സരസ്വതിയും ലക്ഷ്മിയും: കണ്ണദാസന്റെ പ്രവചനം
Mail This Article
യേശുദാസിന്റെ അമ്മച്ചിയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് ഞാൻ അടുത്ത ദിവസം തന്നെ വിശ്വേട്ടനോടു പറഞ്ഞു. ‘യേശുദാസ് പാടാമെന്നു സമ്മതിച്ചു. വിശ്വേട്ടൻ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തെ റിക്കോർഡിങ് തീയറ്ററിൽ കൊണ്ടുവരാം. വിശ്വേട്ടന്റെ അറെയ്ഞ്ചർ വഴി വിളിക്കണമെന്നില്ല.’ വിശ്വേട്ടന്റെ മുഖത്ത് അപ്പോഴും തെളിച്ചമില്ല. കണ്ണുകളിൽ സംശയത്തിന്റെ മിന്നൽ. അദ്ദേഹം ചോദിച്ചു. ‘അവൻ കണ്ടിപ്പാ വരുമാ? അതോ നീ നിന്റെ മോഹം പറയുന്നോ? ’ ‘അല്ല ചേട്ടാ. തീർച്ചയായും വരും, യേശുവിനെ ഞാൻതന്നെ പോയി എന്റെ കാറിൽ കൊണ്ടുവരും.’
അൽപനേരം ആലോചിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു. ‘അവൻ പാടിയാൽ ഏതു പാട്ടും നന്നാവും. വന്നു പാടീട്ടു പോട്ടെ. എനിക്കൊരു വിരോധവുമില്ല. ഏതായാലും പൂജയുടെ ദിവസം ആദ്യമായി നമുക്ക് ആ നിമിഷത്തിന്റെ നിർവൃതിയിൽ എന്ന പാട്ടെടുക്കാം. അതാരാ പാടുന്നേ? ആരെങ്കിലും നിന്റെ മനസ്സിലുണ്ടോ ? ‘വിശ്വേട്ടന്റെ ട്യൂൺ കേട്ടപ്പോൾ എസ്.ജാനകി പാടിയാൽ നന്നാകുമെന്നു തോന്നി...’ അദ്‌ഭുതത്തോടെ അദ്ദേഹം എന്നെ നോക്കി. ‘ഉനക്ക് ഉള്ളം പടിക്ക തെരിയും. ഉനക്ക് സംഗീതവും പുരിയും. എസ്.ജാനകി തന്നെയാണ് എന്റെ മനസ്സിലും. കല്യാണിരാഗത്തിലാണ് ആ നിമിഷത്തിന്റെ നിർവൃതിയിൽ എന്ന ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കല്യാണിരാഗത്തിനു തുല്യമായി ഉത്തരേന്ത്യൻ സംഗീതത്തിൽ ഉള്ള രാഗത്തിനു യമൻ എന്നാണു പേര്. രണ്ടു രാഗങ്ങളും സ്വരസംവിധാനത്തിൽ സമാനമാണെങ്കിലും യമൻ രാഗത്തിന്റെ ആലാപനരീതിയിൽ ചില മാറ്റങ്ങളുണ്ട്. യഥാർഥത്തിൽ യമൻ ശൈലിയാണ് ആ പാട്ടിൽ വിശ്വേട്ടൻ കൊണ്ടുവന്നിട്ടുള്ളത്. അതു ജാനകിയുടെ ശബ്ദത്തിൽ കൂടുതൽ മെച്ചമായിരിക്കും എന്നാണു വിശ്വേട്ടന്റെ പക്ഷം.
‘രാവിലെ പൂജ കഴിഞ്ഞാൽ ആദ്യം ജാനകിയുടെ പാട്ട്. അതു കഴിഞ്ഞാൽ ‘രാജീവനയനേ നീയുറങ്ങു’ എന്ന പാട്ടെടുക്കാം. അതു ജയചന്ദ്രനു കൊടുക്കാം.’ ഞാൻ പറഞ്ഞു. വിശ്വേട്ടൻ സമ്മതിച്ചു. ഞാൻ വീണ്ടും യേശുദാസിനെ കണ്ടു. അദ്ദേഹം തെല്ലൊന്നു മയപ്പെട്ടിട്ടുണ്ട്. എങ്കിലും അത്ര സന്തോഷത്തിലല്ല. ‘തമ്പിയുടെ പൂജയുടെയന്നു ഞാൻ മദ്രാസിലില്ല. സിംഗപ്പൂരിൽ പ്രോഗ്രാമുണ്ട്. പാടുന്ന കാര്യം ഞാൻ തിരിച്ചുവന്നിട്ടു പറയാം.’ ഞാൻ അമ്മച്ചിയുടെ മുഖത്തു നോക്കി. അമ്മച്ചി ചിരിച്ചുകൊണ്ട് എന്നെ നോക്കി അനുകൂലഭാവത്തിൽ തല കുലുക്കി. അങ്ങനെ പൂജാദിവസം വന്നെത്തി.
