ചരിത്രമോ രേഖയോ അല്ല, പലതും കേട്ടുകേൾവികൾ!
Mail This Article
റീജന്റ് ഭരണമേറ്റെടുക്കാനില്ലെന്ന് ശ്രീപത്മനാഭന്റെ മുന്നിൽ തൊഴുതു പറഞ്ഞയാളാണ് സേതുലക്ഷ്മി ബായി. ഭരണത്തിന്റെ സുഖസൗകര്യങ്ങൾ ആഗ്രഹിച്ചിട്ടില്ലാത്തയാൾ ഭരണത്തിൽ തുടരാൻ കരുക്കൾ നീക്കിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.
– ശ്രീകുമാർ വർമ
ഐക്യകേരളത്തിലെ ആദ്യ ജനാധിപത്യ സർക്കാർ അധികാരമേറ്റ വർഷമാണ് 1957. കേരളത്തിന്റെ തലസ്ഥാന നഗരിയിൽനിന്നൊരു രാജകീയ പലായനവും ആ വർഷം സംഭവിച്ചു. ചരിത്രത്തിലെ അപൂർവമായൊരു വിടവാങ്ങൽ. 7 വർഷം തിരുവിതാംകൂർ നാട്ടുരാജ്യം അടക്കി ഭരിച്ച റീജന്റ് റാണി സേതുലക്ഷ്മി ബായി, ആളും ആരവവുമില്ലാതെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നു മദിരാശിയിലേക്കു വണ്ടികയറി.
തിരുവിതാംകൂർ രാജവംശവുമായി ബന്ധപ്പെട്ട വർത്തമാനങ്ങളിൽ പിന്നീടു പല രീതിയിൽ ഈ പലായനം വ്യാഖ്യാനിക്കപ്പെട്ടു. തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ചിത്തിര തിരുനാളിന്റെ അനന്തരവൾ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എഴുതിയ ‘ഹിസ്റ്ററി ലിബറേറ്റഡ്: ദ് ശ്രീചിത്ര സാഗ’ എന്ന പുസ്തകം കൊട്ടാരക്കെട്ടിനകത്തെ അജ്ഞാതരഹസ്യങ്ങളുടെ ചുരുളഴിക്കുന്നു. ചിത്തിര തിരുനാളിനെതിരായ വധശ്രമങ്ങളുൾപ്പെടെ, റീജന്റ് ഭരണകാലത്തെ സംശയനിഴലിൽ നിർത്തുന്ന വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ സേതുലക്ഷ്മി ബായിയുടെ പേരമകനും എഴുത്തുകാരനുമായ ശ്രീകുമാർ വർമ മനോരമയോടു സംസാരിക്കുന്നു. സേതുലക്ഷ്മി ബായിയുടെ ഇളയമകൾ ഇന്ദിരാ ബായിയുടെ മകനാണു ശ്രീകുമാർ വർമ.
അശ്വതി തിരുനാളിന്റെ പുതിയ പുസ്തകം വായിച്ചോ?
പുസ്തകം ഇതുവരെ വായിച്ചിട്ടില്ല. എന്നാൽ, പുസ്തകവുമായി ബന്ധപ്പെട്ട ചില കുറിപ്പുകൾ വായിച്ചു.
റീജന്റ് റാണിയുടെ ഭരണകാലത്ത് ചിത്തിര തിരുനാളിനെതിരെ 3 വധശ്രമങ്ങൾ നടന്നതായി പുസ്തകത്തിൽ പറയുന്നു?
ഒരുകാര്യം ആദ്യം തന്നെ വ്യക്തമാക്കാം. പുസ്തകത്തിനു മറുപടി പറയാൻ ഞാനില്ല. ഞങ്ങൾ ഇരുകുടുംബങ്ങളും തമ്മിൽ നല്ല സൗഹൃദമാണ്. അവരുടെ വീക്ഷണകോണിലുള്ള കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. അതിനവർക്ക് അവകാശമുണ്ട്.
