ADVERTISEMENT

ഭാസ്കരൻ മാസ്റ്റർ സ്വന്തമായി ഒരു ചിത്രം നിർമിക്കുന്നു. അതിനു ഞാൻ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. മാത്രമല്ല ,ആ ചിത്രത്തിലെ ഗാനങ്ങളിൽ പകുതി എഴുതാനുള്ള അവസരവും അദ്ദേഹം എനിക്കു തന്നിരിക്കുന്നു. പി.ഭാസ്കരൻ സംവിധാനം നിർവഹിച്ച അമ്മയെ കാണാൻ, തറവാട്ടമ്മ തുടങ്ങിയ ചില ചിത്രങ്ങളുടെ നിർമ്മാണത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോൾ തുടങ്ങുന്ന "സുചിത്രമഞ്ജരി " സ്വന്തം ഉടമസ്ഥതയിൽ ഉള്ളതാണ്.  

സിനിമയിലെ സ്വയം പ്രഖ്യാപിത യജമാനന്മാരിൽ നിന്ന് ഞാൻ അനുഭവിച്ച അപമാനത്തിന് കാലം എനിക്ക് നൽകുന്ന സാന്ത്വനമാകാം ഇത്. 

മലയാളസിനിമയിലെ ഏറ്റവും വലിയ ഗാനരചയിതാവും  സംവിധായകനുമായ പി.ഭാസ്കരൻ എന്നെ അംഗീകരിച്ചിരിക്കുന്നു. എന്റെ പാട്ടുകൾ ഹിറ്റുകളാകുന്നു. ഇനി ആരുടെ അംഗീകാരമാണ് എനിക്കു വേണ്ടത്.? ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കാൻ പാടില്ല. നിലവാരമുള്ളതും അതേ സമയം ഭൂരിപക്ഷം പ്രേക്ഷകരെയും ആകർഷിക്കുന്നതുമായ ഒരു കഥ എഴുതണം. അതു സംഗീതപ്രധാനമാകണം. ആ സിനിമ സാമ്പത്തികമായി വിജയിക്കണം. ഭാസ്കരൻ മാസ്റ്റർക്ക് ആ സിനിമയിൽനിന്നു നല്ല ലാഭം കിട്ടണം. എങ്കിലേ അദ്ദേഹം എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു സാധൂകരണം ലഭിക്കൂ. 

ഈ വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ വാസുസാർ പറഞ്ഞു. തമ്പി തൽക്കാലം ഗാനരചനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കൺസ്ട്രക്‌ഷൻ കമ്പനിയും മുമ്പോട്ടു കൊണ്ടുപോവുക. തമ്പി കൂടുതൽ തിരക്കഥകൾ എഴുതിയാൽ ഇപ്പോൾ സ്ഥിരമായി മലയാളത്തിൽ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരെല്ലാം തമ്പിയുടെ ശത്രുക്കളാകും. പിന്നെ അവർ തിരക്കഥയെഴുതുന്ന പടങ്ങളിൽ പാട്ടെഴുതാൻ തമ്പിയെ അനുവദിച്ചില്ലെന്നുവരും. വലിയവരെന്നു നമ്മൾ കരുതുന്ന പല കലാകാരന്മാരുടെയും മനസ്സ് വളരെ ചെറുതാണ്. ഒരു തിരക്കഥാകൃത്തോ  ക്യാമറാമാനോ സംവിധായകനായി മാറിയാൽ പിന്നെ അതുവരെ അവരെ കൂടെ നിർത്തിയിരുന്ന സംവിധായകർ മനസ്സുകൊണ്ടെങ്കിലും അവരുടെ ശത്രുക്കളാകും.  പിന്നെ  അവർ സ്വന്തം ചിത്രങ്ങളിൽ അവരെ സഹകരിപ്പിക്കില്ല. വേറെ എഴുത്തുകാരെയും ക്യാമറാമാന്മാരെയും അന്വേഷിക്കും. ഇപ്പോൾ തന്നെ ദേവരാജനും മറ്റും തമ്പിയെ ഇഷ്ടമല്ല. തമ്പിയുടെ പാട്ടുകൾ നല്ലതായതുകൊണ്ടു മാത്രം പിടിച്ചു നിൽക്കുന്നു. കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കണോ എന്നാണ് എന്റെ ചോദ്യം.

ഞാൻ വേദനയിലും ചിരിച്ചു.

കുട്ടിക്കാലം മുതലേ ഒരു കാര്യത്തിൽ ഞാൻ വളരെ റിച്ച് ആയിരുന്നു സാർ...ശത്രുക്കളുടെ കാര്യത്തിൽ. അവരെ ഭയന്നിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇവിടെ എത്തുമായിരുന്നില്ല. 

