ADVERTISEMENT

ഡൽഹി കോർപറേഷന്റെ അഖിലേന്ത്യാ നാടകമത്സരത്തിൽ ‘മെഴുകുതിരി’ എന്ന നാടകം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ കാര്യം ഡ്രാമ സ്കൂളിലെല്ലാം അറിഞ്ഞു. അതോടെ എന്റെ ഉത്തരവാദിത്തം കൂടി. ഇനി സ്കൂളിൽ ഒരു വലിയ നാടകം അവതരിപ്പിക്കണം. അതു പഠനത്തിന്റെ ഭാഗമാണ്. വിപുലമായ സൗകര്യങ്ങൾ സ്കൂൾ ഒരുക്കിത്തരും. അതുകൊണ്ടുതന്നെ നാടകം ഒരുകാരണവശാലും മോശമാകാൻ പാടില്ല. സ്കൂളിൽ നിന്നു മാത്രമല്ല വേണ്ടി വന്നാൽ പുറത്തു നിന്നു നടീനടൻമാരെ അഭിനയിക്കാൻ വിളിക്കുന്നതിനും സംവിധായകന് അനുവാദമുണ്ടായിരുന്നു.

സ്കൂൾ ഓഫ് ഡ്രാമയിൽ എനിക്കു വീണ്ടും തിരക്കു പിടിച്ച ദിവസങ്ങളായി. ആദ്യം നാടകം തിരഞ്ഞെടുക്കണമല്ലോ. ഞാൻ കയ്യിൽ കിട്ടുന്ന പഴയതും പുതിയതുമായ എല്ലാ നാടകങ്ങളും വായിച്ചു. ഒന്നിലും എനിക്കു പൂർണതൃപ്തി ലഭിച്ചില്ല. ഒടുവിൽ പണ്ടു ഞാൻ വായിച്ചിരുന്ന പൊൻകുന്നം വർക്കിയുടെ ‘വിശറിക്കു കാറ്റു വേണ്ട ’ എന്ന നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു.

എന്റെ ജൂനിയറായി പഠിക്കുന്ന എസ്.ആർ.കെ.പിള്ളയെ പ്രധാന കഥാപാത്രമാക്കി. പോരാതെ വന്ന കഥാപാത്രങ്ങൾക്കായി ഡൽഹി മലയാളി അസോസിയേഷനിലെ ചില കലാകാരൻമാരെ ഞാൻ തിരഞ്ഞെടുത്തു. കേരള ഹൗസിൽ റിഹേഴ്സൽ തുടങ്ങി. അവതരണത്തിന് ഇനിയും ഇഷ്ടം പോലെ ദിവസങ്ങളുണ്ടല്ലോ എന്ന തണുപ്പ് ഞങ്ങൾക്കെല്ലാവർക്കും ഉണ്ടായിരുന്നു. കുറെയൊക്കെ എന്നെയും അതു ബാധിച്ചു. ഞാനതു പുറമേക്കു പ്രകടിപ്പിച്ചില്ല.

ഞാൻ ഉഴപ്പിയാൽ നാടകം മൊത്തം ഉഴപ്പാകുമല്ലോ. അതിന്റെ ഏറ്റവും വലിയ നഷ്ടം എനിക്കായിരിക്കും. മറ്റുള്ളവർക്കെല്ലാം ഇതു കേവലം ഒരു നാടകമാണ്. സ്കൂൾ ഓഫ് ഡ്രാമയിലെ സ്പെഷ്യലൈസേഷന്റെ ഭാഗമായാണല്ലോ ഞാൻ ഇൗ നാടകം സംവിധാനം ചെയ്യുന്നത്. അതിന്റേതായ ഗാംഭീര്യം നാടകത്തിന് ഉണ്ടായേ തീരൂ. നാടകം പഠിക്കാൻ എത്തിയ വ്യക്തി അരങ്ങിനെക്കുറിച്ച് എന്തു പഠിച്ചു എന്നു വിലയിരുത്തുന്നത് അവൻ സംവിധാനം ചെയ്യുന്ന നാടകത്തിലൂടെയാകും. അതു കൊണ്ടുതന്നെ നാടകം നന്നായാൽ അതിന്റെ മെച്ചവുമുണ്ട്. ചീത്തയായാൽ അതിന്റെ ദോഷവും. ഞാൻ ജാഗ്രത പാലിച്ചേ തീരൂ. ഒരു ഞായറാഴ്ച. അന്നു റിഹേഴ്സൽ ഇല്ലായിരുന്നു. വൈകിട്ട് തൽക്കത്തോറ ഗാർഡൻസിൽ ഏതോ നാടകസംഘത്തിന്റെ അവതരണമുണ്ടെന്ന് അറിഞ്ഞു. അവിടെ നാടകം കാണുന്നതും സംഘത്തെ സഹായിക്കുന്നതും ഞങ്ങളുടെ കോഴ്സിന്റെ ഭാഗമായതിനാൽ ഞങ്ങൾക്കു പോയേ തീരു.