എന്നെ അളവറ്റു സ്നേഹിക്കുകയും ചിലപ്പോൾ അച്ഛൻ മകനെയെന്നവണ്ണം കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന വാസുസാർ (ടി.ഇ. വാസുദേവൻ), പി.ഭാസ്കരൻ, ടി.എസ്.മുത്തയ്യ, കെ.പി.കൊട്ടാരക്കര, പി.ബാൽത്തസാർ, ദക്ഷിണാമൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, ബാബുക്ക എന്ന ബാബുരാജ് ,ആർ.കെ.ശേഖർ, അർജുനൻ, ഹരിഹരൻ തുടങ്ങിയവർ മാത്രമല്ല, എ.വിൻസന്റ്, എം.കൃഷ്ണൻ നായർ, ശശികുമാർ, എ.ബി.രാജ്, കെ.എസ്.സേതുമാധവൻ, ആർ.എസ്. പ്രഭു, പി.കെ.കൈമൾ (തിരുമേനി പിക്ചേഴ്സ്) ആർ.എസ്. ശ്രീനിവാസൻ, ആസംഭായി (സിനി ക്രാഫ്റ്റ്), പി.വി.സത്യം തുടങ്ങിയ ഗുരുതുല്യനായ സംവിധായകരും നിർമാതാക്കളും , എസ്.എൽ പുരം സദാനന്ദൻ, തോപ്പിൽ ഭാസി, വയലാർ രാമവർമ , ഡോ. പവിത്രൻ, ഡോ. ബാലകൃഷ്ണൻ തുടങ്ങിയ എഴുത്തുകാരും മദ്രാസിൽ താമസമാക്കിയിട്ടുള്ള എല്ലാ നടീനടന്മാരും ക്ഷണിതാക്കളിൽ ഉൾപ്പെട്ടിരുന്നു. ഗുരുതുല്യരായ എല്ലാവരെയും ഞാൻ നേരിട്ടു പോയി ക്ഷണിച്ചു.
തലേന്നാൾ സുബ്രഹ്മണ്യം മുതലാളി എന്നെ ഫോണിൽ വിളിച്ചു. ‘ഞാൻ പൂജയ്ക്കു വരുന്നില്ല. പക്ഷേ ഷൂട്ടിങ് തുടങ്ങുന്ന ദിവസം ഞാൻ മദ്രാസിലെ എന്റെ വീട്ടിൽ എത്തിയിരിക്കും.‘ യു ഹാവ് മൈ ബ്ലെസ്സിങ്സ് ആൾവേയ്സ്..’ അതിരാവിലെ ആർ.കെ. ശേഖർ വീട്ടിൽ വന്നു. കുറേ മധുരപലഹാരങ്ങളുമായിട്ടാണു ശേഖർ വന്നത്. ‘രാവിലെ എനിക്ക് ഒരു റീറിക്കോർഡിങ്ങുണ്ട്, അതുകൊണ്ട് ഞാൻ പൂജയ്ക്കു വരുന്നില്ല. അർജുനൻ നാട്ടിലാണ്.’
ലഡ്ഡുവും മറ്റും എന്റെ മക്കളുടെ കയ്യിൽ കൊടുത്തിട്ടു ശേഖർ പോയി. ശേഖറിനെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നുലഞ്ഞു. ആർ.കെ. ശേഖറില്ലാതെ എന്റെ വളരെ കുറച്ചു പാട്ടുകളുടെ റിക്കോർഡിങ് മാത്രമേ നടന്നിട്ടുള്ളൂ. ആദ്യകാലങ്ങളിൽ ദേവരാജന്റെയും ബാബുരാജിന്റെയും സഹായി ആർ.കെ.ശേഖർ തന്നെയായിരുന്നു. ഒരുപാട് ഹിറ്റുകൾ സൃഷ്ടിച്ചതിനു ശേഷമാണ് അവർ രണ്ടുപേരും സഹായിസ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റിയത്. എന്റെ ആദ്യസിനിമയ്ക്കു സംഗീതസംവിധാനം നിർവഹിക്കാൻ തയാറായി എം.എസ്.വിശ്വനാഥൻ മുന്നോട്ടു വന്നപ്പോൾ. അർജുനൻ, ശേഖർ, ദക്ഷിണാമൂർത്തിസ്വാമി, എം.എസ്.ബാബുരാജ് ഇവരെയെല്ലാം ഞാൻ മറന്നു; ചിത്രത്തിന്റെ വിതരണാവകാശത്തിൽ താൽപര്യം കാണിച്ച വിമലാ ഫിലിംസും ബാൽത്തസാറും എടുത്തു പറഞ്ഞത് എം.എസ്.വിശ്വനാഥന്റെ സാന്നിധ്യത്തെപ്പറ്റിയായിരുന്നു. ലങ്കാദഹനം എന്ന സിനിമയുടെ സാമ്പത്തികവിജയത്തിനു വിശ്വേട്ടന്റെ സംഗീതം വളരെ സഹായകമായി എന്നത് എല്ലാവർക്കും അറിയാം. നിർമാതാവിന്റെ തൊപ്പി തലയിൽ വരുമ്പോൾ പലരും മറ്റുള്ളവരുടെ കണ്ണിൽ നന്ദികെട്ടവരായി മാറും.
