ADVERTISEMENT

ഒരു മാസം മുൻപ് ലോകത്തിനു മുൻപിൽ ഒരു പന്ത് കാട്ടി ഖത്തർ മോഹിപ്പിച്ചു വിളിച്ചു- വരൂ..! വിരുന്നുകാർക്കായി അവർ കാത്തുവച്ചിരുന്നത് വിസ്മയച്ചെപ്പുകൾ കൂടിയായിരുന്നു! 

kathra-village--nikhil-raj
ദോഹ നഗരത്തിലെ കത്താര ഗ്രാമത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: നിഖിൽരാജ് ∙ മനോരമ

ദൈവം ഭൂമിയെ സൃഷ്ടിച്ചു. ഡച്ചുകാർ നെതർലൻഡ്സും! കടൽ നികത്തി കരയുയർത്തി രാജ്യമുണ്ടാക്കിയ ഡച്ചുകാരുടെ ഈ ചൊല്ല് ഖത്തറിനും ചേരും. ഭൂമി വീതം വച്ചപ്പോൾ അവർക്കു കിട്ടിയത് തുച്ഛമായ സ്ഥലമാണ്.വെറും പന്തീരായിരത്തോളം ചതുരശ്ര കിലോമീറ്റർ. ലോക രാജ്യങ്ങൾക്കിടയിൽ 158-ാം സ്ഥാനം. എന്നാൽ ആ സ്ഥലത്ത് ഖത്തർ സൃഷ്ടിച്ചിരിക്കുന്ന അദ്ഭുതങ്ങൾ ഒട്ടേറെ. കണ്ടെയ്നറുകൾ കൊണ്ടൊരു സ്റ്റേഡിയം മുതൽ കടലിൽനിന്നു കോരിയെടുത്ത മുത്തു പോലൊരു ദ്വീപ് വരെ. മത്സര വേദികളിൽ മാത്രമല്ല, ഈ വിസ്മയക്കാഴ്ചകളിൽ കൂടിയാണ് ഒരു മാസത്തോളം ലോകകപ്പ് കാണികൾ സഞ്ചരിച്ചത്. ലോകകപ്പ് കഴിഞ്ഞു മടങ്ങുമ്പോഴും ഈ ഇത്തിരിവട്ടം സ്ഥലത്തുനിന്നു കിട്ടിയ ഒത്തിരി ഓർമകൾ അവരുടെ മനസ്സിലുണ്ടാകും! 

spanishgraciasnikhilraj
ചിത്രം: നിഖിൽരാജ് ∙ മനോരമ

ഖത്തറിലെ ജനസംഖ്യ ഏകദേശം 30 ലക്ഷം വരുമെങ്കിൽ അതിൽ കഷ്ടിച്ച് മൂന്നു ലക്ഷമേയുള്ളൂ ഖത്തറികൾ. ബാക്കിയുള്ളവർ ജീവിതം കരയ്ക്കടുപ്പിക്കാൻ ഇവിടെയെത്തിയ മറുനാട്ടുകാർ. അതിൽ മലയാളികൾ തന്നെ അഞ്ചു ലക്ഷത്തോളം. ലോകകപ്പ് വൊളന്റിയർമാരിലും ബഹുഭൂരിപക്ഷമുണ്ട് മലയാളികൾ. പിന്നെ കളി കാണാൻ കേരളത്തിൽനിന്നു കൂട്ടത്തോടെ എത്തിയവർ. മലയാളം അങ്ങനെ ലോകകപ്പിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി. ഉദ്ഘാടന മത്സരം നടന്ന അൽ ബെയ്ത്ത് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ പോർച്ചുഗീസ് ഭാഷയിലെ ഒബ്രിഗാദോയ്ക്കും സ്പാനിഷ് ഭാഷയിലെ ഗ്രേസിയാസിനുമൊപ്പം മലയാളത്തിലും എഴുതി വച്ചിട്ടുണ്ട്- നന്ദി! അതിനു മേലെ മറ്റൊരു അദ്ഭുതം- സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ പങ്കുവഹിച്ച എല്ലാ തൊഴിലാളികളുടെയും ചിത്രങ്ങൾ അലങ്കാരം പോലെ!  ഇന്നു ലോകകപ്പ് ഫൈനൽ കഴിയുമ്പോൾ ഭൂമിയുടെ ഓരോ കോണിൽ നിന്നുമെത്തിയവർ ഈ കൊച്ചു രാജ്യത്തോടു നന്ദി പറഞ്ഞു മടങ്ങും- ഹൃദയത്തിന്റെ ഭാഷയിൽ! 

