ADVERTISEMENT

ലോകകപ്പ് ഫുട്ബോളിനും രാജ്യാന്തര ചലച്ചിത്ര മേളയ്ക്കും ഇടയിലൂടെ കേരളം കടന്നുപോയ നാളുകളിൽ തലസ്ഥാനനഗരി സൈമൺ മാത്യുവിനെ ഓർമിച്ചു. കേരളം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളും ടൈറ്റാനിയം താരവുമായിരുന്ന സൈമൺ വിട പറഞ്ഞിട്ട് അൻപതാണ്ട് കടന്നുപോകുന്നു.  1971ൽ രാജ്ഭവനു മുന്നിലുണ്ടായ ഒരപകടത്തിലാണ് സൈമണിന്റെ മരണം. ഫുട്ബോളിലും സംഗീതത്തിലും മുദ്രചാർത്തിയ സൈമണിന്റെ വേർപാട് ആത്മസുഹൃത്തായിരുന്ന വേണു നാഗവള്ളിക്കു താങ്ങാനായില്ല. ആ സൗഹൃദത്തിലെ അറ്റുപോകാത്ത ഏടുകളാണ് പിന്നീട് ‘സുഖമോ ദേവി’ എന്ന പേരിൽ വേണു സിനിമയാക്കിയത്.  

1. ജീവിതത്തെ സൈമൺ ‘ആഘോഷ’മെന്നു വിളിച്ചു. ‘അളിയോ... ജീവിതം ആഘോഷമല്ലെങ്കിൽ മറ്റെന്താണ്’ എന്നു സണ്ണിയും ചോദിച്ചു. 

ആഘോഷമായിരുന്നു സൈമൺ മാത്യുവെന്ന ഫുട്ബോളറുടെ ജീവിതം. പാടിയും പാട്ടെഴുതിയും പന്തടിച്ചും അയാൾ ഉല്ലസിച്ചു. 10 ആയിരുന്നില്ല, 18 ആയിരുന്നു ജഴ്സിയുടെ നമ്പർ. പതിനെട്ടുകാരന്റെ പ്രസരിപ്പായിരുന്നു എന്നും. പന്ത് അയാളുടെ കാലിൽ കുരുങ്ങിയാൽ സ്റ്റേഡിയത്തിൽ സൈമൺ.. സൈമൺ.. എന്ന ആരവം ഉയരുമായിരുന്നു. മധ്യനിരയിൽ പ്രതിരോധത്തിന്റെ വൻമതിൽ തീർത്ത ഡിഫൻഡർ പലപ്പോഴും എതിർ ഗോൾമുഖത്തു പാഞ്ഞുകയറി വല ചലിപ്പിച്ചിരുന്നു. അയാളുടെ കാലിൽ നിന്നുതിരുന്ന പന്ത് മഴവില്ലുപോലെ വളഞ്ഞ് പോസ്റ്റിനകത്തു വീഴുന്നതു കാണാൻ ചേലായിരുന്നു.  

സൈമൺ പന്തുകൊണ്ടു കാണിച്ച അടവുകൾ ആർക്കും അനുകരിക്കാനാവുന്നതായിരുന്നില്ല. കരുത്തുറ്റ ചുമലുകളിൽ ഏതു ഷോട്ടും താങ്ങിയെടുത്തു. ശിരസുകൊണ്ട് പന്തിന്റെ ദിശ നിയന്ത്രിച്ച് സഹതാരങ്ങൾക്ക് എത്തിച്ചുകൊടുത്തു. വീണ്ടും ഗോൾവല കിലുങ്ങി.  സൈമണിന്റെ കൈകൾക്കു കാലിന്റെ മുട്ടുവരെ നീളമുണ്ടായിരുന്നു. 

എതിരാളികൾ അയാൾക്കു ‘ഡെയർ ഡെവിൾ’ എന്നു പേരിട്ടു. സൈമണിന്റെ കാലിൽ പന്തെത്താതിരിക്കാൻ എതിരാളികൾ അയാൾക്കുചുറ്റും  അക്ഷൗഹിണി തീർത്തു. മൈതാനത്ത് നിരന്തരം ‘ടാക്കിൾ’ ചെയ്യപ്പെട്ടു. അക്കാലത്ത് കേരള ഫുട്ബോളിൽ ഏറ്റവുമധികം ചവിട്ടേൽക്കുന്ന കളിക്കാരനായിരുന്നു സൈമൺ. പക്ഷേ, വീഴ്ചകളൊന്നും തളർത്തിയില്ല. എതിരാളികൾക്കു കൈകൊടുത്ത് ആശ്ലേഷിച്ച് പന്തുമായി പിന്നെയും  കുതിക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അന്നു കേരള ട്രോഫി ടൂർണമെന്റിന്റെ ഫൈനലായിരുന്നു. 

