ADVERTISEMENT

ഒരിക്കൽ എം.കൃഷ്ണൻ നായർക്ക് ഒരു കത്തു വന്നു. തുറന്നു നോക്കിയപ്പോൾ ‘ഇഡിയറ്റ്’ എന്നു മാത്രം എഴുതിയിരിക്കുന്നു. അടുത്ത സാഹിത്യവാരഫലത്തിൽ അദ്ദേഹം എഴുതി: ‘‘പേരു വയ്ക്കാത്ത തെറിക്കത്തുകൾ എനിക്കു വരാറുണ്ട്. ഇന്നെനിക്കൊരു കത്തു വന്നു. അതിൽ സ്വന്തം പേരു മാത്രമേ വച്ചിട്ടുള്ളൂ !’’

ഇത്തരം കത്തെഴുത്തുകാരോടു മാത്രമല്ല, സുഹൃത്തുക്കളായ എഴുത്തുകാരോടു പോലും ദാക്ഷിണ്യം കാട്ടാത്ത നിശിതമായ നിരൂപണം നിഷ്ഠയായി കൊണ്ടുനടന്നു എം.കൃഷ്ണൻ നായർ. ‘പുൽക്കൊടികൾ നക്ഷത്രമാകാതിരിക്കാൻ’ സദാ ജാഗ്രത പുലർത്തി. നല്ല രചനകൾക്കായി കാത്തിരുന്നു. ആഴ്ചതോറും അവയെ അനുവാചകനു മുന്നിൽ അവതരിപ്പിച്ചു. ഉദാത്തമാക്കേണ്ടവയെ അങ്ങനെ ചെയ്തു. പരിഹസിക്കേണ്ടവയെ പരിഹസിച്ചു, ചിലപ്പോഴൊക്കെ പുച്ഛിച്ചു. ഈ എഴുത്തുകാർ സുഹൃത്തുക്കളാണോ എന്നൊന്നും നോക്കിയില്ല. സൗഹൃദം കടമയോ കടമ്പയോ ആയില്ല. കുത്തുമ്പോൾ കത്തിയുടെ പിടി വരെ കയറിപ്പോകുന്ന വിമർശനം !

വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ വരുന്ന നല്ല കഥയും കാവ്യവും മാറ്റിവച്ചാൽ നാലു കാശിനു വിലയില്ലാത്ത സാഹിത്യം എന്നു പലപ്പോഴും മലയാള സാഹിത്യത്തെ വിലയിരുത്തി. സാഹിത്യ വാരഫലം സമാഹാരമായി ഇറങ്ങിയപ്പോൾ അതിന്റെ ആമുഖത്തിൽ അദ്ദേഹം നയപ്രഖ്യാപനവും നടത്തി: ‘ഒന്നുകിൽ കലാത്മകതയുടെ ഉജ്വലത. അല്ലെങ്കിൽ കലാശൂന്യതയുടെ കൊടുംതിമിരം. ഇതു മാത്രമേ എനിക്ക് അംഗീകരിക്കാനാവൂ. അല്ലാതെ ലേശം പ്രകാശം, ലേശം ഇരുട്ട്.. ഇവയുള്ള കലാസൃഷ്ടികൾ എനിക്കഭിമതങ്ങളല്ല’.

മൂന്നു പ്രസിദ്ധീകരണങ്ങളിലൂടെ മൂന്നരപ്പതിറ്റാണ്ടു നീണ്ട സാഹിത്യ വാരഫലം മലയാളിയുടെ വായനാശീലത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ലോക സാഹിത്യത്തിലെ പുതിയ പ്രതിഭകളെയും പ്രവണതകളെയും മലയാളി പരിചയപ്പെട്ടത് ഈ പംക്തിയിലൂടെയാണ്. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കിട്ടിയവരിൽ പലരും ഇവിടെയുള്ള എഴുത്തുകാർക്കുപോലും അപരിചിതരായിരിക്കെ കൃഷ്ണൻ നായർക്ക് അവരുടെ രചനകൾ മുൻപേ പരിചിതങ്ങളായിരുന്നു. നൊബേൽ പ്രഖ്യാപനത്തിന്റെ പിറ്റേന്നു തന്നെ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ എഴുത്തിൽ ആ വായനാ പരിചയത്തിന്റെ തെളിച്ചം കാണാമായിരുന്നു. മലയാളത്തിലെ പുതിയ രചനകളെയും അദ്ദേഹം ആഴ്ചതോറും വിലയിരുത്തി. ഇതിൽ ചിലതിനെ കൊടുമുടിയിൽ ഇരുത്തി, മറ്റു ചിലതിനെ പടുകുഴിയിൽ തള്ളി !

