സ്വാതന്ത്ര്യത്തലേന്ന് ആ ഭാർഗവീനിലയത്തിൽ ഗാന്ധിജി; എന്തുകൊണ്ട് അർധരാത്രിയിൽ സ്വാതന്ത്ര്യം?
Mail This Article
സ്വാതന്ത്ര്യം പിറക്കുന്നതിന്റെ തലേന്ന് ലോകം മുഴുവൻ ഇന്ത്യയിലേക്ക് നോക്കുന്ന സമയത്ത് എന്തൊക്കെയാണ് നമ്മുടെ നേതാക്കൾക്ക് ചെയ്യാനുണ്ടായിരുന്നത്? രാജ്യം തിരിച്ചു വാങ്ങുമ്പോഴുള്ള ആ ചരിത്രനിമിഷങ്ങൾ...
ഗാന്ധിജിക്കൊപ്പം
എലിയും പാറ്റയും മരപ്പട്ടിയും തെരുവുനായ്ക്കളും താവളമാക്കിയിരുന്ന, വർഷങ്ങളായി മനുഷ്യവാസമില്ലാതിരുന്ന, കൽക്കട്ടയിലെ ബെലിയഘട്ട് റോഡിലെ ആ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ അന്നും ഗാന്ധിജി നേരത്തേ ഉണർന്നു. വിഭജനത്തിന്റെ പേരിൽ സമുദായം നോക്കി ആളുകൾ പരസ്പരം കൂട്ടക്കൊല ചെയ്തു കൊണ്ടിരുന്നു. കൽക്കട്ടയെ ശാന്തമാക്കാനെത്തിയ അദ്ദേഹം നവ്ഖാലിയിൽ നിന്നു തലേന്ന് (ഓഗസ്റ്റ് 13ന്) ഉച്ചകഴിഞ്ഞാണ് ഇവിടെയെത്തിയത്. ഹിന്ദുക്കളുടെ ചേരികളാണു ചുറ്റും. നവ്ഖാലിയിൽ മുസ്‌ലിംകൾ നടത്തിയ കൂട്ടക്കൊലയ്ക്കു പകരം ചോദിക്കാൻ തയാറായി നിൽക്കുന്നവർ. ‘ഹിന്ദുക്കളെ ഒറ്റിക്കൊടുക്കാനാണോ വന്നത്? നവ്ഖാലിയിലേക്കു പോകൂ, അവിടത്തെ മുസ്ലിംകളോടു കണക്കു ചോദിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണു ചിലർ എതിരേറ്റത്. ‘നിങ്ങൾക്കെന്നോടു ദേഷ്യമാണെന്നറിഞ്ഞാണു ഞാൻ വന്നത്’– ഗാന്ധിജി മറുപടി പറഞ്ഞു. ‘നവ്ഖാലിയിൽ ഇനി ഒരു ഹിന്ദുവോ മുസ്‌ലിമോ കൊല്ലപ്പെടില്ല. ആ ഉറപ്പുമായാണ് ഞാൻ എത്തിയിരിക്കുന്നത്.’ കൽക്കട്ട നിവാസികളിൽ നിന്ന് അതേ ഉറപ്പുലഭിക്കും വരെ താൻ ഈ ഭാർഗവീനിലയത്തിലുണ്ടാവുമെന്നു പറഞ്ഞാണു തലേന്ന് അദ്ദേഹം കെട്ടിടത്തിലേക്കു പ്രവേശിച്ചത്.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് അദ്ദേഹം പ്രാർഥനായോഗം ആരംഭിച്ചു. ‘‘നാളെ നാം ബ്രിട്ടിഷ് ഭരണത്തിൽ നിന്നു മുക്തരാവുകയാണ്... ഒപ്പം ഇന്ത്യ വിഭജിക്കപ്പെടുകയുമാണ്... ഒരു വൻ ഉത്തരവാദിത്തം നമ്മുടെയെല്ലാം ചുമലിലെത്തുകയാണ്... കൽക്കട്ട വിവേകത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലേക്കു തിരിച്ചുപോയാൽ ഈ രാജ്യം രക്ഷപ്പെടും. അല്ലെങ്കിൽ കത്തിച്ചാമ്പലാവും.’ രാജ്യത്തെ വർഗീയഹിംസയിൽ നിന്നു രക്ഷപ്പെടുത്തേണ്ട ചുമതല അദ്ദേഹം കൽക്കട്ട നിവാസികളുടെ ഉത്തരവാദിത്തമാക്കി മാറ്റുകയായിരുന്നു.