കളി കണ്ടവരെല്ലാം പറ‍ഞ്ഞു: ‘സൈമണിന്റേത് മരണക്കളിയായിരുന്നു. അവൻ കളം നിറഞ്ഞു കളിച്ചു.’ ടൈറ്റാനിയം കിരീടം നേടി. സൈമണിന്റെ കരിയറിലെ വലിയ നേട്ടം. വിജയാഘോഷത്തിൽ പങ്കെടുത്ത ശേഷം സൈമൺ നേരെപോയത് ആത്മസുഹൃത്ത് വേണു നാഗവള്ളിയുടെ അടുത്തേക്കാണ്. ജവാഹർ നഗർ ഗാങ്ങിലെ ചങ്ങാതിമാരെല്ലാം കളി കാണാനുണ്ടായിരുന്നു. വേണുവിന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടി. ആഘോഷത്തിനുശേഷം  പിരിയുമ്പോൾ നന്നേ വൈകിയിരുന്നു.

 സൈമൺ അന്നു ലാംബി സ്കൂട്ടറിലായിരുന്നു. ഒറ്റയ്ക്കു പോകണ്ട, കൂടെ ചെല്ലാമെന്ന് വേണു പറഞ്ഞു. ‘വേണ്ട.. അളിയൻ കിടന്നുറങ്ങ്..’ സൈമൺ മൂളിപ്പാട്ടോടെ സ്കൂട്ടർ സ്റ്റാർട്ടാക്കി. സ്കൂട്ടറോടിക്കുമ്പോൾ  ഉച്ചത്തിൽ പാടുന്നത് സൈമണിന്റെ ശീലമായിരുന്നു. ‘പോട്ടെടാ..’എന്നു പറഞ്ഞ് വേണുവിന്റെ തോളിൽത്തട്ടി നീങ്ങിയ സൈമണിന്റെ യാത്ര കവടിയാറിൽ രാജ്ഭവനു മുന്നിൽ നിലച്ചു. അവിടെ നിർത്തിയിട്ടിരുന്ന ഒരു കാളവണ്ടിയുടെ പിന്നിൽ ഇടിച്ച് തൽക്ഷണം മൃത്യു. മരണം വന്നുവിളിക്കുമ്പോൾ പ്രായം 24  മാത്രം !  

2. ഇന്ത്യൻ ടീമിന്റെ സിലക്ഷൻ ക്യാംപിലേക്ക് പ്രവേശനം കിട്ടിനിൽക്കുകയായിരുന്നു അന്നു സൈമൺ. തിരുവനന്തപുരത്ത് സെന്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ കിരീടം. അത്‌ലറ്റിക്സിൽ ഹർഡിൽസിൽ സ്റ്റേറ്റ് റെക്കോർഡ്. തുടർന്ന് കേരള യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗം. കേരളത്തിനു വേണ്ടി സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ഒരു സീസണിൽ മാത്രമായി എണ്ണം പറ‍ഞ്ഞ 30ലേറെ ഗോളുകൾ ! ആ കളിമികവു കണ്ടാണ് ടൈറ്റാനിയം വിളിച്ചത്. കേരളത്തിൽ അന്ന് ഏറ്റവുമധികം ആരാധകരുള്ള ടീമിന്റെ നെടുംതൂണാകാൻ സൈമണും ഇഷ്ടമായിരുന്നു.