കഥയും നോവലും ഇഷ്ടപ്പെടുന്നതുപോലെ സാഹിത്യ വിമർശനം വായനക്കാർക്ക് ഇഷ്ടപ്പെടാറില്ലെന്നത് വിമർശകരുടെ തലവിധി. പക്ഷേ, ഈ തലയിലെഴുത്തിനു പുറത്തുകൂടി കൃഷ്ണൻ നായർ സ്വന്തം പേന കൊണ്ട് ഒരെഴുത്തെഴുതി. ഫലമോ, സാഹിത്യ വാരഫലം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടേയിരുന്നു. അതിലെ നിരൂപണം, നർമം പേറുന്ന നിരീക്ഷണം, പരിഹാസം, കുസൃതി കലർന്ന ലൈംഗികത... എല്ലാം വായനക്കാർ അത്രമേൽ ഇഷ്ടപ്പെട്ടു. ‘ ലിറ്റററി ജേണലിസം’ എന്നു കൃഷ്ണൻനായർ വിശേഷിപ്പിച്ച വാരഫലത്തിലെ കൂരമ്പുകൾ കൊണ്ട് വിഷമിച്ചവരും ഒന്നു കൊണ്ടുകിട്ടിയാൽ മതിയെന്ന് ആഗ്രഹിച്ചവരുമുണ്ട്. സാഹിത്യ മാസികയുടെ പിൻതാളുകളിൽ നിന്നു വായന തുടങ്ങാൻ മലയാളിയെ ശീലിപ്പിച്ചതിലും ഈ പംക്തിക്കു പങ്കുണ്ട്. കൃഷ്ണൻ നായർ മൺമറഞ്ഞ് 17 വർഷമായിട്ടും സാഹിത്യ വാരഫലത്തിന്റെ ഫലശ്രുതി മങ്ങാതെ നിൽക്കുന്നതും അതിന്റെ രസനീയത മലയാളി മറക്കാത്തതു കൊണ്ടാണ്.

ചീത്ത സാഹിത്യം സമൂഹത്തിനു നേർക്കുള്ള കുറ്റകൃത്യമാണ് എന്ന നിലപാടിൽ ബലം പിടിച്ചു നിന്നു കൃഷ്ണൻ നായർ. എന്താണു ചീത്ത സാഹിത്യം എന്നതിന് തർക്കമുണ്ടാകാമെങ്കിലും അതൊന്നും അദ്ദേഹം ഗൗനിച്ചതേയില്ല. ആശയ സംവേദനത്തിനായി ഏത് ആക്ഷേപ വാക്കും തിരഞ്ഞെടുക്കാനും മടി കാണിച്ചില്ല.

‘മലയാള ഭാഷയെന്ന രമ്യഹർമ്യത്തിനു മുന്നിൽ വച്ച കക്കൂസാണ് ഈ കഥ’ എന്നെഴുതുമ്പോൾ ആ കഥാകൃത്തിന് എന്തു തോന്നും എന്നു കൃഷ്ണൻ നായർ ചിന്തിച്ചിട്ടേയില്ല . ഇത്തരം വിമർശനങ്ങളിൽ നൊന്തുപോയ ഒട്ടേറെപ്പേരുണ്ട്. പക്ഷേ, ആഴ്ചതോറുമുള്ള വേട്ട അദ്ദേഹം തുടർന്നു. അതു ക്രൂരമായ മൃഗയാ വിനോദമായും മലയാള സാഹിത്യത്തിലെ കള പറിക്കലായും വ്യത്യസ്തമായി വിലയിരുത്തപ്പെട്ടു.