contaionr-stadium-nikhil-raj
കണ്ടെയ്‌ർ സ്റ്റേഡിയം. ചിത്രം: നിഖിൽരാജ് ∙ മനോരമ

ലോകകപ്പിനായി ഖത്തർ ഒരുക്കിയത് കലാസൃഷ്ടികൾ പോലെ മനോഹരമായ 8 സ്റ്റേഡിയങ്ങൾ. അതിലെ സൂപ്പർ താരം കണ്ടെയ്നർ സ്റ്റേഡിയം എന്നു വിളിപ്പേരുള്ള സ്റ്റേഡിയം 974  തന്നെ. കേട്ടതിനെക്കാളും വലിയ അദ്ഭുതമാണ് കാഴ്ചയിൽ. പേരിന് ഒന്നോ രണ്ടോ അല്ല, ആയിരക്കണക്കിനു ഷിപ്പിങ് കണ്ടെയ്നറുകൾ അടുക്കി വച്ചുണ്ടാക്കിയ അദ്ഭുതസൃഷ്ടി. അതിനുള്ളിലാണ് അരലക്ഷത്തോളം ആരാധകർ ഓരോ മത്സരത്തിലും ആർത്തു വിളിച്ചു തുള്ളിച്ചാടിയത്.  കഴിഞ്ഞ ദിവസം ഒരു ഫാഷൻ ഷോയ്ക്കു കൂടി വേദിയായ സ്റ്റേഡിയം ലോകകപ്പിനു പിന്നാലെ പൊളിച്ചു നീക്കും. സീറ്റുകളും കണ്ടെയ്‌നറുകളും ബ്ലോക്കുകളും നിർമാണപ്രവർത്തനങ്ങൾക്കായി മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കും. 

al-khor-port--nikhil-raj
അൽ ഖോറിലെ തുറമുഖം. ചിത്രം: നിഖിൽരാജ് ∙ മനോരമ

തലസ്ഥാനമായ ദോഹയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഖത്തറിലെ പുരാതന തുറമുഖ നഗരമായ അൽ ഖോർ. ഖോർ എന്നാൽ തീരം എന്നു തന്നെയർഥം. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടന്ന അൽ ബെയ്ത്ത് സ്റ്റേഡിയം അൽ ഖോറിലാണ്. സ്റ്റേഡിയം വിട്ട് പോർട്ടിൽ ചെന്നാൽ കേരളത്തിലെ ഒരു തുറമുഖത്തു ചെന്ന പ്രതീതിയാണ്. ഒരു ഭാഗത്ത് മീൻ പിടിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത ബോട്ടുകൾ. അപ്പുറം കടലിൽ ഉല്ലസിക്കാനുള്ള ഹൗസ് ബോട്ടുകൾ. മീൻ പിടിക്കാനുള്ള പ്രത്യേക കമ്പിവലകൾ നിർമിക്കുന്നതും പിടിച്ച മീനുകളെ ഐസിലിട്ടു വയ്ക്കുന്നതുമെല്ലാം ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള മത്സ്യത്തൊളിലാളികളാണ്.

sook-vakhif-nikhil-raj
ദോഹയിലെ വാണിജ്യത്തെരുവായ സൂഖ് വാഖിഫിലെ കാഴ്ച. ചിത്രം: നിഖിൽരാജ് ∙ മനോരമ

ആധുനികതയുടെ നിറമുള്ള അംബരചുംബികൾ കണ്ടു നടക്കുന്നതിനിടയിൽ പെട്ടെന്ന് നൂറ്റാണ്ടുകൾ പിന്നിലേക്കു സഞ്ചരിച്ച പോലെ- അതാണ് ദോഹയിലെ പുരാതന വാണിജ്യത്തെരുവായ സൂഖ് വാഖിഫ്. അറബിക്കഥകളിൽ കേട്ടറിഞ്ഞ പോലെയാണ് സൂഖിലെ കാഴ്ചകൾ. ഒട്ടക സവാരി മുതൽ ആർട് ഗാലറി വരെ, ഫാൽക്കൺ ഹോസ്പിറ്റൽ മുതൽ പീജിയൻ സ്ക്വയർ വരെ, അറബിക് ദോശ മുതൽ ഫിഷ് ബാർബിക്യു വരെ.. ലോകകപ്പ് കാലത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സായാഹ്ന സംഗമ വേദിയായിരുന്നു സൂഖ് വാഖിഫ്.

falcon-hospital--nikhil-raj
സൂഖ് വാഖിഫിലെ ഫാൽക്കൺ ആശുപത്രി. ചിത്രം: നിഖിൽരാജ് ∙ മനോരമ