വിശ്വേട്ടന് അന്നുരാവിലെയും തമിഴ് പടത്തിന്റെ കംപോസിങ് ഉണ്ടായിരുന്നു. കണ്ണദാസനാണു പാട്ടെഴുതുന്നത്. തമ്പിയുടെ പടത്തിന്റെ പൂജയാണെന്നു വിശ്വേട്ടൻ പറഞ്ഞു. ‘യാര് , നമ്മ ചിന്നതമ്പിയാ ?’ എന്ന് കണ്ണദാസൻ ചോദിച്ചു.‘ ആമാം. നമ്മ കവിഞ്ജർ ശ്രീകുമാരൻ തമ്പി’ എന്നു വിശ്വേട്ടൻ. ‘അവൻ ചിന്നപ്പയ്യൻ താനേ... അതുക്കുള്ളെ പ്രൊഡ്യൂസർ ആയാച്ചാ? ’ എന്നു ചോദിച്ചു കണ്ണദാസനും എഴുന്നേറ്റു. കണ്ണദാസനും അദ്ദേഹത്തിന്റെ കാറിൽ വിശ്വേട്ടനെ പിന്തുടർന്നു.
വിശ്വേട്ടനോടൊപ്പം കയറി വന്ന കവി കണ്ണദാസനെ കണ്ടപ്പോൾ ഞാനാകെ അമ്പരന്നു. ഞാൻ ഓടിച്ചെന്ന് ആ പാദങ്ങളിൽ തൊട്ടുതൊഴുതു. എനിക്ക് ഹസ്തദാനം നൽകി എന്നെ മെല്ലെ ആ വലിയ ദേഹത്തോട് അടുപ്പിച്ച് ആ മഹാനായ കവി പറഞ്ഞു. ‘നീ എന്നെ കൂപ്പിടലെ... ആനാലും നാൻ വന്തിട്ടേൻ. എനക്ക് ഉങ്കിട്ടെ ഒരു വിഷയം അർജന്റാ പേശണം . മുതൽ പാട്ട് എടുത്തതുക്ക് അപ്പുറം പേശലാം.’ എന്താണ് ആ മഹാകവിക്ക് എന്നോട് പറയാനുള്ളത്..? ആദ്യത്തെ പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞു പറയാമെന്ന് !. എനിക്കു ജിജ്ഞാസയേറി ഞാനും വിശ്വേട്ടനും പാട്ടുകളൊരുക്കിക്കഴിഞ്ഞാൽ വിശ്വേട്ടന് ഇഷ്ടപ്പെട്ട പാട്ടുകളെപ്പറ്റി അദ്ദേഹം കണ്ണദാസനോടും കവി വാലിയോടുമൊക്കെ സംസാരിക്കും.
കണ്ണദാസൻ മദ്രാസ് മൗണ്ട് റോഡിലുള്ള സരസ്വതീ സ്റ്റോഴ്‌സിൽ നിന്നു മലയാളം പാട്ടുകളുടെ റിക്കോർഡുകളും വാങ്ങാറുണ്ട്. മലയാളം പാട്ടുകളും അദ്ദേഹം കേൾക്കും. വയലാറുമായി വളരെ അടുപ്പത്തിലാണ്. രണ്ടുപേരും ഒഴിവുള്ള സായാന്ഹങ്ങളിൽ ഒത്തുചേർന്നു മദ്യം കഴിക്കാറുണ്ട്. ഇതെല്ലാം എന്നോടു പറഞ്ഞത് കണ്ണദാസന്റെ മകൻ ഗാന്ധിയാണ്, ഗാന്ധി കുറച്ചുകാലം ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയിൽ (HMV) ഉദ്യോഗസ്ഥനായിരുന്നു. ഒരു ദിവസം ഗാന്ധി പറഞ്ഞു. രാത്രി വീട്ടിലെ ടെറസ്സിലിരുന്നു മദ്യപിച്ചു കഴിഞ്ഞാൽ അദ്ദേഹം ആകാശത്തു നോക്കി ഉച്ചത്തിൽ പാടാറുള്ളത് ഞാൻ എഴുതിയ പാട്ടാണ് എന്ന്. പാടിക്കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം മകൻ ഗാന്ധിയോട് പറഞ്ഞത്രേ. ‘വയസ്സില് എന്നൈവിടെ. റൊമ്പ ചിന്നവൻ. എവ്വളവ് അഴകാ എഴുതിയിരുക്കു. പാർ.’ കണ്ണദാസൻ ആകാശത്തു നോക്കി പാടുന്ന എന്റെ പാട്ട് മലയാളികൾ അത്രയ്ക്കൊന്നും താലോലിച്ചതല്ല. അതിന്റെ സംഗീതം എം.എസ്.വിശ്വനാഥന്റേതല്ല, ആർ.കെ.ശേഖറിന്റേതാണ്. യേശുദാസാണ് ഗായകൻ. പട്ടാഭിഷേകം എന്ന സിനിമയിൽ രാഘവൻ പാടിയഭിനയിച്ച ഗാനം.
