കംഫർട്ട് സോണുകളിൽ ജീവിതം തളച്ചിടരുത്
Mail This Article
എസ്ബിഐയുടെ ആദ്യ വനിതാ ചെയർപഴ്സൻ എന്ന പദവിയിൽനിന്നു 2017ൽ പടിയിറങ്ങിയ ശേഷം കോർപറേറ്റ് സ്ഥാപനങ്ങളിലെ പുതിയ ചുമതലകൾക്കൊപ്പം അരുന്ധതി ഭട്ടാചാര്യ ഏറ്റെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ആത്മകഥയെഴുത്ത്. ഇൻഡോമിറ്റബിൾ– എ വർക്കിങ് വുമൺസ് നോട്സ് ഓൺ ലൈഫ്, വർക്ക്, ആൻഡ് ലീഡർഷിപ് എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിൽ അരുന്ധതിയുടെ ജീവിതമുണ്ട്, സ്വപ്നങ്ങളുണ്ട്, തൊഴിലിടങ്ങളിലെ സമരങ്ങളുണ്ട്... പെണ്ണനുഭവങ്ങളുണ്ട്... പുതുതലമുറയെക്കുറിച്ചുള്ള പ്രതീക്ഷകളുമുണ്ട്....
∙ ഉയരങ്ങൾ വെട്ടിപ്പിടിച്ച പലരുടെയും ആത്മകഥകൾ നാം വായിക്കാറുണ്ട്. ‘ഇൻഡോമിറ്റബിൾ’ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
നാലു പതിറ്റാണ്ടിലേറെ പിന്നിട്ട ബാങ്കിങ് ജീവിതമാണ് എന്റെ എഴുത്തിന്റെ കാൻവാസ്. ഛത്തീസ്‌ഗഡിലെ ഭിലായ് എന്ന നഗരത്തിൽ ജനിച്ചുവളർന്ന ഞാൻ വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയായിരുന്നു. 22ാം വയസ്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസറായി കരിയർ തുടങ്ങി. ചെറിയ ചെറിയ പ്രമോഷനുകളിൽ തൃപ്തിപ്പെട്ട് റിട്ടയർമെന്റിലേക്കു നീങ്ങുന്ന ട്രെൻഡാണ് പലരുടെയും കരിയർ പരിശോധിച്ചാൽ കാണാൻ കഴിയുക. എനിക്കതു പോരാ എന്നു ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പ്രയാസകരമായ അസൈൻമെന്റുകൾ ഏറ്റെടുത്തു. ഉയർന്ന ടാർഗറ്റുകൾ സ്വപ്നം കണ്ടു. പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരുന്നു. കംഫർട്ട് സോണുകൾ ഉപേക്ഷിക്കുക എന്നതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അപ്പോൾ മാത്രമേ കരിയറിൽ ഉയരങ്ങൾ നേടാനാകൂ. പുതിയ തലമുറ കംഫർട്ട് സോണുകൾക്കു പിന്നാലെയാണെന്നു തോന്നാറുണ്ട്. അവരോട് എന്റെ ജീവിതം പങ്കുവയ്ക്കണമെന്നു തോന്നി. അതാണ് ആത്മകഥ എഴുതാനുള്ള കാരണം.
∙രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള എസ്ബിഐയുടെ വളർച്ചകൂടി ആത്മകഥയിൽ വായിച്ചെടുക്കാമല്ലോ?
ഞാൻ ജോലി തുടങ്ങുമ്പോഴുള്ള എസ്ബിഐ അല്ല ഞാൻ പടിയിറങ്ങുമ്പോൾ. കസ്റ്റമേഴ്സിനോടുള്ള സമീപനം, ഡിജിറ്റൈസേഷൻ തുടങ്ങി ബാങ്കിങ് നയങ്ങളിൽവരെ ഒട്ടേറെ മാറ്റങ്ങൾ വന്നു. ഈ മാറ്റങ്ങൾക്കൊപ്പം നിൽക്കാനും ചില മാറ്റങ്ങൾക്കു തുടക്കമിടാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ ഒരു നല്ല ടീം പ്ലെയർ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ബാങ്കിങ് മേഖലയിൽ ഓരോ ഉദ്യോഗസ്ഥനും അനുഭവിക്കുന്ന മാനസിക സമ്മർദം ഏറെയാണ്. എന്റെ മാത്രമല്ല, എനിക്കൊപ്പം ജോലി ചെയ്ത ഒട്ടേറെപ്പേരുടെകൂടി കഥകളുണ്ട് എന്റെ ആത്മകഥയിൽ.
∙ സ്ത്രീകളുടെ കരിയറിനെ ഒരു ഘട്ടത്തിനപ്പുറം വളരാൻ അനുവദിക്കാത്ത ‘ഗ്ലാസ് സീലിങ്ങി’നെക്കുറിച്ച് പരാമർശിക്കുന്നുണ്ടല്ലോ. പുതിയ തലമുറയെയും ഇത്തരം വെല്ലുവിളികൾ കാത്തിരിക്കുന്നുണ്ടോ?
