ADVERTISEMENT

കേരള വ്യവസായ ചരിത്രത്തിലെ വിപ്ലവമാകേണ്ടിയിരുന്ന പേരാണ് അറ്റലാന്റ. കേരളത്തിൽ ജന്മമെടുത്ത ആദ്യത്തെ ഇന്ത്യൻ നിർമിത ഗിയർലെസ് സ്കൂട്ടർ. അറ്റലാന്റ സ്കൂട്ടർ ഇന്ത്യൻ നിരത്തുകളിൽ അധികകാലം ഓടിയില്ലെങ്കിലും എൻ.എച്ച് രാജ്കുമാർ എന്ന വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വപ്നവാഹനം ഇന്നും ജീവനോടെയുണ്ട്; അച്ഛന്റെ ഓർമയ്ക്കായി രാജ്കുമാറിന്റെ മകൻ ഡോ. വിനയ് ഇപ്പോഴും അതു സൂക്ഷിക്കുന്നു; അറ്റലാന്റയുടെ കഥയാണിത്. ഒപ്പം, കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച അച്ഛനെക്കുറിച്ചുള്ള മകന്റെ ഓർമയും. 

തിരുവനന്തപുരം നഗരത്തോടു തൊട്ടുചേർന്ന്, കരമന‍യ്ക്കടുത്തു കൈ‍മനം ‘മീരാ‍മഹൽ’ വീട്ടിലെ കാർ ഷെഡ്ഡിൽ ഒരു സുന്ദരി സ്കൂട്ടർ ഇപ്പോഴുമുണ്ട്. തൊലിപ്പുറത്തു കാലത്തിന്റെ ചുളിവു‍കളൊന്നു പോലും വീഴാത്ത, ആ സുന്ദരിയുടെ പേര് ‘അറ്റലാന്റ’ എന്നാണ്. 60 വർഷം മുൻപ്, അച്ഛൻ കൈപിടിച്ചു കൂട്ടിക്കൊണ്ടു വന്ന ആ സുന്ദരിയെ, മകൻ ഡോ. എച്ച്. വിനയ് രഞ്ജൻ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു. കേരളം മറ‍ന്നിട്ടും അറ്റലാന്റയെ കയ്യൊഴിയാൻ ഈ മകൻ തയാറല്ല. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ ജീവന്റെ ജീവനായി കരുതി സൂക്ഷിക്കുകയാണ് കൈ‍മനം ഡോ. വി. എൻ. റാവു മെമ്മോറിയൽ ക്ലിനിക് എം‍‍ഡിയായ ഡോ. വിനയ്.

കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്ര വഴികളിലൂടെ ഓടിത്തുടങ്ങിയ ശേഷം കി‍തച്ചുനിന്ന സ്കൂട്ടറിന്റെ പേരാണ് അറ്റലാന്റ. ആദ്യ ഇന്ത്യൻ നിർമിത തദ്ദേശീയ (indigenous) സ്‌കൂ‍ട്ടറും ആദ്യ ഗിയർ‍ലെസ് സ്കൂട്ടറുമായിരുന്നു അറ്റലാന്റ. കൈമ‍നത്തെ കൊച്ചു ഷെ‍ഡ്ഡിലെ വർക്‌ഷോപ്പിൽ ഒരുകൂട്ടം മനുഷ്യരുടെ കഠിനാധ്വാനത്തിൽ പിറവിയെടുത്ത ഇൗ സ്കൂട്ടറിനു പിന്നിൽ ആരുമറിയാ‍ത്തൊരു കഥയുണ്ട്.

എൻ.എച്ച്. രാജ്കുമാർ ഐഎഎസ് എന്ന വ്യവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറുടേതായിരുന്നു ആശയം. പി.എസ്. തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ കഠിനാധ്വാനത്തിലൂടെയാണ് അതു യാഥാർഥ്യമായത്. വിനയ്‌യുടെ കൈമ‍നത്തെ വീട്ടിൽ KLT 5732 എന്ന സ്കൂട്ടറിന്റെ ആദ്യ മോഡൽ ഇന്നും ജീവിക്കുന്നു.

‘ വ്യവസായങ്ങൾക്കു കേരള മണ്ണിൽ വളക്കൂ‍റില്ലെന്ന ‘കേരള വ്യവസായ ചരിത്ര’ പാഠാവ‍ലിയിലെ ആദ്യ പാഠമാണ് അറ്റലാന്റയെ കുഴിച്ചുമൂടി‍യതിലൂടെ ചിലർ കേരളത്തിനു സമ്മാനിച്ചത്– വിനയ് പറയുന്നു.