സിഇടിയിൽ (കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം) നിന്ന് സ്വർണ മെഡലോടെയാണ് സൈമൺ ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം നേടിയത്. കളിമിടുക്കു കൊണ്ടും മാർക്കിന്റെ മികവു കൊണ്ടും ജോലി ഉറപ്പ്. ഏതു ക്വാട്ട വേണമെന്നു ചോദിച്ച അധികൃതരോട് തലയാട്ടി കുസൃതിച്ചിരിയോടെ സൈമൺ പറഞ്ഞു: ‘എനിക്ക് പന്തുകളിയുടെ പേരിൽ ജോലി തന്നാൽ മതി !’ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിലെ ടെന്നിസ് പ്ലെയർ കൂടിയായിരുന്ന സൈമണിന്റെ ആത്മാവിൽ ഫുട്ബോളിനൊപ്പം അതേ അളവിൽ മറ്റൊന്നു കൂടിയുണ്ടായിരുന്നു– സംഗീതം! കേരള സർവകലാശാല യുവജനോത്സവങ്ങളിൽ സുഹൃത്തുക്കൾക്കു വേണ്ടി പാട്ടെഴുതി ചിട്ടപ്പെടുത്തി. അതിനൊക്കെയും സമ്മാനങ്ങൾ ലഭിച്ചു. കുറെ പാട്ടുകൾ എഴുതിവച്ചു.  യേശുദാസിനെക്കൊണ്ട് പാടിച്ച് ആൽബമായി ഇറക്കണമെന്നായിരുന്നു മോഹം.

3. തിരുവനന്തപുരത്ത് അക്കാലത്ത് ഓരോ സ്ഥലത്തെയും ചെറുപ്പക്കാർക്ക് ഓരോരോ ഗാങ്ങുകളാണ്. കവടിയാർ ഗാങ്, നന്തൻകോട് ഗാങ്, പേരൂർക്കട ഗാങ്, ശാസ്തമംഗലം ഗാങ് എന്നിങ്ങനെ. ഓരോ ഗാങ്ങിനുമുണ്ടായിരുന്നു  എഴുതിയാലും പറഞ്ഞാലും തീരാത്തത്ര കഥകൾ.  ജവാഹർ നഗർ ഗാങ്ങിലെ സൈമണു പക്ഷേ എല്ലാ ഗാങ്ങുകളിലേക്കും പ്രവേശനമുണ്ടായിരുന്നു. അയാൾ എല്ലാവരുടെയും സുഹൃത്തായിരുന്നു. യുവാക്കളും യുവതികളും ഒരേപോലെ ഇഷ്ടത്തോടെയും ആരാധനയോടെയും നോക്കിക്കണ്ട ആൾ. സിനിമയിലും കലാമേഖലയിലും വേണുവും ജഗതി ശ്രീകുമാറും ഉൾപ്പെടെ ഒട്ടേറെ സൗഹൃദങ്ങൾ.

വേണു നാഗവള്ളി സിഇടിയിൽ സൈമണിന്റെ സഹപാഠിയായിരുന്നു. അങ്ങനെ  വേണുവിന്റെ വീട് സൈമണിന്റെയും വീടായി.   പതിഞ്ഞ ശബ്ദത്തിൽ എപ്പോഴും ഗസലുകൾ പാടുന്ന, ചാർമിനാർ മണമുള്ള, അരണ്ട നീല വെളിച്ചം നിറഞ്ഞ സൈമണിന്റെ മുറിയിൽ എഴുത്തും ചിന്തകളുമായി വേണുവും കാണുമായിരുന്നു. നിലത്ത് ഹാർമോണിയവും തബലയും മൗത്ത് ഓർഗനുമൊക്കെ അലസമായി കിടക്കുന്നുണ്ടാകും. സൈമൺ അതെല്ലാം വായിക്കുമായിരുന്നു.  ‘നീയിതൊക്കെ എവിടെയാ അളിയാ പഠിച്ചതെന്ന്’ ഒരിക്കൽ വേണു തിരക്കി. ചിരിയായിരുന്നു മറുപടി. സൈമൺ സംഗീതമോ വാദ്യമോ ഒന്നും ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ല. എല്ലാം കേട്ടും കണ്ടും വഴങ്ങിയതാണ്.  വേണുവിന്റെ വീട്ടിൽ ഒരു പൂജാമുറിയുണ്ടായിരുന്നു. അവിടെയൊരു വീണയും. 