പിറ്റേന്നു താൻ സ്വാതന്ത്ര്യം ആഘോഷിക്കില്ലെന്നും പകരം ഉപവാസവും പ്രാർഥനയുമായി കഴിയുകയായിരിക്കുമെന്നും തന്നെ സ്നേഹിക്കുന്നവരും അതുതന്നെ ചെയ്യണമെന്നും അഭ്യർഥിച്ചുകൊണ്ട് അദ്ദേഹം പ്രാർഥനായോഗം അവസാനിപ്പിച്ചു.
അദ്ഭുതമെന്നു പറയാം അന്ന് വൈകിട്ടോടെ കൽക്കട്ട ശാന്തമായിതുടങ്ങി. പഞ്ചാബ് അതിർത്തിയിലെ വർഗീയകലാപം അടിച്ചമർത്താൻ സൈന്യത്തെ നിയോഗിച്ച വൈസ്രോയി മൗണ്ട്ബാറ്റൻ ഇതറിഞ്ഞപ്പോൾ പറഞ്ഞുവത്രെ – കിഴക്കോട്ട് സൈന്യത്തെ അയയ്ക്കേണ്ടതില്ല. അവിടെ ഒരു ഒറ്റയാൾ സൈന്യമുണ്ട്.
എന്തുകൊണ്ട് അർധരാത്രി?
1947 ഓഗസ്റ്റ് 14ന് സന്ധ്യയോടെ ഇന്ത്യയിലെമ്പാടുമുള്ള സർക്കാർ ഓഫിസുകളിലും സൈനികകേന്ദ്രങ്ങളിലും ഉയർത്തിയിരുന്ന യൂണിയൻ ജാക്ക് എന്നു വിളിക്കുന്ന ബ്രിട്ടിഷ് പതാക താഴ്ത്തി. രണ്ടു നൂറ്റാണ്ടോളമായി എന്നും നടന്നിരുന്ന ആ ചടങ്ങിന് അന്നു കാഴ്ചയിൽ പുതുമയൊന്നുമില്ലായിരുന്നു. എന്നാൽ പതാക താഴ്ത്തുന്ന ഏവർക്കും ഒരു കാര്യം അറിയാമായിരുന്നു. നാളെ രാവിലെ ആ പതാക ആവില്ല ഉയർത്തുന്നത്.
അധികാരക്കൈമാറ്റം അർധരാത്രിയിൽ നടത്താൻ തീരുമാനിച്ചതുതന്നെ ആ കാരണത്താലാണെന്നാണു പറയപ്പെടുന്നത്. പകൽ ഏതെങ്കിലും സമയത്താണ് അധികാരക്കൈമാറ്റമെങ്കിൽ ആ സമയം വരെ പറന്നിരുന്ന ബ്രിട്ടിഷ് പതാക താഴ്ത്തുകയും തൊട്ടുപിന്നാലെ ത്രിവർണപതാക ഉയർത്തുകയും ചെയ്യേണ്ടിവരുമായിരുന്നു. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അത് അപമാനകരമാവുമായിരുന്നു. മാത്രമല്ല, താഴ്ത്തിയ ബ്രിട്ടിഷ് പതാകയെ അമിതാവേശത്തിൽ ചിലയിടങ്ങളിലെങ്കിലും അവഹേളിച്ചെന്നും വരാം. അതുണ്ടാവരുതെന്ന് വൈസ്രോയി മൗണ്ട്ബാറ്റന് നിർബന്ധമുണ്ടായിരുന്നു. ബ്രിട്ടന്റെയും ഇന്ത്യയുടെയും ഫ്ലാഗ് കോഡ് അനുസരിച്ച് രാത്രിയിൽ പതാക പറത്തരുത്. അങ്ങനെ അർധരാത്രിയിൽ അധികാരക്കൈമാറ്റം നടത്തിയാൽ പതാകച്ചടങ്ങ് ഒഴിവാക്കാം. നെഹ്റുവും ദേശീയനേതാക്കളും അതിനു സമ്മതം മൂളുകയായിരുന്നു.
