28 വർഷം പഴക്കമുള്ള ‘ഫെയ്സ് ബുക്’ സ്റ്റോറി!
Mail This Article
‘ഡോക്ടർ...സുഖമായിരിക്കുന്നോ? ഇളയ മകന് ഇപ്പോൾ ഏഴു മാസമായി. ഞാനിപ്പോൾ മെറ്റേണിറ്റി ലീവിലാണ്’.
ഫോണിലൂടെ സന്ദീപ് കോർ സന്തോഷത്തോടെ പറഞ്ഞു. ഡോക്ടർ ഏബ്രഹാം തോമസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ന്യൂസീലൻഡിലെ വീട്ടിൽ ഉച്ചഭക്ഷണത്തിനുശേഷം ഇളയ മകനെ ഉറക്കിയ ശേഷമാണു മൂന്നരയോടെ സന്ദീപ് കോർ ഡോക്ടറെ വിളിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ അപ്പോൾ സമയം രാവിലെ 9. ഡോക്ടർ ക്യാബിനിലെ കസേരയിൽ ജോലിക്കായി വന്നിരുന്നതേയുള്ളു. അത്യപൂർവമായ ഒരു അതിജീവനത്തിന്റെ കഥയാണ് ഈ ഫോൺകോളിനു പിന്നിലുള്ളത്.
മുഖം മറച്ചുനടക്കുന്നതിനാൽ മറ്റാരും നമ്മളെ തിരിച്ചറിയാത്തതിന്റെ വിഷമമെന്താണെന്ന് ഈ കോവിഡ് കാലം നമ്മെ പഠിപ്പിച്ചതാണ്. എന്നാൽ 28 വർഷം മുൻപ് സ്വന്തം മുഖം നഷ്ടപ്പെട്ട ഒരു പെൺകുട്ടിക്ക് മുഖം തിരിച്ചു നൽകുകയും അവളെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്തുകയും ചെയ്ത ഒരു ഡോക്ടറുടെ കൂടി കഥയാണിത്. ലോകത്തുതന്നെ ആദ്യത്തെ വിജയകരമായി പൂർണ മുഖം തുന്നിപ്പിടിപ്പിക്കൽ ശസ്ത്രക്രിയയെന്ന വിശേഷണത്തോടെയാണു ഗിന്നസ് ബുക്കിൽ ഡോ. ഏബ്രഹാം തോമസിന്റെയും പഞ്ചാബി പെൺകുട്ടി സന്ദീപ് കോറിന്റെയും പേരു രേഖപ്പെടുത്തിയത്.
28 വർഷം മുൻപ് ഒരുച്ചയ്ക്ക്..
1994 ജൂലൈ 23 ഉച്ചയ്ക്ക് മൂന്നുമണി. പഞ്ചാബി പെൺകുട്ടി സന്ദീപ് കോറിന്റെ ജീവിതം മാറ്റിമറിച്ച ദിവസം. ഡോ. ഏബ്രഹാം തോമസിനും ആ ദിവസം മറക്കാനാവില്ല. ആയിടെയാണ് ഏബ്രഹാം തോമസ് ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽകോളജ് ആശുപത്രിയുടെ പ്രിൻസിപ്പലായി ചുമതലയേറ്റത്. അന്നദ്ദേഹത്തിന് 44 വയസ്സ്.