വധശ്രമത്തെക്കുറിച്ച് അശ്വതി തിരുനാൾ നേരത്തേ ഒരുതവണ സൂചിപ്പിച്ചിരുന്നു. എന്നാൽ, മറ്റാരും അതെക്കുറിച്ചു പറയുന്നതു കേട്ടിട്ടില്ല. ഏതു രേഖകളുടെ അടിസ്ഥാനത്തിലാണു പുസ്തകത്തിലെ പരാമർശങ്ങൾ എന്നറിയില്ല. റീജന്റ് റാണിക്കെതിരെ പ്രത്യക്ഷത്തിൽ ഒന്നും പറയുന്നില്ലെന്നാണു മനസ്സിലാക്കുന്നത്. എന്നാൽ, സംശയത്തിന്റെ നിഴലിൽ നിർത്തുന്ന രീതിയിൽ വന്ന പരാമർശങ്ങളിൽ കുടുംബത്തിനു വിഷമമുണ്ട്.
18 വയസ്സു പൂർത്തിയായിട്ടും ചിത്തിര തിരുനാൾ അധികാരമേൽക്കുന്നതു തടയാൻ ബോധപൂർവ ശ്രമങ്ങളുണ്ടായതായി ആരോപണമുണ്ട്. ചിത്തിര തിരുനാൾ ഭരണാധികാരിയാകാൻ യോഗ്യനല്ലെന്ന രീതിയിൽ പ്രചാരണമുണ്ടായി?
റീജന്റ് ഭരണമേറ്റെടുക്കാനില്ലെന്ന് ശ്രീപത്മനാഭന്റെ മുന്നിൽ തൊഴുതു പറഞ്ഞയാളാണു സേതുലക്ഷ്മി ബായി. ഭരണം ഏറ്റെടുക്കേണ്ടിവന്നാൽ നല്ല രീതിയിൽ അതു നിർവഹിക്കുമെന്ന് ഉറച്ച ബോധ്യവുമുണ്ടായിരുന്നു. പരിചയമുള്ളവർക്കറിയാം, ഭരണത്തിന്റെ ആഡംബരങ്ങളൊന്നും അവരെ സ്പർശിച്ചിരുന്നില്ല. പൊതുവിൽ നാട്ടുരാജാക്കന്മാരെക്കുറിച്ചു മതിപ്പില്ലായിരുന്ന ഗാന്ധിജി പോലും അവരെക്കുറിച്ച് ഏറെ സ്നേഹാദരവോടെയാണു സംസാരിച്ചത്. നാട്ടുരാജാക്കന്മാർ റീജന്റ് റാണിയെ മാതൃകയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഭരണത്തിന്റെ സുഖസൗകര്യങ്ങൾ ആഗ്രഹിച്ചിട്ടില്ലാത്തയാൾ ഭരണത്തിൽ തുടരാൻ കരുക്കൾ നീക്കിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.
ഉദാരമതിയും ശാന്തസ്വഭാവിയും എല്ലാറ്റിലുമുപരി ബുദ്ധിസാമർഥ്യവുമുള്ള ഭരണാധികാരിയായിരുന്നു റീജന്റ് റാണി. ഉയർന്ന നീതിബോധമായിരുന്നു അവരുടെ മുഖമുദ്ര. റാണി പൊട്ടിത്തെറിക്കുന്നത് ഒരിക്കൽ മാത്രമാണു കണ്ടതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പൂജപ്പുരയിലെ സെതൽമെന്റ് പാലസിലേക്ക് അലഞ്ഞു തിരിഞ്ഞെത്തിയ തെരുവുനായ്ക്കൾക്കു മേൽ പരിചാരകരിലൊരാൾ ചൂടുവെള്ളമൊഴിച്ചപ്പോഴായിരുന്നു അത്.
അവർണരുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെത്തിയ ഗാന്ധിജിയോടു റാണി പറഞ്ഞ കാര്യങ്ങളും ഭരണകാലം നീട്ടാൻ അവർ ശ്രമിച്ചുവെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ്. എല്ലാവർക്കും ക്ഷേത്രപ്രവേശനമെന്ന ആവശ്യത്തോട് അനുഭാവപൂർവം പ്രതികരിച്ച റാണി ഗാന്ധിജിയോടു പറഞ്ഞു-‘ റീജന്റ് ഭരണത്തിന്റെ കാലാവധി അവസാനിക്കാറായി. ചിത്തിര തിരുനാൾ അധികാരമേറ്റെടുത്ത ശേഷം അക്കാര്യത്തിൽ തീരുമാനമെടുക്കും’.
ചിത്തിര തിരുനാളിനെക്കുറിച്ചുള്ള അഭിപ്രായങ്ങളെല്ലാം അന്നത്തെ ബ്രിട്ടിഷ് പ്രതിനിധിയുടേതാണ്. അദ്ദേഹം നേരിട്ടാണു വൈസ്രോയിക്കു റിപ്പോർട്ട് നൽകിയിരുന്നത്. റീജന്റ് റാണിക്ക് അതിൽ റോളില്ലായിരുന്നുവെന്നു ബ്രിട്ടിഷ് ഭരണസംവിധാനത്തെക്കുറിച്ചു ധാരണയുള്ളവർക്കെല്ലാം അറിയാം.
ചിത്തിര തിരുനാളിന്റെ ട്യൂട്ടറായിരുന്ന ജി.ടി.ബി. ഹാർവി ചാരനായിരുന്നുവെന്ന ഗുരുതര ആരോപണം പുസ്തകത്തിൽ ഉന്നയിക്കുന്നു?
ഏതു ചരിത്രരേഖയെ ഉദ്ധരിച്ചാണ് അങ്ങനെ പറയുന്നതെന്നറിയില്ല. ഇതെല്ലാം കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ എഴുതിയതായിരിക്കാം. അശ്വതി തിരുനാളായാലും ഞാനായാലും നേരിട്ടു സംഭവങ്ങൾക്കു സാക്ഷിയല്ല. മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നതു മാത്രമാണ് അറിയുന്നത്. അതിനാൽ, അവരുടെ വീക്ഷണകോണിലൂടെയുള്ള അഭിപ്രായ പ്രകടനമായി മാത്രം കണ്ടാൽ മതി. രാജകുടുംബത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടു രാജ്യാന്തര പ്രശസ്തരായ പ്രസാധകർ എന്നെയും സമീപിച്ചിരുന്നു. എഴുതിത്തുടങ്ങിയെങ്കിലും പല അപ്രിയസത്യങ്ങളും വിളിച്ചു പറയേണ്ടിവരുമെന്നതിനാൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
റീജന്റ് റാണിയും അമ്മ മഹാറാണിയും (ചിത്തിര തിരുനാളിന്റെ അമ്മ സേതുപാർവതി ബായി) തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു?
ശ്രീമൂലം തിരുനാൾ രാമവർമ രാജാവിന്റെ കാലത്താണ് ഇരുവരെയും രാജകുടുംബത്തിലേക്കു ദത്തെടുക്കുന്നത്. മഹാരാജാവിന് അനന്തരാവകാശികൾ ഇല്ലാത്തതിനാലായിരുന്നു ദത്തെടുക്കൽ. രണ്ടുപേരിൽ ആർക്കാണോ ആദ്യം ആൺകുഞ്ഞു ജനിക്കുന്നത് അയാളാണ് അടുത്ത രാജാവ്.
സേതുപാർവതി ബായിക്കാണ് ആദ്യം ആൺകുഞ്ഞു പിറന്നത് - ചിത്തിര തിരുനാൾ. എന്നാൽ, അദ്ദേഹത്തിനു 18 വയസ്സാകുന്നതിനു മുൻപേ മഹാരാജാവ് മരിച്ചു. നിയമപ്രകാരം കിരീടാവകാശിക്കു പ്രായപൂർത്തിയാകുന്നതുവരെ റീജന്റ് റാണിയായി സേതുലക്ഷ്മി ബായി രാജ്യം ഭരിച്ചു.