‘ആകാശത്തിനു ഭ്രാന്ത് പിടിച്ചു
അന്നാദ്യം മാനത്തു മിന്നലുദിച്ചു
വെള്ളിടി വെട്ടി പേമാരി പെയ്തു
അങ്ങനെ ഭൂമിക്കും ഭ്രാന്തു പിടിച്ചു.
വസന്തത്തിൽ അവൾ പൊട്ടിച്ചിരിച്ചു
ഗ്രീഷ്മത്തിൽ അവൾ കത്തിയെരിഞ്ഞു
വർഷത്തിലോ മനം തേങ്ങിക്കരഞ്ഞു
ഹേമന്തത്തിൽ വീണ്ടും മന്ദഹസിച്ചു
പാവം ഭൂമി മുഴുഭ്രാന്തിയായി ’
ഈ വിഷയം അറിഞ്ഞപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ഇത്രയും വലിയ മഹാകവി എന്റെ ഗാനത്തെ പുകഴ്ത്തുന്നു. അദ്ദേഹം അതു പാടുന്നു. (ഗാന്ധി കണ്ണദാസൻ ഇപ്പോൾ കണ്ണദാസൻ പതിപ്പകത്തിന്റെ ഉടമസ്ഥനാണ്) മലയാളികളിൽ ചിലർ എന്നെ ചവിട്ടിത്താഴ്ത്താൻ പരിശ്രമിക്കുന്നു. തമിഴിലെ മഹാനായ കവി എന്നെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് എന്നെ നേരത്തേ അറിയാം.
എവിഎം സ്റ്റുഡിയോയുടെ ഉടമസ്ഥതയിലുള്ള സരസ്വതി സ്റ്റോഴ്‌സാണു ഗ്രാമഫോൺ റിക്കോർഡുകളുടെ പ്രധാന വിതരണക്കാർ. അവിടെ ഗ്രാമഫോൺ പ്ലെയറുകളും ലഭ്യമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുടെ റിക്കോർഡുകളും കൊളംബിയ ഇറക്കുന്ന റിക്കോർഡുകളും ഇവിടെ കിട്ടും. കൊളംബിയ എന്നു പറഞ്ഞാൽ ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്രനിർമാണ സ്ഥാപനമായ കൊളംബിയ പിക്‌ചേഴ്‌സിന്റെ ഓഡിയോ വിഭാഗമാണ്. ഞാൻ ആദ്യമായി പാട്ടെഴുതിയ കാട്ടുമല്ലിക എന്ന ചിത്രത്തിലെ ഗ്രാമഫോൺ ഡിസ്ക്കുകളുടെ കോംപ്ലിമെന്ററി കോപ്പികൾ വാങ്ങാൻ ഞാൻ സരസ്വതി സ്റ്റോഴ്‌സിൽ ചെന്നപ്പോൾ കവി കണ്ണദാസനും അവിടെയുണ്ടായിരുന്നു.