ഞാനും സുഹൃത്ത് ചമൻബഗ്ഗയും വൈകിട്ടു ബസിൽ തൽക്കത്തോറയ്ക്കു പുറപ്പെട്ടു. കുറച്ചു ദൂരം ചെന്നപ്പോൾ എന്റെ ശ്രദ്ധ മുമ്പിലിരിക്കുന്ന സർദാർജിയിൽ ചെന്നു പെട്ടു. അദ്ദേഹം അന്നത്തെ സൺഡേ സ്റ്റാൻഡേഡ് ആണു വായിക്കുന്നത്. എനിക്കുടനെ പീറ്റർ വിടലിന്റെ ദിസ് വീക്ക് ഫോർ യു എന്ന ഇംഗ്ലിഷ് വാരഫലം വായിക്കണം എന്നൊരു തോന്നൽ. അതു വായിക്കുന്നത് എന്റെ ഒരു വീക്ക്നെസ് ആണല്ലോ.

സർദാർജി വായിച്ചു തീർത്തു പത്രം മടക്കുന്നു എന്നു തോന്നിയപ്പോൾ ഞാൻ അരികിൽ ചെന്ന് പത്രം ചോദിച്ചു. അദ്ദേഹം സൗമനസ്യത്തോടെ പത്രം തന്നു. ഞാൻ ‘വിർഗോ’യുടെ ആഴ്ചഫലം മനസ്സിരുത്തി വായിച്ചു. തരക്കേടില്ല എന്നു ബോധ്യപ്പെട്ടു. ഇതു മാത്രം വായിച്ചു തിരിച്ചു കൊടുത്താൽ സർദാർജി എന്തു കരുതും എന്ന ചിന്തയിൽ താൽപര്യം ഇല്ലാതിരുന്നിട്ടും ഞാനവിടെക്കണ്ട കുറെ വാർത്തകളിലൂടെ കണ്ണോടിച്ചു.

പെട്ടെന്നതാ ഒരു വാർത്ത എന്റെ കണ്ണുകളിലുടക്കി. ഞാൻ ശ്രദ്ധയോടെ വായിച്ചു. കേന്ദ്രസർക്കാരിന്റെ പുരസ്കാരം നേടിയ ‘മുടിയനായ പുത്രൻ’ സിനിമയുടെ സംവിധായകൻ രാമു കാര്യാട്ടിനും സാങ്കേതിക വിദഗ്ധർക്കും മലയാളി അസോസിയേഷൻ സ്വീകരണം നൽകുന്ന വാർത്തയായിരുന്നു അത്. അന്നു വൈകിട്ട് ആറരയ്ക്ക് വൈ‌എംസിഎ ഹാളിലാണു സ്വീകരണം. എനിക്ക‌വരെ കാണണമെന്നൊരു തോന്നൽ. പത്രം സർദാർജിക്കു മടക്കിക്കൊടുത്ത ഞാൻ നമുക്കു വൈഎംസിഎ സ്റ്റോപ്പിൽ ഇറങ്ങണം എന്ന് ചമൻ ബഗ്ഗയോട‌ു പറഞ്ഞു . സ്റ്റോപ്പെത്തി ഞങ്ങൾ രണ്ടുപേരും അവിടെയിറങ്ങി. സ്റ്റോപിൽ ഇറങ്ങിയ ശേഷമാണു ചമനോട് ഞാൻ ആവശ്യം പറഞ്ഞത്.

നേരേ വൈഎംസിഎ ഹാളിലേക്കു നടന്നു. സമയം ആറാകുന്നതേയുള്ളു. കേരളത്തിൽ നിന്നു വന്ന കലാകാരൻമാരെ കണ്ടിട്ടു മതി തൽക്കത്തോറ ഗാർഡൻസിൽ പോകുന്നത് എന്നു ഞാനും ചമനും ഉറപ്പിച്ചു. നാടകം അവിടെത്തുടങ്ങും മുമ്പ് എത്തിയാലും മതി. സമയം ധാരാളമുണ്ട്. ഞങ്ങൾ നടന്ന് വൈഎംസിഎയിൽ എത്തി.

