ഓർമ പൊട്ടാതെ ഒരു ‘റബർ ബാൻഡ് ’
Mail This Article
മദർ തെരേസ മരിച്ചിട്ട് നാളെ 25 വർഷമാകുന്നെന്നു വിശ്വസിക്കാനേയാവുന്നില്ല. എന്റെ മനസ്സിൽ ഒരിക്കലും മറക്കാനാവാതെ ആ നിമിഷം നിലനിൽക്കുന്നതുകൊണ്ടാവും.
1994 ജൂലൈയിലാണ് കൊൽക്കത്തയിൽ ഞാൻ മദറിനെ കണ്ടത്. ആഗോള ഡോൺ ബോസ്കോ സലേഷ്യൻ സഭയുടെ ഇന്ത്യയിലെ ‘ഫ്രണ്ട്സ്’ എന്ന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ നടന്ന യുവജന ക്യാംപിൽ പങ്കെടുക്കാനാണു പോയത്. ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 70 പേർ. ബെംഗളൂരു പ്രവിശ്യയുടെ പ്രതിനിധികളിലൊരാളായി ഞാനും. അന്നു മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ അധ്യാപകനായിരുന്നു ഞാൻ.
അഞ്ചു ദിവസത്തെ സെമിനാറുകളും പ്രവർത്തനങ്ങളും സംബന്ധിച്ച അജൻഡ കയ്യിൽ കിട്ടിയപ്പോൾ ത്രില്ലടിച്ചു. ഒരു ക്ലാസെടുക്കുന്നത് ജീവിച്ചിരിക്കുന്ന വിശുദ്ധ മദർ തെരേസ!
എല്ലാവരും ആഹ്ലാദത്തിലായി. ഞാനും.
മദറിനെ കാണാൻ, തൊടാൻ കഴിഞ്ഞാൽ.. അതിലും വലിയൊരു ഭാഗ്യമില്ലെന്ന് അന്ന് ഇന്ത്യയിൽ പലരും കരുതിയിരുന്ന കാലമാണ്.
മദറിന്റെ ക്ലാസ് ദിവസം പതിവിലും നേരത്തേ സെമിനാർ ഹാളിലെത്തി. 10നു മദറിന്റെ ക്ലാസ്. 9നു ക്ലാസ്സെടുക്കാൻ വന്നയാൾ ആ അറിയിപ്പ് വായിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ മദർ ക്ലാസെടുക്കാൻ വരുന്നില്ല.
വലിയ ഞെട്ടലോടെ എല്ലാവരും അതുകേട്ടു. ഞാൻ നിരാശനായി. അതിനുള്ള വിശുദ്ധിയും ഭാഗ്യവും ഞങ്ങൾക്കില്ല എന്നു മനസ്സിൽ പറഞ്ഞു.
ഒൻപതുമണിയുടെ ക്ലാസ് കഴിയാറായപ്പോൾ മറ്റൊരു അറിയിപ്പ്. ‘‘ മദർ വരുന്നുണ്ട്’’.
മദർ എത്തിയ കൃത്യം പത്തിന് അതാ രണ്ടാം നിലയിലേക്കുള്ള ലിഫ്റ്റ് പണിമുടക്കി. 84 വയസ്സുള്ള മദർ വാർധക്യവും അനാരോഗ്യവുമായി ലിഫ്റ്റിനു മുന്നിൽ നിന്നു. പിന്നെ കുനിഞ്ഞ ശരീരവുമായി പടികൾ കയറാൻ തുടങ്ങി. ഇരുന്നു വിശ്രമിക്കാൻ സംഘാടകർ പറഞ്ഞിട്ടും മദർ നേരെ മൈക്കിനു മുന്നിലേക്ക്. ഹാളിൽ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.
‘‘ എന്റെ ഡോക്ടർ പറഞ്ഞു. മദർ രണ്ടുമൂന്നു ദിവസത്തെ പരിപാടികൾ റദ്ദാക്കി വിശ്രമിക്കണമെന്ന്. എനിക്കും ക്ഷീണമുണ്ട്. പക്ഷേ, ഞാനീ ക്ലാസ് രണ്ടു മാസം മുൻപ് ഏറ്റെടുത്തതാണ്.
നിങ്ങൾ ഇന്ത്യയുടെ പലഭാഗത്തു നിന്നുള്ള യുവജനങ്ങളാണ്. നിങ്ങളെപ്പോലുള്ളവരോടാണു ഞാൻ സംസാരിക്കേണ്ടത് എന്നെനിക്കു തോന്നി’’
ഒരു മണിക്കൂർ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ക്ലാസിൽ ഞങ്ങൾ ലയിച്ചിരുന്നു. ക്ലാസ് തീർന്നപ്പോൾ മദർ പറഞ്ഞു. ‘‘ ഞാൻ കുറച്ചു പ്രാർഥനാ കാർഡുകൾ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾക്കു തരാൻ. പക്ഷേ, എല്ലാവർക്കും തികയുമെന്നു തോന്നുന്നില്ല. കാർഡ് തീരും വരെ ഞാൻ വിതരണം ചെയ്യാം.’’
ഞാൻ എന്റെ ഊഴവും കാത്തിരുന്നു. ഒടുവിൽ അതെത്തി. ഞാൻ മദറിനെടുത്തു ചെന്നു കൈ നീട്ടി. നിർഭാഗ്യമെന്നു പറയട്ടേ, തൊട്ടു മുൻപിലത്തെയാൾക്കു കൊടുത്തതോടെ കാർഡ് തീർന്നുപോയി. എനിക്കു സങ്കടവും കരച്ചിലും വന്നു. നിരാശയോടെ മദറിന്റെ മുഖത്തു നോക്കി നിൽക്കുമ്പോൾ മദർ എന്റെ തോളിൽത്തട്ടി.
‘ മകനേ, വിഷമിക്കേണ്ട. കാർഡേ തീർന്നുപോയിട്ടുള്ളു. അതു കെട്ടിക്കൊണ്ടുവന്ന ഈ റബർ ബാൻഡ് ഉണ്ട്. അതു നിനക്കുള്ളതാണ്. ’’
ഞാനത് ഏറ്റുവാങ്ങിയത് ഒരു ചമ്മലോടെയാണ്. പക്ഷേ, സദസ്സിൽ മുഴങ്ങിയ കയ്യടിയിൽ ആ റബർ ബാൻഡ് പ്രാർഥനാകാർഡിനെക്കാൾ മൂല്യമുള്ളതായി മാറി. ഞാനും മദറും ചിരിച്ചു.
മൂന്നു വർഷത്തിനുശേഷം മദർ മരിച്ചു. പക്ഷേ ജീവൻ തുടിക്കുന്ന ആ മുഖം എന്റെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. കയ്യിലുള്ളതുകൊണ്ട് ആയിരങ്ങളെ പോറ്റിയ അമ്മ. കയ്യിലുള്ളത് റബർ ബാൻഡെങ്കിൽ അതും നന്മയാക്കി മാറ്റിയ അമ്മ.
ഇളം മഞ്ഞ നിറത്തിലുള്ള ആ ചെറിയ റബർ ബാൻഡ്... നിറം മങ്ങിത്തുടങ്ങിയത് ഇപ്പോഴും എന്റെ വീട്ടിലുണ്ട്. വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തായി ഞാൻ അതു സൂക്ഷിച്ചു വച്ചിരിക്കുന്നു. പ്രിയപ്പെട്ട മദർ, അതിനെ ഞാൻ തിരുശേഷിപ്പ് എന്നു വിളിച്ചോട്ടേ?
English Summary: Mother teresa, Marakkillorikalum