വായിച്ചു വായിച്ചു കണ്ണിന് അസുഖമുണ്ടായിരുന്നെങ്കിലും ആ കാഴ്ചയുടെ ഫ്രെയിമിൽ നിന്നു പുറത്തായവർ കുറവാണ്. തകഴിയോടും കേശവദേവിനോടും വ്യക്തിപരമായ വിദ്വേഷം പുലർത്താതെ അവരെ കൃഷ്ണൻ നായർ ആക്രമിച്ചത് ഇരുവരെയും ആരാധിച്ച മലയാളികളുടെ മുന്നിലിട്ടാണ്. ‘ തകഴിയെ വിശ്വസാഹിത്യകാരനാക്കിയേ ചിലരടങ്ങൂ’ എന്നു പറഞ്ഞിട്ട് ‘കയറി’നെ തെല്ലു താഴ്ത്തിക്കെട്ടി. ‘ചെമ്മീനി’ൽ സാന്ദ്രത (ഡെൻസിറ്റി) കുറവാണെന്നു വിലയിരുത്തി. ‘സമൂഹത്തിന്റെ ഉപരിതലത്തെ ആവിഷ്കരിക്കുന്ന പുരാവൃത്ത രചയിതാവ് മാത്രമാണു തകഴി’ എന്നും കുത്തി. കേശവദേവിന്റെ ‘അയൽക്കാർ’ എന്ന നോവൽ പാരായണ യോഗ്യമല്ലെന്നു പോലും പറഞ്ഞുകളഞ്ഞു.

വിമർശനം കേട്ടു സഹിക്ക വയ്യാതെ പുതൂർ ഉണ്ണിക്കൃഷ്ണനും ആഷാ മേനോനും തന്നെ സാഹിത്യക്കണിയാൻ എന്നു വിളിച്ചതും കൃഷ്ണൻ നായർ ഓർമിച്ചിരുന്നു. കവി ഡി.വിനയചന്ദ്രനുമായുള്ള യുദ്ധമായിരുന്നു യുദ്ധം. ഒരു വാരികയിലെ അഭിമുഖത്തിൽ വിനയചന്ദ്രൻ നടത്തിയ പരാമർശങ്ങൾക്ക് വാരഫലത്തിലൂടെ കൃഷ്ണൻനായർ മറുപടി നൽകി. ഇതിനു മറുപടിയായി ‘അഭിനവ ഗുപ്തനും കാക്കാലന്റെ കുരങ്ങും’ എന്ന തലക്കെട്ടിൽ വിനയചന്ദ്രൻ ഇറക്കിയ നോട്ടിസാണു വിവാദമായത്. ഇവർ തമ്മിലുള്ള ‘കൊടുക്കൽ വാങ്ങലി’ന്റെ ഒരു സാംപിൾ –

വിനയചന്ദ്രൻ: ‘‘കവിത ഉറക്കെ ചൊല്ലുന്നതു പാപമല്ല.’’

കൃഷ്ണൻനായർ: ‘‘ ഈ കേരളത്തിൽ രണ്ടുപേരേ കവിതകളെ ചൊല്ലലിലൂടെ എരുമക്കരച്ചിലാക്കുന്നുള്ളൂ. ഒരാൾ എം.കൃഷ്ണൻനായർ. രണ്ടാമത്തെയാൾ ഡി.വിനയചന്ദ്രൻ.’’

ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വിനയചന്ദ്രന്റെ നോട്ടിസ്. ഇതിൽ അശ്ലീല വാചകങ്ങൾ വാരിവിതറിയിരുന്നു എന്നായിരുന്നു ആരോപണം. നോട്ടിസിന്റെ കോപ്പികൾ വ്യാപകമായി കോളജുകളിലും മറ്റു പൊതു സ്ഥലങ്ങളിലും വിതരണം ചെയ്തു. ഇതിനെതിരെ മുഖ്യമന്ത്രിക്കു കൃഷ്ണൻനായരുടെ പരാതി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ടി.എൻ.ജയചന്ദ്രന്റെ അന്വേഷണം എന്നിങ്ങനെ ഏറെ നാൾ നീണ്ടു കോലാഹലം.