വരുമ്പോഴെല്ലാം സൈമൺ കൗതുകത്തോടെ അതു നോക്കിനിൽക്കും. ഒരു ദിവസം വന്നപ്പോൾ വേണുവും അമ്മയും പൂജാമുറിയിലുണ്ട്. ‘അമ്മേ..ഞാൻ പൂജാമുറിയിൽ ഒന്നു കയറിക്കോട്ടെ..?’ സൈമൺ ചോദിച്ചു. ‘അതിനെന്താ മോനേ..?’ ‘ഞാനൊരു ക്രിസ്ത്യാനിയല്ലേ അമ്മേ..?` ‘ദൈവത്തിനങ്ങനെ വല്ലതുമുണ്ടോ..മോൻ കയറിവാ..?’  സൈമൺ പൂജാമുറിയിൽ കയറി. ആദരവോടെ വീണയിൽ തൊട്ടുവന്ദിച്ചു. പിന്നെ മീട്ടി. ഏതോ അപൂർവ രാഗങ്ങളൊഴുകി. 

4. സൈമണിന്റെ മരണം വേണുവിനെ ഉലച്ചു. കൂട്ടുകാരന്റെ ചലനമറ്റ ശരീരത്തിനു മുന്നിൽ സർവവും നഷ്ടപ്പെട്ടതുപോലെ നിന്ന വേണുവിന് കുറച്ചു കാലത്തേക്ക് ആ ആഘാതത്തിൽ നിന്നും മോചിതനാകാൻ കഴിഞ്ഞില്ല. വർഷങ്ങളോളം ആ വേർപാടും ശൂന്യതയും പിൻതുടർന്നു. രാത്രികളിൽ ഇരുവരും ശംഖുമുഖത്തു പോകുമായിരുന്നു. തിരകളും കടലിൽ വീഴുന്ന നിലാവും കണ്ടിരിക്കും. എഴുതി ഈണമിട്ട ഗാനങ്ങൾ സൈമൺ പാടും.  വേണുവിനെക്കൊണ്ടും പാടിച്ചിരുന്നു. പിന്നീട് പല രാവുകളിലും സൈമണില്ലാതെ വേണു ഒറ്റയ്ക്കു ശംഖുമുഖത്തെത്തി. 

നിശബ്ദമായ തീരം. മനസ്സു പിടഞ്ഞുപോകുന്നു. അലയടിച്ചൊഴുകുന്ന  തിരകൾക്കു മുകളിലൂടെ സൈമൺ നീങ്ങുന്നതുപോലെ ! അവനെക്കുറിച്ച് എഴുതാതെ, അവന്റെ ജീവിതം പറയുന്ന ഒരു സിനിമ ചെയ്യാതെ മനസ്സു ശാന്തമാകില്ലെന്നു വേണുവിനു തോന്നി.  സൈമണിന്റെ മരണത്തിനു 15 വർഷത്തിനുശേഷം 1986–ൽ ആ സിനിമ യാഥാർഥ്യമായി– സുഖമോ ദേവീ ! വേണു നാഗവള്ളി സംവിധാനം ചെയ്ത ആദ്യ സിനിമ. കണ്ണീരണിയാതെ ആരും ആ സിനിമ കണ്ടിറങ്ങിയില്ല. 

സൈമൺ, സുഖമോ ദേവിയിലെ മോഹൻലാൽ
സൈമൺ, സുഖമോ ദേവിയിലെ മോഹൻലാൽ

5. സൈമൺ മാത്യുവിന്റെയും വേണു നാഗവള്ളിയുടെയും (സിനിമയിൽ സൈമണിനെ സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ അവതരിപ്പിച്ചു) ജീവിതം അതേ പോലെ പകർത്തിയതാണ് സുഖമോ ദേവി. ശങ്കർ ചെയ്ത ‘നന്ദൻ’ എന്ന കഥാപാത്രം വേണു നാഗവള്ളിയുടെ ആത്മകഥാംശം ഉൾക്കൊണ്ടു. സണ്ണി സിനിമയിൽ എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു  ജീവിതത്തിൽ സൈമണും. സണ്ണി അടിമുടി സൈമണാണ്. അവസാന ഭാഗത്തുള്ള കഥാഗതിയും കുറച്ചു സീനുകളുമൊഴിച്ചാൽ കഥ പറയാൻ േവണു നാഗവള്ളിക്ക് പുതുതായൊന്നും സൃഷ്ടിച്ചെടുക്കേണ്ടി വന്നില്ല. സംഭാഷണങ്ങൾ പോലും യഥാർഥ ജീവിതത്തിൽ നിന്നെടുത്തവയാണ്.  

