പാപ്പിറസിൽ തെളിയുന്ന തുലാഭാരം
Mail This Article
റോമാ സാമ്രാജ്യത്തിന്റെ ഹെർമപൊളോൺ കപ്പൽ നമ്മുടെ നാട്ടിൽനിന്നു കയറ്റിക്കൊണ്ടുപോയതെന്ത്? അതിന്റെ വിലയെത്ര? യൂണിവേഴ്സിറ്റി ഓഫ് റോമിലെ പ്രഫസർ ഡോ. ഫ്രെഡറിക്കോ ഡി റൊമാനിസും ചരിത്ര ഗവേഷകൻ ഡോ.പി.ജെ.ചെറിയാനും നടത്തിയ പഠനങ്ങളിൽ തെളിയുന്നത് കേരളവുമായി നടത്തിയ വമ്പൻ വ്യാപാര ഇടപാടുകളാണ്
നല്ല കാറ്റ്. പായ വിടർന്നു ‘ഹെർമപൊളോൺ’ കടലിനു മീതെ കൂറ്റൻ താമര പോലെ വിരിഞ്ഞു. അതിനു കറുകപ്പട്ടയുടെ വാസനയും കുരുമുളകിന്റെ രസവും ആനക്കൊമ്പിന്റെ നിറവുമായിരുന്നു. അറബിക്കടലിന്റെ ഉപ്പുപറ്റി ചരിത്രത്തിലൂടെ ഒഴുകിയ പണ്ടകശാലയായിരുന്നു ആ പായ്ക്കപ്പൽ.
റോമാസാമ്രാജ്യം പുരാതന കേരളവുമായി ഉടമ്പടി വച്ചു നടത്തിയ കച്ചവടത്തിന്റെ ചരിത്രം വായിക്കും മുൻപു കാൽക്കുലേറ്റർ കൂടി കരുതണം.
മുഴുത്ത കണക്കുകളിലൂടെയാണ് ഈ കൊടുക്കൽ വാങ്ങലുകൾ വെളിപ്പെടുന്നത്. രണ്ട് അതിസമ്പന്ന സാമ്രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ കഥയാണിത്,
ഭൂമി പരന്നതാണെന്നും സൂര്യൻ അതിനും മേലെ അങ്ങും ഇങ്ങും പായുകയാണെന്നും വിശ്വസിച്ചിരുന്ന കാലത്താണു ‘ഹെർമപൊളോൺ’ മുസിരിസിലെത്തിയത്. വന്നതു കച്ചവടത്തിനാണെങ്കിലും ഗ്രീക്ക് ഇതിഹാസകാവ്യം പോലെ മോഹനമാണ് ഈ പേരിലെ ഭാവന.
വാണിജ്യത്തിന്റെ ഐശ്വര്യദേവനാണു ഹെർമസ്. ചിറകുള്ള സ്വന്തം രഥത്തിൽ സൂര്യദേവനെ കയറ്റി ഭൂമിയിലെ മുഴുവൻ കടലുകൾക്കും മീതെ പറക്കുന്ന യവനദേവനാണ് അപ്പോളോ. ഇവരുടെ പേരുകൾ കൂട്ടിച്ചേർത്താണു കച്ചവടത്തിനായി ‘കേരള’ത്തിലേക്കു പുറപ്പെട്ട പായ്ക്കപ്പലിനെ റോമക്കാർ ‘ഹെർമപൊളോൺ’ എന്നു വിളിച്ചത്.
രണ്ടാം നൂറ്റാണ്ടിന്റെ അവസാനമോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഈ കടൽയാത്ര സംഭവിച്ചു.
എന്തെല്ലാം ചരക്കുകളാണു ഹെർമപൊളോൺ നമ്മുടെ നാട്ടിൽനിന്നു കയറ്റിക്കൊണ്ടുപോയത്? അതിന്റെ വിലയെന്ത്?
ഇതു കണ്ടെത്താൻ യൂണിവേഴ്സിറ്റി ഓഫ് റോമിലെ പ്രഫസറായ ഡോ. ഫ്രെഡറിക്കോ ഡി റൊമാനിസ് കേരളത്തിൽ തങ്ങി ഗവേഷണം നടത്തി. മുസിരിസ് ഉദ്ഖനനത്തിനു തുടക്കമിട്ട മലയാളി ചരിത്രഗവേഷകനും അധ്യാപകനുമായ ഡോ.പി.ജെ.ചെറിയാനായിരുന്നു അദ്ദേഹത്തിനു കൂട്ട്.