എങ്കിലും ഒരിടത്തു മാത്രം ഒരു മാറ്റമുണ്ടായി. ലക്നൗവിൽ. 1857–ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു സാക്ഷ്യം വഹിച്ച അവിടത്തെ റസിഡൻസി കൊട്ടാരത്തിൽ ഒരിക്കലും പതാക അഴിച്ചുമാറ്റിയിരുന്നില്ല. തൊണ്ണൂറുകൊല്ലമായി രാത്രിയും പകലും അവിടെ പതാക പറന്നുകൊണ്ടിരുന്നു. ഇന്ന്, ആദ്യമായി അത് അഴിച്ചുതാഴെയിറക്കി. തൊട്ടുപിന്നാലെ, ഇനിയൊരു പതാകയും ആ കൊടിമരത്തിൽ ഉയർത്താൻ പാടില്ല എന്നുപറഞ്ഞുകൊണ്ട് ഒരു ബ്രിട്ടിഷ് ഓഫിസറെത്തി ആ കൊടിമരം തന്നെ മുറിച്ചുമാറ്റി. ആ പതാകയും കൽക്കട്ടയിലെ ഫോർട്ട് വില്യമിനു മുകളിൽ പറത്തിയിരുന്ന പതാകയും സൈനികമേധാവി ഫീൽഡ് മാർഷൽ ക്ലോഡ് ഓക്കിൻലെക്കിന് അയച്ചുകൊടുത്തു. അവ ഇന്നും ഇംഗ്ലണ്ടിലെ വിൻസർ കൊട്ടാരത്തിലെ മ്യൂസിയത്തിലുണ്ട്.
14ന് സന്ധ്യ കഴിഞ്ഞതോടെ പിറ്റേന്നു സ്വതന്ത്ര ഇന്ത്യയുടെ മന്ത്രിമാരായി സത്യപ്രതിജ്‍ഞ ചെയ്യേണ്ടവരിൽ മിക്കവരും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന്റെ വസതിയിൽ ഒത്തുകൂടി. ഡോ. പ്രസാദിന്റെ സാന്നിധ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ സമൃദ്ധിക്കും സമാധാനത്തിനുമായി നടത്തിയ പൂജയിൽ അവർ പങ്കുകൊണ്ടു. പൂജയിലോ മതപരമായ ചടങ്ങുകളിലോ വിശ്വാസമില്ലാതിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ അസാന്നിധ്യം അവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
നെഹ്റുവിനൊപ്പം
സന്ധ്യ കഴിഞ്ഞതോടെ യോർക്ക് റോഡിലെ (ഇന്നത്തെ മോത്തിലാൽ നെഹ്റു മാർഗ്) നെഹ്റുവിന്റെ 17ാം നമ്പർ ഔദ്യോഗിക വസതിയിൽ രണ്ടു സന്യാസിമാർ എത്തി. ദക്ഷിണദേശത്തെ ജനങ്ങളുടെ ഇംഗിതമനുസരിച്ച് തഞ്ചാവൂരിൽ നിന്നെടുത്ത കാവേരി തീർഥവും മുളവടിയും പീതാംബരവും പഞ്ചഗവ്യവുമായി കുറച്ചുപേർ എത്തി. സ്വതന്ത്ര ഇന്ത്യയുടെ നിയുക്ത ഭരണാധിപനെ അനുഗ്രഹിക്കാൻ വന്നവരാണ് തങ്ങളെന്നും പറഞ്ഞതോടെ അദ്ദേഹം അവരുടെ നിർബന്ധത്തിനു വഴങ്ങി. അദ്ദേഹത്തിനുമേൽ തീർഥം തളിച്ച് കുങ്കുമപ്പൊട്ടും മറ്റും നെറ്റിയിൽ ചാർത്തി അനുഗ്രഹിച്ചശേഷമാണ് അവർ മടങ്ങിയത്.
അർധരാത്രിയിൽ സ്വാതന്ത്ര്യ നിമിഷത്തിനു മുമ്പ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രസംഗത്തിന്റെ കരട് ഒരിക്കൽ കൂടി വായിച്ചശേഷം അത്താഴത്തിനിരുന്ന നെഹ്റുവിന് ഒരു ഫോൺ കോൾ. ലഹോറിൽ നിന്നാണ്. വിഭജനത്തിൽ പാക്കിസ്ഥാനിലായ അവിടത്തെ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. ഇതറിഞ്ഞാൽ ഡൽഹിയിലും ഇന്ത്യൻ ഭാഗത്തെ പഞ്ചാബിലും മറ്റും പ്രതികാരക്കൊല നടന്നേക്കാം. ആഭ്യന്തരമന്ത്രി പട്ടേലിനെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിതുമ്പിക്കൊണ്ടാണു നെഹ്റു കാര്യങ്ങൾ അറിയിച്ചത്.