രാജാ രവിവർമയുടെ പെൺമക്കളുടെ മക്കളാണ് സേതുലക്ഷ്മി ബായിയും സേതുപാർവതി ബായിയും. ചെറുപ്പത്തിൽ തന്നെ കൊട്ടാരത്തിലേക്കു ദത്തെടുക്കപ്പെട്ടവർ. അവർ ഒരുമിച്ചു കളിച്ച്, പഠിച്ചാണു വളർന്നത്. എല്ലാ ബന്ധങ്ങളിലുമെന്ന പോലെ അവർ തമ്മിലും ചെറിയ അസ്വാരസ്യങ്ങളുണ്ടായിരിക്കാം. വളർന്നപ്പോൾ അവർക്കു ചുറ്റുമുള്ളയാളുകൾ അതു കൂടുതൽ വളർത്തി. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടിഷ് തന്ത്രവും ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്കു കാരണമായിരിക്കാം.
റീജന്റ് റാണിയുടെ ഭർത്താവ് രാമവർമ വലിയകോയിത്തമ്പുരാൻ ഭരണത്തിലിടപെട്ടിരുന്നുവെന്ന ആരോപണം അക്കാലത്തു തന്നെ ഉയർന്നിരുന്നു?
റാണിയെപ്പോലെ ഉയർന്ന നീതിബോധമുള്ളയാളായിരുന്നു അദ്ദേഹവും. ദ്രോഹിക്കുന്നവരോടു പോലും ശാന്തത കൈവിടാതെയാണു റാണി പ്രതികരിച്ചിരുന്നത്. എന്നാൽ, അപ്പൂപ്പൻ ശക്തമായി പ്രതികരിക്കും. അതു തെറ്റിദ്ധാരണകൾക്കു കാരണമായിട്ടുണ്ടാകും. എന്നാൽ, ആരെയും ദ്രോഹിക്കുന്ന സ്വഭാവക്കാരനല്ലെന്ന് അടുത്തറിയുന്ന എല്ലാവർക്കുമറിയാം. റീജന്റ് റാണിക്ക് അദ്ദേഹം ശക്തമായ പിന്തുണ നൽകിയിരുന്നു. ഭരണത്തിലിടപെട്ടുവെന്നു പറയുന്നതു ഞാൻ ഇതുവരെ കേട്ടിട്ടില്ല.
റീജന്റ് റാണി തിരുവനന്തപുരം വിട്ടത് എന്തുകൊണ്ടാണ്? അതെക്കുറിച്ച് അവരോടു സംസാരിച്ചിട്ടുണ്ടോ?
സ്വന്തം വീടും നാടും വിട്ട് ആരും സന്തോഷത്തോടെ ഇറങ്ങിപ്പോരില്ലല്ലോ? ശരിക്കും പറഞ്ഞാൽ തടവിൽ കഴിയുന്ന അവസ്ഥയിലായിരുന്നു അവസാനകാലത്ത് അവർ. താമസസ്ഥലമായ സെതൽമെന്റ് പാലസിലെ ജീവനക്കാരുടെ പ്രതിഷേധം കൂടിയായപ്പോൾ മറ്റു മാർഗമില്ലാതെ നാടുവിടാൻ നിർബന്ധിതയാകുകയായിരുന്നു. മറ്റെല്ലാം ഉപേക്ഷിച്ചാലും ശ്രീപത്മനാഭന്റെ മണ്ണു വിട്ടുപോരാൻ അവർക്കു മനസ്സില്ലായിരുന്നു. അതിന്റെ വിഷമം അവസാനംവരെ മനസ്സിലുണ്ടായിരുന്നു. പലതവണ സംസാരിച്ചപ്പോഴും എനിക്കതു നേരിട്ടു മനസ്സിലാക്കാനായിട്ടുണ്ട്.
മൂന്നു വർഷം കഴിഞ്ഞാൽ റീജന്റ് ഭരണത്തിന്റെ നൂറാം വാർഷികമാണ്. തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാനമായ ഒട്ടേറെ തീരുമാനങ്ങളെടുത്ത മഹാറാണിക്കു നല്ല സ്മാരകം പോലുമില്ലല്ലോ?