കുട്ടി എൻജിനീയറും സ്കൂട്ടർ ഫാക്ടറിയും

കണ്ണൂർ തലശ്ശേരിയിൽ പരേതരായ ഡോ. വി. നാ‍ഗോജി റാവു–യമുന റാവു ദമ്പതികളുടെ മകനായ രാജ്കുമാർ തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാർഥികളിലൊരാളായിരുന്നു. എൻജിനീയറിങ് പാസായി തൊട്ടുപിന്നാലെ സർക്കാർ ഉദ്യോഗവും ലഭിച്ചു. ഡ്രെയിനേജ് ആൻഡ് വാട്ടർ വർക്സ് ഡിപാർട്മെന്റിലായിരുന്നു ആദ്യ നിയമനം. ഇതിനുശേഷം വ്യവസായ–വാണിജ്യ വകുപ്പിൽ പ്രോജക്ട് ഓഫിസറായി.

1958ൽ, ജപ്പാനിലെ വ്യവസായങ്ങളെ‍ക്കുറിച്ചു പഠിക്കാൻ കേരള സർക്കാർ രാജ്കുമാറിനെ അവിടേക്ക് അയച്ചു. തിരിച്ചെത്തിയ ശേഷമാണ് കേരളത്തിൽ സ്കൂട്ടർ നിർമിക്കാമെന്ന ആശയം രാജ്കുമാ‍റിന്റെ തലച്ചോറി‍ൽ ഉദിച്ചത്. 

nh-rajkumar
എൻ.എച്ച്. രാജ്കുമാർ പി.എസ്. തങ്കപ്പൻ

രാജ്കു‍മാറും പി.എസ്. തങ്കപ്പനും

കൊല്ലം ചാത്തന്നൂർ സ്വദേശി യുവ എൻജിനീയർ പി.എസ്. തങ്കപ്പനെ അങ്ങനെയാണു രാജ്കുമാർ കണ്ടെത്തിയത്. തിരുവനന്തപുരം മെട്രോപ്പൊളീറ്റൻ എൻജിനീയറിങ് കമ്പനിയിലായിരുന്നു തങ്കപ്പനു ജോലി. ആകസ്മികമായി പരിചയപ്പെട്ട തങ്കപ്പനെ തുടർ പഠനത്തിന് അയയ്ക്കാൻ രാജ്കുമാർ ഇടപെട്ടു. പഠനം കഴിഞ്ഞെത്തിയ തങ്കപ്പനു വ്യവസായ വകുപ്പിൽ ജൂനിയർ ടെക്നിക്കൽ ഓഫിസറായി ജോലി ലഭിച്ചു. ബിലാസ്പുർ സെൻട്രൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തങ്കപ്പനെ അയച്ചു വിദഗ്ധ പരിശീലനം നൽകാൻ രാജ്കുമാർ മുൻകയ്യെടുത്തതോടെ സ്കൂട്ടർ പദ്ധതിക്കു ജീവൻ വച്ചു തുടങ്ങി. 

ഗിയറി‍ല്ലാത്ത സ്കൂട്ടർ

സ്കൂട്ടറിന്റെ ഡിസൈൻ രാജ്കുമാർ എൻജിനീയർ തങ്കപ്പനു കൈമാറി. രാജ്യത്തെ ആദ്യ ഗിയർ‍ലെസ് സ്കൂട്ടർ എന്നതായിരുന്നു ലക്ഷ്യം. ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലാംബ്രട്ട സ്കൂട്ടർ മാത്രമാണ് അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 1960 ൽ തിരുവനന്തപുരത്തു കൈ‍മനത്ത് ഒരു കൊച്ചു ഷെഡ് നിർമിച്ചു.  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇരുമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കടുത്ത നിയന്ത്രണമുള്ള കാലം. സ്കൂട്ടർ പദ്ധതിക്കായി വ്യവസായ വകുപ്പിനു കീഴിൽ ഒരു ട്രേഡ് സ്കൂളും തങ്കപ്പൻ തുടങ്ങി.  28 പരമ്പരാഗത ഇരുമ്പു പണിക്കാർക്കു സാങ്കേതിക പരിശീലനം നൽകി.  യന്ത്രഭാഗങ്ങൾ മുഴുവൻ കൈ കൊണ്ടാണു നിർമിച്ചത്. കാർബറേറ്റർ മാത്രം ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്തു.

