കനൽ വഴികൾ പിന്നിട്ട് ചിറകു വിരിച്ച് വിജി
Mail This Article
രാജകീയമായി കഴിയുമ്പോൾ ഒരുനാൾ പൊടുന്നനെ ഒന്നുമല്ലാതായിപ്പോവുക... വിജിയും കുടുംബവും പടവെട്ടി നേടിയതാണ് ഇക്കാണുന്ന ജീവിതം. പിന്നെ പോരാട്ടം കാൻസർ ബാധിതർക്കു വേണ്ടിയായി. ഇന്ന് രാജ്യാന്തര ഫൗണ്ടേഷനായ മാക്സിന്റെ ഏഷ്യ റീജനൽ ഹെഡ് എന്ന പദവി വരെയെത്തിയ തൃശൂർ സ്വദേശിയുടെ യാത്രകൾ സംഭവബഹുലമാണ്...
അമേരിക്കയിലെ ഒഹായോവിൽ വീടുവീടാന്തരം കയറി മേക്കപ്പ് കിറ്റുവേണോ എന്നു ചോദിച്ച ആദ്യ ദിവസങ്ങളിൽ വിജി വെങ്കിടേശിനു മനസ്സിലായി, ജീവിതം മേക്കപ്പ് ചെയ്ത് എടുക്കുക അത്ര എളുപ്പമല്ലെന്ന്. പിന്നീടു വീടുകളിൽ പോയി കുട്ടികളെ നോക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. അപ്പോൾ വിജിയുടെ വീട്ടിൽ രണ്ടു കുട്ടികൾ അമ്മയെ കാത്തിരിക്കുകയായിരുന്നു. പലരുടെയും വീടുകളിലെ കുട്ടികളെ പരിചരിച്ചു കഴിഞ്ഞ് അവരുടെ അടുത്തേക്ക്. പക്ഷേ, വിജി ഓടിക്കൊണ്ടിരുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഭർത്താവിനും സ്കൂളിൽ പോകുന്ന കുട്ടികൾക്കും വേണ്ടി. വർഷങ്ങൾക്കു ശേഷം എഴുപത്തി രണ്ടാം വയസ്സിൽ വിജി പറക്കുകയാണ്. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്ക്, രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക്. അവരെ എല്ലാ പ്രമുഖ ആശുപത്രികളും സ്നേഹപൂർവം കാത്തിരിക്കുന്നു.
കാൻസർ രോഗികൾക്കു വേണ്ടിയുള്ള രാജ്യാന്തര ഫൗണ്ടേഷനായ മാക്സിന്റെ ഏഷ്യ റീജനൽ ഹെഡിന്റ കസേരയിലിരിക്കുന്ന വിജി വെങ്കിടേഷ് പറഞ്ഞു, എന്നെ ഇവിടെ എത്തിച്ചത് അമേരിക്കയിലെ കഷ്ടപ്പാടുകളാണ്. തൃശൂരിൽനിന്നു തുടങ്ങി ഡൽഹി, വെനസ്വേല, അമേരിക്ക വഴി മുംബൈയിൽ തിരിച്ചെത്തിയതാണു വിജിയുടെ ജീവിതം. സമൃദ്ധിയിൽനിന്നു ദാരിദ്ര്യത്തിലേക്കും തിരിച്ച് ഉയർച്ചകളിലേക്കും ഒരു കുടുംബം നടത്തിയ യാത്രയാണിത്. തൃശൂർ പൂങ്കുന്നം അഗ്രഹാരത്തിലെ തൃശൂർ രാമകൃഷ്ണന്റെയും ലളിതയുടെയും മകളാണു ടി.വിജയലക്ഷ്മി. ടി എന്നതു തൃശൂർ എന്നതിന്റെ തുടക്കമാണ്.