‘മുസിരിസ് പാപ്പിറസ്’ എന്നു വിളിക്കുന്ന 19 നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു കടലാസ് ചുരുളാണു ഡോ. ഫ്രെഡറിക്കോയുടെ പഠനങ്ങളുടെ മൂലാധാരം.
മുസിരിസ് പാപ്പിറസ് പറയുന്നത്
38 സെന്റീമീറ്റർ നീളവും 27 സെമീ വീതിയും 26 വരികളുമുള്ള ഈ അപൂർവ ചരിത്രരേഖ വിയന്നയിലെ ഓസ്ട്രിയൻ നാഷനൽ ലൈബ്രറിയാണു സൂക്ഷിച്ചിട്ടുള്ളത്. അലക്സാൻഡ്രിയക്കാരനായ വ്യാപാരിക്കു മുച്ചിരിപട്ടണത്തിൽ (മുസിരിസ്) കച്ചവടം നടത്താനുള്ള വായ്പ അനുവദിച്ചു തയാറാക്കിയ വ്യാപാര ഉടമ്പടിയാണ് ഈ കടലാസ് ചുരുൾ.
ഉടമ്പടി പ്രകാരം ചരക്കു കയറ്റാൻ മുസിരിസിലെത്തിയ പടുകൂറ്റൻ പായ്ക്കപ്പലാണു ‘ഹെർമപൊളോൺ’. അതിനു 300 ടണ്ണിൽ അധികം കേവുഭാരമുണ്ടായിരുന്നു.
ഒത്ത ആനക്കൊമ്പ് 167 എണ്ണം (3228.5 കിലോഗ്രാം), ആനക്കൊമ്പു ചീളുകൾ 538.5 കിലോഗ്രാം. ഇത്രയും ആനക്കൊമ്പു ശേഖരിക്കണമെങ്കിൽ ഏകദേശം 380– 450 ആനകളെ വീതം വളർത്തുന്ന ഫാമുകൾ അന്നു വേണ്ടിവരുമെന്നാണു ഡോ. ഫെഡറിക്കോ ഡി റൊമാനിസിന്റെ നിഗമനം. ആടുകളെ വളർത്തും പോലെ ആനകളെ വളർത്തിയ ചേരദേശത്തിന്റെ പെരുമയാണ് ഉടമ്പടിയിൽ തെളിയുന്നത്.
അലങ്കാരവേലകൾക്കും ആഭരണ നിർമാണത്തിനുമുള്ള ആമത്തോടുകളായിരുന്നു പായ്ക്കപ്പലിൽ കയറ്റിയ വേറൊരു ചരക്ക്. ആമകൾ നിറഞ്ഞ അന്നത്തെ ചാലക്കുടിപ്പുഴയായിരുന്നു കച്ചവടത്തിന്റെ സ്രോതസ്സ്.
കപ്പലിൽ വാസനത്തൈലം നിറച്ച മൺഭരണികളും അതിനിടയിൽ കറുകപ്പട്ടയും ജടാമഞ്ചിയും അടുക്കിയിരുന്നു.
ബാക്കിഭാഗം മുഴുവൻ അവർ കുരുമുളകു ചാക്കുകൾ നിറച്ചു. ഏകദേശം 200 ടൺ (അതായതു 50 കിലോഗ്രാം വീതം നിറച്ച 4000 ചാക്കിനു തുല്യം) കുരുമുളകാണു ഹെർമപൊളോൺ കപ്പലിനുള്ളിൽ അട്ടിയിട്ടത്. കിലോഗ്രാമിലല്ല അന്നത്തെ കച്ചവടം.
താലന്ത്, മന്ന്, അലക് തുടങ്ങിയ അളവു തൂക്കങ്ങളിലാണു കച്ചവടം നടത്തിയതെന്നു മുസിരിസ് പാപ്പിറസ് പറയുന്നു. ഇത്തരം അളവു തൂക്കങ്ങൾ കേട്ടറിഞ്ഞ പരമ്പരാഗത വ്യാപാരികളെ കോട്ടപ്പുറം, പറവൂർ മാർക്കറ്റുകളിൽ ഇന്നും കാണാം.