പൂജാമുറിയിലിരുന്നു സൈമൺ വീണ വായിക്കുന്ന രംഗം അതേപടി സിനിമയിലുണ്ട്. അതെപ്പറ്റി വേണു പിന്നീടെഴുതി: ‘സൈമണിനെ ദൈവം സൃഷ്ടിച്ച അതേ നിറക്കൂട്ടുകൾ കൊണ്ടാണ് സുഖമോ ദേവിയിൽ ഞാനെന്റെ സണ്ണിയെയും സൃഷ്ടിച്ചത്. ലാലിനല്ലാതെ ആ കഥാപാത്രത്തെ ഒരു നടനും ഉൾക്കൊള്ളുവാനാകുമായിരുന്നില്ല. സൈമണിന്റെ എല്ലാ ഹീറോയിസവും ലാലിന്റെ സണ്ണിയിലുണ്ട്. ചാർമിനാർ വലിച്ച് കൂട്ടുകാരിയെ പിന്നിലിരുത്തി കോളജിന്റെ പോർട്ടിക്കോയിൽ ബൈക്കിൽ വന്നിറങ്ങുന്ന, പാലസ് റോഡിലൂടെ ഉച്ചത്തിൽ പാട്ടുപാടി വണ്ടിയോടിച്ചു പോകുന്ന സൈമണിന്റെ നേർപ്പകർപ്പാണു സണ്ണി.

അതേ എനർജി ! പാടുന്നതും ഫുട്ബോൾ കളിക്കുന്നതും സിഗരറ്റിന്റെ  ആഷ് തട്ടിക്കളയുന്നതുമെല്ലാം ലാൽ അതേപടി ഉൾക്കൊണ്ടു.’ ‘അന്ന് 24 വയസ്സുമാത്രമുള്ള ഒരു സുഹൃത്തിന്റെ വേർപാട് ചങ്കു പൊട്ടുന്ന അനുഭവമായിരുന്നു. ആ വികാരമാണ് വേണു സിനിമയാക്കിയത്. ആ പടത്തെ അന്നത്തെ മാനസിക നിലയിലേക്ക് വേണു കൊണ്ടെത്തിച്ചു. മറ്റൊരു സിനിമയിലും ജീവിതവുമായി ഇതുപോലെ ബന്ധപ്പെട്ട ഒരു വേഷം ചെയ്തിട്ടില്ല’. സൈമണിന്റെയും വേണുവിന്റെയും സുഹൃത്തായിരുന്ന ജഗതി ശ്രീകുമാർ പറയുന്നു. ‘സുഖമോ ദേവി’യിൽ സണ്ണിക്കൊപ്പം എപ്പോഴുമുള്ള ‘വിനോദ്’ എന്ന സുഹൃത്തിനെയാണ് ജഗതി ശ്രീകുമാർ അവതരിപ്പിച്ചത്. സണ്ണിയുടെ മരണശേഷം അയാൾ വിഭ്രാന്തിയിലാവുകയാണ്. 

അനിയൻ മാത്യു
അനിയൻ മാത്യു

6. പത്തനംതിട്ട അയിരൂർ അയ്ക്കാട്ട് കുരുടാമണ്ണിൽ വീട്ടിൽ എ.ജി.മാത്യുവിന്റെയും തങ്കമ്മയുടെയും 6 മക്കളിൽ ഏറ്റളും ഇളയ പുത്രനായിരുന്നു സൈമൺ മാത്യു. മൂത്ത സഹോദരൻ ജോർജ് മാത്യു കർണാടക സർവകലാശാലാ ഫുട്ബോൾ ടീം അംഗമായിരുന്നു. തിരുവനന്തപുരത്തെ ഏറ്റവും തിരക്കു പിടിച്ച അഭിഭാഷകനായിരുന്ന എ.ജി. മാത്യു തലസ്ഥാനത്ത് സ്ഥിര താമസമാക്കുകയായിരുന്നു. 