കാട്ടുമല്ലികയുടെ പാട്ടുകളുടെ ഡിസ്ക് കണ്ട് എന്റെ മനസ്സു തകർന്നുപോയി. അക്കാലത്തു ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി എന്ന പേരിലാണു ഞാൻ കഥയും കവിതയും എഴുതിയിരുന്നത്. കാട്ടുമല്ലികയുടെ ഡിസ്‌ക്കിൽ എന്റെ പേര് H.S. THAMPI എന്നാണു കൊടുത്തിരിക്കുന്നത്. ‘ എന്റെ പേര് ഇങ്ങനെ മാറ്റാൻ ആരു പറഞ്ഞു ? ഇങ്ങനെ ചുരുക്കിയെഴുതിയാൽ ആർക്കും മനസ്സിലാവുകയില്ല’ എന്നുപറഞ്ഞു ഞാൻ ബഹളമുണ്ടാക്കി. സരസ്വതി സ്റ്റോഴ്‌സിന്റെ മാനേജർ കണ്ണൻ നിസ്സഹായനായി നിന്നു. അദ്ദേഹം പറഞ്ഞു . ‘ഗ്രാമഫോൺ ഡിസ്ക്കിന്റെ മധ്യഭാഗത്തുള്ള വൃത്തം വളരെ ചെറുതാണ്. അവിടെ നിങ്ങളുടെ നീണ്ട പേര് അച്ചടിക്കാൻ സ്ഥലമില്ല. അതുകൊണ്ടാണ് H.S.THAMPI എന്ന് അടിച്ചത്. കൊൽക്കത്തയിലാണു ഡിസ്ക് പ്രിന്റ് ചെയ്യുന്നത്, ഞങ്ങൾക്കിതിൽ ഒരു പങ്കുമില്ല’ എന്റെ ഇരുപത്തിയാറാം വയസ്സിന്റെ അറിവില്ലായ്‌മ വീണ്ടും ശബ്ദമുയർത്തിയപ്പോൾ എന്റെ പ്രകടനം കൗതുകപൂർവം കണ്ടുനിന്ന കണ്ണദാസൻ എന്നെ അരികിലേക്കു വിളിച്ചു. എന്റെ തോളത്തു കൈ വച്ച് അദ്ദേഹം സംസാരിക്കാൻ തുടങ്ങി. എന്റെ നീണ്ട പേരിൽ നിന്നു നാടിന്റെ പേര് എടുത്തു കളയാൻ അദ്ദേഹം എന്നെ ഉപദേശിച്ചു.
ഞാൻ ഹരിപ്പാടിനു മാത്രം സ്വന്തമല്ല, കേരളത്തിന് മുഴുവൻ സ്വന്തം. പി.ഭാസ്കരൻ, വയലാർ, ഒഎൻവി. എല്ലാം ചെറിയ പേരുകൾ, വയലാറിന്റെ ഒരു പാട്ടിന്റെ ഡിസ്ക്കിലും വയലാർ രാമവർമ എന്ന മുഴുവൻ പേരും അച്ചടിച്ചിട്ടില്ല. അതുകൊണ്ട് ഇനി മുതൽ സിനിമയുടെ ടൈറ്റിലിലും ശ്രീകുമാരൻ തമ്പി എന്നു മാത്രം കൊടുത്താൽ മതി എന്ന് ആ മഹാനായ കവി എന്നെ ഉപദേശിച്ചു. കണ്ണദാസൻ എന്ന പേരിൽ അറിയപ്പെടുന്ന മഹാകവിയുടെ ശരിയായ പേര് എ.എൽ.നാരായണൻ ചെട്ടിയാർ എന്നാണ്.
അദ്ദേഹത്തിന്റെ ജനനസ്ഥലം കാരൈക്കുടിയാണ്. ദീർഘകാലം മദ്രാസിലെ ശാരദാ സ്റ്റുഡിയോയുടെ ഉടമസ്ഥനും അനേകം തമിഴ് സിനിമകളുടെ നിർമാതാവുമായ എ.എൽ. ശ്രീനിവാസൻ കണ്ണദാസന്റെ മൂത്ത സഹോദരനാണ്. ‘അന്നൈക്കിളി’ എന്ന സിനിമയിലൂടെ ഇളയരാജാ എന്ന സംഗീതസംവിധായകനെ അവതരിപ്പിച്ച നിർമാതാവും തമിഴിലെ മറ്റൊരു ഗാനരചയിതാവുമായ പഞ്ചുഅരുണാചലം കണ്ണദാസന്റെയും എ.എൽ.ശ്രീനിവാസന്റെയും അനന്തരവൻ ആണ്. അന്നു സരസ്വതി സ്റ്റോഴ്‌സിൽ വച്ചു പരിചയപ്പെട്ടതിനു ശേഷം മഹാകവി കണ്ണദാസൻ എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ഏതായാലും ചന്ദ്രകാന്തത്തിന്റെ പൂജ നടന്നു. ഞാൻ ക്ഷണിച്ചവരിൽ ചിലർ വന്നു. പല വലിയവരും അസാന്നിധ്യം കൊണ്ട് അവരുടെ മനോഭാവം അറിയിച്ചു. എസ്.ജാനകിയെ വിശ്വേട്ടൻ ആ നിമിഷത്തിന്റെ നിർവൃതിയിൽ എന്ന ഗാനം പഠിപ്പിക്കുമ്പോൾ ജയചന്ദ്രനും ഉണ്ടായിരുന്നു. ഈ പാട്ട് എടുത്തുകഴിഞ്ഞാൽ പിന്നെ റിക്കോർഡ് ചെയ്യുന്നത് ജയചന്ദ്രൻ പാടുന്ന രാജീവനയനേ നീയുറങ്ങൂ എന്ന ഗാനമാണ്. ഞാൻ പാട്ടുകൾ എഴുതിത്തുടങ്ങുന്ന കാലത്ത് റിക്കോർഡിങ്ങിനു മുമ്പ് ഗായകർക്ക് ഒരു പ്രത്യേക ഹാളിൽവച്ച് റിഹേഴ്‌സൽ ഉണ്ടായിരുന്നു. ഇപ്പോൾ റിക്കോർഡിങ്ങിനു തൊട്ടുമുമ്പ് അതേ തീയറ്ററിൽ വച്ചുള്ള റിഹേഴ്‌സൽ മാത്രമേ ഉള്ളൂ. ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി. എന്ന ഗാനം പാടാൻ വളരെ പ്രയാസമുള്ള പാട്ടാണ്. എങ്കിലും എസ്.ജാനകി അത് വളരെ പെട്ടെന്നു പഠിച്ചു. വിശ്വേട്ടൻ പഠിപ്പിച്ചതിനു ശേഷം എസ്.ജാനകിയെക്കൊണ്ടു വീണ്ടും വീണ്ടും പാടിച്ചു. ഓരോ പ്രാവശ്യം പാടുമ്പോഴും വിശ്വേട്ടൻ ജാനകിയെ അഭിനന്ദിച്ചുകൊണ്ടിരുന്നു.