ചരക്കു താണ്ടിയ ദൂരം
അറബിക്കടൽ താണ്ടി, ചെങ്കടൽ കടന്നു കപ്പലെത്തുമ്പോൾ ഇന്നത്തെ പോലെ കരമുറിച്ചു കടന്നു റോമിലെത്താൻ സൂയസ് കനാലുണ്ടായിരുന്നില്ല, 360 കിലോമീറ്റർ ദൂരം മരുഭൂമികൾ താണ്ടി ചരക്കു നൈൽ നദിക്കരയിൽ എത്തിക്കണം. ഹെർമപൊളോൺ ഇറക്കിയ 220 ടൺ ചരക്ക് കടത്താൻ കുറഞ്ഞത് 1000 ഒട്ടകങ്ങളെങ്കിലും വേണ്ടി വരുമെന്നാണു ഡോ: ഫെഡറിക്കോയുടെ നിഗമനം.
ഇന്നത്തെ കണക്കിൽ 90 ദശലക്ഷം യുഎസ് ഡോളറിന്റെ മൂല്യമുള്ള (720 കോടി രൂപ) കച്ചവടമാണു ഹെർമപൊളോൺ ഒറ്റ ട്രിപ്പിൽ നടത്തിയത്. ഈ മൂല്യത്തിന്റെ 25 ശതമാനം വ്യാപാരികൾ റോമാ സാമ്രാജ്യത്തിനു നൽകേണ്ട ഇറക്കുമതിച്ചുങ്കമാണ്.
പലതരം റോമൻ നാണയങ്ങൾ മുസിരിസ് ഉദ്ഖനനത്തിൽ ലഭിച്ചെങ്കിലും ഇത്തരം വൻകിട കച്ചവടങ്ങൾ നടത്തിയതു പണം ഉപയോഗിച്ചല്ലെന്നു ഡോ: പി.ജെ.ചെറിയാൻ പറഞ്ഞു. മെറ്റൽ കറൻസിയായ സ്വർണക്കട്ടികളാണു റോമാക്കാർ പകരം നൽകിയത്. പലപ്പോഴും ചരക്കിനു തുല്യം തൂക്കം സ്വർണം നമ്മുടെ വ്യാപാരികൾ കൊട്ടപ്പടി നേടി. തുലാഭാരം പോലെ ഒരു ബാർട്ടർ.
അതിസമ്പന്നമായ ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇവിടെ ഒട്ടേറെ ആഭരണ നിർമാണശാലകളുണ്ടായി. സ്വർണക്കട്ടികളെല്ലാം ആഭരണങ്ങളാക്കി നമ്മൾ വീണ്ടും വിദേശത്തേക്കു കയറ്റി അയച്ചു. ചൈനയിലെ ഹേപ്പു തുറമുഖത്തു നടത്തിയ ഉദ്ഖനനത്തിൽ നമ്മുടെ നാട്ടിൽ നിർമിച്ച ആഭരണങ്ങൾ കണ്ടെത്തി. സമാന സ്വർണാഭരണങ്ങളുടെ 200 ചെറുകഷണങ്ങൾ വടക്കൻ പറവൂരിലെ പട്ടണം ഉദ്ഖനനത്തിലും ലഭിച്ചു.
കള്ളക്കടത്ത് ഇല്ലാതെ കച്ചവടം
ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് ഇപ്പോൾ വർധിച്ചതിന്റെ കാരണം പറയുന്നത് ഇതാണ്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി വർധിപ്പിച്ചു. തീരുവ വെട്ടിച്ചു കടത്തുന്ന ഒരോ കിലോഗ്രാം സ്വർണത്തിനും 3.50 ലക്ഷം രൂപ അധികലാഭം കിട്ടും.
പണ്ട്, ഇവിടെ സ്വർണക്കട്ടികൾ നൽകി വ്യാപാരികൾ പകരം വാങ്ങിയ ചരക്കുകൾക്ക് 25% ഇറക്കുമതിച്ചുങ്കം റോമൻ ഭരണകൂടം ചുമത്തിയിട്ടും ചരിത്രരേഖകളിൽ ഒരിടത്തും കള്ളക്കടത്തു പിടികൂടിയതായി പറയുന്നില്ല. അത്രയ്ക്കു നേരോടെയായിരുന്നു കച്ചവടം.