എഴുത്തിൽ ആക്രമണോത്സുകമാകുമ്പോൾ തന്നെ അഭിജാതമായിരുന്നു കൃഷ്ണൻനായരുടെ വ്യക്തിപരമായ ഇടപെടലുകൾ. അയ്യപ്പപ്പണിക്കരെ കഠിനമായി വിമർശിച്ച് ഏറെക്കഴിഞ്ഞ് പണിക്കർ തനിക്കു പണ്ടു ധാരാളം പണം തന്നു സഹായിച്ചിട്ടുണ്ടെന്നു തുറന്നു പറഞ്ഞു കൃഷ്ണൻ നായർ. വീട്ടിലെത്തുന്നവരെ ഹൃദ്യമായി സ്വീകരിക്കും. പതിഞ്ഞ ശബ്ദത്തിലുള്ള ഭാഷണം, വരുന്നയാൾ വിവരദോഷിയാണെങ്കിലും അയാളുടെ വർത്തമാനങ്ങളുടെ നേർക്കുള്ള ക്ഷമ, ഇഷ്ടപ്പെട്ട സന്ദർശകരോട് മലയാള സാഹിത്യകാരന്മാരെക്കുറിച്ചുള്ള നർമം കലർന്ന കഥകൾ, ഭാര്യ വിജയമ്മയോട് ‘ വിജയമ്മോ ചായ’ എന്നു നീട്ടിയുള്ള വിളി, കയ്യൊപ്പിട്ട ചില നല്ല പുസ്തകങ്ങൾ. ഒടുവിൽ മടങ്ങുമ്പോൾ എളിമയോടെ, മാന്യതയോടെ മുറ്റം വരെ അനുഗമിക്കൽ...

അതിഥികൾ വന്നിരിക്കുമ്പോൾ കോട്ടുവാ ഇടാൻ പാടില്ല. അത് അവർ വന്നതിലുള്ള നീരസമായി ധരിക്കും. അറിയാതെ പോലും അടുക്കളയിൽ പാത്രങ്ങൾ ശബ്ദിക്കരുത്. പ്രതിഷേധമെന്നേ കരുതൂ. ഇങ്ങനെ പോയി വീട്ടുകാരോടുള്ള ഉപദേശങ്ങൾ.

പക്ഷേ, അതിഥിയുമായുള്ള ഈ അടുപ്പത്തെ അട്ടിമറിച്ചു കൊണ്ട് അടുത്തയാഴ്ച സാഹിത്യ വാരഫലത്തിൽ നിരീക്ഷണമായോ ചോദ്യോത്തരമായോ ഒരു കൂരമ്പ് കണ്ടേക്കാം. അതു വാരഫലത്തിന്റെ ആസ്വാദകർക്കുവേണ്ടിയായിരുന്നു.

ഒരിക്കൽ വാരഫലത്തിൽ അതിഥിയെ നിർവചിച്ചത് ഇങ്ങനെ: ‘‘ രണ്ടു മണിക്കൂർ നേരം വീട്ടിലിരുന്ന് ശല്യപ്പെടുത്തിയിട്ട് ‘ഞാൻ പോകുന്നു’ എന്നു പറഞ്ഞ് എഴുന്നേറ്റു നിന്ന് പിന്നെയും അരമണിക്കൂറോളം സംസാരിക്കുന്ന മാന്യൻ. ഒന്നു പോകൂ എനിക്ക് ഉറങ്ങണം എന്ന് നമ്മെക്കൊണ്ട് മനസ്സിൽ പറയിക്കുന്ന ആള്.’’

ക്ഷുദ്ര രചനകളെന്ന് താൻ കരുതുന്നവയെ ആക്രമിക്കുന്നതിലെ നിഷ്ഠ ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലർത്തി. പ്രത്യേകിച്ചും അന്യഭാഷാ പദങ്ങളുടെ കാര്യത്തിൽ. വിഖ്യാത ഇറ്റാലിയൻ ശിൽപി മൈക്കലാഞ്ചലോ അദ്ദേഹത്തിന് മീക്കലാഞ്ചലോ ആണ്. ടോളറേറ്റ് അല്ല റ്റൊലറെയ്‌റ്റ് എന്നേ എഴുതൂ. വിശ്രുത ജർമൻ നോവലിസ്റ്റ് തോമസ് മാൻ ‘ റ്റോമസ് മാൻ ’ ആണ്.