രാമകൃഷ്ണൻ പണ്ടു കാലത്തെ മിക്ക അഗ്രഹാര യുവാക്കളെയുംപോലെ പഠനം കഴിഞ്ഞ ഉടനെ ഡൽഹിക്കു വണ്ടി കയറി. അവിടെ കേന്ദ്ര സർക്കാർ സർവീസിൽ ടൈപ്പിസ്റ്റായി ചേർന്നു. ജോയിന്റ് സെക്രട്ടറിയായാണു വിരമിച്ചത്. വിജി ബിരുദം നേടിയതു ഡൽഹിയിൽ വച്ചാണ്. അപ്പോഴേക്കും കല്യാണം വന്നു. ഭർത്താവ് കൃഷ്ണസ്വാമി വെങ്കിടേഷിനു മുംബൈയിൽ ഓയിൽ റിഫൈനറിയിലായിരുന്നു ജോലി. പിന്നീടു സ്വപ്ന തുല്യമായ ജീവിതവുമായി 1975ൽ വെനസ്വേലയിലേക്കു താമസം മാറ്റി. 7 വർഷം കൊണ്ടു വെനസ്വേല സ്വന്തം വീടുപോലെയായി. നല്ല ജീവിതം, മികച്ച സമ്പാദ്യം. എല്ലാം സുരക്ഷിതം.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിടിച്ചിലും രാഷ്ട്രീയ പ്രശ്നങ്ങളിലും വെനസ്വേലയിൽ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. രണ്ടോ മൂന്നോ ആഴ്ചകൊണ്ടു കറൻസിക്കു കടലാസു വിലയായി. ബാങ്കുകൾ അടച്ചു. നേടിയതെല്ലാം നഷ്ടപ്പെട്ടു നിൽക്കെ കൃഷ്ണ സ്വാമി പറഞ്ഞു, ഇന്ത്യയിലേക്ക് ഒന്നും കൈവശമില്ലാതെ മടങ്ങേണ്ട. അമേരിക്കയിലേക്കു പോകാം. എംബിഎ നേടിയാൽ എനിക്കു നല്ല ജോലി കിട്ടും. അതു കിട്ടുന്നതുവരെ നമുക്ക് എങ്ങനെയെങ്കിലും ജീവിക്കാം. 1984ൽ സ്വപ്ന തുല്യമായ ജീവിതം വിട്ടു വെറും കയ്യുമായി അമേരിക്കയിലെത്തി. പഠിക്കാൻ സാമ്പത്തിക സഹായം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അവിടെ എത്തിയപ്പോഴാണ് തൽക്കാലം പഠന സഹായം കിട്ടില്ലെന്ന് അറിഞ്ഞത്. അതുവരെ രാജകുമാരിയെപ്പോലെ ജീവിച്ച വിജി പറഞ്ഞു, താങ്കൾ പഠിക്കുക. നമുക്കു കുട്ടികളെയും പഠിപ്പിക്കണം. അതിനു താങ്കൾക്കൊരു നല്ല ബിരുദവും ജോലിയും കൂടി വേണം. നമുക്ക് അധ്വാനിക്കാം. അവിടെ വച്ചാണു വിജി കിട്ടിയ ജോലിക്കെല്ലാം പോയിത്തുടങ്ങിയത്.
പെട്ടെന്നൊരു ദിവസം ദാരിദ്ര്യം അനുഭവിക്കേണ്ടി വരികയെന്നതു വല്ലാത്ത അവസ്ഥയല്ലേ?
ഭക്ഷണമില്ലാത്ത വിധം ദരിദ്രരായിരുന്നില്ല ഞങ്ങൾ. പക്ഷേ അദ്ദേഹത്തിനു പഠിക്കണമെങ്കിൽ ഞാൻ ജോലി ചെയ്തേ മതിയാകുമായിരുന്നുള്ളു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം മാത്രമുള്ള എനിക്ക് എന്തു ജോലി കിട്ടാൻ. അങ്ങനെയാണു മേക്കപ്പ് സാമഗ്രികൾ വീടു തോറും നടന്നു വിൽക്കുന്ന ജോലി തുടങ്ങിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽവരെ വളരെ മടിയോടെയാണു ഞാൻ അതുവരെ പോയിരുന്നത്. 40 വർഷം മുൻപായിരുന്നു ഇത്. ബ്രൗൺ നിറമുള്ള എന്നെ മിക്ക വീട്ടുകാർക്കും പുച്ഛമായിരുന്നു.