മഹാരാജാവിന്റെ 10 ലക്ഷം 

സ്വകാര്യ സംരംഭത്തിനു സർക്കാർ തുടക്കത്തിൽ തന്നെ മുഖം തിരിച്ചപ്പോൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരു‍നാൾ ബാലരാ‍മവർമയാണ് സ്കൂട്ടർ നിർമിക്കുന്നതിനു സഹായിച്ചത്. ആവശ്യം പറഞ്ഞപ്പോൾ 2 കാര്യങ്ങളാണ് അദ്ദേഹം രാജ്കു‍മാറിനോടു ചോദിച്ചത്. സ്കൂട്ടർ വ്യവസായം തുടങ്ങിയാൽ നാടിന് എന്തു പ്രയോ‍ജനമെന്നും നാട്ടിലെ എത്ര പേർക്കു ജോലി കിട്ടുമെന്നും. ധാരാളം തൊഴിൽ സാധ്യതയുണ്ടെന്ന് അറിയിച്ചപ്പോഴാണ് സ്വന്തം ഫണ്ടിൽനിന്നു 10 ലക്ഷം രൂപ അനുവദിച്ചത്. കുടുംബാംഗങ്ങളും രാജ്കു‍മാറും മുതൽ മുടക്കി. ഈ നിക്ഷേപവു‍മായാണ് അറ്റലാന്റയുടെ തുടക്കം.

40 കിലോമീറ്റർ മൈലേജ്

സ്കൂട്ടറിന്റെ ആദ്യ പ്രോ‍ട്ടോടൈപ് 1961ൽ പുറത്തിറങ്ങി. 2 കിർലോസ്കർ ഡെഡ് സെന്റർ ലെയ്ത്ത് മെഷീൻ, (kirloskar dead centre lathe machine), ഒരു ഫ്രിറ്റ്‍സ് വെ‍ർണർ മില്ലി‍ങ് മെഷീൻ (Fritz Werner milling machine), ഒരു ‍ഷെയ്പിങ് മെഷീൻ (Shaping Machine), ഒരു രാജ്കോട്ട് പവർ പ്രസ് (Rajkot power press) എന്നിവയാണ് പ്രോ‍ട്ടോ ടൈപ് നിർമിക്കാൻ ഉപയോഗിച്ച പ്രധാന യന്ത്രങ്ങൾ.  60 കിലോമീറ്റർ സ്പീഡിൽ വരെ കുതിക്കുന്ന അറ്റലാന്റയ്ക്ക് 40 കിലോമീറ്റർ മൈലേ‍ജും ലഭിച്ചിരുന്നു. ഗ്രീക്ക് ദേവതയായ അറ്റലാന്റയുടെ പേരിൽനിന്നാണ് സ്കൂട്ടറിനും അതേ പേരിടാൻ രാജ്കുമാർ തീരുമാനിച്ചത്. 1962ൽ ആദ്യ മോഡലുകളിലൊന്നു രാജ്കുമാർ വീട്ടിലെത്തിച്ചു. 1200 രൂപയായിരുന്നു വില.

atlanta
അറ്റലാന്റ സ്കൂട്ടർ

ഇന്ദിരാഗാന്ധിയെ കാണാൻ 

ഇനി, വ്യവസായിക അടിസ്ഥാനത്തിൽ സ്കൂട്ടർ നിർമിക്കാൻ ലൈസൻസ് വേണം.  മാതൃകാ സ്കൂട്ടർ, ട്രെയിനിൽ കയറ്റി  ‍ഡൽഹിലെത്തിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽ കാണുകയായിരുന്നു ലക്ഷ്യം.  മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരും പാലക്കാട് എംപിയായിരുന്ന ബാലചന്ദ്ര‍മേനോനും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‍യ്ക്കു വഴിയൊരുക്കി. ഡൽഹി നിരത്തുകളിലൂടെ സ്കൂട്ടർ ഓടിച്ചാണ് തങ്കപ്പൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. 

1967ൽ ഇന്ദിരാ ഗാന്ധി സർക്കാർ സ്കൂട്ട‍റിന്റെ ഡിസൈൻ അംഗീകരിച്ച് പ്രതിവർഷം 25,000 സ്കൂട്ടറുകൾ നിർമിക്കാനുള്ള അനുമതി നൽകി.  സ്പീ‍ഡോ മീറ്റർ ഘടിപ്പിച്ചെ‍ങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കൂ എന്ന നിർദേശത്തെ തുടർന്നു സ്പീ‍ഡോ മീറ്ററും കൈ‍മനത്തു തന്നെ നിർമിച്ചു.  

