ശബരിമല ഓർമകളുടെ മലകയറ്റം
Mail This Article
ഇൗയടുത്ത ദിവസമാണ് ‘മാളികപ്പുറം’ എന്ന സിനിമ ഞാൻ ടിവിയിൽ കണ്ടത്. ഉണ്ണി മുകുന്ദനും സൈജു കുറുപ്പും രമേഷ് പിഷാരടിയുമൊക്കെ അഭിനയിച്ച ക്ലീൻ ചിത്രം. എനിക്കും ഏറെ ഇഷ്ടപ്പെട്ടു ‘കൊച്ചുമാളികപ്പുറത്തി’നെ.
സംസ്ഥാന പുരസ്കാരം ലഭിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന പി.സുബ്രഹ്മണ്യത്തിന്റെ സിനിമ ഉൾപ്പെടെ ശബരിമലയുടെ പശ്ചാത്തലത്തിൽ മുൻപും മലയാളത്തിൽ പലചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അവയൊക്കെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളവയുമാണ്. ഇതിനിടയിൽ ഒരു കാര്യം പറയട്ടെ, സ്വാമി അയ്യപ്പനിൽ ‘ഹരിവരാസനം’ എന്നു തുടങ്ങുന്ന ഗാനത്തിനിടയിൽ ഞാൻ ശബരിമലയിൽ തൊഴുന്ന ഒരു സീനുണ്ട്. ഒരേ ഒരു സീൻ. എന്നാൽ ‘ശബരിമലയിൽ തങ്ക സൂര്യോദയം’ എന്ന ചിത്രത്തിലാകട്ടെ ‘ഹരിവരാസനം’ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഞാൻ ആലപിക്കുന്നതായാണ്.
ജീവിതം എന്ന സിനിമയിൽ ‘ശരണമയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് ശബരിമലയിലാണ്. ആ പാട്ടും ഞാൻ പാടുന്നതായിട്ടാണു ചിത്രീകരണം. അത്തരം പുണ്യപുരാണ ചിത്രങ്ങളുടെ രീതിയിലല്ല മാളികപ്പുറം ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ ഇൗ സിനിമ എന്നെ ആകർഷിച്ചത് ഇതിന്റെ പേരിലൊന്നുമല്ല. എന്റെ ആദ്യശബരിമല തീർഥാടനം ഇൗ സിനിമ ഓർമിപ്പിച്ചു. അതാണ് കാര്യം.
ഇതിലെ ദേവനന്ദ എന്ന ബാലികയുടെ അഭിനയചാതുരി എന്നെ ഓർമിപ്പിച്ചത് എന്റെ അമ്മൂമ്മയുടെ അനുജത്തിയുടെ മകളുടെ മകൾ തങ്കത്തെയാണ്. മുറയ്ക്ക് എന്റെ അനുജത്തി തന്നെയാണവൾ. എന്നെക്കാൾ അഞ്ചാറു വയസ്സ് കുറവായിരുന്നു അവൾക്ക്.
ഓർമവച്ച കാലം മുതലേ എനിക്കുള്ള മോഹമായിരുന്നു ശബരിമലയിൽ പോവുക എന്നത്. കൂടെ പഠിക്കുന്നവരെല്ലാം ശബരിമലയിൽ പോയ വിശേഷങ്ങൾ വർണിക്കുമ്പോൾ ഞാൻ വല്ലാതെ വിഷമിച്ചു പോയിട്ടുണ്ട്. എന്നെ വിടാൻ അച്ഛൻ ഒരുക്കമല്ലായിരുന്നു. അന്ന് ഇപ്പോഴുള്ളത്ര സൗകര്യങ്ങൾ ഇല്ലായിരുന്നു എന്നു കൂടി ഓർക്കണം. ഓരോ മണ്ഡലകാലത്തും ഞാൻ കരുതും ഇക്കുറി ശബരിമലയിൽ പോകാം എന്ന്. പക്ഷേ പ്രതീക്ഷകൾ അസ്ഥാനത്തായിട്ടേ ഉള്ളൂ.