എന്താ തമ്പിയുടെ ലക്ഷ്യം. തുറന്നു പറയു.

എന്നെങ്കിലും ഞാൻ സ്വന്തമായി  ഒരു സിനിമ നിർമ്മിക്കും. അതു ഞാൻ തന്നെ സംവിധാനം ചെയ്യും. അപ്പോൾ എന്റെ സ്വന്തം പടത്തിന് എനിക്കു തിരക്കഥയും പാട്ടുകളും എഴുതാൻ കഴിയുമല്ലോ. ആരും എന്നെ എതിർക്കത്തില്ലല്ലോ 

വാസുസാർ കുറെനേരം എന്നെത്തന്നെ നോക്കിയിരുന്നു. പിന്നെ മെല്ലെ ചിരിച്ചു.. എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു

അസോഷ്യേറ്റഡ് പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വിതരണക്കമ്പനി തുടങ്ങാൻ ആലോചിക്കുമ്പോൾ എന്റെ പോക്കറ്റിലുണ്ടായിരുന്നത് ഒരു രൂപയുടെ ഒരു നോട്ട്. അവിടെ നിന്നാണ് ഞാൻ ഇവിടെ വരെ എത്തിയത്. തമ്പിക്കു സ്വന്തമായി ഒരു വിഷൻ ഉണ്ട്. ഞാൻ ഇനി ഒന്നിനും എതിരു പറയില്ല. ഗോ എഹെഡ്... 

വീട്ടിലേക്കു പോകുമ്പോൾ ഞാൻ എന്റെ ഗുരുനാഥനും ലക്ഷപ്രഭുവുമായ സുബ്രഹ്മണ്യംമുതലാളിയുടെ വാക്കുകൾ ഓർമ്മിച്ചു.

തമ്പി ഇപ്പോൾ ഈ കാണുന്നതെല്ലാം പത്തൊമ്പതു രൂപ പതിനാലണ "യിൽ നിന്നുണ്ടായതാണ്.. (ബിട്ടീഷ് ഭരണകാലത്ത് ഒരു രൂപ പതിനാറ് അണയായിരുന്നു)

അതെ. ചെറിയ തുടക്കങ്ങളിൽ നിന്നാണ് വലിയ നേട്ടങ്ങൾ ഉണ്ടാകുന്നത്. കഴിവും കഠിനപ്രയത്നവും ആത്മവിശ്വാസവും അത്യാവശ്യം തന്നെ; നമുക്കു നിയന്ത്രിക്കാൻ കഴിയാത്ത പ്രപഞ്ചശക്തിയുടെ അനുഗ്രഹവും വേണം. ചിലർ അതിനെ ഭാഗ്യം എന്ന് വിളിക്കുന്നു.

മൂടൽമഞ്ഞ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ വന്ന സുദിൻ മേനോൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം നാഴികക്കല്ല് ആയിരുന്നു. ഈ ചിത്രത്തിനു സംഭാഷണവും ഗാനങ്ങളും എഴുതാൻ ഇതിനിടെ എനിക്ക് അവസരം കിട്ടി. മൂടൽമഞ്ഞിന്റെ സംഗീതം ഉഷാഖന്നയുടേതായിരുന്നു. അതിനു ഭാസ്കരൻ മാസ്റ്ററാണ് പാട്ടുകൾ എഴുതിയത്. നാഴികക്കല്ലിന്റെ സംഗീതസംവിധായകൻ കാനുഘോഷ് ആയിരുന്നു. ബംഗാളിയായ അദ്ദേഹം ഹിന്ദിചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സലിൽ ചൗധരിയുടെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായിരുന്നു. മ്യൂസിക് ഡയറക്ടർ തരുന്ന ഈണത്തിന് അനുസരിച്ച് ആദ്യമായി ഞാൻ പാട്ടുകൾ എഴുതിയ ചിത്രം എന്ന പ്രത്യേകത  നാഴികക്കല്ല് എന്ന സിനിമയ്ക്കുണ്ട്. അങ്ങനെ ഞാൻ എഴുതിയ ആദ്യഗാനമാണ് നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം എന്നു തുടങ്ങുന്ന പാട്ട്. ജയചന്ദ്രനാണ് ഈ ഗാനം പാടിയത്  ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ ചുംബനമുന്തിരിപ്പൂവുണ്ടോ... എന്ന ഗാനവും എസ്. ജാനകി പാടിയ ചന്ദനത്തൊട്ടിൽ ഇല്ല, ചാമരത്തോട്ടിൽ ഇല്ല, ചെന്താമരക്കണ്ണനുണ്ണി വാവാവോ. എന്ന താരാട്ടും കമുകറ പുരുഷോത്തമൻ പാടിയ  കണ്ണീരിലല്ലേ ജനനം, കണ്ണീരിലല്ലേ മരണം ഈ മണ്ണിൽ.... എന്ന ഗാനവും കാനുഘോഷ് പാടിത്തന്ന ഈണം കേട്ടു ഞാൻ എഴുതിയവയാണ്. കൗമാരകാലത്തു ഹിന്ദിപാട്ടുകളുടെ ഈണത്തിൽ വരികൾ സൃഷ്ടിച്ച് സ്വയം പാടി നടക്കുമ്പോൾ അമ്മ ചോദിക്കുമായിരുന്നു.  എന്തൊക്കെയാടാ നീയൊണ്ടാക്കി പാടുന്നേ... ഈ സമയത്ത് നാലക്ഷരം പഠിച്ചൂടെ...? എന്ന്. അതും ഒരു വലിയ പഠനമായിരുന്നുവെന്ന് നാഴികകല്ലിലെ പാട്ടുകൾ പെട്ടെന്ന് എഴുതിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

