഡിൽ മറുപടി: അതേ, മലയാളിയാണ്. സെക്കൻഡ് ഓഫിസർ മാർട്ടിൻ മാർക്കോസ്. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയാണു വീട്.

lilac
ബിഡബ്ല്യു ലൈലാക് കപ്പൽ (ഫയൽ ചിത്രം)

ഇതുപോലെ കടലിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഒരു മലയാളിയെ തനിക്കറിയാമെന്നും മാർട്ടിൻ പറഞ്ഞു. അഭിലാഷ് ടോമിയെ അറിയുമോയെന്നായി മാർട്ടിന്റെ ചോദ്യം.

അറിയാം, അതു ഞാൻ തന്നെയെന്നായിരുന്നു എന്റെ മറുപടി.

അപ്പുറത്ത് മാർട്ടിന്റെ ഞെട്ടൽ പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്. സാഗർ പരിക്രമ 2 പ്രയാണത്തെക്കുറിച്ചുള്ള വിവരങ്ങൾ താൻ കൃത്യമായി ഫോളോ ചെയ്തിരുന്നതായി മാർട്ടിൻ പറഞ്ഞു. വളരെപ്പെട്ടെന്നു ഞങ്ങൾ സുഹൃത്തുക്കളായി. ആ കപ്പലിൽ വേറെയും ഇന്ത്യക്കാരുണ്ടായിരുന്നു. അവരെല്ലാവരും വിഎച്ച്എഫിൽ സംസാരിക്കാൻ വന്നു.

ഞാനും മാർട്ടിനും സംസാരിക്കുന്നതിനും മുൻപേ, കപ്പലും തുരീയയും കൂട്ടിയിടിക്കുമായിരുന്ന ദിശയിലാണ് യാത്ര ചെയ്തിരുന്നത്. കപ്പലിലെ എഐഎസ് (ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം) വഴി തുരീയയുടെ ദിശ മനസ്സിലാക്കി കപ്പൽ വലത്തേക്കു തിരിക്കുകയായിരുന്നു. മോശം കാലാവസ്ഥ മൂലം ആ സമയത്തു ഞങ്ങൾക്കു പരസ്പരം കാണാവുന്ന അവസ്ഥയായിരുന്നില്ല. വിഎച്ച്എഫ് റേഡിയോ ഫ്രീക്വൻസിയിൽ നിന്ന് അകലും വരെ ഞങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. നാട്ടിൽ വരുമ്പോൾ കാണാമെന്നു പറഞ്ഞാണ് അന്നു ഞങ്ങൾ പിരിഞ്ഞത്.

ഈ കപ്പൽ പൊളിക്കാനുള്ളതാ!

2018 ഓഗസ്റ്റ് 15. സൗത്ത് അറ്റ്ലാന്റിക്കിൽ അപ്രതീക്ഷിതമായി ഒരിടത്തുവച്ച് ഞാനൊരു കപ്പൽ കണ്ടു. തുരീയയും കപ്പലും ഒരേ ദിശയിലാണു വരുന്നത്. കടലിലെ നിയമം അനുസരിച്ച് പായ്‌വഞ്ചിയും കപ്പലും ഒരേ ദിശയിൽ വന്നാൽ വഴിമാറേണ്ടതു കപ്പലാണ്. ഈ മര്യാദ വച്ച് ഞാനാ കപ്പലിലേക്കു വിളിച്ചു.

ഹലോ, എന്നെ കാണാമോ?

ഇല്ല എന്നു മറുപടി.

ശരി, കണ്ടില്ലെങ്കിലും കുഴപ്പമില്ല. കപ്പലിലെ എഐഎസ് സ്ക്രീനിൽ തുരീയയുടെ പൊസിഷൻ കാണാമോ?

മറുപടിയില്ല.

ഹലോ ഞാൻ വഴിമാറണോ?

വേണ്ട എന്നു മറുപടി.

എനിക്കാകെ സംശയമായി. സാധാരണ കപ്പലുകൾ തിരഞ്ഞെടുക്കാത്ത കടൽമേഖലയിലാണ് ഈ ചരക്കുകപ്പൽ. കപ്പലിൽനിന്നുള്ള ആശയവിനിമയവും അത്രയ്ക്കങ്ങു ശരിയാകുന്നില്ല.

കപ്പൽ എന്റെ നേർക്കുതന്നെ വരികയാണ്. ഞാൻ വീണ്ടും വിളിച്ചു.

