ADVERTISEMENT

2019 ലെ മഴക്കാലം കഴിഞ്ഞു തെളിഞ്ഞ ദിവസം, സെൽവത്തിന്റെ ഇളയമകൾ വലിയ സന്തോഷത്തിലാണ്, അവൾ ഓമനിച്ചു വളർത്തിയ ആടുകളിൽ ഒന്നിനു കുഞ്ഞുണ്ടാകാൻ പോകുന്നു. രാവിലെ മുതൽ ആടിനെ‍ാപ്പം അവൾ കാത്തിരുന്നു... ഇടയ്ക്കെപ്പോഴോ അവൾ ആടിന്റെ അരികിൽ നിന്ന് അൽപസമയം മാറിനിന്നപ്പോഴാണു പ്രസവം. ഓടിയെത്തിയപ്പോൾ അവൾ കണ്ടു: ഉറുമ്പുമൂടി, ചത്തുകിടക്കുന്ന ആട്ടിൻകുഞ്ഞ്. ഒരു ഗ്രാമത്തെ മുഴുവൻ അക്ഷരാർഥത്തിൽ ഇല്ലാതാക്കിയ കുഞ്ഞുറുമ്പു സൈന്യത്തിന്റെ പടയോട്ടമായിരുന്നു പിന്നീട്. മനുഷ്യജീവിതം ദുരിതമാക്കാൻ കാട്ടാന തന്നെ ഇറങ്ങണമെന്നില്ല. നിസ്സാരനായ ഉറുമ്പായാലും മതി.

തമിഴ്നാട് ഡിണ്ടിഗലിലെ വേലായുധംപട്ടി ഗ്രാമത്തിൽ നിന്ന് ക്രാന്തമലയിലേക്കു ചെറിയെ‍ാരു മൺപാതയാണ്, ആ വഴിക്കിരുവശവും മാവും പുളിയും തെങ്ങുമെല്ലാം വളരുന്ന തോട്ടങ്ങൾ കാണാം അതിലെല്ലാം ചെറിയ കുടിലുകളും. വേലായുധംപട്ടിയിലെ തന്റെ ചെറിയ കുടിലിന്റെ മുൻപിൽ കാൽ നീട്ടിയിരുന്നു പുളി ഉരുട്ടുകയാണു പെ‍ാന്നുതായി. കാലിന്റെ അടിയിൽ നിറയെ ഉറുമ്പുകളുണ്ടാക്കിയ വ്രണങ്ങളുടെ പാട് വരണ്ട മണ്ണുപോലെ വിണ്ടുകീറിക്കിടക്കുന്നു.

എതാനും വർഷം മുൻപു പച്ചക്കറികളും വാഴയും വിളഞ്ഞുനിന്ന പറമ്പിൽ നിലക്കടലച്ചെടിയുടെ എതാനും ഉണങ്ങിയ തലകൾ മാത്രമാണിപ്പോൾ ബാക്കി. ആടുകൾ അരിച്ചുകയറുന്ന പുളിയുറുമ്പുകളെ പേടിച്ച് ആകെ അസ്വസ്ഥരായി കൂട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇതു പെ‍ാന്നുതായിയുടെ മാത്രം ദുരവസ്ഥയല്ല, വേലായുധംപട്ടിയിലെ അൻപതോളം വീട്ടുകാരുടെ ജീവിതം ഇങ്ങനെയാണ്. മനുഷ്യരെ മാത്രമല്ല, പ്രകൃതിയെയും ഉറുമ്പു കാർന്നു തിന്നുന്നു. ചെടികളും ഇലകളിൽ പരാഗണം നടത്തുന്ന ചെറുപ്രാണികളും ഇൗ ഉറുമ്പുകളുടെ ആക്രമണത്തിൽ ഇല്ലാതാകുന്നതോടെ ആ പ്രദേശത്തെ സ്വാഭാവിക പരാഗണം തന്നെ ഇല്ലാതാകും.

ഉറുമ്പുകളുടെ ആക്രമണത്തിൽ പൊന്നുതായിയുടെ കാലിനടിയിൽ രൂപപ്പെട്ട വ്രണങ്ങൾ.