രാമു കാര്യാട്ടും സംഘവും വന്നു കഴിഞ്ഞിരുന്നു. അടൂർ ഭാസി അവരോടൊപ്പം നിൽക്കുന്നു. മുടിയനായ പുത്രനിൽ അടൂർ ഭാസിയും നല്ല വേഷം ചെയ്തിരുന്നു. ഞങ്ങൾ തമ്മിൽ തിരുവനന്തപുരത്തു വച്ചേ പരിചയം ഉണ്ടല്ലോ. രണ്ടു പേരു ം നാടകത്തിന്റെ ലോകത്തു നിന്നു വരുന്നവരാണല്ലോ. ഞാൻ നേരെ ചെന്നു പരിചയം പുതുക്കി. ഡൽഹിയിൽ വച്ച് തമ്മിൽ കണ്ടതിൽ ഭാസിക്കു വലിയ സന്തോഷം ഉള്ളതായി തോന്നി.

അടൂർ ഭാസി എന്നെ വിളിച്ച് രാമു കാര്യാട്ടിന്റെ അരികിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. ‘തിരുവനന്തപുരം മേയർ ആയിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ്. നാഗർകോവിലിൽ ഉണ്ടായിരുന്ന ഒന്നാംതരം കോളജ് ലക്ചറർ പദവി നിസ്സാരമായി കളഞ്ഞിട്ട് സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻ വന്നിരിക്കുകയാണ് കക്ഷി... ’ ഇങ്ങനെ പോയി അടൂർ ഭാസിയുടെ വർണനകൾ. കോളജിലെ അധ്യാപകപദവി രാജിവച്ച് നാടകം പഠിക്കാൻ എത്തിയ ആളാണ് എന്നു േകട്ടപ്പോൾ രാമു കാര്യാട്ട് എന്നെ അത്ഭുതത്തോടെ ഒന്നു നോക്കി. ആ കണ്ണുകൾ എന്നെ അടിമുടി ഒന്നുഴിഞ്ഞു. എന്നിട്ടു സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ചോദിച്ചു, ‘ നാടകത്തിൽ മാത്രമേ ഇന്ററസ്റ്റ് ഉള്ളോ ? സിനിമയിൽ ഇല്ലേ ?

‘എനിക്ക് അഭിനയത്തോടാണു താൽപര്യം. സ്കൂൾ ഓഫ് ഡ്രാമ തുടങ്ങുന്ന കാലത്ത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ, ഞാൻ അവിടെ ആയിരിക്കാം ചേർന്നിരിക്കുക...’ എന്റെ മറുപടി ഇങ്ങനെയായിരുന്നു. രാമു കാര്യാട്ട് ചിരിച്ചു കൊണ്ടു വീണ്ടും ചോദിച്ചു,‘ എന്റെ അടുത്ത പടത്തിൽ താങ്കൾക്ക് പറ്റിയ ഒരു റോൾ ഉണ്ട്. ‘സിനിമാഹീറോ’ സ്റ്റൈൽ വേഷമാണ്. അഭിനയിക്കുന്നോ?

‘സന്തോഷമേ ഉള്ളൂ, പക്ഷേ സ്കൂൾ ഓഫ് ഡ്രാമയിലെ എന്റെ കോഴ്സ് തീരാൻ മൂന്നുമാസം കൂടി വേണ്ടി വരും. അതു കഴിഞ്ഞാണെങ്കിൽ ഒത്തിരി സന്തോഷം...’ ഞാൻ പറഞ്ഞു. രാമു കാര്യാട്ടിന്റെ മുഖത്തു പ്രകടമായ ആനന്ദം കണ്ടു. അദ്ദേഹം തുടർന്നു, ‘ അതു സാരമില്ല. ഞാൻ ഇവിടത്തെ പരിപാടി കഴിഞ്ഞാൽ ഹെൽസിങ്കിയിൽ പോകും. അവിടുത്തെ യുവജനോത്സവത്തിൽ പങ്കെടുക്കാൻ. എന്തായാലും മൂന്നുമാസം കഴിയും പുതിയ സിനിമ തുടങ്ങുമ്പോൾ...’

‘ എങ്കിൽ ഞാൻ തീർച്ചയായും അഭിനയിക്കും’ സന്തോഷത്തോടെ ഞാൻ പറഞ്ഞു. അതു കേട്ടതോടെ രാമു കാര്യാട്ട് പറഞ്ഞു, കോഴ്സ് കഴിഞ്ഞു മടങ്ങുമ്പോൾ മദ്രാസിലെ ചന്ദ്രതാരയുടെ ഓഫിസിൽ പോകണം. മാധവൻനായർ ഒരു മേക്കപ്പ് ടെസ്റ്റ് എടുക്കണം.... ’

ഇൗശ്വരാ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ തളർന്നു പോയി. നിമിഷം കൊണ്ട് എന്റെ മനസ്സ് വർഷങ്ങൾ പിന്നോട്ടു പോയി. 