മൗണ്ട്ബാറ്റനൊപ്പം
അതേസമയം പാക്കിസ്ഥാന്റെ നിയുക്തതലസ്ഥാനമായ കറാച്ചിയിൽ മുഹമ്മദ് അലി ജിന്നയ്ക്ക് അധികാരക്കൈമാറ്റം നടത്തി മടങ്ങവേ വിമാനത്തിലിരുന്ന് ആ കാഴ്ചകണ്ടു മൗണ്ട്ബാറ്റൻ ഞെട്ടി. ഇരു പഞ്ചാബിലെയും നൂറുകണക്കിന് വീടുകളും കട കമ്പോളങ്ങളും ആളിക്കത്തിക്കൊണ്ടിരിക്കുന്നു. അവയ്ക്കിടയിലൂടെ നുഴഞ്ഞുനീങ്ങുന്ന പതിനായിരക്കണക്കിനു മനുഷ്യരും അവരുടെ കാളവണ്ടികളും.
ഡൽഹിയിൽ എത്തിയപാടേ സുരക്ഷാനടപടികളെക്കുറിച്ച് ആരാഞ്ഞശേഷം അത്താഴവും കഴിച്ച് തന്റെ പ്രസ് സെക്രട്ടറി അലൻ ക്യാംപ്ബെൽ ജോൺസനെ ഓഫിസ് മുറിയിലേക്ക് വിളിച്ച് വൈസ്രോയി പദവിയുടെ ചിഹന്ങ്ങളെല്ലാം എടത്തുമാറ്റാൻ നിർദേശിച്ചു.
നഗരസവാരി
അതേസമയം ഗാന്ധിജി കൽക്കട്ടയിലെ ആ ഭാർഗവീനിലയത്തിൽ ഉറക്കം വരാതെ ഇരിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശത്തിനായി സമീപിച്ച റേഡിയോ റിപ്പോർട്ടറെ ‘ഞാൻ ആകെ വരണ്ടുപോയി’ (I have gone dry) എന്നു പറഞ്ഞു മടക്കി അയച്ചു. എങ്കിലും തന്റെ ഉപവാസസമരത്തെതുടർന്ന് കൽക്കട്ടയിലെ വർഗീയലഹള അടങ്ങിയെന്ന് അറിഞ്ഞപ്പോൾ ചെറിയൊരു ആഗ്രഹം – രഹസ്യമായി അതൊന്നുകണ്ട് ഉറപ്പുവരുത്തിയാലോ? അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന, തന്റെ സന്തതസഹചാരിയും യുപിഐ വാർത്താ ഏജൻസിയുടെ ലേഖകനുമായ ശൈലേൻ ചാറ്റർജിയെ വിളിച്ചുണർത്തി. ആരെയും അറിയിക്കാതെ 11 മണിയോടെ ഇരുവരും ഒരു കാറിൽ നഗരം ചുറ്റാനിറങ്ങി. അതെ, രാഷ്ട്രം മുഴുവൻ സ്വാതന്ത്ര്യാഹ്ലാദത്തിൽ മുഴുകുമ്പോൾ രാഷ്ട്രപിതാവ് മുറിവേറ്റ ഹൃദയവുമായി തെരുവീഥികൾ ചുറ്റുകയായിരുന്നു.
ഒരു വിളംബരം കൂടി
പതിനൊന്നു മണിയോടെ സാമ്രാജ്യ ചിഹന്ങ്ങളെല്ലാം മേശവലിപ്പുകളിലേക്കും പെട്ടിയിലേക്കും മാറ്റിയശേഷം മൗണ്ട്ബാറ്റൻ ആലോചിച്ചു – വൈസ്രോയി എന്ന നിലയിൽ അവസാനമായി എന്തു ചെയ്യണം?