ഷൂസിൽ ഉറുമ്പുപൊടി നിറച്ച്

ഡിണ്ടിഗൽ നഗരത്തിൽ നിന്നു 30 കിലോമീറ്റർ അകലെയുള്ള വേലായുധംപട്ടി മേഖലയിലെ മയിലും കുരങ്ങും പാമ്പും മുയലുകളും കാട്ടുപന്നികളും ഒക്കെ നിറഞ്ഞ ചെറിയെ‍ാരു വനമായിരുന്നു ക്രാന്തമല. എന്നാൽ ഇപ്പോൾ ആ മലയിൽ മറ്റു ജീവികൾ ഒന്നുമില്ല, ഉറുമ്പുകൾ മാത്രമാണുള്ളത്. മരത്തിന്റെ ശിഖരങ്ങളിൽ മുട്ടയിടുന്ന പക്ഷികൾക്കും രക്ഷയില്ല. മുട്ടയും കുഞ്ഞുങ്ങളും എല്ലാം ഉറുമ്പിനു ഭക്ഷണമാകും. ഒരു ചെറിയ വനത്തിലെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കാൻ ഇൗ ഉറുമ്പുകൾക്കു കഴിഞ്ഞു.

ഇൗ ഗ്രാമങ്ങളിൽ ഉറുമ്പു ശല്യം രൂക്ഷമായിട്ട് എതാനും വർഷങ്ങൾ മാത്രം. കഴിഞ്ഞ മഴക്കാലത്ത് ഉറുമ്പു ശല്യം രൂക്ഷമായപ്പോൾ ചില സർക്കാർ ഉദ്യോഗസ്ഥർ വന്നു കണ്ടു പോയതല്ലാതെ ഒരു പരിഹാരവുമായില്ല. പഠനം നടത്താൻ പല ഗവേഷകരും എത്തി, എന്നാൽ ആർക്കും പെട്ടെന്നുണ്ടായ ഇൗ പ്രതിഭാസത്തിന്റെ കാരണം പറയാനോ പരിഹാരം നിർദേശിക്കാനോ കഴിഞ്ഞില്ല. മഴക്കാലത്തു മലയുടെ അടിവാരത്തിൽ കൃഷിചെയ്യാൻ പറ്റാതെ, കന്നുകാലികളെ മേയാൻ വിടാൻ പറ്റാതെ നാട്ടുകാർ നട്ടംതിരിഞ്ഞു. മുട്ടോളമെത്തുന്ന റബർ ഷൂസിനുള്ളിൽ ഉറുമ്പുപെ‍ാടി നിറച്ചാണിവർ  കൃഷിപ്പണി ചെയ്തത്.

ലിറ്റിൽ ക്രേസി ആന്റ്സ്

എഷ്യയിലും ഓസ്ട്രേലിയയിലും ഉഷ്ണമേഖലയിലും സമശീതോഷ്ണമേഖലയിലും ആണ് ഇൗ ഉറുമ്പുകൾ കൂടുതലായി കാണപ്പെടുന്നത്. ഇവയുടെ ഇംഗ്ലിഷിലെ പേര് തന്നെ ലിറ്റിൽ ക്രേസി ആന്റ്സ് എന്നാണ്. ഇവയുടെ നിൽക്കാത്ത ഓട്ടവും അധിനിവേശസ്വഭാവവുമാണ് ഇതിനു കാരണം. 4 മില്ലിമീറ്റർ മാത്രമാണ് ഇൗ ‘ഭീകര ജീവി’കളുടെ നീളം. സ്വർണനിറമുള്ള ഇൗ ഉറുമ്പുകൾ വെയിൽ കനക്കുമ്പോൾ മാത്രമാണ് ഒന്നടങ്ങുന്നത്. ആ സമയത്തു മണ്ണിനടിയിലെ തണുപ്പുള്ള ഭാഗത്ത് ഇവ മറഞ്ഞിരിക്കും. വെയിലിന്റെ ചൂട് മാറുന്ന വൈകുന്നേരങ്ങളിൽ മണ്ണിനടിയിലെ മാളങ്ങളിൽ നിന്നു പുറത്തേക്കു പായും. വളരെ വേഗം ഇൗ ഉറുമ്പുകൾ പെറ്റുപെരുകുകയും സൂപ്പർ കോളനികൾ ഉണ്ടാക്കുകയും ചെയ്യുന്നു. നിലവിൽ ക്രാന്തമലയ്ക്കു സമീപമുള്ള വേലയുധംപട്ടിയിലും സമീപത്തും എതാനും കിലോമീറ്റർ ചുറ്റളവിലാണ് ഇൗ പ്രശ്നം. എന്നാൽ അനുദിനം പെറ്റുപെരുകുന്ന ഉറുമ്പുകൾ സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