സ്റ്റാർട്ടിങ് ട്ര‍ബിൾ

പബ്ലിക് ലിമിറ്റഡ് കമ്പനിയായി ‍റജിസ്റ്റർ ചെയ്തു സ്കൂട്ടർ നിർമിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ, ‘രഞ്ജൻ മോട്ടർ കമ്പനി’ എന്ന പേരിൽ രാജ്കുമാർ സ്വന്തമായി കമ്പനി ‍റജിസ്റ്റർ ചെയ്തു. മക്കളായ അനിൽ രഞ്‍ജന്റെയും വിനയ് രഞ്‍ജന്റെയും പേരുകൾ ചേർത്തായിരുന്നു കമ്പനിക്കു പേരിട്ടത്.

തിരുവിതാംകൂർ രാജകുടുംബം 2 ലക്ഷം രൂപയുടെ ഓഹരി വാങ്ങി.  5 ലക്ഷം രൂപയായിരുന്നു മൂലധനം. പ്രതിവർഷം 22,500 സ്കൂട്ടറുകളെന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്പനിക്കു മദ്രാ‍സിലും ഹൈദരാബാദിലും കൊൽക്കത്തയിലും വിൽപന കേന്ദ്രങ്ങളായി. കൈമ‍നത്തു ചെറിയ ഫാക്ടറിയും പ്രവർത്തനം ആരംഭിച്ചു.  

സ്കൂട്ടറുകൾ വൻതോതിൽ നിർമിച്ചു കേരളത്തി‍ന്റെ വിവിധ ഭാഗങ്ങളിലേക്കും ഹൈ‍ദരാബാദ്, ഗുണ്ടൂർ, കർണാടക എന്നിവിടങ്ങളിലേക്കും അയച്ചെങ്കിലും വിൽപന പ്രതീക്ഷിച്ച പോലെ വിജയകര‍മായില്ല. 8000 സ്കൂട്ടറു‍കളാണ് നിർമിച്ചത്. ഈ സമയം രാജ്കുമാറിനെ കേരള സ്റ്റേറ്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കോർ‍പറേഷനിൽ സ്പെഷൽ ഓഫിസറായി നിയമിച്ചു. രാഷ്ട്രീയത്തി‍ന്റെ വിത്തുകൾ രഞ്ജൻ മോട്ടർ കമ്പനിയിൽ ഇതിനിടെ മുള പൊട്ടിയിരുന്നു. തൊഴിലാളി തർക്കങ്ങൾ തുടർക്കഥയായി. രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാനും അണിയറ നീക്കം തുടങ്ങി. സഹകരണ മേഖലയി‍ലൊരു സ്കൂട്ടർ ഫാക്ടറി എന്ന ഉ‍ദ്ദേശ്യത്തോടെ കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീ‍ഷ്യൻസ് (വർക് ഷോപ്) കോ ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ എൻ‍കോസ് (ENCOS) ആണ് രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നത്.

‘വ്യവസായം നാടു കട‍ക്കരുത്....’

1971ൽ രഞ്ജൻ മോട്ടർ കമ്പനി എൻ‍കോസ് ഏറ്റെടുത്തു. ഇതോടെ രാജ്കുമാർ കമ്പനി വിട്ടു. ഇതിനിടെ ഈ സംരംഭം ഏറ്റെടുക്കാൻ വ്യവസായ പ്രമുഖൻ ബിർള താൽപര്യം കാട്ടിയെങ്കിലും അന്നു കേരളത്തിലെ വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് ഇതു ശക്തമായി എതിർത്തതോടെ അതും ഫലം കണ്ടില്ലെന്നു ഡോ. വിനയ് പറയുന്നു. കേരളത്തിലെ വ്യവസായം നാടു കടക്കുന്നത് അനുവദി‍ക്കില്ലെന്നായിരുന്നു ടി.വി. തോമസ് പറഞ്ഞ ന്യായം.

75 എൻജിനീയർമാരുടെ സഹകരണ സംഘം ഇതിനിടെ 500 സ്കൂട്ടർ നിർമിച്ചു. പ്രതിവർഷം 25,000 സ്കൂട്ടറായിരുന്നു നിർമാണ ലക്ഷ്യം.   