അവർ മുഖത്തു നോക്കി വാതിലടച്ചു പോകാൻ പറഞ്ഞു. പക്ഷേ, പതുക്കെപ്പതുക്കെ നല്ല സുഹൃത്തുക്കളുണ്ടായി. ഞാൻ ബേബി സിറ്റിങ്ങിനു വീടുകളിൽപോയി. അവർക്കും ബ്രൗൺ നിറമുള്ളവരെ വേണ്ടായിരുന്നു. ഒന്നര വർഷത്തോളം കഷ്ടപ്പെട്ടു. അപ്പോഴേക്കും അദ്ദേഹത്തിനു സ്കോളർഷിപ് കിട്ടി, എംബിഎ നേടി. പിടിച്ചു നിൽക്കുമെന്നുറപ്പായി. ഇന്ത്യയിൽ തിരിച്ചെത്തിയ ഉടനെ അദ്ദേഹത്തിനു നല്ല ജോലി കിട്ടി. കുട്ടികളെ നല്ല സ്കൂളിൽ ചേർത്തു. ഇന്ത്യയിലെത്തി വൈകാതെ എനിക്കു കാൻസർ രോഗികൾക്കു വേണ്ടി ജോലി ചെയ്യുന്നൊരു എൻജിഒയിൽ ജോലി കിട്ടി. മില്ല് തൊഴിലാളികൾക്കിടയിൽ കാൻസർ ബോധവൽകരണം നടത്തി അവരിൽനിന്നു ഫണ്ടു ശേഖരിക്കുകയായിരുന്നു ജോലി.
തുച്ഛമായ കൂലിയുള്ള തൊഴിലാളികൾ പത്തും ഇരുപതും രൂപ നൽകി. സമൂഹത്തിന്റെ താഴത്തട്ടിലുള്ളവരുമായി ഞാൻ അടുത്ത് ഇടപഴകി. ആ പണം ഉപയോഗിച്ചായിരുന്നു കാൻസർ രോഗികളെ പരിപാലിച്ചിരുന്നത്. മുംബൈ ടാറ്റാ മെമ്മോറിയിൽ ഹോസ്പിറ്റലിലെ കാൻസർ വിഭാഗത്തിലും ജോലി ചെയ്തു. ആ ആശുപത്രിയുടെ എത്തിക്സ് കമ്മിറ്റിയിലും ഉണ്ടായിരുന്നു. അതിനിടയിലാണു 2002ൽ മാക്സിൽ ജോലി അവസരം വന്നത്. അതൊരു തുടക്കമായി.20 വർഷമായി മാക്സിൽ തുടരുന്നു.
മാക്സിന്റ ഏറെ ശ്രദ്ധ നേടിയ ‘കാൻസർ സഹായത്തിനായൊരു ചായ’ എന്ന പദ്ധതി വിജിയുടേതായിരുന്നില്ലേ?
ഞങ്ങളുടെ എല്ലാവരുടേതുമായിരുന്നു. ഞാനതിനു തുടക്കമിട്ടു എന്നു മാത്രം. വീട്ടിൽ എല്ലാവരെയും ചായയ്ക്കു വിളിക്കുകയാണു പരിപാടി. ചായയ്ക്കു ചുരുങ്ങിയതു 100 രൂപ കൊടുക്കണം. അങ്ങനെ കിട്ടുന്ന പണം കാൻസർ പരിചരണ ഫണ്ടിലേക്കു നൽകും. അവരോടു ഞാൻ കാൻസറിനെക്കുറിച്ചു സംസാരിച്ചു. അവരിൽ പലരും സ്ഥിരമായി സഹായിക്കാൻ തുടങ്ങി. നാലു വർഷംകൊണ്ടു 3 കോടി രൂപയാണു ചായയിൽനിന്നു മാക്സ് ഫൗണ്ടേഷൻ നേടിയത്.