യേശുദാസിനെപോലെയും പി.സുശീലയെ പോലെയുമുള്ള ഗായകർ സംഗീതസംവിധായകൻ പാട്ടിന്റെ ഈണം പറഞ്ഞുകൊടുക്കുമ്പോൾ വരികൾക്കു മേലേ സ്വരങ്ങൾ കുറിച്ചു വയ്ക്കും. എന്നാൽ എസ്.ജാനകി അതു ചെയ്യാറില്ല. സ്വരസ്ഥാനങ്ങൾ നോക്കി പാടാൻ എസ്.ജാനകിക്കു വശമില്ല. അവർ ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. ഏതു പാട്ടും കേട്ടാലുടൻ അതിന്റെ ഈണം വളരെ സൂക്ഷ്മമായി ശ്രുതിശുദ്ധിയോടുകൂടി അവരുടെ മനസ്സിൽ പതിയും. പ്രകൃതി നൽകിയ ഈ അപൂർവസിദ്ധി കൊണ്ടാണ് അവർ പാടാൻ വളരെ പ്രയാസമുള്ള പാട്ടുകളും വളരെ വേഗം പഠിക്കുന്നതും പാടുന്നതും.
വിശ്വേട്ടൻ ജാനകിയമ്മയ്ക്കു പാട്ട് പറഞ്ഞുകൊടുത്തിട്ട് അവർ ഈണം നന്നായി പഠിച്ചുകഴിഞ്ഞു എന്ന് ഉറപ്പു വന്നപ്പോൾ റിക്കോർഡിങ് റൂമിലേക്കു വന്നു. ഞാനും കവി കണ്ണദാസനും ജയചന്ദ്രനും അടുത്തടുത്തുള്ള കസേരകളിൽ ഇരിക്കുന്നു. ജാനകി പാടാൻ തുടങ്ങി. അവർ രണ്ടുവട്ടം പാട്ട് ഓർക്കസ്ട്രയോടൊപ്പം പാടിക്കഴിഞ്ഞപ്പോൾ വിശ്വേട്ടനു തൃപ്തിയായി. ‘ശരി. ടേക്ക് പോകലാം’ എന്നു പറഞ്ഞു. വിശ്വേട്ടനു നാലോ അഞ്ചോ സഹായിമാരുണ്ട്. ഹാളിൽ നിന്നുകൊണ്ട് അന്ന് ഓർക്കസ്ട്ര നിയന്ത്രിച്ചത് കൃഷ്ണമൂർത്തി എന്ന അസിസ്റ്റന്റ് ആണ്. എസ്.ജാനകി പാടുമ്പോൾ കണ്ണദാസൻ അദ്ദേഹത്തിനു മനസ്സിലാകാത്ത ചില വരികളുടെ അർഥം എന്നോടു ചോദിച്ചുകൊണ്ടിരുന്നു. എനിക്ക് അറിയാവുന്ന തമിഴിൽ ഞാൻ പാട്ടിലെ ആശയങ്ങൾ വിശദീകരിച്ചുകൊടുത്തു. പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞു.