അറ്റലാന്റ‍യ്ക്കൊരു ‘ചരമഗീതം’

100 ശതമാനം ഇന്ത്യൻ യന്ത്ര സാമഗ്രികൾ കൊണ്ടു സ്കൂട്ടർ നിർമിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ ഒരു സ്കൂട്ടർ നിർമാണ ശാല സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യവസായ വികസന മന്ത്രി ഫക്രു‍ദീൻ അലി അഹമ്മദ് ലോക്സഭയിൽ ഉറപ്പു നൽകി. കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീ‍ഷ്യൻസ് (വർക് ഷോപ്) ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാപ്പനംകോട്ട് സ്ഥാപിച്ച സ്കൂട്ടർ ഡിവിഷന്റെ ഉദ്ഘാടനം അന്നത്തെ ഗവർണർ വി. വിശ്വനാ‍ഥനാണ് നിർവഹിച്ചത്. 

സർക്കാർ ഇടപെട്ടു സംരംഭം ഏറ്റെടുത്തു. കേരള ഓട്ടമൊബീ‍ൽസ് ലിമിറ്റഡ് (കെഎഎൽ)എന്ന് പുനർ നാമകരണം ചെയ്തു.   കെടുകാര്യസ്ഥതയും തൊഴിൽ തർക്കവും തുടർക്കഥയായതോടെ അറ്റലാന്റയെ കേരളത്തിന്റെ വ്യവസായ ചരിത്രത്തിന്റെ മണ്ണിൽ കുഴിവെട്ടി മൂടി. 12 വർഷത്തിനിടെ 12,000 അറ്റലാന്റ സ്കൂട്ടറുകൾ കേരളത്തിനകത്തും പുറത്തും വിറ്റിരുന്നു.  

‘സ്കൂട്ടറിനു പിന്നിലി‍രുന്നാണ് സ്കൂളിൽ പോയിരുന്നത്.  വലിയ ഗമയി‍ലാണ് അന്നു യാത്ര ചെയ്തിരുന്നത്.  84 വരെ സ്കൂട്ടർ ഓടിച്ചിരുന്നു. ഇതിനു ശേഷം റജിസ്ട്രേഷൻ പുതുക്കി‍യിട്ടില്ല. 8 മാസം മുൻപ് സ്കൂട്ടർ അഴിച്ചു പണിതു പെയിന്റടിച്ചു. അച്ഛന്റെ ഓർമ‍യാണ് ഈ സ്കൂട്ടർ. അച്ഛൻ എനിക്കു സമ്മാനിച്ച നിധി‍. –‍ ഡോ. വിനയ്‌ പറഞ്ഞു. 

അറ്റലാന്റയുടെ  കൗതുകങ്ങൾ

വെള്ളയും നീലയും നിറം. വലതു വശത്ത് അറ്റലാന്റയെന്ന പേര് ഇംഗ്ലിഷിൽ കൊത്തിവച്ചിട്ടുണ്ട്. ഇടതു വശത്തു കല‍മാൻ മുന്നോട്ടോടുന്ന ചിത്രം. 105 കിലോ ഭാരം. 120 സിസി. സീറ്റിങ് കപ്പാസിറ്റി 2 പേർ. ഹോഴ്സ് പവർ (എച്ച്പി) 12. പെട്രോൾ ടാങ്കിന്റെ സംഭരണ ശേഷി: 5 ലീറ്റർ. ഫൂട്ട് ബ്രേ‍ക്കും ഹാൻഡ് ബ്രേ‍ക്കും ഉണ്ട്. താക്കോ‍ലിട്ട് സ്റ്റാർട്ട് ചെയ്യാം, ഓഫാക്കാം. ഹെഡ് ലൈറ്റ് ഡിംബ്രൈ‍റ്റ് ചെയ്യാൻ ഹാൻഡിൽ ബാറിൽ സ്വിച്ച്.  സാധനങ്ങൾ സൂക്ഷിക്കാൻ സീറ്റി‍നടുത്തു കാരി‍യർ. ഇരുമ്പു പൈപ്പ് കൊണ്ടാണ് ഫ്രെയിം. സീറ്റിനടിയിലാണ് പെട്രോൾ ടാങ്കും എൻജിനും. ഫൈബർ ഗ്ലാസിലാണ് ബോഡിയും മഡ്ഗാർഡും നിർമിച്ചത്. ഹാൻഡിൽ ബാർ കാസ്റ്റ് അയണിലും.

English Summary: The first Indian Scooter  Atlanta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com