ആയിരക്കണക്കിന് ആളുകൾ ഇതിനായി ചായ കുടിച്ചു. അതു വലിയൊരു സന്ദേശമായി എല്ലായിടത്തുമെത്തി. ഇപ്പോഴും അതു തുടരുന്നു. വലിയ ആശുപത്രികളിൽപോലും ഇപ്പോൾ കാൻസറിനു വേണ്ടിയുള്ള ചായ കുടിക്കൽ നടക്കുന്നുണ്ട്. ഏഷ്യയിൽ മാത്രം 18,000 കാൻസർ രോഗികളെ ഞങ്ങൾ മരുന്നും സഹായവും നൽകി പരിപാലിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ പ്രശസ്ത കാൻസർ വിദഗ്ധരും മാക്സുമായി പല തലത്തിൽ സഹകരിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 5000 രോഗികളെ പരിപാലിക്കുന്നു. വർഷത്തിലൊരിക്കൽ ഈ രോഗികളുടെ സംഗമം പലയിടത്തായി നടത്തും. രാജ്യത്തു ചികിത്സയിലുള്ള 13,000 രോഗികളെയോ അവരുടെ ബന്ധുക്കളെയോ ഞാൻ ഈ കൂട്ടായ്മയിലൂടെ കണ്ടിട്ടുണ്ട്.
നടൻ സൽമാൻ ഖാനുമായി അടുക്കുന്നത് എങ്ങനെയാണ്. ?
20 വർഷം മുൻപാണു സൽമാനെ ആദ്യമായി കാണുന്നത്. കാൻസർ രോഗികളെ സഹായിക്കാനായി സൽമാനും അച്ഛൻ സലിം ഖാനും ഒരു കാരുണ്യ പ്രവർത്തനത്തിനായി എന്നെ സമീപിച്ചു. അതൊരു അടുപ്പത്തിന്റെ തുടക്കമായിരുന്നു. കാരുണ്യത്തിനായി പ്രവർത്തിക്കുന്ന സൽമാൻ ഖാൻ ഫൗണ്ടേഷൻ രൂപീകരിക്കുന്നതിൽ ഞാനും പങ്കാളിയായി. അവരുടെ കുടുംബമല്ലാത്ത ഏക ട്രസ്റ്റി അംഗം ഞാനാണ്. സൽമാന്റെ ബീയിങ് ഹ്യുമൻ’ എന്ന വസ്ത്ര ബ്രാൻഡ് ഉണ്ടാക്കുന്നതിലും എനിക്കു സഹകരിക്കാനായി. അതും കാരുണ്യ പ്രവർത്തനത്തിനു ഫണ്ട് കണ്ടെത്താനുള്ള വഴിയായിരുന്നു.
കൃഷ്ണ സ്വാമി വെങ്കിടേഷ് ഇപ്പോൾ ജോലിയിൽനിന്നു വിരമിച്ചു മുംബൈയിൽ സന്തോഷത്തോടെ ക്രിക്കറ്റും സൗഹൃദങ്ങളുമായി ജീവിക്കുന്നു. രണ്ട് ആൺമക്കളാണ്. മുത്തയാൾ വിവേക് കാനഡയിൽ പ്രഫസറാണ്. ഇളയ മകൻ മുംബൈയിൽ ഡിസൈനറായി ജോലി ചെയ്യുന്നു. വിജി വെങ്കിടേഷിന്റെ അടുത്ത ആറു മാസത്തെ യാത്രാ പരിപാടി തയാറാക്കിഴിഞ്ഞു. ആയിരക്കണക്കിനു സന്ദേശങ്ങൾ, കാണാൻ വരുന്നവരുടെ തിരക്ക്, വിദേശ യാത്രകൾ അങ്ങനെ അവർ പറന്നുകൊണ്ടേയിരിക്കുന്നു.
English Summary : Viji dedicated her life for cancer patients