അങ്ങനെ ഒരു മണ്ഡലകാലം കൂടി വന്നു. അന്നെനിക്ക് 12 വയസ്സ്. അമ്മ വഴി മോഹം അച്ഛന്റെ കാതുകളിൽ എത്തിച്ചു. അദ്ദേഹം എന്റെ ആഗ്രഹത്തെ ‘പോകേണ്ട’ എന്ന മൂന്നക്ഷരം കൊണ്ട് വീറ്റോ ചെയ്തു. കടുത്ത നിരാശ തോന്നി. ആ നിരാശയിലിരിക്കുമ്പോഴാണ് ഒരു വാർത്ത എന്റെ കാതുകളിലെത്തുന്നത്. എന്റെ അമ്മൂമ്മയുടെ അനുജത്തിയും മറ്റും ശബരിമലയ്ക്കു പോകുന്നു. അവരുടെ കൂട്ടത്തിൽ കുഞ്ഞമ്മൂമ്മയുടെ മകളുടെ മകൾ തങ്കവും പോകുന്നു. തങ്കത്തിന് അന്ന് ആറുവയസ്സേ ഉള്ളൂ. വാർത്ത സത്യമാണോ എന്നുറപ്പിക്കാൻ ഞാൻ തങ്കത്തെ നേരിൽക്കണ്ടു. അവളുടെ കഴുത്തിൽ കിടക്കുന്ന മാല സംഗതി സത്യമാമെന്ന് എന്നോട് പറയാതെ പറഞ്ഞു. ഓ അപ്പോൾ തങ്കം മാളികപ്പുറമായിരിക്കുന്നു. അവളെക്കാൾ കുറഞ്ഞത് അഞ്ച് ഓണമെങ്കിലും ഞാൻ കൂടുതൽ ഉണ്ടിട്ടുണ്ട്. എന്നിട്ടും ഞാൻ മാല ഇട്ട് അയ്യപ്പനാകും മുൻപ് അവൾ മാളികപ്പുറത്തിന്റെ പദവിയിലെത്തിയിരിക്കുന്നു. ഇതിൽപരം അപമാനകരമായി മറ്റൊന്നുമില്ല എന്നെനിക്കു തോന്നി.
അന്നു തന്നെ ഞാൻ ഒരുറച്ച തീരുമാനമങ്ങെടുത്തു. ഇക്കുറി ആരു സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ ശബരിമലയ്ക്കു പോകും. അതു പാലിക്കുന്നതിന്റെ ആദ്യപടിയായി പിറ്റേന്ന് പ്രഭാതത്തിൽ വീട്ടിൽ വന്നു പത്തായപ്പുരയിൽ നിന്ന് ഒരു തേങ്ങ തപ്പിയെടുത്തു. വീട്ടിൽ ഉണ്ടായിരുന്ന ‘ശബരിമല സ്പെഷൽ’ മാലയും ഒരെണ്ണം എടുത്തു. നേരെ ഗൗരീശപട്ടം ക്ഷേത്രത്തിൽ ചെന്നു അയ്യപ്പന്റെ പ്രതിഷ്ഠയ്ക്കു മുന്നിൽ തേങ്ങയുടച്ച് ഞാൻ പെരിയസ്വാമിയായി സ്വയം മാല എടുത്തു കഴുത്തിലിട്ടു. ശബരിമല ശാസ്താവേ ! ഞാനിതാ അയ്യപ്പനായിരിക്കുന്നു. ഉള്ളിൽ വല്ലാത്ത സന്തോഷം അതോടൊപ്പം നേരിയ ഉത്കണ്ഠയും. അച്ഛനറിഞ്ഞാൽ എന്തു പറയും. എന്തും പറഞ്ഞോട്ടെ വേണമെങ്കിൽ രണ്ടു തല്ലുതല്ലിക്കോട്ടെ എന്നാലും സാരമില്ല. മാലയിട്ടതിനാൽ ശബരിമലയിൽ പോയേ തീരു. അവിടെ പോയി മടങ്ങിയിട്ടേ ഇത് ഉൗരാൻ പറ്റൂ.
ഞാൻ സ്വയം മാലയിട്ട കാര്യം വളരെ പെട്ടെന്ന് എല്ലാവരും അറിഞ്ഞു. അച്ഛനും. പക്ഷേ ഞാൻ പ്രതീക്ഷിച്ചതു പോലെയുള്ള ക്ഷോഭപ്രകടനങ്ങളൊന്നും ഉണ്ടായില്ല. തല്ല് പോയിട്ട് ഒരു നുള്ളോ ശാസനയോ പോലും അച്ഛന്റെ ഭാഗത്ത് നിന്നു സഹിക്കേണ്ടി വന്നില്ല. അതെന്നെ തെല്ല് അത്ഭുതപ്പെടുത്താതിരുന്നില്ല.
