ജയശ്രീ ഈ സ്റ്റേജിൽ തനിച്ചല്ല
Mail This Article
നാടകലോകം ജയശ്രീക്കു നൽകിയ വേഷങ്ങളെല്ലാം പകരക്കാരിയുടേതായിരുന്നു. നേരത്തെ നിശ്ചയിച്ച നടി ഇല്ലാതെ വരുമ്പോൾ വിളിച്ചു നൽകിയ ഓരോ വേഷവും ജയശ്രീ ഭംഗിയാക്കി. ആസ്വാദകർ നിറകയ്യടിയോടെ കഥാപാത്രത്തെ വരവേറ്റു. ഇതിൽ പൊലീസ് ഓഫിസറുണ്ട്, കാമുകിയുണ്ട്, വക്കീലുണ്ട്... കാൽനൂറ്റാണ്ടു കാലം നാടക വേദിയിൽ, വേഷപ്പകർച്ചകളിലൂടെ ആസ്വാദകരെ ആകർഷിച്ച കലാകാരി ഇന്ന് 50 അച്ഛനമ്മമാർക്കു പ്രിയപ്പെട്ട മകളാണ്. കപടനാടകങ്ങളിലൂടെ സ്വന്തം അച്ഛനമ്മാരെ പെരുവഴിയിലുപേക്ഷിച്ചവർ അറിയാൻ, ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മാരെ ജയശ്രീ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുന്നു. ആരോരുമില്ലാത്ത ഈ അച്ഛനമ്മമാർക്കു മകളാകുന്നതും ‘പകരക്കാരിയുടെ വേഷ’മാണെന്ന് ജയശ്രീക്ക് അറിയാം. പകരക്കാരിയാണെങ്കിലും തന്റെ വേഷം ഭംഗിയാക്കുകയാണു പ്രധാനമെന്ന് ജയശ്രീ ഉറച്ചു വിശ്വസിക്കുന്നു. ഈ ലോകം ഒരു നാടക വേദിയാണെന്നും നമ്മളെല്ലാം അതിലെ കഥാപാത്രങ്ങളാണെന്നുമുള്ള ഷെയ്ക്സ്പീയറിയൻ തത്വം തന്റെ ജീവിതത്തിൽ എത്ര ശരിയാണെന്ന് ഈ കലാകാരി തിരിച്ചറിയുന്നു.
നാടകം തന്നെ ജീവിതം
കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തഴവാ കോട്ടുകോയിക്കൽ ജംക്‌ഷൻ കണ്ണകിയിൽ ജയശ്രീ പ്രീഡിഗി പഠന ശേഷം കായംകുളം കെപിഎസിയുടെ നൃത്തപഠന ക്ലാസിനു ചേർന്നതാണു ജീവിതത്തിലെ വഴിത്തിരിവ്. അച്ഛൻ അനിരുദ്ധൻ ബിസിനസുകാരനായിരുന്നു. കെപിഎസിയിൽ ‘പുതിയ ആകാശം പുതിയ ഭൂമി’ നാടകത്തിന്റെ റിഹേഴ്സൽ ക്യാംപ് നടക്കുകയാണ്. ക്യാംപ് കാണാൻ പോയ പെൺകുട്ടിയോട് നായിക വരും വരെ പകരം നിൽക്കാമോ എന്നു സമിതി ഭാരവാഹികൾ ചോദിച്ചു.
