ലുലയുടെ ചിരിമാല
Mail This Article
ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ലുല ഡസിൽവയിൽ നിന്നു വൈകാതെ പ്രതീക്ഷിക്കാവുന്ന ഒരു പ്രസ്താവനയുണ്ട്: ‘ദൈവം ബ്രസീലുകാരനാണ്.’
നല്ല കാലം വരുമ്പോൾ ദൈവം ബ്രസീലുകാരനെന്നും കാലം മോശമെങ്കിൽ ദൈവം പോർച്ചുഗലുകാരനെന്നും പറയുക ബ്രസീലിലെ നാട്ടാചാരമാണ്.
എല്ലാം ഒരു സാംബയിൽ അവസാനിക്കും എന്ന ബ്രസീലിയൻ ചൊല്ലിന് അർഥങ്ങൾ രണ്ടാണ്: വൈകാതെ കാര്യങ്ങൾ സാംബ നൃത്തത്തിന്റെ ഗതിയിലാകും; അഥവാ, എല്ലാറ്റിനും തമാശയുടെ ഗതി വരും. എന്തിനെയും തമാശയാക്കി മാറ്റുകയെന്ന ബ്രസീലിയൻ രീതിയെക്കുറിച്ചാണ് ഈ ചൊല്ല് – സംഗതി എത്ര ഗൗരവമുള്ളതുമാകട്ടെ, അതിനെ പറഞ്ഞുപറഞ്ഞ് തമാശയാക്കുക. അവർ ദൈവമുൾപ്പെടെ ആരെക്കുറിച്ചും തമാശയുണ്ടാക്കും, സ്ഥലകാല പരിഗണനയില്ലാതെ അതു വിളിച്ചുപറയുകയും ചെയ്യും. തമാശ ബ്രസീലുകാരുടെ രക്തത്തിലുള്ളതാണ്. ലുലയുടെ രക്തത്തിൽ അതൽപം കൂടുതലാണ്.
മൻമോഹന്റെ പൊട്ടിച്ചിരി
ലുലയുടെ തമാശയിൽ, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങുപോലും പൊട്ടിച്ചിരിക്കാൻ നിർബന്ധിതനായി. അതു സംഭവിച്ചത് ദക്ഷിണാഫ്രിക്കയിൽ പ്രിട്ടോറിയയിലെ സ്റ്റേറ്റ് ഹൗസിലാണ്. 2007 ഒക്ടോബർ 17ന്. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ഇബ്സയുടെ ഉച്ചകോടിയായിരുന്നു വേദി.
ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ മൻമോഹൻ സിങ് അത്ര നല്ല മൂഡിലല്ലായിരുന്നു. ഡൽഹിയിൽ ബിജെപി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയണ്. ഇന്ത്യ – യുഎസ് ആണവ കരാർ മുന്നോട്ടുപോകാത്ത സ്ഥിതിയാക്കി എന്നതായിരുന്നു ബിജെപി പറഞ്ഞ പ്രശ്നം. ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിച്ചെന്നാലുടനെ പ്രധാനമന്ത്രി രാജിവയ്ക്കുമെന്ന് ചില ടിവി ചാനലുകൾ വാർത്ത നൽകുകപോലും ചെയ്തു.
ഉച്ചകോടിയിലെ സമാപന യോഗമായി. അതിൽ പങ്കെടുക്കാൻ മാധ്യമപ്രതിനിധികൾക്കും അനുമതിയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല, അത് ഇന്ത്യൻ പ്രധാനമന്ത്രി മാധ്യമപ്രതിനിധികളെയും വിദേശ യാത്രകളിൽ ഒപ്പംകൂട്ടുന്ന കാലമാണ്.
മുൻകൂട്ടി തയാറാക്കിയ പ്രസംഗങ്ങൾ മൻമോഹൻ സിങ്ങും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് താബോ മെബക്കിയും വായിച്ചു. പിന്നാലെയാണു ലുലയ്‌ക്കു മൈക്കു കിട്ടുന്നത്. കടലാസൊന്നുമില്ലാതെയുള്ള പ്രസംഗത്തിൽ, രാജ്യാന്തര സമ്മേളനങ്ങളെക്കുറിച്ചാണു ലുല ആദ്യം പറഞ്ഞത്: ‘ആദ്യ സമ്മേളനം സന്തോഷം തരും – ടിവിയിൽ തന്നെ കാണിക്കുമ്പോൾ, അതു നാട്ടുകാർ കാണുമ്പോൾ എനിക്കു സന്തോഷം, എന്റെ ഭാര്യയ്‌ക്കും സന്തോഷം. അടുത്ത സമ്മേളനത്തിൽ, പഴയ സമ്മേളനത്തിൽ പറഞ്ഞതൊക്കെത്തന്നെ ആവർത്തിക്കും. പുതിയതൊന്നുമില്ല... അടുത്ത സമ്മേളനത്തിന്റെയും ഗതി അതുതന്നെ... വൈകാതെ ഈ പരിപാടി മടുക്കും.’
