ADVERTISEMENT

കാറ്റോടിക്കളിക്കുന്ന ഈ പാടത്തിനു നടുവിൽ നാടകസ്വപ്നങ്ങളുടെ നിറപ്പച്ചയുണ്ട്. തൃശൂർ വല്ലച്ചിറയിലെ ചാപ്പക്കായൽ പാടശേഖരത്തിൽ കാറ്റായി വീശുന്നുണ്ട് നാടകാവേശവും. ഒരു നാടിന്റെ സ്പന്ദനമായ നാടകക്കൂട്ട് ഈ വയൽപ്പച്ചയ്ക്കു നടുവിലാണ്; ജോസ് ചിറമ്മൽ സ്മാരക നാടകദ്വീപ്. തന്റെ നാടിനും നാടകാചാര്യനുമായി സംവിധായകൻ ശശിധരൻ നടുവിൽ ഒരുക്കിയ ദക്ഷിണ.

34 സെന്റ് സ്ഥലത്ത് 4000 ചതുരശ്ര അടിയിലാണു ദ്വീപ് സംവിധാനം ചെയ്തിരിക്കുന്നത്. വേദി, ഓഡിറ്റോറിയം, പത്തു പേർക്കുള്ള താമസസൗകര്യം എന്നിവ ചേർന്നതാണിത്. ടാർ റോഡിൽനിന്നു കെട്ടിയുയർത്തിയ മരപ്പാലം കടന്നെത്തിയാൽ നാടകദ്വീപായി. നല്ലൊരു നാടകം പോലെ ആസ്വദിക്കാം നാടകദ്വീപിന്റെ ചാരുത.

വല്ലച്ചിറയുടെ മണ്ണിനു പ്രാണൻ പോലെയാണു നാടകം. നാടകങ്ങളിലൂടെ നാടിന്റെ യശസ്സുയർത്തിയവരാണു ജോസ് ചിറമ്മലും ശശിധരൻ നടുവിലും. ശശിധരന്റെ നേതൃത്വത്തിൽ 2011ൽ തുടങ്ങിയ റിമംബറൻസ് തിയറ്റർ ഗ്രൂപ്പാണ് നാടകദ്വീപിന്റെ ശിൽപികൾ. നാടകപഠനത്തിനും പരിശീലനത്തിനും അവതരണത്തിനും പരീക്ഷണങ്ങൾക്കുമുള്ള വേദിയാണിത്. മറ്റു കലകൾക്കും ഇടമൊരുക്കുന്നുണ്ടിവിടെ.

നാടകമേ ജീവിതം

ഏറെക്കാലത്തെ പ്രയത്നത്തിനൊടുവിലാണു നാടകദ്വീപ് യാഥാർഥ്യമായത്. 5 വർഷത്തേക്കു പാട്ടത്തിനെടുത്ത സ്ഥലമാണിത്. ഭാവിയിൽ സ്ഥലം സ്വന്തമായി വാങ്ങി കൂടുതൽ മനോഹരമാക്കാമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ശശിധരന്റെ ഏറെക്കാലത്തെ നാടകജീവിതത്തിന്റെ തുടർച്ചയാണു നാടകദ്വീപ്. കാരണം, ഇതിന്റെ പ്രവർത്തനങ്ങളിലെല്ലാം നിഴലും വെളിച്ചവുമായി കൂട്ടുനിന്നതു ശശിധരൻ പരിശീലിപ്പിച്ചവരാണ്.

drama-dhweep
നാടകദ്വീപിന്റെ ആകാശക്കാഴ്ച

മുഖ്യവേഷക്കാർ പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥികൾ. ഒപ്പം, തൃശൂർ കേരളവർമ, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, എറണാകുളം മഹാരാജാസ് തുടങ്ങിയ കോളജുകളിലെല്ലാം നാടകം പഠിപ്പിച്ചതിന്റെ സ്നേഹവും.  ഓസ്ട്രേലിയയിലും യുഎഇയിലുമെല്ലാം ശശിധരൻ പരിശീലനം നൽകുന്ന തിയറ്റർ ഗ്രൂപ്പുകളുടെ പിന്തുണയും സ്വപ്നങ്ങൾക്കു ചിറകാകുന്നു.

2019 ലാണ് നാടകദ്വീപിന്റെ നിർമാണം തുടങ്ങിയത്. പൂർത്തിയാക്കിയത് ഈ ജനുവരിയിലും. 2020ൽ തീർക്കാനാണു ലക്ഷ്യമിട്ടതെങ്കിലും പ്രളയവും തുടർന്നു കോവിഡിന്റെ രംഗപ്രവേശവും വില്ലനായി. ഇതിനിടയിൽ നാലു മാസം നാടകവുമായി ബന്ധപ്പെട്ടു വിദേശത്തു ചെലവഴിക്കേണ്ടിയും വന്നു.