പഞ്ചാബിലെ മലേർകോട്‌ലയിൽ ചാക്ക് ശേഖുപുര ഗ്രാമത്തിലാണു സന്ദീപ്കോറിന്റെ വീട്. കൃഷിയിടത്തോടു ചേർന്നുള്ള വീടാണ്. ഏക്കറുകണക്കിനു ഗോതമ്പുപാടങ്ങളിൽ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണു പഞ്ചാബിലെ ഭൂരിപക്ഷം കുടുംബങ്ങൾ. വീട്ടുമുറ്റത്ത് വൈക്കോൽ അരിയുന്ന യന്ത്രത്തിന്റെ ശബ്ദം മാത്രമാണ് ഉയർന്നുകേൾക്കുന്നത്. യന്ത്രത്തിനു തൊട്ടടുത്ത് സന്ദീപ് കോറും സഹോദരിയും കളിച്ചുകൊണ്ടിരുന്നു. യന്ത്രം പ്രവർത്തിപ്പിക്കാൻ മിടുക്കിയാണ് ഒൻപതു വയസ്സുകാരിയ സന്ദീപ് കോർ. യന്ത്രത്തിന്റെ വേഗം നിയന്ത്രിക്കുന്ന കൈപ്പിടി അവൾ വിദഗ്ധമായി തിരിക്കാറുമുണ്ട്. പക്ഷേ ഒരു നിമിഷത്തെ അശ്രദ്ധ. സന്ദീപിന്റെ പാറിപ്പറന്ന നീണ്ട മുടി യന്ത്രത്തിനകത്തു കുരുങ്ങി. യന്ത്രം മുടിയൊന്നടങ്കം ശക്തമായി വലിച്ചെടുത്തു. ഒന്നോ രണ്ടോ സെക്കൻഡ് മാത്രമേയെടുത്തുള്ളൂ. മുടിക്കൊപ്പം മുഖത്തെ ചർമം ഒരു പാളിപോലെ തലയോട്ടിയിൽനിന്നു വലിച്ചുപറിച്ചെടുത്തു. സന്ദീപിന് ആ സമയത്ത് വേദനയൊന്നും അനുഭവപ്പെട്ടില്ല. ആകെ തരിച്ചുപോയിരുന്നു. തൊട്ടപ്പുറത്ത് എതിർദിശയിലേക്കു തിരിഞ്ഞിരുന്ന് ജോലി ചെയ്യുകയായിരുന്ന അമ്മയുടെ പിറകിൽച്ചെന്ന് അവൾ തട്ടിവിളിച്ചു ചോദിച്ചു:
‘മുമ്മാ.. മേയ്നു കി ഹോയാ ഹേ?’’ ( അമ്മേ, എനിക്കെന്താ പറ്റിയത്?)
തിരിഞ്ഞുനോക്കിയ അമ്മ മകളുടെ ചോരയിൽ മുങ്ങിയ ത്വക്കില്ലാത്ത മുഖംകണ്ടു ഭയത്തോടെ അലറി വിളിച്ചു. കണ്ണുകൾക്കു പോളകളില്ല. മൂക്കിന്റെ ഭാഗത്ത് രണ്ടു ദ്വാരങ്ങൾ മാത്രം. പല്ലും മോണയും പൂർണമായും പുറത്തുകാണാം.
ജീവനോളം വിലപ്പെട്ട നിമിഷങ്ങൾ
അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടി. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. അയൽവാസികളിലൊരാൾ സന്ദീപിന്റെ കീറിപ്പോയ മുഖം സൂക്ഷ്മതയോടെ എടുത്തുവച്ചു. ഗ്രാമത്തിലെ ഡോക്ടർ ഹർജീന്ദർസിങ് തന്റെ ജീപ്പിൽ പതിനഞ്ച് മിനിറ്റുകൊണ്ട് സന്ദീപിനെ മലേർകോട്ട സിവിൽ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെ ഡോക്ടർമാർ സന്ദീപിനെക്കണ്ട് ഒരുനിമിഷം ആശങ്കയിലായി. പിന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു. കീറിപ്പറിഞ്ഞുപോയ ത്വക്ക് ഉടനെ ആശുപത്രിയിലേക്കു കൊണ്ടുവരാൻ ബന്ധുക്കളോടു പറഞ്ഞു. സന്ദീപിന്റെ മുത്തച്ഛൻ അവതാർസിങ് തിരികെ ഗ്രാമത്തിലേക്കുപോയി. രണ്ടു കഷണങ്ങളും ഒരു പോളിത്തീൻ ബാഗിലാക്കി കൊണ്ടുവന്നു. ഡോക്ടർമാർ ഈ ത്വക്ക് ഐസ്ബാഗുകളിൽ വച്ചശേഷം സന്ദീപിനെ ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു.