പിന്നീട് സമപ്രായക്കാരായ ചില ‘അനുഭവസ്ഥർ’ പറഞ്ഞപ്പോഴാണ് അതിന്റെ രഹസ്യം ഞാൻ മനസ്സിലാക്കിയത്. ശബരിമലയ്ക്കു പോകാൻ മാലയിട്ടവരെ ആരും വഴക്കുപറയുകയോ അടിക്കുകയോ ചെയ്യില്ല. അത് അയ്യപ്പനെ അടിക്കുന്നതിനു തുല്യമാണത്രെ. എന്തായാലും ഞാൻ മാലയിട്ടു എന്നറിഞ്ഞപ്പോൾ എന്റെ അമ്മൂമ്മയും മാലയിട്ടു. ‘മാധവൻകുട്ടിയെ ഒറ്റയ്ക്കു വിടാൻ’ അമ്മൂമ്മയ്ക്കു ധൈര്യം പോരായിരുന്നു. തങ്കത്തിന്റെ അമ്മൂമ്മ നേരത്തെ മാലയിട്ടിരുന്നു. ഇവരെ കൂടാതെ തങ്കത്തിന്റെ അച്ഛൻ, മറ്റു ചില അമ്മാവൻമാർ എന്നിവരും മാലയിട്ടു. അങ്ങനെ ശബരിമല തീർഥാടനത്തിന് ഞങ്ങളുടെ കുടുംബത്തിൽ നിന്നു തന്നെ ധാരാളം പേരായി.
യാത്രയുടെ അന്നു സന്ധ്യയ്ക്കു കെട്ടുനിറച്ച് അനുഗ്രഹം വാങ്ങാൻ അച്ഛന്റെ കാലിൽ തൊട്ട് തൊഴുതപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. യഥാർഥത്തിൽ അച്ഛൻ എന്നെ ശബരിമലയ്ക്കു വിടാതിരുന്നത് ആ യാത്രയെക്കുറിച്ചുള്ള ഭയാശങ്കകൾ കൊണ്ടാണെന്ന് ആ കണ്ണീർപ്രവാഹം എന്നെ അറിയിച്ചു.
എരുമേലി വഴിക്കാണു യാത്ര. ബസിലും വള്ളത്തിലും ഒക്കെ യാത്ര ചെയ്തത് ഞാനോർക്കുന്നു. പലയിടത്തും വിശ്രമിച്ചും ആഹാരം പാകം ചെയ്തു കഴിച്ചുമായിരുന്നു യാത്ര. അന്ന് ഇപ്പോഴുള്ളതു പോലെ ഹോട്ടലുകൾ ഇല്ലായിരുന്നു
യാത്രയിലുടനീളം നല്ല ചുറുച്ചുറുക്കിലായിരുന്നു തങ്കം. ശരണം വിളിക്കുന്നതിലും മറ്റും ഏത് തീർഥാടകനെക്കാളും ആത്മാർഥത പ്രകടമായിരുന്നു അവളിൽ.
അഴുതമേട് കയറ്റവും കരിമലയും മറ്റും തങ്കം ഒരു പ്രയാസവുമില്ലാതെ കയറി. ഏറ്റവും മുൻപിൽ അവളാണു ശരണം വിളിച്ചു കയറുക. ഞാനുൾപ്പെടെ ഉള്ള തീർഥാടകർ പിന്നാലെ എത്താൻ അവൾ മുകളിൽ ചെന്ന് കാത്തിരിക്കുമായിരുന്നു.
‘മാളികപ്പുറം മെല്ലെമെല്ലെ....’ എന്ന് അവളോട് സ്നേഹത്തോടെ എല്ലാവരും ഉപദേശിച്ചു. അവളുടെ കൂസലില്ലാത്ത കയറ്റംകയറൽ കണ്ടാൽ ആർക്കും അസൂയയും ഭയവും തോന്നുമായിരുന്നു. കാട്ടാനയും കടുവയുമൊക്കെ ഏതു നിമിഷവും പ്രത്യക്ഷപ്പെടാവുന്ന കാനനപാതയിലൂടെ ഉള്ള യാത്രയും രാത്രികാലത്തെ ഉറക്കവും ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ആരും ആത്മാർഥമായി ശരണം വിളിച്ചു പോകുന്ന അന്തരീഷം. തങ്കം ശരണം വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മുഖത്ത് ഭയമല്ല വലിയ ആഹ്ലാദമായിരുന്നു.