ഉച്ചകോടിയിലിരുന്ന് രാജ്യത്തലവൻമാർ എത്ര വലിയ തീരുമാനമെടുത്താലും ഉദ്യോഗസ്‌ഥ ദുഷ്‌പ്രഭുത്വം കനിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നായിരുന്നു ലുലയുടെ അടുത്ത പ്രസ്‌താവന. അതിങ്ങനെയായിരുന്നു: ഞാൻ ലുല, ബ്രസീലിന്റെ പ്രസിഡന്റ്. ഡോ. സിങ്, ഇന്ത്യയുടെ പ്രധാനമന്ത്രി. മെബക്കി, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ്.
നമ്മൾ വലിയ തീരുമാനമൊക്കെയെടുക്കും. പക്ഷേ, അതൊക്കെ നടപ്പാകണമെങ്കിൽ, ദാ, നമ്മുടെ പിന്നിലിരിക്കുന്ന ഈ ഉദ്യോഗസ്ഥരുണ്ടല്ലോ, അവർ വിചാരിക്കണം. ഇവർ, ഉദ്യോഗസ്‌ഥർ പഴയൊരു റയിൽവെ സ്‌റ്റേഷൻ പോലെയാണ്. 500 കൊല്ലം പഴക്കമുള്ള റയിൽവെ സ്‌റ്റേഷൻ. നമ്മുടെ സർക്കാരുകളാകുന്ന ട്രെയിനുകൾ ഈ സ്‌റ്റേഷനിലൂടെ കടന്നുപോകും. ചില ട്രെയിനുകൾ ശബ്‌ദമുണ്ടാക്കും. ചിലത് അതുമില്ല. സ്‌റ്റേഷനുമാത്രം ഒരു മാറ്റവുമില്ല. അതങ്ങനെതന്നെ തുടരും.
റയിൽവേ സ്‌റ്റേഷനിൽനിന്നു ലുല കയറിയത് സമ്പന്ന രാജ്യങ്ങളുടെ തോളിലേക്കാണ്: സമ്പന്ന രാജ്യങ്ങൾ ഏതു കാര്യത്തിലും പെരുമാറുന്നത് എങ്ങനെയാണെന്നോ? അവർ ദരിദ്ര രാജ്യങ്ങളെ വിരുന്നിനു വിളിക്കും. ദരിദ്രർ ക്ഷണം സ്വീകരിച്ച് വിരുന്നിന് എത്തുമ്പോഴേക്കും വിരുന്നിലെ പ്രധാന വിഭവങ്ങളെല്ലാം സമ്പന്നർതന്നെ ശാപ്പിട്ടിരിക്കും. അവർ അതിഥികളോടു പറയും: വരൂ നമുക്കു മധുരം കഴിക്കാം.
കഴിപ്പിന്റെ കാര്യം പറയുന്നതിനിടെയാണ് ലുലയ്‌ക്കു വിശപ്പിന്റെ വിളിയുണ്ടായത്. തലപുകച്ചുള്ള ചർച്ചകൾക്കിടയിൽ ഉച്ചയൂണില്ലാതെ സമ്മേളനം നീണ്ടുപോയതിന്റെ ക്ഷീണം ലുലയുടെ മാത്രമല്ല, സർവരുടെയും മുഖത്തുണ്ടായിരുന്നു. അതു മുതലാക്കി, വാച്ചിൽ നോക്കുന്നതായി ഭാവിച്ചുകൊണ്ട് ലുല പറഞ്ഞു: മിസ്റ്റർ മെബക്കി, സമ്മേളനത്തിനു വിളിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ മര്യാദ വേണം. സാമാന്യ മര്യാദ. വരുന്നവർക്കു ഭക്ഷണം നൽകാനുള്ള മര്യാദ.
വിശന്നിരുന്നവരെല്ലാം, ഇന്ത്യൻ പ്രധാനമന്ത്രിയും മെബക്കിയും മന്ത്രിമാരുമെല്ലാം ചിരിയോടു ചിരി. രാജ്യാന്തര ഉച്ചകോടിയിലിരുന്ന് തനിക്കു വിശക്കുന്നു എന്നു പറഞ്ഞ ലുലയ്‌ക്കു മാത്രം ചിരിയില്ല. പറഞ്ഞത് അൽപം കൂടിപ്പോയോ എന്ന സംശയഭാവവുമില്ല.
ലുലയുടെ നർമബോധം
പരിസരം നോക്കാതെ തമാശ പറയുന്ന ലുലയുടെ ശൈലിയെക്കുറിച്ചൊരു തമാശ അന്ന് അവിടെയുണ്ടായിരുന്ന ബ്രസീലിയൻ മാധ്യമസുഹൃത്ത് പറഞ്ഞുതന്നു:
മനുഷ്യനെയും അവന്റെ ചെയ്‌തികളും മടുത്ത ദൈവം ലോകമവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ലോകമവസാനിക്കും. തന്റെ തീരുമാനം ലോകത്തിലെ പ്രമുഖ നേതാക്കളെ നേരിട്ടു വിളിച്ചു പറയാൻ ദൈവം തീരുമാനിച്ചു.