എല്ലാവർക്കും കേൾക്കാൻ വേണ്ടി ഓകെ ആയ ടേക്ക് ഒന്നു രണ്ടു പ്രാവശ്യം പ്ലേ ചെയ്യും. ഓർക്കസ്ട്ര വാദകരും റിക്കോർഡിങ് റൂമിൽ വന്നു നിന്ന് അതു കേൾക്കും. എല്ലാവർക്കും പാട്ട് ഇഷ്ടമായി. ഒരിക്കൽക്കൂടി കേൾക്കണമെന്നു കണ്ണദാസൻ പറഞ്ഞു. ഒരിക്കൽക്കൂടി എല്ലാവരും പാട്ടുകേട്ടു. പിന്നെ ഗുരുതുല്യനായ ആ മഹാകവി എന്നോടുപറഞ്ഞു. ‘തമ്പീ, നീ വെളിയേ വാ. എനക്ക് ഉങ്കിട്ടെ കൊഞ്ചം പേശവേണ്ടിയിരുക്കു’. എവിഎം സ്റ്റുഡിയോയിലെ അഞ്ചു റിക്കോർഡിങ് തീയറ്ററുകളിൽ ഏറ്റവും പ്രധാനപ്പെട്ട തീയേറ്ററായ ആർ.ആർ. തിയറ്ററിനു വെളിയിൽ നടപ്പാതയിൽ വന്നു നിന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു.
അദ്ദേഹം മനോഹരമായ തമിഴിലും ഞാൻ എന്റെ മലയാളമണമുള്ള തമിഴിലും പറഞ്ഞ കാര്യങ്ങൾ ഞാൻ എന്റെ ഓർമയിൽ നിന്ന് ഇവിടെ മലയാളത്തിൽ പകർത്തുന്നു. അദ്ദേഹം പറഞ്ഞു തുടങ്ങി. ‘ഒരു കവിക്ക് മറ്റൊരു കവിയോടു തോന്നുന്ന അസൂയകൊണ്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത് എന്നു നിനക്കു തോന്നരുത്. തമ്പീ, നിന്റെ പേരിന്റെ അർഥംതന്നെ അനുജൻ എന്നാണ്. അല്ലെങ്കിലും നീയെനിക്ക് അനുജൻ തന്നെ. നിന്റെ പാട്ടിലെ പല വരികളും വിച്ചുവാണ് എന്നെ പാടി കേൾപ്പിച്ചിട്ടുള്ളത്. വിച്ചുവിന് നിന്നെ എത്രമാത്രം ഇഷ്ടമാണെന്നറിയാമോ?. എനിക്കും നിന്നോട് അത്രതന്നെ ഇഷ്ടമുണ്ട്. അതുകൊണ്ട് ഈ അണ്ണൻ തമ്പിയോടു പറയുന്നു. ഈ ഒരു പടത്തോടെ നീ പ്രൊഡക്‌ഷൻ നിർത്തണം. നിനക്ക് ആശ തോന്നി, ഒരു പടമെടുത്തു. അത്രതന്നെ വിട്ടേക്കൂ. നീ എഴുതിയ പല വരികളും കേട്ട എനിക്ക് ഉറപ്പുണ്ട്. നീ നല്ല കവിയാണ്. നിന്റെ കൂടെ സരസ്വതിയുണ്ട്. സരസ്വതിയുള്ള സ്ഥലത്ത് ലക്ഷ്മി വരില്ല. കവികൾക്ക് ഒരിക്കലും കച്ചവടത്തിൽ വിജയിക്കുക സാധ്യമല്ല എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇങ്ങനെ പറയുന്നത്. എ.എൽ.ശ്രീനിവാസൻ എന്റെ ജ്യേഷ്ടനാണെന്നു നിനക്കറിയാമല്ലോ. അദ്ദേഹം ഉപദേശിച്ചിട്ടും കേൾക്കാതെ ഞാൻ തമിഴിൽ എട്ടു സിനിമകൾ പ്രൊഡ്യൂസ് ചെയ്തു. ഞാൻ പാട്ടുകളെഴുതിക്കിട്ടിയ പണം കൊണ്ടു വാങ്ങിയ രണ്ടു വലിയ വീടുകളും വിറ്റു. ഇപ്പോഴും കടം തീർന്നിട്ടില്ല. ഇപ്പോൾ ഞാൻ വാടകവീട്ടിലാണു താമസിക്കുന്നത്. പാട്ടെഴുതിക്കിട്ടുന്ന പണത്തിൽ പാതിയും പലിശ കൊടുക്കാനാണ് ഉപയോഗിക്കുന്നത്. നീ ചെറുപ്പമാണ്. എനിക്ക് ജീവിതത്തിൽ പറ്റിയ തെറ്റ് നിനക്കു പറ്റരുത്.’ അദ്ദേഹം പറഞ്ഞു നിർത്തി.