ഹലോ എന്നെ കാണാമോ? ഞാൻ വഴി മാറണോ?

താങ്കളുടെ വഞ്ചി കാണാൻ പറ്റുന്നില്ല, പക്ഷേ ഞങ്ങൾ വഴിമാറിക്കോളാം എന്നായി മറുപടി.

കപ്പൽ ദിശ മാറ്റുമോയെന്നറിയാൻ ഞാൻ കാത്തിരിപ്പായി. ഒടുവിൽ കുറെ നേരത്തിനു ശേഷം കപ്പൽ ദിശ തിരിച്ചുവിട്ടു. ആശ്വാസത്തോടെ ഞാൻ അവർക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആശംസിച്ചു. ഇന്ത്യക്കാർ ആരെങ്കിലും ആ കപ്പലിൽ ഉണ്ടെങ്കിലോ? അതു ശരിയായിരുന്നു. ആ കപ്പലിലുമുണ്ടായിരുന്നു ഒരു മലയാളി!

വഞ്ചിയിൽ ഒറ്റയ്ക്കാണു യാത്രയെന്നു കേട്ടപ്പോൾ അദ്ദേഹം എന്നോടു ചൂടായി.

കടൽ വളരെ മോശമാണ്. വേറെ പണിയൊന്നുമില്ലേ, വീട്ടിലിരുന്നുകൂടേ എന്നായി ചോദ്യം.

വളരെ പ്രായോഗികവാദിയായ ആ ടിപ്പിക്കൽ മലയാളിയുടെ പേരു ഞാൻ വെളിപ്പെടുത്തുന്നില്ല. പക്ഷേ, അദ്ദേഹത്തെ എനിക്കിഷ്ടമായി. ഞങ്ങൾ കുറെ സംസാരിച്ചു.

യാത്ര പറയാൻ നേരത്താണ് അദ്ദേഹം ആ സത്യം പറ‍ഞ്ഞത്: ഇത് ഈ കപ്പലിന്റെ അവസാന യാത്രയാണ്. ഇതു പൊളിക്കാൻ കൊണ്ടുപോവുകയാണ്. ഇതിലെ പല സെൻസറുകളും പ്രവർത്തിക്കുന്നില്ല. അതാണ് ബോട്ട് ഞങ്ങൾക്കു കാണാൻ പറ്റാതെ പോയത്!

സൗത്ത് അറ്റ്ലാന്റിക്കിൽ അങ്ങനെയൊരിടത്ത് ആ കപ്പൽ വന്നുപെട്ടത് എങ്ങനെയെന്ന എന്റെ സംശയത്തിനും അതോടെ ഉത്തരമായി. ഒരുവിധത്തിൽ കരയെത്താനുള്ള പോക്കാണ്, മറ്റു വഞ്ചികളൊന്നും അവരുടെ മുന്നിൽ പെടാതിരിക്കട്ടെ എന്നാശംസിച്ച് ഞങ്ങൾ പിരിഞ്ഞു.

സിഗരറ്റുണ്ടോ, ഒരു തീപ്പെട്ടിയെടുക്കാൻ ?

മലയാളികളല്ലെങ്കിലും രാമേശ്വരത്തുനിന്ന് 271 കിലോമീറ്റർ മാത്രം അകലെയുള്ള ശ്രീലങ്കക്കാരെക്കുറിച്ചു കൂടി പറയാതെ ഇതു പൂർണമാകില്ല. കടലിൽ കണ്ടുമുട്ടിയിട്ടുള്ളവരിൽ ഇന്നും പിടികിട്ടാത്ത ഒരു വിഭാഗമാണ് ശ്രീലങ്കൻ മീൻപിടിത്തക്കാർ. ഇന്ത്യൻ മഹാസമുദ്രത്തിൽ അവർ എപ്പോഴുമുണ്ട്. പുറങ്കടലിൽ പലവട്ടം ശ്രീലങ്കൻ ബോട്ടുകൾ ഞാൻ കണ്ടിട്ടുണ്ട്. രാത്രിയാണെങ്കിൽ ബോട്ടിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത അവസ്ഥയിലായിരിക്കും അവ. തൊട്ടരികിൽ എത്തുമ്പോഴായിരിക്കും ബോട്ടിലെ ലൈറ്റ് ഓൺ ചെയ്ത് അവർ നമ്മെ ഭയപ്പെടുത്തുക. അർധരാത്രി, അജ്ഞാതമായ കടലിൽ ആ തമാശയുടെ സുഖം ഞാൻ മാത്രമല്ല പല നാവികരും പലവട്ടം അനുഭവിച്ചിട്ടുള്ളതാണ്.

