മായാത്ത വിസ്മയം
Mail This Article
ഇത് 1996 ൽ നടന്ന സംഭവമാണ്. കുട്ടികളുടെ അവധിക്കാലത്ത് ഞാനും എന്റെ മറ്റുരണ്ടു സുഹൃത്തുക്കളായ സതീശും, സുരേഷും സകുടുംബം യാത്രകൾ പോകാറുണ്ടായിരുന്നു. സതീശൻ ഒരു സഹകരണ ബാങ്കിലെ സെക്രട്ടറി ആയിരുന്നു. ഞാൻ ഫെഡറൽ ബാങ്കിലും സുരേഷ് ബാങ്ക് ഓഫ് ബാറോഡയിലും എന്റെയും സുരേഷിന്റെയും ഭാര്യമാർ സ്റ്റേറ്റ് ബാങ്കിലും ജോലി ചെയ്തിരുന്നു.
സതീശന്റെ ഭാര്യ ഹോം മേക്കർ. 1996 ഏപ്രിലിലെ ആദ്യ ഞായറാഴ്ച ഞങ്ങൾ അഞ്ചു കുട്ടികളുമൊത്ത് യാത്ര പുറപ്പെട്ടു. രാവിലെ ചങ്ങനാശേരിയിൽ നിന്നു തിരിച്ചു അന്നു തന്നെ മംഗലാപുരത്തെത്തി അവിടെ തങ്ങിയ ശേഷം പിറ്റേന്ന് ഉഡുപ്പി ശ്രീകൃഷ്ണനെയും വണങ്ങി വൈകിട്ടോടെ മൂകാംബികയിൽ എത്തി. അന്ന് അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു. മൂകാംബിക ദർശനം കഴിഞ്ഞ് പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ ധർമസ്ഥല ലക്ഷ്യമാക്കി വണ്ടി വിട്ടു. ഉച്ചയോടടുത്ത സമയത്ത് ഞങ്ങൾ അവിടെ എത്തി. ഒരു ജനസമുദ്രമാണ് ഞങ്ങളവിടെ കണ്ടത്.
അമ്പലത്തിൽ കയറുന്നതിനായി നീണ്ട ക്യു അമ്പല മുറ്റവും കവിഞ്ഞു സമീപറോഡുകളും നിറഞ്ഞിട്ടുണ്ട്. ഞങ്ങൾ ആദ്യമായാണ് ധർമസ്ഥലയിൽ പോകുന്നത്. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു നിന്നു. സ്ത്രീകളും കുട്ടികളും വണ്ടിയിൽ തന്നെ ഇരുന്നു. ആ സമയം വാഹനത്തിനടുത്തു വിഷണ്ണരായി നിന്ന ഞങ്ങളുടെ അടുത്തേക്ക് ഒരാൾ വന്നു. സാമാന്യം നല്ല രീതിയിൽ വസ്ത്രം ധരിച്ചു മലയാളം അൽപം ബുദ്ധിമുട്ടി സംസാരിക്കുന്ന അയാൾ ഞങ്ങളോട് പറഞ്ഞു.‘മഞ്ജുനാഥൻ കാണണമെന്ന് വിചാരിക്കുന്നവർക്കു മാത്രമേ കാണാൻ പറ്റു’. അതിനു ശേഷം അദ്ദേഹം ഞങ്ങളോട് കുശലം ചോദിക്കുകയും അപരിചിതനായതുകൊണ്ട് തെല്ലൊരാശങ്കയോടെ ഞങ്ങൾ മറുപടി പറയുകയും ചെയ്തു. സംസാര മധ്യേ അദ്ദേഹം സിൻഡിക്കേറ്റ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥനാണെന്നും എറണാകുളം മറൈൻ ഡ്രൈവിനടുത്തുള്ള ഒരു ബ്രാഞ്ചിലാണെന്നും പറഞ്ഞു. പേര് കമ്മത്ത്.