അവിടെയെത്തിയപ്പോൾ സമയം രാത്രി ഏഴുമണിയോടടുത്തു. ഡോക്ടർ ഏബ്രഹാം തോമസ് ആശുപത്രിയിലെ ജോലി കഴിഞ്ഞു ക്വാർട്ടേഴ്സിലേക്കു പോയിരുന്നു. ‘മുഖം നഷ്ടപ്പെട്ട ഒരു കുട്ടി വന്നിട്ടുണ്ട്. എന്താണു ചെയ്യേണ്ടത്’ എന്നു ചോദിച്ച് ക്വാർട്ടേഴ്സിലേക്കു ഫോൺ. അദ്ദേഹം തിരികെ ഓടിയെത്തി.
വേർപെട്ടുപോയ ഒരു മുഖം തിരികെ തുന്നിപ്പിടിപ്പിച്ചു വിജയിച്ചതായി അതുവരെ കേട്ടിട്ടില്ല. ആദ്യം മറ്റേതെങ്കിലും ഭാഗത്തുനിന്നു തൊലിയെടുത്തു തുന്നിപ്പിടിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. എന്നാൽ മുഖത്തിന്റെ വൈരൂപ്യം ഒരിക്കലും മാറില്ല. ഒൻപതു വയസ്സുമാത്രമുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ ഒരു ജീവിതകാലം നീണ്ടുനിവർന്നു കിടക്കുകയാണ്. വിട്ടുപോയ ത്വക്ക് തിരികെ പിടിപ്പിക്കാൻ തന്നെ ഡോ. ഏബ്രഹാം തോമസ് തീരുമാനിച്ചു. അപ്പോൾ താൻ ചരിത്രം രചിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല.
ജീവിതത്തിലേക്കു തിരികെ
സമയം രാത്രി എട്ടര. മൂന്നു കഷണങ്ങളായാണു മുഖപാളി മുറിഞ്ഞുപോയിരുന്നത്. തലയുടെ ആവരണം രണ്ടു കഷണങ്ങളായിപ്പോയിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയ ഏബ്രഹാം തോമസ് ശസ്ത്രക്രിയ തുടങ്ങി. മുഖത്ത് മുറിഞ്ഞുപോയ അതിസൂക്ഷ്മ ഞരമ്പുകൾ യോജിപ്പിച്ചു. തൊലി കഴിയുന്നത്ര പഴതുപോലെ തുന്നിച്ചേർത്തു. ആ ശസ്ത്രക്രിയ പത്തുമണിക്കൂറോളം നീണ്ടു. മുഖം തുന്നിച്ചേർക്കൽ ശസ്ത്രക്രിയയുടെ ചരിത്രത്തിലെ നാഴികക്കല്ലായി ആ ദിവസം മാറി.
പിന്നീട് രണ്ടു വർഷം കഴിഞ്ഞാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ സമാനമായ ഒരു ശസ്ത്രക്രിയ നടന്നത്. പിന്നെയും അനേകം വർഷങ്ങൾ കഴിഞ്ഞ് ഫ്രാൻസിൽ ഭാഗികമായ മുഖം തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടന്നു. 2010 ൽ സ്പെയിനിലാണ് പൂർണമായ ഒരു മുഖം തിരികെ തുന്നിച്ചേർത്ത ശസ്ത്രക്രിയ നടന്നത്. 1997 ജൂണിലാണ് ജോൺ ട്രവോൾടയെയും നികോളാസ് കേജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘ഫെയ്സ് ഓഫ്’ എന്ന സിനിമ ഇറങ്ങിയത്. മുഖം തിരികെ പിടിപ്പിക്കുന്ന ശസ്ത്രക്രിയയെക്കുറിച്ചു ലോകം ചിന്തിച്ചുതുടങ്ങിയതിനു മുൻപേ സന്ദീപിന്റെ മുഖം ഡോ.ഏബ്രഹാം തോമസ് തുന്നിച്ചേർത്തിരുന്നു.