ഭാസ്കരൻ മാസ്റ്റർക്കുവേണ്ടി ഞാൻ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ആദ്യചിത്രമായ  കാക്കത്തമ്പുരാട്ടി 1970 ഒക്ടോബർ ഒൻപതിന് കേരളത്തിലെ തിയറ്ററുകളിലെത്തി. അപ്പോഴേക്കും ഭാസ്കരൻ മാസ്റ്ററുടെ സ്വന്തം ചിത്രത്തിനുള്ള കഥ ഞാൻ എഴുതിക്കഴിഞ്ഞിരുന്നു. ഒരു  പിന്നണിഗായകന്റെ ഉയർച്ചതാഴ്ചകളുടെ കഥ പറയുന്ന ആ കഥയ്ക്കു വിലയ്ക്കു വാങ്ങിയ വീണ എന്ന് പേരു നൽകി. കാക്കത്തമ്പുരാട്ടിയിൽ പ്രേംനസീറും മധുവും നായകന്മാരായിരുന്നു. ശാരദയായിരുന്നു നായിക. വിലയ്ക്കു വാങ്ങിയ വീണ നായകപ്രാധാന്യമുള്ള കഥയായിരുന്നു. ഗായകനായതുകൊണ്ട് പ്രേംനസീർ തന്നെയാണ് ആ കഥാപാത്രത്തിന് യോജ്യനെന്നു ഭാസ്കരൻമാസ്റ്റർ പറഞ്ഞു. ഞാൻ അതിനോടു യോജിച്ചു. പ്രശസ്തി എന്തെന്നറിയാത്ത സാധാരണക്കാരനായ ഒരു ഗ്രാമീണഗായകനായിരുന്ന കാലത്ത് അയാളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന അയൽക്കാരിയായ കാമുകിയുടെ വേഷത്തിൽ ശാരദയെ നിശ്ചയിച്ചു. നായകന്റഫെ സഹോദരിയുടെ വേഷത്തിൽ കെപിഎസി ലളിതയും നായകന്റെ സുഹൃത്തിന്റെ വേഷത്തിൽ മധുവും വന്നു. സിനിമയിൽ അവസരം തേടി മദ്രാസിലെത്തുന്ന നായകൻ വളർച്ചയുടെ പടവുകൾ കയറിത്തുടങ്ങിയപ്പോൾ തന്നെ ഒരു സമ്പന്നകുടുംബം തന്ത്രപൂർവം അയാളെ വിലയ്‌ക്കെടുക്കുകയും അയാൾ ആ കുടുംബത്തിലെ യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്യുന്നു. ജയഭാരതിയാണ് ഈ ഭാഗം അഭിനയിച്ചത്. മദ്രാസിലേക്ക് യാത്ര ചെയ്യാൻ പണമില്ലാതെ വിഷമിക്കുമ്പോൾ തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഊരിക്കൊടുത്ത കാമുകിയെപ്പോലും അയാൾ മറക്കുന്നു. ക്രമേണ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും സ്വഭാവവുമായി പൊരുത്തപ്പെടാൻ കഴിയാതെ ഗായകൻ മദ്യപാനം തുടങ്ങുന്നു. സിനിമയിലെ പ്രശസ്തിയും പ്രതാപവും ശാശ്വതമല്ല. ഒരു പുതിയ ഗായകൻ രംഗത്തു വരുന്നു. മദ്യപാനിയായ പഴയ ഗായകനെ നിർമാതാക്കൾ അകറ്റാൻ തുടങ്ങുന്നു. പുതിയ ഗായകനു കൂടുതൽ അവസരങ്ങൾ കിട്ടുന്നു. അവിടെനിന്നു നായകന്റെ പതനം തുടങ്ങുന്നു. എന്റെ കഥയും സംഭാഷണവും ഭാസ്കരൻ മാസ്റ്റർക്ക് ഇഷ്ടമായി. ഒരുമിച്ച് ചർച്ച ചെയ്തു ഞങ്ങൾ തിരക്കഥയുടെ അന്തിമരൂപം തയാറാക്കി. ചിത്രത്തിൽ ഒൻപതു പാട്ടുകൾക്കുള്ള സന്ദർഭം ഞാൻ കണ്ടുപിടിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിലും ഒരു ഗാനമുണ്ട്. 