തൊട്ടു മൂത്ത ജ്യേഷ്ഠൻ അനിയൻ മാത്യുവുമായി സൈമണ് ഏഴു വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ ചേട്ടാനിയന്മാരെപ്പോലെയായിരുന്നില്ല, കൂട്ടുകാരെപ്പോലെയായിരുന്നു അവരുടെ ബന്ധം. സൈമണിന്റെ ഗാങ്ങുകളിൽ കലാകാരനായ അനിയൻ മാത്യുവിനും എൻട്രിയുണ്ടായിരുന്നു. സൈമണിന്റെ കൂട്ടുകാർ അനിയന്റെയും കൂട്ടുകാർ.   

ആർക്കിടെക്റ്റായിരുന്ന അനിയൻ മാത്യു ഇപ്പോൾ ശ്രീകാര്യം മരിയ റാണി സെന്ററിനു സമീപമുള്ള വസതിയിൽ വിശ്രമ ജീവിതത്തിലാണ്. സൈമൺ മരിക്കുന്ന സമയത്ത് അനിയൻ മാത്യു മദിരാശിയിൽ ടൗൺ പ്ലാനിങ് മാസ്റ്റേഴ്സിനു പഠിക്കുകയാണ്. സംഗീത സംവിധായകൻ  എം.ബി.ശ്രീനിവാസൻ ഉൾപ്പെടെ തമിഴ് സിനിമാ മേഖലയുമായി അടുപ്പമുണ്ടായിരുന്ന അനിയൻ മാത്യു എംബിഎസ് സ്ഥാപിച്ച ക്വയർ ഗ്രൂപ്പിന്റെ സെക്രട്ടറിയായിരുന്നു. സലിൽ ചൗധരി അടക്കമുള്ള അന്നത്തെ പ്രമുഖ ഗായകരുടെ പാട്ടുകാരുടെ റിക്കോർഡിങ് വേളയിൽ അനിയൻ മാത്യു വിളിച്ച് സൈമണും മദിരാശിയിലെ സ്റ്റുഡിയോയിൽ എത്തുമായിരുന്നു. 

7. ‘ആ മരണത്തിന് തലേന്ന് മനസ്സ് അസ്വസ്ഥമായിരുന്നു.’ സൈമൺ വിട പറഞ്ഞ ദിവസം അനിയൻ മാത്യു ഓർത്തെടുത്തു. ‘തലേന്ന് രാത്രി ഞാൻ വിചിത്രമായ ഒരു കാര്യം ചെയ്തു. ഉറക്കം വന്നില്ല.  നാലു മെഴുകുതിരിയെടുത്ത് കട്ടിലിന്റെ നാലു ഭാഗത്തായി കത്തിച്ചുവച്ചു. എന്തിനാണങ്ങനെ ചെയ്തതെന്ന് അറിയില്ല. തിരികൾ കെട്ടതോടെ മയങ്ങിപ്പോയി. പിറ്റേന്നു പുലർച്ചെ വാതിലിൽ മുട്ടുകേട്ടു. അനിയാ, വാതിൽ തുറക്ക് എന്നാരോ വിളിച്ചുപറയുന്നു.’ 

വാതിൽ തുറന്നു. ഒരു പരിചയക്കാരനാണ്. ‘തിരുവനന്തപുരത്ത് നിന്ന് ഒരു മെസേജുണ്ട്. സോമൻ ആക്സിഡന്റായി.അൽപം സീരിയസാണ്. വേഗം പോണം.’ (സൈമണിനെ അടുപ്പക്കാർ സോമൻ എന്നും വിളിച്ചിരുന്നു.) വിമാനടിക്കറ്റ് ശരിയായിക്കിട്ടി. യാത്രയിലുടനീളം മനസ്സിൽ അവനാണ്. ദൈവമേ ഒന്നും സംഭവിക്കരുതേ എന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഒരു മാസം മുൻപാണ് ഒടുവിൽ കണ്ടത്. കേരളത്തിനു വേണ്ടി അസമിൽ ചാംപ്യൻഷിപ്പു കഴിഞ്ഞു മദ്രാസിലെത്തി നാലഞ്ചുനാൾ തങ്ങിയിരുന്നു. 