ചരിത്രരേഖകളിൽ ഇടം പിടിക്കാത്ത മറ്റൊരു ചരക്കു കൂടി റോമാക്കാർ ഇവിടെ നിന്നു കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണു ഡോ.പി.ജെ.ചെറിയാന്റെ അനുമാനം. അതു ചാരായമാണ്, അറാക്ക്. നമ്മുടെ കാർഷിക വിളകളായ നെല്ലും തെങ്ങിൻകള്ളും പനങ്കള്ളും കൈതച്ചക്കയും വാറ്റിയ നാടൻ ചാരായം.
പട്ടണം ഉദ്ഖനനത്തിൽ അദ്ദേഹം കണ്ടെത്തിയ വീഞ്ഞുചാറ കമ്പോടുകളുടെ എണ്ണം അതാണു സൂചിപ്പിക്കുന്നത്. വാസനത്തൈലം ശേഖരിക്കാൻ ഇത്രയും അധികം മൺപാത്രങ്ങൾ നിർമിക്കേണ്ടതില്ല.
‘പെരിപ്ലസ് ഓഫ് എറിത്രിയൻ സീ’യെന്ന പുരാരേഖയാണു ചേര–റോമാ സാമ്രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന വാണിജ്യത്തിന്റെ കനപ്പെട്ട രേഖ.
ഹെർമപൊളോൺ പോലുള്ള 120 കപ്പലുകൾ ചരക്കെടുക്കാനായി ഓരോ വർഷവും ഇവിടെയെത്തുമായിരുന്നു. 16,000 ടൺ കുരുമുളകും 10,000 ടൺ കറുകപ്പട്ടയും 7000 പെട്ടി (50 ടൺ) ജടാമഞ്ചിയും 360 ടൺ ആമത്തോടും 576 ടൺ ആനക്കൊമ്പും ( 14,000 എണ്ണം) അവർ ഒരോ വർഷവും ഇവിടെ നിന്നു വാങ്ങിക്കൊണ്ടുപോയി. ഈ വാണിജ്യത്തിലൂടെ നേടുന്ന ഇറക്കുമതിച്ചുങ്കം റോമാ സാമ്രാജ്യത്തിന്റെ മൊത്തം ചെലവിന്റെ മൂന്നിലൊന്നു വരുമെന്നാണു ഡോ. ഫെഡറിക്കോയുടെ പഠനം വെളിപ്പെടുത്തുന്നത്. റോമക്കാരുടെ യുദ്ധച്ചെലവുകളും ഇതിൽ ഉൾപ്പെടും.
മന്നും അലകും താലന്തും...
കോട്ടപ്പുറം, പറവൂർ മാർക്കറ്റുകളിൽ പരമ്പരാഗത കച്ചവടക്കാർ വിനിമയങ്ങൾക്ക് ഉപയോഗിച്ചിരുന്ന അളവു തൂക്കങ്ങളാണു മന്നും അലകും. 15 കിലോഗ്രാമിനു തൊട്ടടുത്തുവരുന്ന തൂക്കമാണു മന്ന്. അടുത്തകാലം വരെ ശർക്കരയും അരിയും മന്ന് കണക്കിനു ചോദിച്ചു വാങ്ങുന്ന ഇടപാടുകാർ ചന്തയിൽ വരുമായിരുന്നു. മുസിരിസ് പാപ്പിറസിലെ ചരക്കുകളുടെ തൂക്കവും ഇതേ മന്നിലാണു രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ തൂക്കത്തിൽ വലിയ വ്യതിയാനമുണ്ട്. റോമാക്കാരുടെ കണക്കിൽ ഒരു മന്ന് അരക്കിലോഗ്രാമാണ്. റോമാക്കാർ കച്ചവടം നടത്തിയ മുഴുവൻ ലോകരാജ്യങ്ങളിലും ‘മന്ന്’ എന്ന തൂക്കം അടുത്തകാലം വരെ നിലവിലുണ്ടായിരുന്നു. കാലം