വല്ലച്ചിറയുടെ ഓളം

നാടകമാണു വല്ലച്ചിറയുടെ ഓളവും താളവും. പഞ്ചായത്ത് ഓണാഘോഷമാണു നാട്ടിലെ കലാകാരന്മാരുടെയെല്ലാം വളർച്ചയ്ക്കു പിന്നിൽ. 1962ൽ തുടങ്ങിയ ഓണാഘോഷം മുടങ്ങിയത് 2018ലെ പ്രളയത്തിൽ മാത്രം. അവിടത്തെ വേദികളിൽ കളിച്ചുതുടങ്ങിയവരൊക്കെത്തന്നെയാണു നാടകദ്വീപിനെയും നാടിന്റെ ഭാഗ്യമായി കരുതുന്നത്. ചേർപ്പ് സിഎൻഎൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് 15–ാം വയസ്സിൽ നാടകമെഴുതി സംവിധാനം ചെയ്ത ശശിധരൻ, ഈ 57 വയസ്സിനിടയ്ക്ക് 450 ലേറെ നാടകങ്ങൾ സംവിധാനം ചെയ്തു. മുപ്പതിലേറെ ക്ലാസിക് കൃതികൾക്കു നാടകരൂപവും ചമച്ചു.

പഞ്ചവത്സര സ്വപ്നം

അഞ്ചുവർഷം കൊണ്ടു ചെയ്തുതീർക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ നാടകദ്വീപിന്റെ ‘പാഠ്യപദ്ധതി’യിലുള്ളത്. റിമംബറൻസ് തിയറ്റർ ഗ്രൂപ്പ് സ്ഥിരം നാടകവേദി, ജോസ് ചിറമ്മൽ സൺഡേ തിയറ്റർ, ഋത്വിക് ഘട്ടക് സിനിമാ കൊട്ടക, മുല്ലനേഴി സാഹിത്യ കലാപാഠശാല, സി.ബി.അശോകൻ ഓർമ നാടൻ കലാപഠനകേന്ദ്രം, സിഗ്നേച്ചർ തിയറ്റർ മൂവ്മെന്റ്, പെൺ നാട്യസംസ്കൃതി, കുട്ടികൾക്കായി നാട്യഭാരതി, വയോജനങ്ങൾക്കായി ഹബീബ് തൻവീർ നാടകവേദി എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികളുമായാണ് അരങ്ങൊരുക്കൽ.

Sasidharan
ശശിധരൻ ‌നടുവിൽ

നാട്യഭാരതിയിൽ ഓരോ വർഷവും 15 കുട്ടികൾക്കു വീതം പരിശീലനം നൽകും. 5 വർഷംകൊണ്ട് 75 കുട്ടികളെ ഇങ്ങനെ രൂപപ്പെടുത്താം. വല്ലച്ചിറ, ചേർപ്പ്, അവിണിശേരി, നെന്മണിക്കര, ഒല്ലൂർ തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തിയാകും പരിശീലനം നൽകുക.

ഈ വർഷം 15 നാടകങ്ങൾ

നാടകദ്വീപിൽ ഈ വർഷം ലക്ഷ്യമിടുന്നത് 15 നാടകാവതരണങ്ങൾ. അതിൽ അ‍ഞ്ചെണ്ണം ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. ഹെമിങ്‌വേയുടെ ‘കിഴവനും കടലും’ ആയിരുന്നു ആദ്യനാടകം. നാടകദ്വീപിന്റെ പരിസരത്തെ കൊയ്ത്തു കഴിഞ്ഞ വയലിൽ ഫുട്ബോൾ ഗ്രൗണ്ട് രൂപപ്പെടുത്തി അവിടെ അവതരിപ്പിച്ച എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’യുടെ നാടകാവിഷ്കാരം ഏറെ ശ്രദ്ധ നേടി.

എം.കെ.സാനുവിന്റെ നക്ഷത്രങ്ങളുടെ പ്രേമഭാജനം എന്ന കൃതിയുടെ രംഗഭാഷ്യം അടക്കമുള്ളവ ആലോചനയിലുണ്ട്. പേൾ എസ്.ബക്കിന്റെ ‘ഗുഡ് എർത്തി’ന്റെ 8 മണിക്കൂർ നീളുന്ന ആവിഷ്കാരമാകും ഈ വർഷത്തെ അവസാന നാടകം. വല്ലച്ചിറയുടെ കഥ പറയുന്ന പിത്തളശലഭവും വേദിയിലെത്തും. നാടകം ആവേശിച്ച 31 അംഗ കമ്മിറ്റിയാണു നാടകദ്വീപിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.

Content Highlight: Sunday Special - Drama dhweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com