എച്ച്എംവിയിൽ (ഹിസ് മാസ്റ്റേഴ്സ് വോയ്സ്) പോയി അവന്റെ ആൽബം പുറത്തിറക്കുന്നതിനുള്ള േപപ്പറുകൾ നീക്കിയിരുന്നു. ദാസേട്ടന്റെ േഡറ്റ് കിട്ടിയാൽ ഉടൻ റിക്കോർഡിങ് നടത്താമെന്നു പറഞ്ഞ് ഗുരുസ്ഥാനീയനായ എംബിഎസിനെയും കണ്ട ശേഷമാണ് മടങ്ങിയത്. ഓരോന്നും ഓർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘അപ്പച്ചന്റെ സുഹൃത്തായ മിറാൻഡ അങ്കിൾ കാറുമായി എയർപോർട്ടിൽ കാത്തുനിന്നിരുന്നു. വഴിനീളെ അദ്ദേഹം എന്തെല്ലാമോ ആശ്വാസവാക്കുകൾ പറയുന്നുണ്ടായിരുന്നു. അതൊന്നും കേട്ടില്ല. മനസ്സ് അശാന്തമായിരുന്നു. വീടിനടുത്തെത്തിയപ്പോൾ മുറ്റത്തും വഴിയിലുമെല്ലാം ആൾക്കൂട്ടത്തെ കണ്ടു.  അവൻ,  എന്റെ സൈമൺ, പോയെന്നു മനസ്സിലായി.കാറിൽ നിന്നിറങ്ങി. അവന്റെ കൂട്ടുകാർ മുറ്റത്തു കൂടിനിൽപ്പുണ്ട്. അവന്റെ ആ കിടപ്പുകാണാൻ ശേഷിയില്ല. അവന്റെ ചങ്ങാതിമാരുടെ തോളിൽ പിടിച്ച് ഞാൻ എന്തൊക്കെയോ അർഥശൂന്യമായ കുശലാന്വേഷണങ്ങൾ നടത്തി. ’

8. സുഖമോ ദേവിയിൽ ഈ രംഗം അതേപടി വേണു ചിത്രീകിച്ചു. കെപിഎസി സണ്ണിയാണ് ജ്യേഷ്ഠനായ സ്റ്റീഫന്റെ റോളിൽ എത്തിയത്. ‘വക്കീൽ സാറിന്റെ മകൻ സണ്ണി മരിച്ചു. മദ്രാസിൽ നിന്ന് സണ്ണിയുടെ ബ്രദർ എത്തണം. വന്നാലുടനെ ബോഡി എടുക്കും. വി ആർ ഓൾ വെയിറ്റിങ് ഫോർ ഹിം..’ കോളനിയിലെ വീടുകളിലേക്ക് പടരുന്ന ഈ ഫോൺ സന്ദേശങ്ങൾക്കിടയിലേക്കാണ് കാർ വന്നു നിൽക്കുന്നത്. 

വീടിനകത്ത് അടക്കിപ്പിടിച്ച കരച്ചിൽ. സണ്ണിയുടെ വിയോഗം ഉൾക്കൊള്ളാനാകാതെ വേച്ചുപോയ കാലുകളോടെ അവന്റെ സുഹൃത്തുക്കൾക്കരികിലേക്കെത്തി സ്റ്റീഫൻ ചില വൃഥാചോദ്യങ്ങൾ ചോദിക്കുകയാണ്. ‘നന്ദൻ എങ്ങനെയുണ്ടടോ തന്റെ പാട്ടൊക്കെ..? ‘ചന്ദ്രൂ നീ സുവോളജിയല്ലേ പഠിക്കുന്നത്..? ഒന്നു ചുവടുവച്ച് പിന്നെയും തളർന്നുനിന്ന് അയാൾ ചോദിക്കുന്നു : ‘ഒരു സിഗരറ്റ് വേണമായിരുന്നു. ഔസേപ്പച്ചന്റെ കൈയിൽ സിഗരറ്റ് ഉണ്ടോ? വലിക്കാൻ ശ്രമിച്ചെങ്കിലും അതിനാവാതെ വിങ്ങിപ്പൊട്ടുന്നു.  ‘എനിക്കതു കാണാൻ പറ്റില്ല. എന്റെ സണ്ണിക്കുട്ടിയെ കാണാൻ പറ്റില്ല.’