സ്വന്തം പേരിനൊപ്പം പ്രഫസർ എന്നദ്ദേഹം വച്ചിരുന്നില്ല. കാരണം പ്രഫസറെ കൃഷ്ണൻനായർ നിർവചിച്ചിരുന്നത് ഇങ്ങനെ : ‘നടത്തത്തി‍ന്റെ സവിശേഷത കൊണ്ടും വേഷത്തിന്റെ ഉജ്വലത കൊണ്ടും അജ്ഞത മറയ്ക്കാൻ സാമർഥ്യമുള്ളയാൾ. പെൻഷൻ പറ്റിയാലും അക്ഷരശൂന്യരെ അനുധാവനം ചെയ്യുന്ന വാക്ക്.’

കഥകളെ അരിഞ്ഞുവീഴ്ത്തുന്നിൽ വിനോദം കണ്ടെത്തിയ കൃഷ്ണൻനായരും ഒരിക്കൽ ഒരു കഥ എഴുതി. മലയാള മനോരമ ഞായറാഴ്ചയുടെ ഓണപ്പതിപ്പിനു വേണ്ടിയായിരുന്നു അത്. ഒരു ഗുസ്തിക്കാരന്റെ ഭാര്യയുടെ വ്യാജഗർഭത്തെക്കുറിച്ച് ‘ പാച്ചിയമ്മയ്ക്ക് കുഞ്ഞ് ’ എന്ന പേരിലെഴുതിയ കഥയ്ക്ക് അദ്ദേഹം ഒരു അടിക്കുറിപ്പും നൽകി. അതിങ്ങനെ : ‘ഇക്കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ഒരു സാദൃശ്യവുമില്ല. സാദൃശ്യമുണ്ടെങ്കിൽ അതു കരുതിക്കൂട്ടി വരുത്തിയതാണു കഥാകാരൻ. ’

വാരഫലം പോലെ തന്നെ കഥയും കൊള്ളേണ്ടിടത്ത് കൊള്ളിച്ചു എന്നു വ്യക്തം.

സാഹിത്യത്തിലെ പുതുചലനങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം സാമൂഹിക ജീവിതത്തിന്റെ പൊങ്ങച്ചവും പൊള്ളത്തരവും പൊളിച്ചടുക്കാനും വാരഫലത്തിനായി. ഈ പംക്തിയിലെ ചില നിർവചനങ്ങളും ചോദ്യോത്തരങ്ങളും ഉദാഹരണം.

പ്രഭാഷണവേദി: ഞാൻ ചോദിക്കുന്നു എന്ന് ധൈര്യമായി ഏതു പ്രഭാഷകനും പറയാവുന്ന സ്ഥലം.

ക്വിസ് പ്രോഗ്രാം: ബുദ്ധിശൂന്യർ ബുദ്ധിയുള്ളവനെ മുട്ടുകുത്തിക്കുന്ന ഏർപ്പാട്.

ചോദ്യം: കതകിൽ തട്ടുന്നതിന്റെ ശബ്ദമനുസരിച്ച് തട്ടുന്നവന്റെ സ്വഭാവം നിർണയിച്ചു കൂടേ ?

