പൊട്ടക്കലവും ഫലദായകമാകാം
Mail This Article
ഒരു ജോലിക്കാരൻ ദിവസവും തന്റെ യജമാനന്റെ വീടിനു സമീപത്തുള്ള അരുവിയിൽ നിന്നു വെള്ളം എത്തിക്കുമായിരുന്നു. ഒരു തണ്ടിന്റെ രണ്ടറ്റത്തും ഓരോ കുടം തൂക്കിയാണു വെള്ളം കൊണ്ടു വരിക. ആ കോൽ ഒരു തോളിൽ മാത്രം വയ്ക്കാതെ ഇരുതോളിലുമായി വിലങ്ങനെ വച്ചാണ് വെള്ളം കൊണ്ടുപോയത്. അപ്പോൾ കുടങ്ങൾ അയാളുടെ ഇരുവശത്തുമായി തൂങ്ങിക്കിടന്നു.
ഒരു കുടത്തിന് ഒരു ഓട്ടയുണ്ടായിരുന്നു. രണ്ടും നിറച്ചുകൊണ്ടു യാത്ര തുടങ്ങിയാലും ഭവനത്തിൽ എത്തുമ്പോൾ ഒരു കുടത്തിൽ പകുതി വെള്ളം മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ജോലിക്കാരൻ ഓട്ടയുള്ള ആ കുടം ഉപേക്ഷിക്കാൻ തുനിഞ്ഞില്ല. തുടർച്ചയായി അതുപയോഗിച്ചു. രണ്ടു വർഷം അങ്ങനെ കഴിഞ്ഞു. ഓട്ടയില്ലാത്ത കുടം നിറഞ്ഞ അഭിമാനത്തിലും സ്വയസംതൃപ്തിയിലുമായിരുന്നു. എന്നാൽ പരിമിതിയുള്ള കുടം നിരാശയിലും സങ്കടത്തിലും കഴിഞ്ഞു. വെള്ളം മുഴുവൻ ഭവനത്തിൽ എത്തിക്കാൻ കഴിയാത്തതിലുള്ള പരാജയ ഭീതിയും ഉത്കണ്ഠയിലും ആയി.
ഏറെക്കാലം ആകുലതയിലും നിരാശാ ബോധത്തിലും കഴിഞ്ഞ പൊട്ടക്കുടം തന്നെ നിത്യവും വഹിച്ച ആ ജോലിക്കാരനോടു ഹൃദയം തുറന്നു. ‘എനിക്ക് ഏറെ ലജ്ജയും പരാജയ ബോധവുമുണ്ട്. താങ്കളോടു ഞാൻ ക്ഷമായാചനം ചെയ്യുന്നു. എന്റെ വൈകല്യം കൊണ്ടു താങ്കൾക്കു യജമാനനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലല്ലോ എന്നോർത്തു ഞാൻ ഖേദിക്കുന്നു.’
ജോലിക്കാരൻ ചോദിച്ചു, ‘നീ എന്തിനാണു ക്ഷമ ചോദിക്കുന്നത്. നീ ഒരു അപരാധവും ചെയ്തിട്ടില്ലല്ലോ.’ പൊട്ടക്കുടം മറുപടി പറഞ്ഞു. ‘കഴിഞ്ഞ രണ്ടു വർഷത്തിലധികമായി എന്റെ ഒരുവശത്തുള്ള കിഴുത്ത നിമിത്തം യജമാനന്റെ ഭവനത്തിൽ പകുതി വെള്ളം മാത്രമേ എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. താങ്കൾ മുടക്കം കൂടാതെയും വീഴ്ച വരുത്താതെയും കർത്തവ്യം കൃത്യമായി ചെയ്യുന്നുണ്ട്. എന്നാൽ എന്റെ പോരായ്മ നിമിത്തം യജമാനന്റെ പൂർണ അംഗീകാരവും അഭിനന്ദനവും ലഭിക്കാൻ സാധിച്ചിട്ടില്ല. എന്റെ പരിമിതി അറിഞ്ഞു കൊണ്ടും അംഗീകരിച്ചു കൊണ്ടും എന്നെ ഉപയോഗിക്കുക ആയിരുന്നല്ലോ.’