9. ‘വേണു ആ കാഴ്ചകളെല്ലാം അതേപടി ഒപ്പിയെടുത്ത് സിനിമയിലാക്കി. അല്ലെങ്കിൽ ആർക്കു മറക്കാനാകും അതൊക്കെ? ’  അനിയൻ മാത്യു പറഞ്ഞു. ‘ഞാനവനെ ഒരു നോക്കേ കണ്ടുള്ളൂ. അമ്മ അവനരികിൽ വിറങ്ങലിച്ച് ഇരിക്കുന്നു. കരഞ്ഞു തളർന്ന് സഹോദരിയും മക്കളും. ജ്യേഷ്ഠനും പത്നിയും ആകെ ഉലഞ്ഞുപോയിരിക്കുന്നു. പല വിഷമഘട്ടങ്ങളെയും അചഞ്ചലം നേരിട്ട ധീരനായ അപ്പൻ ആകെ തകർന്നുപോയ നിലയിലും.’

സൈമൺ അവസാനമായി കാണാൻ രാത്രി വൈകിയും ആളുകളെത്തിക്കൊണ്ടിരുന്നു. പമ്പാ തീരത്തെ അയിരൂരിലായിരുന്നു സംസ്കാരം. അവനു ലഭിച്ച സർട്ടിഫിക്കറ്റുകളും ട്രോഫികളും മെഡലുകളും ശരീരത്തോട് ചേർത്തുവച്ചു– ഒന്നൊഴികെ. അവനേറ്റവും സന്തോഷിച്ചു കരസ്ഥമാക്കിയ ഒരു മെഡലൊഴികെ. തിരുവനന്തപുരത്തും നിന്നും അയിരൂരിലേക്കുള്ള അന്ത്യയാത്രയിൽ ടൈറ്റാനിയത്തിലെ വാഹനവ്യൂഹം അകമ്പടി പാലിച്ചിരുന്നു.’ താൻ ജീവിച്ചിരിക്കുമ്പോൾ മകൻ മരിക്കുന്നത് ഏത് അമ്മയ്ക്കാണ് താങ്ങാനാവുക ? സൈമണിന്റെ അമ്മ തന്റെ താലിമാലയിൽ മകനു ലഭിച്ച മെഡൽ മരണം വരെ അണിഞ്ഞു. ആ സ്കൂട്ടർ അപടത്തിനുശേഷം കുടുംബത്തിലാരും ഇരുചക്രവാഹനം ഉപയോഗിക്കരുത് എന്നൊരു തീരുമാനമെടുത്തു. അതിന്നും പാലിക്കുന്നു.

10. സൈമണിന്റെ ഗാനങ്ങൾ പിന്നീട് യേശുദാസ് പാടി 1972 ൽ ‘ലവ്സ് ഇമാൻസിപേഷൻ’ എന്ന പേരിൽ എച്ച്എംവി ആൽബമായി പുറത്തിറക്കി. 2014ൽ ‘ജോൺപോൾ വാതിൽ തുറക്കുന്നു’ എന്ന സിനിമയിലെ ഗാനങ്ങൾക്ക് അനിയൻ മാത്യു സംഗീത സംവിധാനം നിർവഹിച്ചപ്പോൾ സൈമണിന്റെ ഓർമക്കായി ‘അനിയൻ എം. സൈമൺ’ എന്നാണു സിനിമയുടെ ടൈറ്റിൽ കാർഡിൽ ചേർത്തത്. ‍ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരുന്നു ‘സുഖമോ ദേവി’യിലെ അവസാന സീനുകളുടെ ഷൂട്ടിങ്.

ആളും ആരവവുമൊഴിഞ്ഞ മൈതാനത്തിനു നടുവിൽ പ്രണയിനിയായ ‘താര’യ്ക്കൊപ്പം പന്തുതട്ടുന്ന സണ്ണി  പെട്ടന്ന് എവിടെയോ പോയ്മറയുന്നു. സൈമണും അതുപോലെ അപത്രീക്ഷിതമായാണ് വിടപറഞ്ഞു മറഞ്ഞത്. മരണത്തിന് അൻപതാണ്ടിനിപ്പുറം സൈമണിപ്പോൾ എവിടെയാകും? ഒരുപക്ഷേ ആകാശങ്ങളിലിരുന്നു പന്തു തട്ടുന്നുണ്ടാകണം അല്ലെങ്കിൽ . േമഘങ്ങൾക്കിടിയിലൂടെ പാട്ടുപാടി ൈബക്കോടിക്കുന്നുണ്ടാകും !

Content Highlight: About Footballer Simon Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com