പതിനെട്ടാംപടി കയറുമ്പോൾ എന്തായിരുന്നു അവളുടെ ആവേശം. സ്വർഗം കിട്ടിയമാതിരിയായിരുന്നു അവൾ. വലിയ പൊക്കമൊന്നുമില്ലാതിരുന്നതിനാൽ ഏത് ആൾക്കൂട്ടത്തിനിടയിലൂടെയും നുഴഞ്ഞു കയറി മുന്നിലെത്താൻ അവൾക്കു കഴിഞ്ഞു. സന്നിധാനത്തെത്തിയതും അവൾ ആ പണി തന്നെ ഒപ്പിച്ചു. തൊഴുതുനിന്ന അയ്യപ്പൻമാർക്കിടയിലൂടെ നുഴഞ്ഞുനുഴഞ്ഞ് അവൾ നേരെ ശ്രീകോവിലിന്റെ തൊട്ടടുതെത്തി. അവിടെ നിന്നായി പ്രാർഥന.
പിന്നീട് മടക്കയാത്ര. അപ്പോഴും അവളുടെ ഉത്സാഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആ യാത്രയിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായി കഴിഞ്ഞിരുന്നു അവൾ. തീർഥാടനം കഴിഞ്ഞ് മൂന്നുനാലു ദിവസം പിന്നിട്ടപ്പോൾ എന്നോടു മാമന്മാർ ആരോ പറഞ്ഞു, ‘തങ്കത്തിന് പനി’യാണെന്ന്. ഞാനതത്ര കാര്യമാക്കിയില്ല. യാത്രയൊക്കെ കഴിഞ്ഞതിന്റെ അസ്വസ്ഥത– അത്രയേ ഞാൻ കണക്കാക്കിയുള്ളു.
എന്നാൽ അടുത്ത ദിവസം ഗൗരീശപട്ടത്തെ എന്റെ വീട്ടിലെത്തിയ ബന്ധു പറഞ്ഞ കാര്യം എന്നെ നടുക്കി കളഞ്ഞു– തങ്കം മരിച്ചു. ഞാൻ കണ്ണമ്മൂലയിലെ അവളുടെ വീട്ടിലേക്കോടി.
അവിടെ എത്തിയപ്പോൾ തങ്കത്തിനെ കണ്ടു. പൂക്കളുടെ നടുക്ക് അവൾ കിടന്നുറങ്ങുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. മരണക്കിടക്കയിൽ കിടന്നും അവൾ ശരണം വിളിക്കുകയായിരുന്നു ’ എന്നൊക്കെ ആരോ പതം പറയുന്നത് കേട്ടു.
പിന്നീട് കുറെ നേരത്തേക്ക് എന്തു സംഭവിച്ചു എന്നു തന്നെ അറിയില്ല. ഏറെക്കഴിഞ്ഞ് മാമൻ വന്നു വിളിച്ചു, ‘തങ്കത്തിനെ പറമ്പിലേക്ക് എടുത്തു...’ ഞാൻ പറമ്പിലേക്ക് അവളെ അനുഗമിച്ചു.
എല്ലാ ചടങ്ങുകൾക്കും ശേഷം അവളുടെ ദേഹമടക്കിയിടത്ത് വിളക്കു കൊളുത്തിവയ്ക്കുന്ന തങ്കത്തിന്റെ അച്ഛനെ ഞാൻ കണ്ടു. ആ കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്. ഇപ്പോൾ ഞാൻ താമസിക്കുന്ന വീട്ടിലിരുന്നു നോക്കിയാൽ തങ്കത്തിനെ അടക്കിയ സ്ഥലം കാണാം.
അത്ഭുതമെന്നുപറയട്ടെ സന്ധ്യയ്ക്കു ചിലപ്പോഴൊക്കെ അവിടെ വിളക്കു കൊളുത്തിവച്ചിട്ടുള്ളതു പോലെ എനിക്കു തോന്നാറുമുണ്ട്.
(തുടരും)
English Summary : Madhu Mudrakal by actor Madhu 12