നിരാശനായ കുടത്തോടു ജോലിക്കാരൻ പറഞ്ഞു. ഇന്ന് നമ്മൾ യജമാനന്റെ ഭവനത്തിലേക്കു വെള്ളവും കൊണ്ടു പോകുമ്പോൾ വഴിയരികെ നിൽക്കുന്ന ചെടികളും അവയിലെ ഹൃദയാവർജകമായ പുഷ്പങ്ങളും നീ കാണണം.’
ജോലിക്കാരൻ രണ്ടു കുടങ്ങളും തോളിൽ വഹിച്ചുകൊണ്ടു യജമാനന്റെ വീട്ടിലേക്കുപോകുമ്പോൾ പൊട്ടക്കുടം വഴിയുടെ ഒരു വശത്തു നിരനിരയായി നിൽക്കുന്ന പൂച്ചെടികളും അവയിലെ മനോഹര പുഷ്പങ്ങളും കണ്ടു. ജോലിക്കാരൻ പൊട്ടക്കുടത്തോടു ചോദിച്ചു. പൂച്ചെടികളും പുഷ്പങ്ങളും നിന്റെ വശത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുള്ളതു നീ ശ്രദ്ധിച്ചോ? എനിക്കു നിന്റെ പരിമിതിയും പോരായ്മയും നല്ലവണ്ണം അറിയാമായിരുന്നു. നിന്നിൽ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു എന്നു മനസ്സിലാക്കി നിന്റെ വശത്തെ വഴിയരികിൽ ചെടികളുടെ വിത്തു നട്ടിരുന്നു. ഓരോ ദിവസവും അവയ്ക്കു വെള്ളം ലഭിച്ചു വേഗത്തിൽ വളരുവാനും പൂ വിരിയാനും കാരണമായി. നീ ഒരു വലിയ ദൗത്യമാണ് നിർവഹിച്ചത്. ഞാൻ ദിവസവും യജമാനന്റെ സ്വീകരണമുറി അലങ്കരിക്കാൻ ഇവിടെ നിന്നു പുഷ്പങ്ങൾ എത്തിക്കുകയും ചെയ്യുന്നു. നീ നിന്റെ അവസ്ഥയിൽ അല്ലായിരുന്നു എങ്കിൽ യജമാനന്റെ മുറി ആകർഷകമാക്കാൻ കഴിയുമായിരുന്നില്ല.
പൊട്ടക്കുടത്തിന്റെ കഥ നിശ്ചയമായും പല ശ്രദ്ധേയമായ സന്ദേശങ്ങളും നമുക്കു നൽകുന്നുണ്ട്. സാധാരണ ഗതിയിൽ ആ കുടം ഉപയോഗശൂന്യമെന്നു വിധിയെഴുതി പുറംതള്ളുകയായിരിക്കും ചെയ്യുക. ആ ജോലിക്കാരൻ നമ്മുടെ പ്രശംസയർഹിക്കുന്നു. ആ പൊട്ടക്കുടം പ്രയോജനപ്രദമാക്കാമെന്ന് തെളിയിച്ചു.
പരിമിതികൾ ഉള്ള പല വ്യക്തികളെയും സമൂഹം അവഗണിക്കുന്ന അനുഭവം സാധാരണമാണ്. എന്നാൽ അവർക്കും ചില കഴിവുകളുമുണ്ടെന്നു നാം തിരിച്ചറിയണം. നല്ല കലാചാതുര്യം അങ്ങനെയുള്ള പലർക്കും കൈമുതലായുണ്ട്. വെള്ളം ചുമക്കുന്ന ആ ജോലിക്കാരൻ എല്ലാവർക്കും ഒരു പാഠം നൽകുന്നു. ആ വൈകല്യമുള്ളതിനെ പരിത്യജിക്കാനല്ല, എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഉചിതമായി ചിന്തിച്ച് ആരുടെയും ശ്രദ്ധയിൽ വരാത്ത ഒരു പദ്ധതി ആവിഷ്കരിച്ചു. ചിലപ്പോൾ പല നല്ല പദ്ധതികളും പ്രസ്ഥാനങ്ങളും കേവലം സാധാരണക്കാരുടെ ഭാവനയിലും ചിന്തയിലും ഉദിച്ചുയരാം.
ടിജെജെ
English Summary: Innathe Chintha Vishayam