അഹന്ത എത്ര വലിയ ബുദ്ധിമാനെയും ചിലപ്പോൾ വിഡ്ഢിയാക്കും. എന്റെ പ്രായക്കുറവിന്റെ അവിവേകം സംസാരിച്ചു. ഒട്ടും ബഹുമാനമില്ലാതെ ഞാൻ പറഞ്ഞു. ‘തുടർച്ചയായി പടങ്ങൾ പ്രൊഡ്യൂസ് ചെയ്യാൻ തന്നെയാ എന്റെ തീരുമാനം. അണ്ണന് രണ്ടു ഭാര്യമാരില്ലേ? അതുപോലെ ഞാൻ സരസ്വതിയെയും ലക്ഷ്മിയെയും രണ്ടു ഭാര്യമാരാക്കി ഒരാളെ എന്റെ വലതുവശത്തും മറ്റെയാളെ എന്റെ ഇടതുവശത്തും ഇരുത്തും.’ അരുണഗിരിനാഥരുടെയും തിരുജ്ഞാനസംബന്ധരുടെയും അവ്വൈയാരുടെയും ആണ്ടാളിന്റെയും പട്ടിണത്താരുടെയും അമൂല്യ ദർശനങ്ങൾ നിറഞ്ഞ മനസ്സിന്റെ പ്രകാശം ആ കണ്ണുകളിൽ തിളങ്ങി. അദ്ദേഹം അർഥഗർഭമായി ചിരിച്ചു. എന്റെ തോളത്തു തട്ടി സാവധാനമായി പറഞ്ഞു. ‘അസാധ്യം. എങ്കിലും നിന്റെ ധൈര്യത്തെ ഞാൻ വാഴ്ത്തുന്നു. സാധിക്കുമെങ്കിൽ നീ ചെയ്തുകാണിക്ക്. നീയങ്ങനെ ചെയ്തുകാണിച്ചാൽ പിന്നെ നീ എനിക്ക് അണ്ണൻ. ഞാൻ നിന്റെ തമ്പി.’ അങ്ങനെ പറഞ്ഞിട്ട് അദ്ദേഹം കാറിൽ കയറി യാത്രയായി.
ഇടവേള കഴിഞ്ഞാലുടൻ ജയചന്ദ്രൻ പാടുന്ന പാട്ടിന്റെ റിക്കോർഡിങ് ഉണ്ട്. ഞാൻ വീണ്ടും തീയറ്ററിൽ പ്രവേശിച്ചു.
റിക്കോർഡിങ് ഉള്ള ദിവസം ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് വീണ്ടും തീയറ്ററിൽ കയറുന്നതിനിടയിൽ വിശ്വേട്ടൻ ഒരു മണിക്കൂർ നേരം ചീട്ടു കളിക്കുന്ന പതിവുണ്ട്. ഞാനുള്ളപ്പോൾ എന്നെയും കളിക്കാൻ നിർബന്ധിക്കും. റമ്മിയാണു കളി. കയ്യിലെ ചീട്ട് എത്ര മോശമാണെങ്കിലും വിശ്വേട്ടൻ സ്കൂട്ട് ചെയ്യാറില്ല. അതുകൊണ്ട് സ്ഥിരമായി നഷ്ടംവരുന്നതു വിശ്വേട്ടനുതന്നെയായിരിക്കും. അതിൽ അദ്ദേഹത്തിന് ഒരു കുണ്ഠിതവുമില്ല.
വിശ്വേട്ടനോടൊപ്പം റമ്മി കളിച്ചപ്പോഴൊക്കെ ഞാൻ ധനവാനായിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടുകൂടി ജയചന്ദ്രൻ പാടുന്ന പാട്ടിന്റെ റിഹേഴ്സൽ തുടങ്ങി. കാപ്പി രാഗത്തിൽ വിശ്വേട്ടൻ ചിട്ടപ്പെടുത്തിയ ആ ഗാനം എല്ലാവർക്കും ഇഷ്ടമായി. ഭാര്യയെ ഉറക്കാൻ ഭർത്താവ് പാടുന്ന താരാട്ടാണ് അത്.
റസ്റ്റ് ഹൗസ് എന്ന സിനിമയിൽ അർജുനൻ എന്റെയൊരു പാട്ട് കാപ്പി രാഗത്തിൽ ചെയ്തിരുന്നു. അത് സൂപ്പർ ഹിറ്റ് ആയി. ‘യമുനേ യമുനേ പ്രേമയമുനേ യതികുലരതിദേവനെവിടെ’ എന്ന ഗാനം. ചന്ദ്രകാന്തത്തിൽ എം.എസ്.വിശ്വനാഥൻ കാപ്പിരാഗത്തിൽ എനിക്കു മറ്റൊരു നിധി തന്നു. രാജീവനയനേ. എന്നാരംഭിക്കുന്ന ജയചന്ദ്രൻ പാടിയ ഗാനം.
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ.
ആയിരം ചുംബനസ്മൃതിസുമങ്ങൾ
അധരത്തിൽ ചാർത്തി നീയുറങ്ങൂ.
English Summary: Karuppum veluppum mayavarnangalum, Sreekumaran Thampi column