ലോകത്തെ ഏറ്റവും പരന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. തറനിരപ്പിൽ നിന്ന് 203 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഒരു സ്ഥലവും ഖത്തറിലില്ല. എന്നാൽ, ഖത്തറിലെങ്ങും പച്ച പുതച്ച കുന്നുകൾ കാണാം. എല്ലാം കൃത്രിമമായി സൃഷ്ടിച്ചെടുത്തവയാണ്. ഖത്തറിന്റെ പൈതൃക ഗ്രാമം എന്നറിയപ്പെടുന്ന കത്താറയിൽ പച്ച വിരിച്ചു നിൽക്കുന്ന ഈ കുന്നിൻപുറത്ത് ഹോട്ടലുകളും റസ്റ്ററന്റുകളും പാർക്കും മാത്രമല്ല വെള്ളച്ചാട്ടം വരെയുണ്ട്. കുന്നിനു താഴെ കടൽത്തീരത്തോടു ചേർന്നുള്ള വില്ലേജിൽ ഫാൻ ഫെസ്റ്റിവൽ മുതൽ ഫാൽക്കൺ ഫെസ്റ്റിവൽ വരെ നടക്കുന്നു.

kathara-kunnu-doha--nikhil-raj
ദോഹ നഗരത്തിലെ കത്താര കുന്ന്. ചിത്രം: നിഖിൽരാജ് ∙ മനോരമ
katara-beach--nikhil-raj
കത്താര ബീച്ച്.അകലക്കാഴ്ച. ചിത്രം: നിഖിൽരാജ് ∙ മനോരമ

ദോഹയിലും അൽ ഖോറിലുമെല്ലാം ലോകകപ്പ് മത്സരങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ അൽ ഷഹാനിയയിൽ ഒട്ടകയോട്ടത്തിന്റെ കാലമാണ്. പ്രഫഷനൽ സ്പോർട്ടും അതോടൊപ്പം തന്നെ ഖത്തറിന്റെ പാരമ്പര്യത്തിന്റെ പ്രതീകവുമാണ് ദോഹ-ദുഖാൻ ഹൈവേയിലുള്ള അൽ ഷഹാനിയയിലെ മത്സരങ്ങൾ. അതിനായി കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന റേസിങ് ട്രാക്കുകൾ തന്നെയുണ്ട്. ഇവിടെ ഒട്ടകങ്ങളെ പരിപാലിക്കുന്നവരിലേറെയും ഇന്ത്യക്കാരാണ്; അതി‍ൽ മലയാളികളും ധാരാളം.

al-shahania--nikhil-raj
ദോഹയിലെ അൽ ഷഹാനിയയിലൂടെ കടന്നു പോകുന്ന ഒട്ടകക്കൂട്ടം.ചിത്രം: നിഖിൽരാജ് ∙ മനോരമ
sea-peal-qatar--nikhil-raj
കടലിനോടു ചേർന്നു കിടക്കുന്ന പേൾ ഖത്തർ. ചിത്രം: നിഖിൽരാജ് ∙ മനോരമ

ദോഹയിൽ നാലു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ദ്വീപിന്റെ പേര് പേൾ ഖത്തർ എന്നാണ്. ഖത്തറിന്റെ ചരിത്രം തുടങ്ങുന്ന മുത്ത് വ്യാപാരത്തിന്റെ സ്മരണയ്ക്കായാണ് ഈ പേരിട്ടത്. യൂറോപ്യൻ ശൈലിയിലുള്ള ആഡംബര വസതികളും അംബരചുംബികളും ഷോപ്പിങ് മാളുകളുമെല്ലാം നിറഞ്ഞ പേൾ ഖത്തർ രാജ്യത്ത് വിദേശ പൗരൻമാർക്കു സ്വന്തമാക്കാനാവുന്ന ഭൂമിയാണ്. ലോകമെങ്ങും നിന്നുള്ള കായികതാരങ്ങൾക്കും സിനിമാതാരങ്ങൾക്കും കോടീശ്വരൻമാർക്കുമെല്ലാം 12 ഡിസ്ട്രിക്റ്റുകളായി തിരിച്ച പേൾ ഖത്തറിൽ വീടുണ്ട്.

peal-qatar-nikhil-raj
പേൾ ഖത്തറിൽ കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ബോട്ട് സഫാരി.ചിത്രം: നിഖിൽരാജ് ∙ മനോരമ
doha-cornish--nikhil-raj
ദോഹ കോർണിഷിൽനിന്നുള്ള ദൃശ്യം. ചിത്രം: നിഖിൽരാജ് ∙ മനോരമ
aspayar--nikhil-raj
ദോഹ ആസ്പയർ സ്പോർട്സ് സിറ്റി.ചിത്രം: നിഖിൽരാജ് ∙ മനോരമ
lusail--nikhil-raj
ലുസെയ്ൽ നഗരത്തിന്റെ കാഴ്ച. ചിത്രം: നിഖിൽരാജ് ∙ മനോരമ
qatar-national-muesium-nikhil-raj
ഖത്തർ നാഷനൽ മ്യൂസിയം. ചിത്രം: നിഖിൽരാജ് ∙ മനോരമ

English Summary: FIFA World cup qatar 2022, Sunday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com