ക്ളൈമാക്സ് ഗാനം ഞാൻ എഴുതാം– ഭാസ്കരൻ മാസ്റ്റർ പറഞ്ഞു.

എന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഈ ഒൻപതു ഗാനങ്ങളിൽ പ്രധാനപ്പെട്ട എല്ലാ പാട്ടുകളും മാസ്റ്റർ തന്നെ എഴുതണം. എനിക്കു രണ്ടോമൂന്നോ പാട്ടുകൾ മതി.  

sreekumaran-thami-1
ശ്രീകുമാരൻ തമ്പി, 1971ലെ സംസ്ഥാന ചലച്ചിത്ര അവാർഡുമായി ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)

എന്നാൽ എനിക്കു 4 ഗാനങ്ങൾ എഴുതാൻ അദ്ദേഹം അവസരം നൽകി. 5 പാട്ടുകൾ മാസ്റ്റർ എഴുതി. പി. ഭാസ്കരൻ എഴുതിയ കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും  പാട്ടിന്റെ പാലാഴി തീർത്തവളേ... എന്ന ഗാനം അവിസ്മരണീയമായി. ചിത്രത്തിന്റെ അവസാനമുഹൂർത്തങ്ങൾക്ക് അസാധാരണമായ ശക്തി പകർന്നത് ആ പാട്ടു തന്നെയാണ്. ഇവിടെ ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാന ചാതുര്യത്തെയും സ്മരിക്കാതെ വയ്യ. പി.ഭാസ്കരൻ എഴുതിയ "ഇനിയുറങ്ങൂ...ഇനിയുറങ്ങൂ  മനതാരിൽ മലരിടും സ്വപ്നങ്ങളേ മാനവ വ്യാമോഹ പുഷ്‌പങ്ങളേ എന്ന താരാട്ടും ഉജ്ജ്വലമായി.  കളിയും ചിരിയും മാറി കൗമാരം വന്നു കേറി, ഏകാന്തജീവനിൽ ചിറകുകൾ മുളച്ചു, ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു, ഇന്നത്തെ രാത്രി ശിവരാത്രി, കയ്യും കയ്യും താളമടിക്കും, കണ്ണും കണ്ണും കഥ പറയും എന്നിവയാണ് ഭാസ്കരൻ മാസ്റ്റർ എഴുതിയ മറ്റു ഗാനങ്ങൾ. 

സുഖമെവിടെ ദുഃഖമെവിടെ

സ്വപ്‍നമരീചിക 

മാഞ്ഞുകഴിഞ്ഞാൽ

ആശയെവിടെ 

,നിരാശയെവിടെ....

 

അവൾ ചിരിച്ചാൽ മുത്തു ചിതറും

ആ മുത്തോ നക്ഷത്രമാകും

 

ദേവഗായകനെ ദൈവം ശപിച്ചു. 

ഭൂമിയിൽ വന്നവൻ യാചിച്ചു

 

ഇഴ നൊന്തു തകർന്നൊരു 

മണിവീണ ഞാൻ  

ഹൃദയത്തിൽ അപശ്രുതി മാത്രം 

എന്നീ നാലു പാട്ടുകളാണ് ഞാൻ എഴുതിയത്.

വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രം തീയേറ്ററുകളിൽ വൻവിജയം നേടി. അഖിലേന്ത്യാപ്രശസ്തരായ രാജശ്രീ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്  വിലയ്ക്കു വാങ്ങിയ വീണയുടെ വിതരണാവകാശം വാങ്ങിയത്.സൂപ്പർ ഹിറ്റ് ഗാനങ്ങൾ അടങ്ങിയ ദോസ്തി, സൽമാൻ ഖാന്റെ ആദ്യചിത്രമായ മേ നെ പ്യാർ കിയാ തുടങ്ങി ഒട്ടേറെ സിനിമകൾ നിർമിച്ചിട്ടുള്ള രാജശ്രീ വിലയ്ക്കു വാങ്ങിയ വീണ എന്ന കഥ ഹിന്ദിയിൽ സിനിമയാക്കാൻ തീരുമാനിച്ചു. 