അതിജീവനപാതയിൽ കരുത്തോടെ
ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യത്തെ 45 ദിവസം സന്ദീപിനു സംസാരിക്കാനോ കണ്ണുതുറക്കാനോ കഴിയുമായിരുന്നില്ല. മുഖം മുഴുവൻ തുന്നലുകൾ. 1994 ഒക്ടോബറിൽ സംസാരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടര മാസത്തിനു ശേഷമാണു സന്ദീപ് ആശുപത്രി വിട്ടത്. നാലാം ക്ലാസിലേക്കു തിരികെയെത്തി. അടുത്ത പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി സ്കൂളിൽ ഒന്നാമതെത്തി. മുഖത്തിന്റെ ആകൃതി കൃത്യമാക്കിയെടുക്കാനും പാടുകൾ നീക്കാനുമായി പലപല തവണയായി ആറ് വലിയ ശസ്ത്രക്രിയകൾ. ഒട്ടേറെ ചെറിയ ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. പഠനവും ആശുപത്രിയുമായി ജീവിതം മുന്നോട്ടുപോയി. പ്ലസ്ടു പഠനം കഴിഞ്ഞപ്പോൾ നഴ്സിങ് പഠിക്കാനായിരുന്നു സന്ദീപിന്റെ ആഗ്രഹം.
ആതുരസേവനത്തിലേക്ക്
ജീവിതത്തിൽ എന്തു തീരുമാനമെടുക്കാനും സന്ദീപ് ആദ്യം ഫോൺ ചെയ്യുക ഡോ. ഏബ്രഹാം തോമസിനെയാണ്. അത്തവണയും സന്ദീപ് ഡോക്ടറെ വിളിച്ചു. നഴ്സിങ് പഠിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. മെഡിക്കൽ കോളജിൽ ആദ്യബാച്ച് നഴ്സിങ് പഠനം തുടങ്ങാനിരിക്കുകയായിരുന്നു. ആ ബാച്ചിൽ സന്ദീപിനു പ്രവേശനം ലഭിച്ചു. ഡോക്ടർ പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രിൻസിപ്പലായി സ്ഥലംമാറി വന്നു. അപ്പോൾ സന്ദീപിനും അവിടെ നഴ്സിങ് പഠനത്തിനു പ്രവേശനം ശരിയാക്കി. തുടർശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുമുള്ള സൗകര്യം പരിഗണിച്ചായിരുന്നു ആ തീരുമാനം.
2008ൽ അദ്ദേഹം തിരികെ ക്രിസ്ത്യൻ മെഡിക്കൽകോളജ് ആശുപത്രിയിൽ ഡയറക്ടറായെത്തി. 2009ൽ സന്ദീപ് നഴ്സിങ് പഠനം പൂർത്തിയാക്കിയശേഷം ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലിക്കുചേർന്നു. താൻ ജീവിതത്തിന്റെ നല്ലൊരുഭാഗം ശസ്ത്രക്രിയകൾക്കായി കഴിച്ചുകൂട്ടിയ അതേ വാർഡുകളിലൂടെ രോഗികൾക്ക് ആശ്വാസമേകി സന്ദീപ് കോർ ഓടിനടന്നു.
വിവാഹം, കുടുംബം
വിവാഹപ്രായമായതോടെ വീട്ടുകാർ കല്യാണത്തെക്കുറിച്ചു സംസാരിച്ചുതുടങ്ങി. എന്നാൽ താൻ കല്യാണം കഴിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സന്ദീപ് സംശയത്തിലായിരുന്നു. കുടുംബത്തിനും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സന്ദീപും കുടുംബവും ഡോക്ടറെ വിളിച്ചു.