മാറിയപ്പോൾ പലയിടത്തും തൂക്കം മാറി. അറബ്നാടുകളിലെ ഒരു മന്ന് 16 കിലോഗ്രാമാണ്. ബ്രിട്ടീഷുകാർക്കു 30 റാത്തലും (ഒരു റാത്തൽ 454 ഗ്രാമാണ്). ബ്രിട്ടിഷ് മേൽക്കോയ്മയുടെ സ്വാധീനമാണ് അവരുമായി കച്ചവട ബന്ധമുണ്ടായിരുന്ന ഇന്ത്യയിലും അറബ്നാടുകളിലും മന്നിന് ഏതാണ്ട് ഒരേ തൂക്കമായത്. കോട്ടപ്പുറത്തും പറവൂരിലുമുള്ള മറ്റൊരു തൂക്കം ‘കണ്ടി’യാണ്. 20 മന്നാണ് ഒരു കണ്ടി. ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത മറ്റൊരു തൂക്കം ഒരു നൂറ്റാണ്ട് മുൻപു വരെ അവിടെയുണ്ടായിരുന്നു– താലന്ത്. 34 കിലോഗ്രാമാണ് ഒരു താലന്ത്. ഇതേ പേരിലുള്ള നാണയവും റോമിലുണ്ടായിരുന്നു. ഇതിൽ ചിലത് ഉദ്ഖനനത്തിൽ കിട്ടി.
‘അലക്’ തൂക്കമല്ല, എണ്ണമാണ്. 100 എണ്ണത്തിന്റെ ഒരു കൂട്ടത്തെയാണ് ഒരു അലക് എന്നു പറയുന്നത്. ഈർക്കിൽ മാറ്റിയ തെങ്ങോല മടക്കിയാണു തേങ്ങയും കായക്കുലയും അരിച്ചാക്കും എണ്ണം പിടിച്ചത്. ഓരോ 100 എണ്ണത്തിനും ഒരു അലകു മടക്കി കണക്കു കൂട്ടും.
മുസിരിസ് പാപ്പിറസിലെ ബൈബിൾ തൂക്കങ്ങൾ
ഹീബ്രൂ ഭാഷയിലെ ‘മിന്ന’ എന്ന തൂക്കത്തിന്റെ വകഭേദമാണു നമ്മുടെ ‘മന്ന്’ എന്നാണു ഗവേഷകരുടെ അനുമാനം. ഹീബ്രൂ രേഖകളിൽ ഒരു മിന്ന 6 കിലോഗ്രാമാണ്. ഒരു താലന്ത് 40 കിലോഗ്രാം. ഒരു ഷെക്കൽ 11.50 കിലോഗ്രാം. താലന്തും ഷെക്കലും നാണയങ്ങളുടെ പേരായും ഉപയോഗിക്കുന്നുണ്ട്. 2000 വർഷം മുൻപു റോമാ സാമ്രാജ്യത്തിൽ ഒരാഴ്ചയിൽ 4 ദിവസമാണു ദേഹാധ്വാനമുള്ള ജോലികൾ ചെയ്തിരുന്നത്. 3000 ഷെക്കലായിരുന്നു ആഴ്ചക്കൂലി. ഒരു ദിവസത്തെ കൂലി ഒരു ദനാറയും. ദനാറയിൽ നിന്നാണു ദിനാറുണ്ടായത്. 260 രൂപയ്ക്കു മുകളിലാണ് ഒരു കുവൈത്ത് ദിനാറിന്റെ ഇന്നത്തെ മൂല്യം.
ഹെർമപൊളോൺ, കടൽ താണ്ടിക്കടന്ന പായ്ക്കപ്പലാണ്. ഇത്തരം പല കപ്പലുകളും കാറ്റിലും കോളിലും അറബിക്കടലിൽ താണിട്ടുണ്ട്. എന്നാൽ ഹെർമപൊളോണിലെ മുഴുവൻ ചരക്കിനും മുസിരിസ് പാപ്പിറസിലെ ഉടമ്പടി പ്രകാരം ‘നഷ്ടോത്തരവാദം’ ഏർപ്പെടുത്തിയിരുന്നു. അതായത് നമ്മുടെ ഇന്നത്തെ ഇൻഷുറൻസ്.
English Summary: Roman empire hermapollon updates