ഒരു കുസൃതി തോന്നി. പാലംപുർ എന്ന നാട്ടുരാജ്യത്തിന്റ ഭരണാധികാരിയായ ഒരു നവാബ് അദ്ദേഹത്തിന്റെ ഓസ്ട്രേലിയക്കാരിയായ ഭാര്യയ്ക്ക് ‘ഹൈനെസ്’ പദവി നൽകണമെന്ന് അഭ്യർഥിച്ചിരുന്നത് മുൻ വൈസ്രോയി സമ്മതിക്കാതെ കിടക്കുകയായിരുന്നു. അതങ്ങു ചെയ്തുകളയാം. പൊടുന്നനെ സ്റ്റാഫിനെയെല്ലാം വിളിച്ചുവരുത്തി വിളംബരരേഖയും സ്ക്രോളും (ചുരുൾ) തയാറാക്കി വിളംബരപ്രഖ്യാപനത്തിൽ വൈസ്രോയിയുടെ തുല്യം ചാർത്തി. അപ്പോൾ സമയം 12 അടിക്കാൻ രണ്ടു മിനിറ്റ്.
കൗൺസിൽ മന്ദിരത്തിൽ
പാർലമെന്റ് മന്ദിരമെന്ന് ഇന്നു നാം വിളിക്കുന്ന ഡൽഹിയിലെ കൗൺസിൽ മന്ദിരത്തിൽ ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ ഭരണഘടന നിർമാണസഭയുടെ അഞ്ചാം സമ്മേളനം ആരംഭിക്കുമ്പോൾ സ്വാതന്ത്ര്യത്തിന് ഒരു മണിക്കൂർ കൂടി.
ആദ്യം സുചേത കൃപലാനിയുടെ വന്ദേമാതരം ആലാപനം. തുടർന്ന് ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനിയിൽ നടത്തിയ അധ്യക്ഷപ്രസംഗം. അതിൽ രാജേന്ദ്ര പ്രസാദ് മൂന്ന് ശക്തികളെ സ്മരിച്ചു – രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിധാതാവിനെ, സ്വാതന്ത്ര്യത്തിനുവേണ്ടി കൊലക്കയറേറിയ രക്തസാക്ഷികളെ, സ്വാതന്ത്യം നേടിത്തന്ന മഹാത്മാ ഗാന്ധിയെ.
തുടർന്ന് രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് രണ്ട് മിനിറ്റ് നിശ്ശബ്ദത. 12 മണിയടിക്കുമ്പോൾ അംഗങ്ങൾ ചൊല്ലേണ്ട പ്രതിജ്ഞാവാചകം അടങ്ങുന്ന പ്രമേയം അവതരിപ്പിക്കാൻ അധ്യക്ഷൻ രാജേന്ദ്ര പ്രസാദ്, ഇടക്കാല ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിനോട് ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് നെഹ്റു തന്റെ പ്രസിദ്ധമായ ‘Long years ago we made a tryst with destiny... ’എന്നാരംഭിക്കുന്ന പ്രസംഗം നടത്തിയത്.
പ്രമേയത്തെ പിന്തുണച്ച് രണ്ടുപേർ പ്രസംഗിച്ചു. ഒന്ന് ചൗധരി ഖലീക്കുസ്സമാൻ (അദ്ദേഹം പിന്നീട് പാക്കിസ്ഥാനിലേക്കു കൂറുമാറി). മറ്റേയാൾ ഡോ. എസ്. രാധാകൃഷ്ണൻ. (അദ്ദേഹം ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായി.) തുടർന്ന് പ്രതിജ്ഞ എടുക്കുന്നതെങ്ങനെയെന്ന് രാജേന്ദ്ര പ്രസാദ് അംഗങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. ഇനിയും അര മിനിറ്റ് ബാക്കി.
സവാരി മധ്യേ ഗാന്ധിജി
കൽക്കട്ടയിലെ ബാലിഗഞ്ചിൽ അർധരാത്രിയിൽ സ്വാതന്ത്യം ആഘോഷിക്കാനിറങ്ങിയ ജനക്കൂട്ടം അതുവഴി വന്ന കാർ തടഞ്ഞു. തലയിൽ മുണ്ടിട്ടിരുന്ന വ്യക്തിയെ ആരോ തിരിച്ചറിഞ്ഞു. ‘മഹാത്മാഗാന്ധി കീ ജയ്’ വിളി ഉയർന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങി ബാപ്പു പുറത്തിറങ്ങി. അവരുടെ ഇടയിൽ എവിടെയോ വച്ചായിരുന്നു തന്റെയും ബാപ്പുവിന്റെയും സ്വാതന്ത്ര്യനിമിഷമെന്ന് മാത്രമേ ശൈലേൻ ചാറ്റർജിക്ക് മരണം വരെ ഓർമയുണ്ടായിരുന്നുള്ളു. തെരുവിലെ ജനക്കൂട്ടത്തിൽ നിന്ന് എങ്ങനെയോ ഒടുവിൽ രക്ഷപ്പെട്ട് ബാപ്പുവും ശൈലേനും താമസസ്ഥലത്തു മടങ്ങിയെത്തി കിടന്നുറങ്ങിയപ്പോൾ മണി രണ്ടര.