യൂണിവേഴ്സിറ്റി കോളജിൽ ഞാൻ പഠിക്കുന്ന കാലം.

അക്കാലത്ത് ആകാശവാണിയിൽ ആർട്ടിസ്റ്റാകാൻ ഞാൻ അപേക്ഷ നൽകി. തുടർന്ന് ഓഡിഷന് പോകാൻ അറിയിപ്പു കിട്ടി. ജഗതി എൻ.കെ.ആചാരി, ടി.എൻ.ഗോപിനാഥൻനായർ, വീരരാഘവൻനായർ തുടങ്ങി റേഡിയോ നിലയത്തിലെ അക്കാലത്തെ പ്രമുഖരാണു ടെസ്റ്റ് വിലയിരുത്തിയത്..

അവർ ആവശ്യപ്പെട്ട രീതിയിലെല്ലാം എന്റേതായ ശൈലിയിൽ അഭിനയിച്ചു. മോശമായില്ല എന്ന വിശ്വാസത്തിലാണു ഞാൻ മടങ്ങിയത്.

എന്നാൽ ഏതാനും ദിവസം കഴിഞ്ഞ് ഞാൻ ഓഡിഷൻ ടെസ്റ്റിൽ പരാജയപ്പെട്ട വിവരം അറിയിച്ചു കൊണ്ടുള്ള കത്തു വന്നു. എന്നെ പരീക്ഷിക്കാൻ എത്തിയ സകല അതിമിടുക്കൻമാരെയും ഞാൻ ഉള്ളിൽ ശപിച്ചിട്ടുണ്ടാകും.

ഇതാ സിനിമയിലേക്കു ക്ഷണിച്ച രാമു കാര്യാട്ടും പറയുന്നു ‘മേക്കപ്പ് ടെസ്റ്റിനു’ വിധേയനാകണമെന്ന്.എന്തിന് ? എല്ലാം കഴിഞ്ഞിട്ട് ഇൗ മുഖം സിനിമയ്ക്കു പറ്റിയതല്ല എന്നു പറഞ്ഞ് എന്നെ തള്ളിക്കളയാനോ ? വയ്യ. അത്തരം പരിഹാസങ്ങൾ ഇനിയും കേൾക്കാൻ വയ്യ.

മനസ്സിൽ ഇത്തരം ആയിരമായിരം അശുഭചിന്തകൾ കടന്നുകൂടിയപ്പോൾ മുഖത്ത് അതിന്റെ അസ്വസ്ഥതകൾ ഉണ്ടായിക്കാണണം. സൂക്ഷ്മദൃക്കായ രാമു കാര്യാട്ടിന് കാര്യം വേഗം മനസ്സിലായി. അദ്ദേഹം എന്റെ തോളിൽതട്ടി പറഞ്ഞു, ‘ മേയ്ക്കപ്പ് ടെസ്റ്റ് ഒരു ഫോർമാലിറ്റിയായി കണ്ടാൽ മതി. അവിടെ ടെസ്റ്റിനു ചെല്ലുമ്പോൾ കുറെപ്പേരെ പരിചയപ്പെടാം. സിനിമാ ഷൂട്ടിങ് ഒന്നു നേരിട്ട് വിലയിരുത്താൻ സാധിക്കും. അത്രയൊക്കയെ ഞാനുദ്ദേശിച്ചുള്ളു. നിങ്ങളെ സിലക്ട് ചെയ്തിരിക്കുന്നു, നിങ്ങൾ ആ കഥാപാത്രത്തിന് ചേരുന്നയാളാണ്...

നീലക്കുയിലും മുടിയനായ പുത്രനും മലയാളിക്കു സമ്മാനിച്ച പ്രഗത്ഭനായ സംവിധായകന്റെ വാക്കുകൾ. ഒരു അഭിനയവിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഇതിൽ പരം ആനന്ദകരമായ മറ്റെന്തു വാക്കുകളാണ് കേൾക്കുവാനുള്ളത്.

സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഇതാ കൈവന്നിരിക്കുന്നു. അങ്ങോട്ട് അപേക്ഷിച്ചിട്ടല്ല. ഇങ്ങോട്ടു ക്ഷണിക്കുകയായിരുന്നു. പ്രവേശന ഫീസ് ഇല്ലാതെ ഞാനിതാ സിനിമാ ലോകത്തേക്കു പദമൂന്നാൻ തുടങ്ങുന്നു. സകലദൈവങ്ങളെയും ഞാൻ അറിയാതെ ധ്യാനിച്ചുവോ?...

English Summary : Madhu mudrakal by actor Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com