പകൽവെളിച്ചത്തിൽ ചില ബോട്ടുകൾ നമ്മളെ മറ്റൊരു വിധത്തിലാണു ഭയപ്പെടുത്തുക. അകലെ എവിടെയെങ്കിലും ഒരു വഞ്ചിയുടെ പായ്‌വെട്ടം കണ്ടാൽ അവർ എൻജിൻ സ്റ്റാർട്ട് ചെയ്ത് നേരെ അടുക്കലേക്കു വരും. ഡീസൽ എൻജിന്റെ കുടുകുടാ ശബ്ദം കേൾപ്പിച്ചുള്ള ആ വരവു കാണുമ്പോൾ കടൽക്കൊള്ളക്കാരെയാണ് പെട്ടെന്ന് ഓർമ വരിക.

അ‍ഞ്ചോ പത്തോ കിലോമീറ്റർ അകലെനിന്ന് ഒരു കാരണവുമില്ലാതെ ഒരു ബോട്ട് എൻജിൻ സ്റ്റാർട്ട് ചെയ്ത് നമ്മുടെ അടുത്തേക്കു വരില്ലെന്നുറപ്പ്. സാധാരണ മോഷ്ടാക്കളാണ് അങ്ങനെ ചെയ്യുക.

കടലിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന ഒരാൾക്ക് എന്തു ചെയ്യാൻ സാധിക്കും?!

അവർ ബോട്ടുമായി തൊട്ടരികിലേക്കു വരും. എന്നിട്ട് ഉറക്കെ വിളിച്ചു ചോദിക്കും: സർ, സിഗരറ്റുണ്ടോ? ഞങ്ങൾക്ക് ഒരു പാക്കറ്റ് തരാമോ?

ഇല്ലെന്നു പറയുന്നതോടെ ഒരു പരാതിയുമില്ലാതെ അവർ തിരിച്ചു പോകും.

ആ വരവിന്റെയും പോക്കിന്റെയും ലോജിക് എനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല!‌‌

കടലിലെ മാലാഖമാർ

കടലിൽ കേട്ട ശബ്ദങ്ങളെക്കുറിച്ചാണ് ഞാനിതുവരെ പറഞ്ഞത്. കണ്ടുമുട്ടിയവർ മാത്രമല്ല, എന്നെ തേടിവന്നവരുമുണ്ട്.

കടൽക്കലിയിൽ തകർന്നുപോയ തുരീയയുടെ അകത്തു നടുവിനു പരുക്കേറ്റു കിടക്കുകയായിരുന്നു ഞാനപ്പോൾ. ബോട്ടിനുള്ളിലെ ഷെൽഫിൽനിന്നു നടുവനക്കാൻ വയ്യാതെ കൈനീട്ടി എടുത്തു കുടിച്ച ഐസ് ടീ അപ്പാടെ ഛർദിച്ചുള്ള ആ കിടപ്പ് അപ്പോൾ ഏകദേശം 87 മണിക്കൂറുകൾ പിന്നിട്ടിരുന്നു. തിരയിൽ ആടിയുലഞ്ഞുകൊണ്ടിരുന്ന തുരീയയുടെ അകത്തേക്കുള്ള വാതിലിൽ ഞാൻ ആദ്യം കേട്ടത് ചെറുതായി മുട്ടുന്ന ശബ്ദമാണ്. ഒടിഞ്ഞ പായ്മരം കാറ്റിൽ വഞ്ചിയിലടിച്ച് ഒച്ചയുണ്ടാക്കുന്നതായാണ് എനിക്കു തോന്നിയത്.

മുട്ടൽ വീണ്ടും. ഒപ്പം ഒരു ചോദ്യവും: ഞങ്ങൾക്ക് അകത്തേക്കു വരാമോ?

ജീവനും മരണത്തിനുമിടയിലെ കടൽപ്പാതയിൽ ഇതാ ഒരു മനുഷ്യശബ്ദം!

ഞാൻ പറഞ്ഞു: തീർച്ചയായും, അകത്തേക്കു വരാം...

(തുടരും)

English Summary: Sunday special Abhilash Tomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com