തിരുവിതാംകൂറിന്റെ സുവർണകാലമാണു റീജന്റ് ഭരണകാലമെന്നു പല ചരിത്രകാരന്മാരും പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിന്റെ രേഖകളൊന്നും ലഭ്യമല്ലെന്നാണറിയുന്നത്. ചരിത്രരേഖകളിൽനിന്ന് ആ കാലം മായ്ച്ചുകളഞ്ഞതുപോലെ. ആരാണ് അതിന് ഉത്തരവാദികൾ? എന്നാൽ, അക്കാലത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചു പുസ്തകങ്ങൾ വരുന്നു. റാണിയുടെ ഭരണകാലത്തെക്കുറിച്ചു തിരുവിതാംകൂറിലെ ജനങ്ങൾ മതിപ്പോടെ സംസാരിക്കുന്നു.
ഉചിതമായ സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുൻ സ്പീക്കർ എം.വിജയകുമാറിനെയും കണ്ടിരുന്നു. റീജൻസി ഭരണകാലത്ത് റാണി താമസിച്ചിരുന്ന സെതൽമെന്റ് പാലസ് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് അക്കാദമിക്കായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിനോടു കുടുംബത്തിനു യോജിപ്പില്ലായിരുന്നു.
ഡോ. എം.എസ്.വല്യത്താനും എന്റെ പിതാവ് കെ.കെ.വർമയും കേന്ദ്ര സർക്കാരിനെ സമീപിച്ചാണു ടെക്നോളജി വിങ്ങിനായി ഏറ്റെടുപ്പിച്ചത്. പിന്നീട് അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കുടുംബത്തെ അറിയിച്ചില്ല. റാണിയുടെ താമസസ്ഥലത്തു വന്ന സ്ഥാപനത്തിനുപോലും അവരുടെ പേരു നൽകിയില്ല. റീജന്റ് റാണിക്ക് ഉചിതമായ സ്മാരകമെന്ന ആവശ്യം യാഥാർഥ്യമാകുമെന്നു തന്നെയാണു പ്രതീക്ഷ.
വ്യക്തിപരമായും ധീരമായ തീരുമാനങ്ങളെടുക്കാൻ റാണി മടിച്ചുനിന്നില്ല. എന്റെ അമ്മയുടെ ആദ്യ ഭർത്താവ് അർബുദം ബാധിച്ചു മരിച്ചപ്പോൾ രണ്ടാം വിവാഹത്തിനു മുൻകയ്യെടുത്തതു സീനിയർ റാണിയാണ്. അക്കാലത്ത് അതൊരു വിപ്ലവമായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിൽനിന്ന് ആദ്യമായി കോളജിൽ പോയി പഠിച്ച വനിത എന്റെ അമ്മയാണ്. ആ തീരുമാനത്തിനു പിന്നിലെ പ്രചോദനവും പിന്തുണയും മറ്റാരുമായിരുന്നില്ല.
ചരിത്രത്തിലെ വൈരത്തിന്റെ കഥകളെയൊക്കെ അതിന്റെ വഴിക്കുവിട്ട് റീജന്റ് മഹാറാണിയുടെയും അമ്മ മഹാറാണിയുടെയും കുടുംബങ്ങൾ തമ്മിൽ ഇപ്പോൾ ഊഷ്മള സൗഹൃദമുണ്ട്. ചരിത്രം എഴുതപ്പെട്ട രേഖകളാണ്. പല രീതിയിൽ അതു വ്യാഖ്യാനിക്കപ്പെട്ടു.
നേരിട്ടുകാണുന്ന ബന്ധങ്ങളെ അതു ബാധിക്കേണ്ടതില്ലെന്നു ശ്രീകുമാർ വർമ പറയുന്നു. പുരസ്കാരങ്ങൾ ഏറെ നേടിയ എഴുത്തുകാരനാണെങ്കിലും രാജകുടുംബത്തിന്റെ ചരിത്രമെഴുതാനില്ല. എഴുത്തു മാത്രമല്ല, ചിലതു എഴുതാതിരിക്കുന്നതും നിയോഗത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.