കഥയുടെ അവകാശമെങ്ങനെയാ തമ്പീ എന്നു മാസ്റ്റർ എന്നോടു ചോദിച്ചു. ഞാൻ മാസ്റ്റർക്കു വേണ്ടി എഴുതിയ കഥ. മാസ്റ്ററുടെ ഇഷ്ടം പോലെ ചെയ്യാം എന്നായിരുന്നു എന്റെ മറുപടി. പി.ഭാസ്കരൻ തന്നെ ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യും എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അവർ തീരുമാനം മാറ്റിയോ എന്നറിയില്ല. എന്തായാലും ആ പ്രോജക്ട് നടന്നില്ല.  

ഭാസ്കരൻ മാസ്റ്ററുടെ ചിത്രത്തിൽ പ്രവർത്തിക്കുന്ന ഇതേ കാലഘട്ടത്തിലാണ് മലയാളിയും തെന്നിന്ത്യൻ സിനിമയിലെ ‘മെല്ലിശൈ മന്നനു’ മായ എം.എസ്.വിശ്വനാഥനുമായി ഒരുമിച്ചു പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചത്. റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ  ആദ്യഗാനത്തിന്റെ ആദ്യത്തെ ട്യൂൺ  കേട്ടപ്പോൾ തന്നെ തന്റെ അടുത്ത പത്തു പടം അർജുനനു കൊടുത്തേക്കാം എന്നു പറഞ്ഞ കെ.പി.കൊട്ടാരക്കര അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ‘രക്തപുഷ്പ’ത്തിന്റെ പാട്ടുകൾ ഒരുക്കുമ്പോൾത്തന്നെ അർജുനനുമായി മുഷിഞ്ഞു സംസാരിച്ചു. റസ്റ്റ് ഹൗസിലെ പോലെ തന്നെ മികച്ച ഈണങ്ങൾ രക്തപുഷ്പത്തിലുമുണ്ട്. സിന്ദൂരപ്പൊട്ടുതൊട്ട് ശൃംഗാരക്കയ്യും വീശി ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു.. , നീലക്കുട നിവർത്തി വാനം എനിക്കുവേണ്ടി, തക്കാളിപ്പഴക്കവിളിൽ ഒരു താമരമുത്തം, മലരമ്പനറിഞ്ഞില്ല, മധുമാസമറിഞ്ഞില്ല തുടങ്ങിയ പാട്ടുകൾ ഈ ചിത്രത്തിലുള്ളതാണ്. എനിക്കു തിരക്കായതുകൊണ്ട് ഒരു ദിവസത്തെ കംപോസിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്നാണ് കെ.പി.ചേട്ടൻ ഒരു പാട്ടിന് ഒട്ടേറെ ട്യൂൺ ഇട്ടിട്ടും ‘ശരിയായില്ല’ എന്നു പറഞ്ഞുകൊണ്ടിരുന്നത്. 

ഞാൻ ആരോടും കാര്യങ്ങൾ വെട്ടിത്തുറന്നു പറയും, അർജുനനുവേണ്ടിയും സംസാരിക്കും. എന്റെ ഭാഗം ന്യായീകരിക്കാൻ ഞാൻ ചിലപ്പോൾ ശബ്ദമുയർത്തിയെന്നിരിക്കും. എന്നാൽ, അർജുനൻ ശബ്ദമുയർത്തി ആരോടും ക്ഷോഭിച്ചു സംസാരിക്കയില്ല. അതുകൊണ്ട് അദ്ദേഹത്തിനു കോപം എന്ന വികാരമേ വരാറില്ലെന്നു ചിലർ പറയും, അതു ശരിയല്ല. അർജുനനും നല്ലതുപോലെ കോപം വരും . പക്ഷേ അദ്ദേഹം ആ കോപം പ്രകടിപ്പിക്കുന്നത് പ്രവൃത്തിയിലൂടെയായിരിക്കും. ഇതു നല്ല ട്യൂൺ ആണെന്ന് ഒരു പ്രാവശ്യം പറയും. പക്ഷേ എന്തുകൊണ്ട് നല്ല ട്യൂൺ എന്നു വാദിച്ചു ഫലിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറില്ല.  എനിക്ക് ഇത്രയൊക്കെയേ പറ്റൂ എന്നു പറഞ്ഞിട്ട് അദ്ദേഹം ഹാർമോണിയം അടയ്ക്കും. ഞാൻ അടുത്തുണ്ടെങ്കിൽ അർജുനൻ അടയ്ക്കുന്ന ഹാർമോണിയം ഞാൻ എന്റെ കൈകൊണ്ടു തുറക്കും എന്നിട്ട് അർജുനന്റെ കാതിൽ പറയും. ഒരേയൊരു ട്യൂൺ കൂടി ട്രൈ ചെയ്തു നോക്ക്.  