സ്വാതന്ത്ര്യ ദിനം!
ക്ലോക്കിൽ 12 അടിച്ചതോടെ അംഗങ്ങൾ രാജ്യസേവന പ്രതിജ്ഞയെടുത്തു. തുടർന്ന് രാജേന്ദ്ര പ്രസാദ് പ്രഖ്യാപിച്ചു – ‘‘ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തതായി വൈസ്രോയിയെ അറിയിക്കാനും, അങ്ങനെ മുറപ്രകാരം ഭരണമേറ്റെടുത്ത അസംബ്ലി 1947 ഓഗസ്റ്റ് 15 മുതൽ ഇന്ത്യയുടെ ഗവർണർ– ജനറലായിരിക്കാൻ മൗണ്ട്ബാറ്റൻ പ്രഭുവിനോട് അഭ്യർഥിക്കുന്നതായി അറിയിക്കാനും ഞാൻ നിർദേശിക്കുന്നു.’’
നിർദേശം സഭ കയ്യടിച്ചു സ്വീകരിച്ചതിനു ശേഷം, രാജ്യത്തെ വനിതകളെ പ്രതിനിധീകരിച്ചുകൊണ്ട് ഹൻസാ മേത്ത ഔദ്യോഗിക ദേശീയപതാക സഭയ്ക്കു സമർപ്പിച്ചു. തുടർന്ന് ചൈനീസ് അംബാസഡറായ ഡോ. ചീയാ ലൂവെൻ ലോ അയച്ചുതന്ന കവിത സഭ സ്വീകരിക്കുന്നതായി പ്രസാദ് പ്രഖ്യാപിച്ചു. സാരേ ജഹാം സേ അച്ഛായുടെയും ജനഗണമനയുടെയും ഏതാനും വരികൾ ചൊല്ലിയ ശേഷം പിറ്റേന്നു രാവിലെ 10 മണിക്ക് ചേരാനായി സഭ പിരിഞ്ഞു.
തീരുമാനം അറിയിക്കുന്നു
സഭ പിരിഞ്ഞതോടെ രാജേന്ദ്ര പ്രസാദും നെഹ്‌റുവും സർദാർ പട്ടേലും മറ്റു നേതാക്കളും അതുവരെ വൈസ്രോയി മന്ദിരമായിരുന്ന ഗവൺമെന്റ് ഹൗസിലേക്ക് (ഇന്നത്തെ രാഷ്ട്രപതി ഭവൻ) പുറപ്പെട്ടു. നേതാക്കന്മാരും ഉദ്യോഗസ്ഥരും പത്രക്കാരുമായി മൗണ്ട്ബാറ്റന്റെ പഠനമുറി നിറഞ്ഞുകവിഞ്ഞു. ഫൊട്ടോഗ്രഫർമാർ മേശപ്പുറത്ത് വലിഞ്ഞുകയറി. ഒടുവിൽ എങ്ങനെയോ മൗണ്ട്ബാറ്റനും പ്രസാദും പരസ്പരം അഭിമുഖമായി നിന്നു. സഭയുടെ രണ്ടു തീരുമാനമാനങ്ങളും അധ്യക്ഷൻ ഔപചാരികമായി എഴുന്നേറ്റു നിന്നുകൊണ്ട് അറിയിക്കണം. വികാരത്തള്ളലിൽ രാജേന്ദ്ര പ്രസാദിന് വാക്കുകൾ കിട്ടാതായി. വേഗം ഓർമയുണ്ടായിരുന്ന വരികൾ നെഹ്റു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. സഭയുടെ അഭ്യർഥന താൻ സ്വീകരിക്കുന്നതായി മൗണ്ട്ബാറ്റൻ ഔപചാരിക മറുപടി നൽകി. തുടർന്ന് മുദ്രവച്ച ഒരു കവർ നെഹ്റു മൗണ്ട്ബാറ്റനെ ഏൽപിച്ചു. രാവിലെ ഗവർണർ–ജനറലിനു മുൻപിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള നിയുക്തമന്ത്രിമാരുടെ പേരും വകുപ്പുകളും എന്നു പറഞ്ഞു. എല്ലാവരും പോയശേഷം മൗണ്ട്ബാറ്റൻ കവർ തുറന്നു. കാലിയായിരുന്നു അത്. വെപ്രാളത്തിൽ ലിസ്റ്റ് കവറിലിടാൻ നെഹ്റു മറന്നുപോയിരുന്നു.