ഉത്തരം: നർണയിക്കാം. ഉച്ചത്തിൽ തട്ടുന്നവൻ ഒന്നുകിൽ ബന്ധു അല്ലെങ്കിൽ പോസ്റ്റ്മാൻ. പതുക്കെ തട്ടുന്നവൻ പുസ്തകം റിവ്യു ചെയ്യിക്കാൻ വരുന്നവൻ അല്ലെങ്കിൽ കടം ചോദിക്കാൻ എത്തുന്നവൻ. പത്രമോഫിസിലേക്കു പോലും ആ നേരമ്പോക്കിന്റെ നർമമുന നീണ്ടു: ‘‘ ലേഖകൻ മാക്സിം ഗോർക്കി എന്നെഴുതിയിരിക്കുന്നു. പ്രൂഫ് തിരുത്തേണ്ടി വന്നപ്പോൾ മർക്സും ഗോർക്കിയല്ലേ എന്നൊരാളിനു സംശയം. അപ്പോൾ ഇടതുപക്ഷ ചായ്‌വുള്ള ഒരു ജോലിക്കാരൻ പറഞ്ഞു, മാർക്സിസ്റ്റ് ഗോർക്കിയാണെന്ന്. അതു ശരിയല്ലെന്നു പറഞ്ഞ് വേറൊരു ജോലിക്കാരൻ അച്ചടിക്കേണ്ടതെന്താണെന്ന് നിർദേശം നൽകി. ആ നിർദേശം സ്വീകരിക്കപ്പെട്ടു. പിറ്റേ ദിവസത്തെ പത്രത്തിൽ വന്നതിങ്ങനെ: മാക്സിമം ഗോർക്കി.’’

കൃഷ്ണൻ നായരുടെ നോട്ടത്തിൽ കേരളത്തിൽ മഹാകവികൾ നാലു പേരേയുള്ളൂ. എഴുത്തച്ഛൻ, ഉണ്ണായി വാരിയർ, കുമാരനാശാൻ, വള്ളത്തോൾ. ‘‘ ഉക്തിയിൽ ( Utterance ) എഴുത്തച്ഛൻ നിസ്തുലനാണ്. ജീവിതത്തിന്റെ ആഴങ്ങളും ഔന്നത്യങ്ങളും ഒരു പോലെ കണ്ടു ഉണ്ണായി വാരിയർ. കുമാരനാശാൻ ആഴത്തിലേക്കു ചെന്നപ്പോൾ വള്ളത്തോൾ ഔന്നത്യത്തിലേക്കു പോയി. നാലുപേരും നാലു തരത്തിൽ മഹാകവികളാണ്. ശേഷമുള്ളവരെല്ലാം നല്ല കവികളായിരിക്കാം. മഹാകവികളല്ല.’’

കുമാരനാശാൻ ‘ആഴത്തിലേക്ക് ചെന്നപ്പോൾ’ എന്നെഴുതിയ കൃഷ്ണൻനായർ, ആശാൻ മുങ്ങിമരിച്ച പല്ലനയിൽ പ്രസംഗിക്കാൻ പോയതിന്റെ അനുഭവം ഉള്ളുനീറി കുറിച്ചിട്ടുണ്ട്.

‘‘ കുറെക്കാലം മുൻപ് ഞാൻ പല്ലനയിൽ പ്രസംഗിക്കാൻ പോയപ്പോൾ കുമാരനാശാന്റെ മൃതദേഹം ആറ്റിൽ നിന്നെടുത്ത ചിലയാളുകളിൽ ഒരാളായ ഒരു വൃദ്ധനെ കണ്ടു. ആറ്റിലേക്കു ചാഞ്ഞു കിടന്ന ചില ചെടികളുടെ സമൃദ്ധമായ പച്ചിലച്ചാർത്തുകൾക്കു താഴെയായിരുന്നത്രെ മഹാകവിയുടെ ശരീരം കിടന്നത്. മത്സ്യങ്ങളോ മറ്റു ജലജന്തുക്കളോ കടിച്ച ചില പാടുകൾ അദ്ദേഹത്തിന്റെ ദേഹത്തുണ്ടായിരുന്നുവെന്ന് ആ വ്യക്തി എന്നോടു പറഞ്ഞു. ആശാൻ മരിച്ചിട്ട് എത്രയോ കാലമായി. എങ്കിലും ആ വൃദ്ധന്റെ വാക്കുകൾ കേട്ട് ഞാൻ ദുഃഖിച്ചു. ആശാനു നല്ലതുപോലെ നീന്തൽ അറിയാമായിരുന്നുവെന്നും പലരെയും അദ്ദേഹം രക്ഷിച്ചെന്നും ഒടുവിൽ മുങ്ങി മരിക്കാൻ പോയ ആരെങ്കിലും അദ്ദേഹത്തിന്റെ കാലിൽ കയറിപ്പിടിച്ചതിന്റെ ഫലമായി അദ്ദേഹവും ആറ്റിൽ താഴ്ന്നു പോയതാവാമെന്നും ആ ആൾ എന്നെ അറിയിച്ചു. അതു കേട്ടപ്പോൾ എന്റെ ദുഃഖം വർധിച്ചു. ആകുലാവസ്ഥയിൽ പ്രഭാഷണ വേദിയിൽ കയറിയ എനിക്ക് നേരെ പ്രസംഗിക്കാൻ കഴിഞ്ഞില്ല.’’ നിരൂപകരെയു കൃഷ്ണൻ നായർ നിരൂപണം ചെയ്തിട്ടുണ്ട്. ജോസഫ് മുണ്ടശേരിയെ ജീർണതയുടെ നായകനാക്കി. ‘കുട്ടിക്കൃഷ്ണമാരാർ മഹാഭാരതത്തിലും രാമായണത്തിലും ധർമം എവിടെയെല്ലാമുണ്ടോ അതൊക്കെ അധർമമായി കാണുകയും അധർമം എവിടെയെല്ലാമുണ്ടോ അതൊക്കെ ധർമമായി കാണുകയും ചെയ്തു’ എന്നു നിരീക്ഷിച്ചു. 