പിന്നെ അർജുനന്റെ ഭാഗത്തു നിന്ന് പ്രൊഡ്യൂസറോടും ഡയറക്ടറോടും ഞാൻ വാദിക്കും. നിർഭാഗ്യവശാൽ അന്നു ഞാൻ ഉണ്ടായില്ല. അതുകൊണ്ടാണ് അധികം സംസാരിക്കാതെ അർജുനൻ ഹാർമോണിയവുമെടുത്ത് സ്ഥലം വിട്ടത്. കെ.പി.കൊട്ടാരക്കരയുടെ അടുത്ത സിനിമ ലങ്കാദഹനമാണ്. ആ ചിത്രവും   മ്യൂസിക് ആക്‌ഷൻ -കോമഡി ഫോർമുല തന്നെ.  പാട്ടുകൾക്കാണ് പ്രാധാന്യം. ഞാൻ അർജുനനു വേണ്ടി വാദിച്ചെങ്കിലും കെ.പി.ചേട്ടൻ അടങ്ങിയില്ല.  അയാൾ ഹാർമോണിയവും കയ്യിലെടുത്ത് ഇറങ്ങിപ്പോയി എന്നെയും ശശികുമാറിനെയും അപമാനിച്ചു. ഈ പടത്തിനു മ്യൂസിക് ചെയ്യാൻ ഞാൻ എം.എസ്.വിശ്വനാഥനെ കൊണ്ടുവരും.

അതൊക്കെ നടക്കുന്ന കാര്യമാണോ ചേട്ടാ.? എം.എസ് വിശ്വനാഥന്റെ ഏറ്റവും ചെറിയ അസിസ്റ്റന്റ് പോലും ചേട്ടന്റെ ബഡ്ജറ്റിൽ ഒതുങ്ങുമോ.? 

ഞാൻ ചോദിച്ചു. കെ.പി.ചേട്ടനു ദേഷ്യം വന്നു.  

അവസരത്തിനൊത്ത് ഉയരാനും എനിക്കറിയാം. തമ്പി പാട്ടുകൾ എഴുതിക്കോ  എം.എസ്.വിശ്വനാഥൻ തന്നെ ലങ്കാദഹനത്തിന്റെ മ്യൂസിക് ഡയറക്ടർ.

എം.എസ്.വിശ്വനാഥൻ മലയാളസിനിമയിൽ വരുന്നത് പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ്. 1958ൽ ലില്ലി എന്ന ചിത്രത്തിൽ അദ്ദേഹം സംഗീതസംവിധായകനായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ടി.കെ.രാമമൂർത്തിയും ഉണ്ടായിരുന്നു. ആ ബന്ധം പിരിഞ്ഞു. ഇപ്പോൾ എം.എസ്.വിശ്വനാഥൻ തനിച്ചാണ്. തമിഴിൽ ഒരേ സമയം പതിനഞ്ചു സിനിമകളുടെ ജോലികൾ നടക്കുന്നു .അപ്പോൾ ഒരു മലയാളസിനിമയ്ക്കു വേണ്ടി സമയം ചെലവാക്കുന്നത് തമിഴ് നിർമാതാക്കൾക്ക് ഇഷ്ടപ്പെടുകയില്ല, അതുകൊണ്ടു മദ്രാസ്  വിട്ടു മറ്റെവിടെയെങ്കിലും പോയി ഗാനങ്ങളുടെ കംപോസിങ് നടത്താം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിർമാതാവും അതിനോട് യോജിച്ചു. സേലത്തിനടുത്തുള്ള  യേർക്കാട് എന്ന സുഖവാസ സ്ഥലത്ത് എം.എസ്. വിശ്വനാഥനു സ്വന്തമായി ഒരു ബംഗ്ലാവുണ്ട്. അദ്ദേഹത്തിന്റെ മക്കൾ യേർക്കാട്ട് സ്കൂളിൽ പഠിക്കുന്നു. കുട്ടികളെ നോക്കാനായി  എം.എസ്.വിശ്വനാഥന്റെ അമ്മ ജോലിക്കാരോടൊപ്പം ആ ബംഗ്ലാവിൽ താമസിക്കുന്നു.