സ്വാതന്ത്ര്യപ്പുലരിയിൽ
രാവിലെ എട്ടുമണിക്ക് ഗവൺമെന്റ് ഹൗസിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ഹീരാലാൽ കനിയ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി മൗണ്ട്ബാറ്റനു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രിട്ടന്റെ ദേശീയഗാനമായ ഗോഡ് സേവ് ദ കിങ്, സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമാക്കാൻ നിർദേശിച്ചിരുന്ന ജനഗണമന എന്നിവയുടെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ചൊല്ലി, മൗണ്ട്ബാറ്റൻ ഇന്ത്യൻ ഡൊമിനിയന്റെ ആദ്യത്തെ ഗവർണർ–ജനറലായി അധികാരമേറ്റു. തുടർന്ന് പുതിയ ഗവർണർ–ജനറൽ, ആദ്യ പ്രധാനമന്ത്രി നെഹ്റുവിനും തുടർന്ന് മറ്റ് മന്ത്രിസഭാംഗങ്ങൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൃത്യം പത്തുമണിക്ക് രാജേന്ദ്രപ്രസാദും മൗണ്ട്ബാറ്റനും കൗൺസിൽ മന്ദിരത്തിലെ സെൻട്രൽ ഹാളിലെത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയുടെയും മറ്റു ലോകനേതാക്കളുടെയും ആശംസാസന്ദേശങ്ങൾ പ്രസാദ് വായിച്ചു. തുടർന്ന് പ്രസാദിന്റെ അഭ്യർഥന അനുസരിച്ച് ഗവർണർ–ജനറൽ സഭയെ അഭിസംബോധന ചെയ്തു. മൗണ്ട്ബാറ്റനുശേഷം പ്രസംഗിച്ച രാജേന്ദ്ര പ്രസാദ് പറഞ്ഞു – ‘ഈ വിഭജനത്തിനായി നിർബന്ധിച്ചവർക്ക് ഇന്ത്യയുടെ ആന്തരികമായ ഏകത്വത്തെക്കുറിച്ച് ഒരു ദിവസം ബോധ്യം വരും. നാമെല്ലാം ഒന്നാകുമെന്നും ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.’’
അകലെ ഒരു പീരങ്കിവെടി. ‘കൗൺസിൽ മന്ദിരത്തിനു മുകളിൽ പതാക ഉയരട്ടെ’– ഗവർണർ ജനറൽ അനുമതി നൽകി. 31 ആചാരവെടികളുടെ പശ്ചാത്തലത്തിൽ, തലേന്നു രാത്രി ഇന്ത്യയിലെ വനിതകളുടെ സമ്മാനമായി സഭയിൽ സമർപ്പിച്ച ത്രിവർണപതാക ജനപ്രതിനിധിസഭാ മന്ദിരത്തിനു മുകളിൽ ഉയർന്നു. ഓഗസ്റ്റ് 20ന് വീണ്ടും ചേരാൻ സഭപിരിഞ്ഞു.
അന്ന് ഉച്ചകഴിഞ്ഞ് ഇന്ത്യാ ഗേറ്റിനടുത്ത് ഗവർണർ–ജനറൽ പതാക ഉയർത്തിയപ്പോൾ ചെറിയൊരു മഴ പെയ്തതായും ഒരു മഴവിൽ പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു. പിറ്റേന്ന്, ഓഗസ്റ്റ് 16 രാവിലെ, റെഡ് ഫോർട്ടിൽ പതാക ഉയർത്തി നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തു. ആ കീഴ്‌വഴക്കം എല്ലാം ഓഗസ്റ്റ് 15നും തുടരുന്നു.
English Summary: What our leaders do, a day before independence?