ഗ്ലാസ് സീലിങ് എന്ന വാക്കിൽ തന്നെ അതിനെ വേണമെങ്കിൽ തകർക്കാമെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെയും ചോയ്സ് ആണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കരിയറിൽ വെല്ലുവിളികളുണ്ട്. അവയെ നേരിട്ടു മുന്നോട്ടുപോകാനാണ് തീരുമാനിക്കുന്നതെങ്കിൽ സ്ത്രീകൾക്കും അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം. അതല്ല, കരിയറിൽ ഇത്രമതി, ബാക്കി എന്റെ കുടുംബജീവിതത്തിന്റെ സന്തോഷം കൊണ്ട് ഞാൻ കോംപ്രമൈസ് ചെയ്തോളാം എന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ട്. ഇത്തരം തീരുമാനങ്ങൾ തികച്ചും വ്യക്തിപരമാണ്. സന്തോഷമായിരിക്കുക എന്നതാണ് പ്രധാനം. ആ സന്തോഷം ചിലർ കരിയറിൽ കണ്ടെത്തുന്നു, ചിലർ സ്വകാര്യ ജീവിതത്തിലും. ചിലർ രണ്ടുംകൂടി ബാലൻസ് ചെയ്തുകൊണ്ടുപോകുന്നു. ആ ബാലൻസിങ് സ്ട്രാറ്റജിയിലാണ് കാര്യം.
∙ നിരന്തരം സ്ഥലം മാറ്റങ്ങൾ, ട്രെയിനിങ്ങുകൾ.. കുടുംബജീവിതത്തിലെ തിരക്കുകൾ? എങ്ങനെയായിരുന്നു ആ ബാലൻസിങ് സ്ട്രാറ്റജി?
ഭർത്താവിനാണ് ഇത്തരം തൊഴിൽസമ്മർദങ്ങളെങ്കിൽ ഭാര്യ ജോലി രാജിവച്ച് കുടുംബചുമതലകൾ ഏറ്റെടുക്കുന്നതാണ് പൊതുവിൽ കാണാറുള്ളത്. എന്റെ കുടുംബത്തിൽ ഈ കോംപ്രമൈസ് ചെയ്തത് എന്റെ ഭർത്താവാണ്. ഐഐടി ഖരഗ്പൂറിലെ പ്രഫസറായിരുന്നു ഭർത്താവ് പ്രതിമോയ് ഭട്ടാചാര്യ. എന്റെ തിരക്കുകളും യാത്രകളും കൂടി വന്നപ്പോൾ അദ്ദേഹം വീട്ടുകാര്യങ്ങൾ ഏറ്റെടുത്ത് തൽക്കാലത്തേക്കു ജോലി ഉപേക്ഷിച്ചു.
പിന്നീട് എല്ലാം സെറ്റിൽ ആയപ്പോൾ അദ്ദേഹം പുതിയ കമ്പനി തുടങ്ങി ജോലി തുടരുകയും ചെയ്തു. എല്ലാ കുടുംബങ്ങളിലും ഇതു പ്രായോഗികമാണോ എന്നറിയില്ല. പക്ഷേ, എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്താനുള്ള തുറന്ന മനോഭാവം ഉണ്ടാകുക എന്നതാണ് പ്രധാനം. ബാങ്കിങ് രംഗത്തുതന്നെ കരിയർ ബ്രേക്ക് വന്ന എത്രയോ പെൺകുട്ടികളുടെ സങ്കടം നേരിട്ടുകാണാൻ കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും നിസ്സാര കാര്യങ്ങളുടെ പേരിൽ ഉപേക്ഷിക്കാനുള്ളതല്ല പെൺകുട്ടികളുടെ കരിയർ സ്വപ്നങ്ങൾ എന്ന തിരിച്ചറിവ് കുടുംബത്തിലെ മറ്റുള്ളവർക്കുകൂടി വേണം.
∙പുതിയ തലമുറ പെൺകുട്ടികളോടു പറയാനുള്ളത്?
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണം, അവരെ ജോലിക്കു വിടണം എന്നതൊക്കെ വളരെ ശരിതന്നെ. പക്ഷേ, ഏറ്റവും അനിവാര്യം പെൺകുട്ടികൾക്കു സാമ്പത്തിക സ്വയംപര്യാപ്തത വേണമെന്നതാണ്. ബാങ്കിങ് രംഗത്ത് ഇത്രയും വർഷം പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിൽ പറയുന്നതാണ്. വിദ്യാഭ്യാസമുണ്ടായിട്ടും നല്ല ജോലിയുണ്ടായിട്ടും സ്വന്തം പഴ്സനൽ ഫിനാൻസ് പോലും കൈകാര്യം ചെയ്യാൻ അറിയില്ലാത്ത, അനുവാദമില്ലാത്ത എത്രയോ സ്ത്രീകളുണ്ട് നമ്മുടെ രാജ്യത്ത്. ഈ സ്ഥിതി മാറണം. രണ്ടാമതായി, ന്യൂജനറേഷൻ തൊഴിലിടങ്ങളെല്ലാം ജെൻഡർ ന്യൂട്രൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകൾക്കു മുന്നിലേക്കു കൂടുതൽ വാതിലുകൾ തുറന്നു കിട്ടുന്നു. അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം സമ്മർദങ്ങളെ നേരിടാൻകൂടി പുതുതലമുറ പ്രാപ്തരാകണം. ആരും നമുക്കു മുന്നിലൊരു റെഡ് കാർപ്പറ്റ് വിരിച്ചുതരുമെന്നു കരുതി കാത്തിരിക്കരുത്.
English Summary: 'Women need certain infrastructure but they are hesitant in demanding it,' says Arundhati Bhattacharya.