നമുക്ക് യേർക്കാട്ടുള്ള എന്റെ വീട്ടിൽ താമസിച്ചു പാട്ടുകളുണ്ടാക്കാം. കവിയെയും പടത്തിന്റെ ഡയറക്ടറെയും കൂടെ കൊണ്ടുപോകാം . എന്റെ അസ്സിസ്റ്റന്റ്‌സും കൂടെയുണ്ടാവും " എം.എസ്.വി.പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞങ്ങൾ വിവിധ കാറുകളിൽ സംഘമായി യേർക്കാട്ടേക്കു യാത്ര തിരിച്ചു, എം.എസ്.വിശ്വനാഥനും സംഘവും മൂന്നു കാറുകളിലായി മുമ്പേ. കെ.പി.കൊട്ടാരക്കരയും ശശികുമാർസാറും ഞാനും പ്രൊഡക്‌ഷൻ മാനേജർ ഇ. കെ. ത്യാഗരാജനും അടങ്ങുന്ന കാർ പിമ്പേ. മുമ്പേപോകുന്ന കാറുകൾ ഇടയ്ക്ക് നിർത്തും. പിന്നാലെ വരുന്ന വണ്ടികൾ കൃത്യമായി പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഒരു സ്ഥലത്ത് നാല് കാറുകളും  നിലയുറപ്പിച്ചപ്പോൾ കെ.പി.ചേട്ടൻ പറഞ്ഞു. "തമ്പി വാ.ഞാൻ വിച്ചുവിനെ പരിചയപ്പെടുത്താം ."

അമിതമായ ആഹ്ലാദത്തോടെ ഞാൻ അദ്ദേഹത്തോടൊപ്പം എം.എസ്.വിശ്വനാഥന്റെ കാർ നിൽക്കുന്ന സ്ഥലത്തേക്ക് ഓടി. ഞാൻ എംഎസ്‌വിയെ തൊഴുതു. കെ.പി.ചേട്ടൻ എന്നെ പരിചയപ്പെടുത്തി.

ഇതു ശ്രീകുമാരൻ തമ്പി. ഇദ്ദേഹമാണ് പാട്ടെഴുതുന്നത്.  

എം.എസ്.വിശ്വനാഥൻ എന്നെ സൂക്ഷിച്ചു നോക്കി. ഒന്നും പറഞ്ഞില്ല. ഞാൻ അൽപം നിരാശയോടെ തിരിച്ചു ഞാൻ സഞ്ചരിക്കുന്ന കാറിൽ വന്നിരുന്നു. മടങ്ങി വന്നു കെ.പി.ചേട്ടൻ പറഞ്ഞു.

തമ്പിയെ കണ്ടിട്ട് വിച്ചുവിന് ഒരു സംശയം - ഇവനാലെ മുടിയുമാ..? എന്ന് എന്നോടു ചോദിച്ചു. പിന്നെ തമ്പി ആരാണെന്നും എന്താണെന്നുമൊക്കെ പറഞ്ഞുകൊടുക്കേണ്ടി വന്നു. 

ഇവനാലെ മുടിയുമാ?  എന്നാൽ ഇവനെക്കൊണ്ട്‌ പറ്റുമോ എന്നാണ് അർത്ഥം. അർജുനനെ ആദ്യമായി കണ്ടപ്പോൾ കെ.പി.കൊട്ടാരക്കര എന്നോടു ചോദിച്ച അതേ ചോദ്യം. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്ന് എനിക്ക് മുപ്പതു വയസ്സുണ്ടെങ്കിലും ഒരു കോളേജ് വിദ്യാർത്ഥിയുടെ ലക്ഷണമാണ്. ചെറിയ മുഖം, ചെറിയ ശരീരം.കറുത്തു മെലിഞ്ഞ ഒരു പയ്യൻ ഞങ്ങൾ അന്ന് ഹോട്ടലിൽ വിശ്രമിച്ചു. അടുത്ത ദിവസം രാവിലെ പാട്ടിന്റെ ജോലികൾ തുടങ്ങി. 

"ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ... എന്ന പാട്ടാണ് ഞാൻ ആദ്യം എഴുതിയത്. കടലാസിൽ നോക്കിആലോചിച്ച് അദ്ദേഹം ചോദിച്ചു. 

നാൻ മെട്ടു തന്നാൽ എഴുതാമോ ..? ഞാൻ ഈണം തന്നാൽ അതിനനുസരിച്ച് എഴുതാമോ...? എന്നാണ് ചോദ്യം. 

അപ്പോൾ ശശികുമാർസാർ പറഞ്ഞു. പാട്ട് എഴുതിയതിനു ശേഷം ഈണമിടുന്നതാ മലയാളത്തിലെ രീതി.