      പുസ്തകങ്ങളും അക്ഷരങ്ങളുമായിരുന്നു കൃഷണൻനായരെ നയിച്ചത്. വീടു തന്നെ വലിയൊരു ലൈബ്രറിയായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം ഭഗവതി ലെയ്നിലെ സായികൃഷ്ണ എന്ന അദ്ദേഹത്തിന്റെ വീട് ഇപ്പോൾ വാടകയ്ക്കു നൽകിയിരിക്കുകയാണ്.  അദ്ദേഹം ഓമനിച്ച   8000 പുസ്തകങ്ങൾ എറണാകുളം കാക്കനാട്ടെ ഇഎംഎസ് ലൈബ്രറിക്കു കൈമാറിയിട്ടു വർഷങ്ങളായി. 

എം.കൃഷ്ണൻ നായർ – ജീവിതരേഖ

തിരുവനന്തപുരം പൂജപ്പുരയിൽ 1923 മാർച്ച് 3നു ജനനം. അച്‌ഛൻ വി.കെ.മാധവൻപിള്ള, അമ്മ ശാരദ. വൈക്കം, അരൂക്കുറ്റി എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം, പറവൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഹൈസ്‌കൂൾ പഠനം. 1945 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു മലയാളം ബിഎ ഓണേഴ്‌സ് ഒന്നാം ക്ലാസിൽ ജയിച്ചു. 1950 വരെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്‌ഥനായി. പിന്നീടു കേരളത്തിലെ വിവിധ കോളജുകളിൽ അധ്യാപകൻ. 1978 ൽ എറണാകുളം മഹാരാജാസ് കോളജിൽ നിന്നു പ്രഫസറും മലയാളം വകുപ്പ് തലവനുമായി വിരമിച്ചു.1970 ൽ ആരംഭിച്ച സാഹിത്യവാരഫലം എന്ന പ്രതിവാര പംക്‌തി 35 വർഷം മൂന്നു സാഹിത്യപ്രസിദ്ധീകരണങ്ങളിലായി തുടർന്നു. മുഖ്യകൃതികൾ: സാഹിത്യവാരഫലം (സമാഹാരം), ആധുനിക മലയാള കവിത, ചിത്രശലഭങ്ങൾ പറക്കുന്നു, കലാസങ്കൽപങ്ങൾ, സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ, എം.കൃഷ്‌ണൻ നായരുടെ പ്രബന്ധങ്ങൾ, ഒരു ശബ്‌ദത്തിൽ ഒരു രാഗം, ശരൽക്കാല ദീപ്‌തി, പനിനീർപ്പൂവിന്റെ പരിമളം പോലെ. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം (2001), സാഹിത്യവാരഫലം പംക്‌തിക്ക് ഒരു ലക്ഷം രൂപയുടെ ബി.ഡി. ഗോയങ്ക അവാർഡ് (1989) എന്നിവ ലഭിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 23 നു മരണം. 

English Summary : Writeup about M Krishnan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com