പത്രപ്പരസ്യത്തിലൂടെയാണു ഗുർപ്രീത് സിങ് എന്ന യുവാവിനെ കുടുംബം കണ്ടെത്തിയത്. സന്ദീപിന്റെ അപകടത്തെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചുമൊക്കെ ബന്ധുക്കൾ ഗുർപ്രീതിനോടു സംസാരിച്ചു. ഡോ.ഏബ്രഹാം തോമസും ഗുർപ്രീതുമായി സംസാരിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ ഡോ. ഏബ്രഹാം തോമസിനൊപ്പം ആ ശസ്ത്രക്രിയയിൽ പങ്കെടുത്ത എല്ലാ ഡോക്ടർമാരും എത്തിയിരുന്നു. ഹരിയാനയിലെ ബർവാലയിലാണു ഗുർപ്രീത് ജോലി ചെയ്തിരുന്നത്. 2014ൽ അദ്ദേഹം ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറായി ചേർന്നു.
ന്യൂസീലൻഡിലേക്ക്
2016 ൽ സന്ദീപിനും ഗുർപ്രീതിനും ആദ്യത്തെ മകൻ ജനിച്ചു. നാലുവർഷം മുൻപ് കുടുംബം ന്യൂസിലൻഡിലേക്കു ചേക്കേറി. അവിടെ വൈദ്യുതിവകുപ്പിൽ എൻജിനീയറാണു ഗുർപ്രീത് ഇപ്പോൾ. സന്ദീപ് ന്യൂസീലൻഡിൽ റജിസ്ട്രേഡ് നഴ്സായി ജോലി ചെയ്തുവരികയാണ്. മൂത്തമകൻ അർവീൻ സിങ്ങിന് ആറു വയസ്സായി. ഇളയമകൻ അമിതോജ് സിങ്ങിന് ഏഴു മാസം. ന്യൂസീലൻഡിലെ പ്രസവാവധി ഒരു വർഷമാണ്. മക്കൾക്കൊപ്പം കളിച്ചുചിരിച്ചു ജീവിതം മുന്നോട്ടുപോവുന്നതിന്റെ ത്രില്ലിലാണ് സന്ദീപ്.
ഓരോ വിളിയും കാതോർത്ത്
അനേകമനേകം ആരോഗ്യ സ്ഥാപനങ്ങളുടെ തലവനായിരുന്ന ശേഷം അടുത്തകാലത്താണ് ഡോ.ഏബ്രഹാം തോമസ് ജന്മനാട്ടിലേക്കു തിരികെവന്നത്. ഭാര്യ റബേക്കയ്ക്കൊപ്പം കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ഗ്രേസ് വില്ലയിലാണ് ഇപ്പോൾ താമസിക്കുന്നത്. മൂത്തമകൻ വിനീത് വിജയവാഡയിലെ മെഡിക്കൽ ഇൻസ്റ്റിററ്റ്യൂട്ടിൽ അസ്ഥിരോഗ വിഭാഗത്തിൽ അഡീ. പ്രഫസറാണ്. ഇളയമകൻ വിജു ഓസ്ട്രേലിയയിൽ കാർഡിയാക് സർജൻ. അന്നത്തെ നാൽപത്തിനാലുകാരന് ഇന്നു പ്രായം 72 കഴിഞ്ഞു.
കുണ്ടൂപ്പറമ്പിലുള്ള മെയ്ത്ര ആശുപത്രിയിൽ കൺസൽട്ടന്റ് പ്ലാസ്റ്റിക് സർജനായി ആഴ്ചയിൽ ആറുദിവസവും അദ്ദേഹം കർമനിരതനാണ്. ഈ പ്രായത്തിലും വീട്ടിൽനിന്ന് 32 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് എന്നും രാവിലെ ഒൻപതു മണിക്ക് ആശുപത്രിയിലെത്തുന്നത്.ജീവിതം സ്വച്ഛമായൊഴുകുകയാണ്, വിധിക്കു മുന്നിൽ തോറ്റുകൊടുക്കാതെ.
സന്ദീപ് കോർ ഫോണിലുണ്ട്. പുഞ്ചിരിച്ചുകൊണ്ട് സന്ദീപ് കൈവീശി കാണിച്ചു: ‘എന്നാൽ ശരി, ഡോക്ടറേ... മോൻ ഉണരാറായി. ഞാൻ പിന്നെ വിളിക്കാം...’
Content Highlight: World’s first full-face replant surgery, Sandeep Kaur, Dr. Abraham Thomas