വീട്ടിൽ പറയാതെ അഭിനയിക്കണമോ എന്നു സന്ദേഹിച്ചപ്പോൾ സംഗീത സംവിധായകൻ ദേവരാജൻ അനുഗ്രഹിച്ച് വേദിയിലേക്ക് ആനയിച്ചു. നായിക എത്തും വരെ മാത്രം മതിയല്ലോ എന്ന സമാധാനത്തിലാണ് അഭിനയം. അഭിനയം നന്നായിരുന്നുവെന്നു റിഹേഴ്സൽ ക്യാംപിലുണ്ടായിരുന്നവർ അഭിപ്രായപ്പെട്ടതോടെ നാടകം ഗൗരവത്തിലെടുക്കണമെന്നു മനസ്സിലുറപ്പിച്ചു. ഇതിനിടെ അച്ഛന്റെ മരണം തീർത്ത സങ്കടവും ശൂന്യതയും. കൊല്ലം ആത്മമിത്രയുടെ ‘രാജപ്രമുഖൻ’ നാടകത്തിലേക്കു പകരക്കാരിയായി വരാമോ എന്നു ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
സൂര്യ ഫെസ്റ്റിവലിൽ ജനസാഗരത്തിനു മുന്നിൽ ‘രാജപ്രമുഖൻ’ നാടകം അരങ്ങേറി. പൊതുവേദിയിലെ ആദ്യ അഭിനയം കയ്യടി നേടി. 13 സമിതികളിൽ പകരക്കാരിയായി മൂവായിരം വേദികളിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമായിരുന്നു അത്. 25 വർഷം പല വേഷങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ നാടകാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടി. ഇതിനിടെ 35 സീരിയലുകളിലും അഞ്ച് സിനിമകളിലും 20 ഹ്രസ്വചിത്രങ്ങളിലും ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.
കുടുംബം എന്ന ലോകം
അമ്മ സാവിത്രി തഴവ പഞ്ചായത്തിലെ ആദ്യത്തെ കുടിപ്പള്ളിക്കൂടം അധ്യാപകരിൽ ഒരാളായിരുന്നു. നൂറുകണക്കിനു കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയ അമ്മയുടെ സ്നേഹവും പിന്തുണയുമായിരുന്നു കലാരംഗത്ത് ജയശ്രീയുടെ വിജയം. ‘രാജപ്രമുഖൻ’ നാടകത്തിലെ മ്യൂസിക് ഓപറേറ്ററും നാടക വണ്ടി ഉടമയുമായിരുന്ന അമ്പാടിയെ (ഭദ്രദാസ്) വിവാഹം കഴിച്ചു. കൊല്ലം ദൃശ്യകലയുടെ ‘മുഹൂർത്തം ധന്യമുഹൂർത്തം’ എന്ന നാടകത്തിന്റെ ആദ്യ അവതരണം കഴിഞ്ഞു രണ്ടാമത്തെ വേദിയിലേക്കു രാത്രിയിൽ പോകും വഴി വർക്കല മിഷൻ ആശുപത്രിയിൽ വച്ചു മകനു ജന്മം നൽകി.
ഭർത്താവ് അമ്പാടി ഇപ്പോൾ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മകൻ ഭരത്ദാസ് ഇദ്ദേഹത്തെ സഹായിക്കാൻ ഒപ്പമുണ്ട്. ചിത്രകാരനും ശിൽപിയും കൂടിയാണ് ഭരത്. മകൾ കണ്ണകി പ്ലസ് വൺ വിദ്യാർഥിനി. നാടകത്തിൽ നിന്നു നേടിയതെല്ലാം ഉപയോഗിച്ച് 2019ൽ വീടിനോട് ചേർന്നു സ്ഥിരം നാടക വേദി നിർമിച്ചു. രണ്ടു സമിതികൾക്ക് ഒന്നിച്ചു തങ്ങാനുള്ള സൗകര്യവും ഇവിടെ ഒരുക്കി. 18 സമിതികളുടെ റിഹേഴ്സലും അരങ്ങേറ്റവുമെല്ലാം ഇവിടെ നടന്നു.
ആരാണ് ഈ അമ്മയെ വഴിയിലുപേക്ഷിച്ചത്?
ഒരിക്കൽ നാടകാഭിനയം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനായി പുലർച്ചെ കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോഴാണ് ഒരമ്മ അവിടെയിരുന്നു വിങ്ങിക്കരയുന്നത് കണ്ടത്. അമ്പലങ്ങൾ കാണിക്കാമെന്നു പറഞ്ഞു കാറിൽ കയറ്റി മകനും മരുമകളും കൂടി വഴിയിലുപേക്ഷിച്ചതാണ്. ഈ അമ്മയുടെ കയ്യിൽ ഒരു നാണയത്തുട്ടു പോലുമില്ല. എവിടേക്കു പോകണമെന്നും അറിയില്ല. തന്നെ ഉപേക്ഷിച്ച മകന്റെ പേരു പറയാൻ പോലും ഈ അമ്മ ഒരുക്കമായിരുന്നില്ല. അതവനു നാണക്കേടാകുമോ എന്നായിരുന്നു അവരുടെ ആധി. ആ അമ്മയെ ജയശ്രീ നെഞ്ചോടു ചേർത്തു പിടിച്ചു.
