സ്വാതന്ത്ര്യ പരേഡ് വെള്ളത്തിനടിയിൽ, മേൽനോട്ടം ജഗജീവന്: ബിഗ് സല്യൂട്ട്
Mail This Article
മഹാരാഷ്ട്രക്കാരനായ ചന്ദൻ ഠാക്കൂർ 19 വർഷങ്ങൾക്കു മുൻപ് തന്റെ വിവാഹത്തിനു കൂട്ടുകാരെ ക്ഷണിച്ചത് ഇങ്ങനെയാണ്. ‘പ്രിയ ചങ്ങാതിമാരേ, ദീപ്തിയുമായി എന്റെ വിവാഹം ജൂൺ 23 ന് നവി മുംബൈയിലെ വാശി മറൈൻ സെന്ററിലെ 14 അടി ആഴമുള്ള സ്വിമ്മിങ് പൂളിന്റെ അടിയിൽ നടക്കുകയാണ്. ഞങ്ങൾ വെള്ളത്തിനടിയിൽ നിന്നു താലി കെട്ടി വരുംവരെ നിങ്ങൾ കരയിൽ കാത്തിരിക്കുമല്ലോ. അതിനു ശേഷം നടക്കുന്ന സൽക്കാരത്തിലും പങ്കെടുക്കുക. അതു വെള്ളത്തിലല്ല, കരയിലാണ് ’.
കല്യാണം കളറായിരുന്നു. വെള്ളത്തിനടിയിൽ മണ്ഡപത്തിന്റെ സെറ്റിട്ട്, ഗ്ലാസ് കുഴലിൽ തിരി തെളിച്ച് അഗ്നിയെ സാക്ഷിയായിട്ടായിരുന്നു അവരുടെ വിവാഹം. ആദ്യമായി വെള്ളത്തിനടിയിൽ വിവാഹം കഴിച്ച ദമ്പതികളെന്ന ഖ്യാതിയുമായി ചന്ദനും ദീപ്തിയും ഒന്നിച്ചപ്പോൾ വിജയിച്ചത് രവി കുൽക്കർണി എന്ന നാവികസേന കമാൻഡോയുടെ നിശ്ചയദാർഢ്യമായിരുന്നു. അതിന് അദ്ദേഹത്തിനു വെള്ളത്തിനടിയിലും പുറത്തും ഊർജമേകിയത് നേവൽ കമാൻഡോ പാലക്കാട് പൊൽപുള്ളി അത്തിക്കോട് നമ്പ്രാത്ത് വീട്ടിൽ ജഗജീവനായിരുന്നു. വിവാഹം കഴിഞ്ഞ വധുവരൻമാർ അവരുടെ ജീവിതത്തിലേക്കും നേവൽ കമാൻഡോകൾ നാട്ടിലേക്കും തിരിച്ചു പോയി. കാലം കടന്നു പോയി. പിന്നീട് ഒരു ദിവസം....
ജഗൻ ഉടൻ വരണം
നേവിയിൽ നിന്നു വിരമിച്ച ശേഷം നാട്ടിൽ പലവിധ തിരക്കുകളിൽ മുഴുകിയ ജഗജീവന് ഒരു ദിവസം രവി കുൽക്കർണിയുടെ ഒരു ഇ–മെയിൽ വരുന്നു ‘ജഗൻ, പുതിയ ഒരു കോളുണ്ട് നമ്മുടെ ടീം വീണ്ടും മുംബൈയിൽ ഒന്നിക്കണം’. ഫോണിൽ വിളിച്ച ജഗജീവനോട് രവി പറഞ്ഞു ‘സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികദിനത്തിൽ നമ്മൾ പരേഡ് നടത്തുന്നു. ദേശീയപതാക ഉയർത്തുന്നു. സല്യൂട്ട് ചെയ്യുന്നു. ഒന്നും കരയിലല്ല, വെള്ളത്തിനടിയിൽ, റെഡിയായിക്കോളു ’. പഴയ കല്യാണകമ്മിറ്റിയിലെ ചിലർ ഇല്ലെങ്കിലും ജഗൻ ഉൾപ്പെടെ 9 അംഗ ടീം രവി കുൽക്കർണി തീരുമാനിച്ചു. എല്ലാവരും മുംബൈയിലെത്തി പരിശീലനം തുടങ്ങുന്നു.
മുംബൈ ഉറനിലെ മറൈൻ അക്കാദമിയിൽ 15 അടി സ്വിമ്മിങ് പൂളിനടിയിലാണ് പരേഡ് നിശ്ചയിച്ചത്. എല്ലാവർക്കും പ്രായംകൂടിയെന്നതിനാൽ ഇത്തവണ കൂടുതൽ സുരക്ഷയോടെ പരിശീലനം നടത്താൻ തീരുമാനിച്ചു. മൂന്നു പേർ വീതം രണ്ടു വശത്തും രവി കുൽക്കർണി മധ്യത്തിലും നിന്ന് പരേഡ് നടത്തി പതാകയുയർത്തി സല്യൂട്ട് ചെയ്യും. ഇവരെക്കൂടാതെ ഒരു ഫൊട്ടോഗ്രഫറും. ആർക്കെങ്കിലും തടസ്സമുണ്ടായാൽ പരേഡ് പൂർത്തീകരിക്കാൻ ഒരു മറൈൻ കമാൻഡോയും കൂടി വെള്ളത്തിലിറങ്ങും.
ത്രിവർണപതാക ഉയരുന്നു
പദ്ധതിയുടെ മേൽനോട്ട ചുമതല ജഗജീവന് ആയിരുന്നു. ശ്വാസമെടുക്കുന്നതിനായി ശ്വസനസഹായിയും പ്രത്യേക വസ്ത്രങ്ങളുമെല്ലാം തയാറാക്കി. വെള്ളത്തിനടിയിൽ പരേഡ് നടക്കുമ്പോൾ ഒഴുകിപ്പോകാതിരിക്കുന്നതിനായി ഭാരം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി. വെള്ളത്തിൽ പതാക നനഞ്ഞു ചുരുളാതിരിക്കാൻ കമ്പി കൊണ്ട് പ്രത്യേകമായി കെട്ടി നിർത്തി. ഓഗസ്റ്റ് 15ന് പുലർച്ചെ 12 മണിയോടെ സംഘം സ്വിമ്മിങ് പൂളിന്റെ കരയിലെത്തി. 12.05ന് വെള്ളത്തിലേക്ക് ഊളിയിട്ട് പരേഡ്, ദേശീയപതാക ഉയർത്തൽ, ദേശീയഗാനം ആലപിക്കൽ തുടങ്ങിയവ നടത്തി.
ദേശീയഗാനം ആലപിക്കുന്നത് കരയിൽ കേൾക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. 25 മിനിറ്റ് നീണ്ട പരേഡിനൊടുവിൽ സംഘം വെള്ളത്തിനു മുകളിലെത്തിയപ്പോൾ ആവേശത്തോടെ സ്വീകരിക്കാൻ സഹപ്രവർത്തകരും ഉണ്ടായിരുന്നു. ജഗജീവൻ 18 ാം വയസിലാണ് നാവികസേനയിൽ ചേരുന്നത്. രാജ്യത്തെ വിവിധ നേവി കേന്ദ്രങ്ങളിൽ ജോലിചെയ്ത അദ്ദേഹം കശ്മീരിലും ശ്രീലങ്ക സമാധാന ദൗത്യത്തിലും പങ്കെടുത്തു. നിലവിൽ അഹല്യ ഫൗണ്ടേഷനിലെ ചീഫ് സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്യുന്നു.
English Summary: Independence day special parade under water