അപ്പോൾ എം.എസ്.വി.പറഞ്ഞു. 

ഞാൻ നാലാം ക്‌ളാസ് വരെയേ പഠിച്ചിട്ടൊള്ളു. എനിക്ക് മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്. എല്ലാം തമിഴ്‌മയമായിപ്പോയി. നീ ഒരു പേപ്പറില് നല്ല പെരിശാ എഴുതിക്കൊട്"  ഞാൻ വളരെ വലിയ അക്ഷരങ്ങളിൽ ആദ്യം പല്ലവി മാത്രം എഴുതിക്കൊടുത്തു.അക്ഷരങ്ങളുടെ വലുപ്പം കാരണം പല്ലവിയിലെ നാല് വരികൾ കൊണ്ട് ഒരു വലിയ പേപ്പർ നിറഞ്ഞു.വരികളുടെ അർത്ഥം ഞാൻ പറഞ്ഞുകൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖം വിടർന്നു. ആദ്യം അദ്ദേഹം പാടിയ ട്യൂൺ വളരെ സ്പീഡ് ഉള്ളതായിരുന്നു. അപ്പോൾ ദക്ഷിണാമൂർത്തിയുടെയും അർജുനന്റെയും ചില പാട്ടുകൾ ഞാൻ അദ്ദേഹത്തെ പാടിക്കേൾപ്പിച്ചു. ഞാൻ വിനയപൂർവ്വം അദ്ദേഹത്തോട് പറഞ്ഞു."രാഗഭാവത്തിനാണ് മലയാളത്തിൽ പ്രാധാന്യം." 

"അപ്പടിയാ..?' എന്ന് ചോദിച്ചിട്ട്,വരികൾ ഒന്നുകൂടി വായിക്കാൻ എന്നോടു     പറഞ്ഞു. പിന്നെ അദ്ദേഹം ശിവരഞ്ജിനി രാഗത്തിൽ പാടിയ പാട്ടാണ് ഇന്ന് നിങ്ങൾ കേൾക്കുന്നത് . പിന്നീട് അദ്ദേഹം ഈണമിട്ടതെല്ലാം അത്യുജ്വലമായി. ഒരു ജീനിയസ്സിനാൽ മാത്രം കഴിയുന്നത്. 

ഈശ്വരനൊരിക്കൽ 

വിരുന്നിനു പോയി 

രാജകൊട്ടാരത്തിൽ വിളിക്കാതെ 

 

തിരുവാഭരണം ചാർത്തിവിടർന്നു 

തിരുവാതിര നക്ഷത്രം. 

 

നക്ഷത്ര രാജ്യത്തെ 

നർത്തനശാലയിൽ 

രത്നം പൊഴിയുന്ന രാത്രി.

 

പഞ്ചവടിയിലെ മായാസീതയോ

പങ്കജമലർബാണമെയ്തു

സൂര്യനെന്നൊരു നക്ഷത്രം 

ഭൂമിയെന്നൊരു ഗോളം   

 

കിലുകിലെ ചിരിക്കുകെൻ ചിലങ്കകളേ.......... എന്നിങ്ങനെ ലങ്കാദഹനത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. വിലയ്ക്കുവാങ്ങിയ വീണയും  ലങ്കാദഹനവും 1971ൽ ആണ്  റിലീസ് ചെയ്തത്.  വിലയ്ക്കുവാങ്ങിയ വീണയിലെ സുഖമെവിടെ,ദുഃഖമെവിടെ,  സ്വപ്നമരീചിക മാഞ്ഞുകഴിഞ്ഞാൽ. എന്ന ഗാനത്തിനും  ലങ്കാദഹനത്തിലെ ഈശ്വരനൊരിക്കൽ വിരുന്നിനു പോയി  എന്ന ഗാനത്തിനും ചേർത്താണ് എനിക്കു മികച്ച ഗാനരചനയ്ക്കുള്ള  സംസ്ഥാന അവാർഡ് ലഭിച്ചത്. അതായത് ഞാൻ 11–ാം വയസ്സ് മുതൽ മനസ്സുകൊണ്ട് ഗുരുവായി സ്വീകരിച്ച പി.ഭാസ്കരൻമാസ്റ്റർ  സ്വന്തമായി നിർമ്മിച്ച ചിത്രത്തിനുവേണ്ടി ഞാൻ എഴുതിയ പാട്ടിനു പുരസ്കാരം. ഇതു തന്നെയല്ലേ ഏറ്റവും വലിയ ഗുരുപ്രസാദം. ?

English Summary: Sreekumaran Thampi special column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com