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. സ്വന്തം അമ്മയെ നോക്കുംപോലെ നോക്കി. പക്ഷേ താൻ മറ്റുള്ളവർക്കു ഭാരമാകുമോ എന്നായിരുന്നു ഈ അമ്മയുടെ ആധി. അത് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടുമിരുന്നു. ഒരു ദിവസം അമ്മയെ കാണാതായി. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തൃപ്പൂണിത്തുറ സൂര്യയുടെ വീരപുരുഷൻ എന്ന നാടകത്തിന്റെ ക്യാംപ് കഴിഞ്ഞു ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഇവിടെ വച്ച് ആ അമ്മയെ വീണ്ടും കണ്ടു. ‘സ്വന്തം മകനു പോലും വേണ്ടാത്ത എന്നെ നീ എന്തിനു സ്വീകരിക്കണം?’ എന്ന ചോദ്യമായിരുന്നു അമ്മയുടേത്. ജയശ്രീയെ ചേർത്തു പിടിച്ചു കണ്ണുനിറഞ്ഞ് അമ്മ യാത്രയാക്കി. ഓച്ചിറ ആൽത്തറയിൽ തിരക്കിനിടെ ഒരിക്കൽ ഈ അമ്മയെ മിന്നായം പോലെ കണ്ടു. തിരക്കിനിടെ മറഞ്ഞ അമ്മയെ ഓച്ചിറയിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
കോവിഡ് കാലത്തെ കണ്ണുതുറക്കൽ
കോവിഡ് മഹാമാരിയുടെ കാലത്ത് നാടൊന്നാകെ അടച്ചിട്ടപ്പോഴാണ് പെരുവഴിയിലുപേക്ഷിക്കപ്പെടുന്ന അമ്മമാരെക്കുറിച്ചു ജയശ്രീ ചിന്തിച്ചത്. ഇത്തരത്തിൽ വഴിയിലുപേക്ഷിക്കപ്പെട്ടവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. ഭർത്താവും മക്കളും പിന്തുണ നൽകിയതോടെ കണ്ണകി ശാന്തിതീരം ചാരിറ്റബിൾ ട്രസ്റ്റ് പിറവിയെടുത്തു. തന്റെ സമ്പാദ്യം ഉപയോഗിച്ച് അവരെ ഊട്ടി. അവർക്കു വസ്ത്രങ്ങൾ വാങ്ങി നൽകി. കോവിഡ് കാലം കഴിഞ്ഞു. നാടക വേദികൾ ഉണർന്നു. ഇവിടത്തെ അന്തേവാസികളെ പരിചരിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി നാടകവേദിയിൽ ഇപ്പോഴും സജീവമാണ് ജയശ്രീ.
വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന കൂടുതൽ പേർ ഇപ്പോൾ കണ്ണകി ശാന്തിതീരത്തേക്ക് എത്തുന്നുണ്ട്. സാമൂഹിക – ജീവകാരുണ്യ രംഗത്ത് സജീവമായ അമ്പലപ്പുഴ പി. രാധാകൃഷ്ണനാണ് ട്രസ്റ്റിന്റെ ചെയർമാൻ. ഉണ്ണി എന്ന യുവാവ് മാനേജരായുണ്ട്. അന്തേവാസികൾക്കുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് ഇങ്ങനെ ഒന്നിനും മുട്ടുവരാതെ നോക്കാനുള്ള ഓട്ടത്തിലാണു ജയശ്രീ. അന്തേവാസികളിൽ അഭിനയത്തോടു താൽപര്യമുള്ളവരെ കൂട്ടി നാടകം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. കണ്ണകി ശാന്തിതീരത്തെ വേദിയിലായിരിക്കും അവതരണം. ജീവിതവേദിയിൽ ജയശ്രീ അങ്ങനെ പലവേഷങ്ങളുടെ പകർന്നാട്ടത്തിലാണ്. ജയശ്രീയുടെ ഫോൺ: 8943774623
English Summary: Sunday Special about drama actress Jayasree