എല്ലാമാസവും മഞ്ജുനാഥനെ കാണാൻ മുടങ്ങാതെ വരാറുണ്ട്. അദ്ദേഹത്തിനവിടെ കുറെ പരിചയമുണ്ടെന്നും ഞങ്ങളെ സഹായിക്കാൻ പറ്റുമോ എന്നു നോക്കാം എന്നും പറഞ്ഞു. അവിടെ പ്രസാദമൂട്ടുണ്ടെന്നും വലിയ തിരക്കുണ്ടെങ്കിലും ഞങ്ങളെ അകത്തുകയറ്റാൻ ശ്രമിക്കാമെന്നും അദ്ദേഹം വാക്കു തന്നു. ഞങ്ങൾ അദ്ദേഹത്തിനൊപ്പം പോയി. പ്രസാദമൂട്ടിനായി അതിഭയങ്കര ക്യു. ആ തിരക്കിനിടയിലൂടെ നിമിഷങ്ങൾക്കകം ഞങ്ങളെ അദ്ദേഹം പ്രസദമൂട്ടുള്ള ഹാളിൽ എത്തിച്ചു. ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും അകത്തു കയറി തൊഴാനുള്ള സൗകര്യം തരപ്പെടുത്താം എന്നദ്ദേഹം പറഞ്ഞു. അപ്പോൾ ഏറെക്കുറെ മുഴുവനായും ഞങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസമായി. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ഞങ്ങളെ കാത്ത് അദ്ദേഹം വെളിയിൽ നിൽപുണ്ടായിരുന്നു. കൂടെ ചെല്ലാൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ കൂടെ ചെന്നു. ഏതോ വാതിലിലൂടെ നിമിഷങ്ങൾക്കകം ഞങ്ങൾ സാക്ഷാൽ മഞ്ജുനാഥന്റെ അടുത്തെത്തി.മതി വരുവോളം തൊഴുതു. ഞങ്ങൾ പുറത്തിറങ്ങി. അദ്ദേഹം പറഞ്ഞു,‘ഇവിടെയെനിക്ക് പരിചയമുള്ള ഒരു സത്രമുണ്ട്. അവിടെ അൽപനേരം വിശ്രമിക്കാം.’. അവിടെയെത്തി എല്ലാവരും വേണ്ടുവോളം കിടന്നുറങ്ങി. സന്ധ്യ ആയപ്പോൾ ഞങ്ങൾ ഉണർന്നു. അദ്ദേഹത്തെ ഞങ്ങൾ അവിടെയെല്ലാം അന്വേഷിച്ചു. എങ്ങും കണ്ടെത്താനായില്ല.
ഞങ്ങൾ സത്രത്തിന്റെ കൗണ്ടറിൽ തിരക്കി. അവർക്ക് ആളെ മുൻപരിചയമൊന്നും ഇല്ല. അപ്പോഴാണ് അറിയുന്നത് ഞങ്ങൾ കിടന്ന പുൽപായയുടെയും കുടിച്ച ചായയുടെയും പണം നൽകിയിട്ടാണ് അദ്ദേഹം പോയത്. എല്ലാവർക്കും വിഷമമായി. പിന്നീട് ഔദ്യോഗിക ആവശ്യത്തിന് എറണാകുളത്തു പോയ സതീശൻ ബാങ്കിൽ പോയി അദ്ദേഹത്തെ തിരക്കി. എന്നാൽ ആ ബ്രാഞ്ചിലോ സമീപ ബ്രാഞ്ചുകളിലോ അങ്ങനെയൊരാൾ ഇല്ലെന്ന് അറിയാൻ സാധിച്ചു. അപ്പോൾ പിന്നെ ആരാണ് ഞങ്ങൾക്കന്ന് സഹായവുമായി എത്തിയത്?. സാക്ഷാൽ മഞ്ജുനാഥൻ തന്നെ ആയിരുന്നോ ? അതോ മഞ്ജുനാഥന്റെ ദൂതനോ? വർഷങ്ങൾ ഇത്രയും കഴിഞ്ഞെങ്കിക്കും ഒരിക്കലും മറക്കാനാവാത്ത ഒരു വിസ്മയമായി ഇന്നും ആ ഓർമ ഞങ്ങളുടെ മനസ്സിലുണ്ട്.
English Summary : Memory of Kollur Mookambika trip