‘‘ഞാൻ നിങ്ങളെ വിളിച്ചിരിക്കുന്നത് 24 മണിക്കൂറിനുള്ളിൽ ലോകമവസാനിപ്പിക്കുന്നു എന്നു പറയനാണ്..’’
‘‘പക്ഷേ, ദൈവമേ...’’ – ചിലർ ആശങ്കപ്പെട്ടുതുടങ്ങി.
‘‘ഒരു പക്ഷേയുമില്ല. മതി. ഭൂമിയെന്ന ഏർപ്പാടു മതിയാക്കാം. നിങ്ങൾ നിങ്ങളുടെ രാജ്യങ്ങളിൽ പോയി ജനങ്ങളോടു പറയുക, അന്ത്യത്തിനായി തയാറാകാൻ.’’
ദൈവഹിതം നിറവേറ്റാൻ ആദ്യം പോയത് ജോർജ് ബുഷാണ്. വാഷിങ്‌ടനിൽ അമേരിക്കൻ ജനതയ്‌ക്കു നൽകിയ സന്ദേശത്തിൽ ബുഷ് പറഞ്ഞു: ‘എന്റെ പ്രിയ അമേരിക്കക്കാരേ! എനിക്കു നിങ്ങളോടു പറയാൻ ഒരു സന്തോഷവാർത്തയും ഒരു ദുഖവാർത്തയുമുണ്ട്. സന്തോഷവാർത്ത ഇതാണ്: ദൈവമുണ്ട്, അദ്ദേഹമെന്നോടു സംസാരിച്ചു, അതങ്ങനെ സംഭവിക്കുന്നതാണെന്നു നിങ്ങൾക്കറിയാവുന്നതാണല്ലോ. ദുഃഖവാർത്തയിതാണ്: ഈ മഹാരാജ്യം, നമ്മുടെ മഹാസ്വപ്‌നം, അടുത്ത 24 മണിക്കൂറിനുള്ളിൽ ഇല്ലാതാവും. അതാണു ദൈവഹിതം’
അടുത്തത് ഫിഡൽ കാസ്‌ട്രോ: ക്യൂബൻ ജനതയെ വിളിച്ചുകൂട്ടി കാസ്‌ട്രോ പറഞ്ഞു– ‘ സഖാക്കളേ! ക്യൂബൻ ജനതയേ! എനിക്കു രണ്ടു ദുഃഖവാർത്തകൾ പറയാനുണ്ട്. ഒന്ന് – ദൈവമുണ്ട്. ഞാനദ്ദേഹത്തെ കണ്ടു. വളരെയടുത്ത്. ഇക്കാലമത്രയും എനിക്കു തെറ്റുപറ്റി. രണ്ട് – നാമിതുവരെ പടുത്തുയർത്തിയ ഈ മധുരമനോജ്‌ഞ വിപ്ലവം ഇനിയങ്ങോട്ടില്ല.’
നാട്ടിലെത്തി ലുല പറഞ്ഞു: ‘ഇന്ന് എല്ലാവർക്കും ഒരു വിശേഷപ്പെട്ട ദിവസമാണ്. കാരണം, എനിക്കു നിങ്ങളോടു പറയാൻ രണ്ടു നല്ല വാർത്തകളുണ്ട്.
ഒന്ന് – ഞാൻ ദൈവദൂതനാണ്. കാരണം, ഞാൻ അദ്ദേഹവുമായി നേരിട്ടു സംസാരിച്ചു.
രണ്ട് – ഞാൻ തിരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്‌തതുപോലെ, 24 മണിക്കൂറിനുള്ളിൽ ഇവിടുത്തെ തൊഴിലില്ലായ്‌മയും നിരക്ഷരതയും മയക്കുമരുന്നുകടത്തും അക്രമവും ഇല്ലാതാകും, യാത്രയോ വെള്ളമോ വൈദ്യുതിയോ പാർപ്പിടമോ ഉദ്യോഗസ്‌ഥരോ ഇനിയൊരു പ്രശ്‌നമാവില്ല. അതിനെക്കാളുപരി, ഇനിമേൽ നികുതിയുണ്ടാവില്ല, ദുരിതങ്ങളുണ്ടാവില്ല, ഈ രാജ്യത്ത് വിശപ്പോ ദാരിദ്ര്യമോ ഉണ്ടാവില്ല. വർക്കേഴ്‌സ് പാർട്ടി അതിന്റെ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റിയിരിക്കുന്നു.’
ദൈവം ബ്രസീലുകാരനെന്നു മാത്രമല്ല, വർക്കേഴ്സ് പാർട്ടിക്കാരനാണെന്നുകൂടി ഇനി ലുല പറഞ്ഞേക്കാം!
Content Highlight: Brazil President Lula da Silva