ant-attack-1

കൊലയാളി സേന, ആയുധം ആസിഡ്

പച്ചക്കറിക്കൃഷി വ്യാപകമായി ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. ഉറുമ്പ്് ആക്രമണം രൂക്ഷമായതോടെ കൃഷി അസാധ്യമായി. തളിരും ഇലകളും എല്ലാം ഉറുമ്പുകൾ തിന്നും. ചെടികളിലെ നീര് ഉൗറ്റിക്കുടിക്കുന്നതോടെ ഇൗ ചെടികൾ ശോഷിച്ച് ഉണങ്ങിപോകുകയാണ്. പച്ചക്കറി മാത്രമല്ല മാവും, വാഴയും, പ്ലാവും എല്ലാം ഇവയുടെ ആക്രമണത്തിന് ഇരയാവുന്നു. ഇവ കൺമുന്നിൽ പെടുന്ന എന്തും കഴിക്കും. നാട്ടുകാർ നിലവിൽ മാങ്ങയും തേങ്ങയും പുളിയും മാത്രമാണു കൃഷി ചെയ്യുന്നത്. അമിതമായി കീടനാശിനി ഉപയോഗിച്ചാണു മാവിൽ നിന്ന് ഉറുമ്പിനെ അകറ്റുന്നത്. ഉപജീവനമാർഗമായ കൃഷിയിൽ പോലും ഉറുമ്പിന്റെ ആക്രമണം രൂക്ഷമായതോടെ ഇൗ നാടു വിട്ടു പോകാൻ ഒരുങ്ങുകയാണു പലരും.

കന്നുകാലികളുടെ കണ്ണിലും കുളമ്പിലുമാണ് പ്രധാനമായും ഉറുമ്പുകൾ ആക്രമിക്കുന്നത്. കുളമ്പിൽ കടിക്കുന്നതോടെ നടക്കാൻ കഴിയാതെ നിലത്തു വീഴുന്ന കന്നുകാലികളുടെ കണ്ണിൽ ഉറുമ്പുകൾ നിറയും. പിറന്നു വീഴുന്ന മൃഗങ്ങളെപ്പോലും ഉറുമ്പുകൾ പെ‍ാതിയുന്നതോടെ ഗ്രാമവാസികളുടെ കന്നുകാലി വളർത്തലും ദുഷ്കരമാവുന്നു.

വെയിലിന്റെ ശക്തി കുറയുമ്പോൾ വീടുകളുടെ ഉള്ളിലേക്കും എത്തും. മനുഷ്യന്റെ ദേഹത്ത് ഇൗ ഉറുമ്പ് കയറിയാലും കടിക്കാറില്ല, എന്നാൽ‍ അതു ശരീരത്തിലൂടെ സഞ്ചരിക്കുമ്പോൾ പുറത്തുവിടുന്ന ഫോർമിക് ആസിഡ് ദേഹത്ത് അലർജി ഉണ്ടാക്കുന്നു. ഒട്ടേറെ ആളുകൾ ഇൗ ആസിഡ് ആക്രമണം കാരണം കാലിൽ വ്രണങ്ങൾ രൂപപ്പെട്ട് ആശുപത്രിയിൽ ചികിൽസ തേടേണ്ടിവന്നിട്ടുണ്ട്. രാത്രിയിൽ കട്ടിലിനു ചുറ്റും ഉറുമ്പുപെ‍ാടി വിതറിയാണ് ഇവർ ഉറങ്ങാൻ കിടക്കുന്നത്. ഭക്ഷണപ്പാത്രങ്ങളിലും മറ്റ് പലവ്യഞ്ജന പ്പാത്രങ്ങളിലും എല്ലാം ഞൊടിയിടയിൽ ഉറുമ്പു വന്നു പെ‍ാതിയും. ഭക്ഷണപ്പാത്രങ്ങൾ തുണിയിൽ മൂടിക്കെട്ടിവച്ചാണ് ഇവർ ഇൗ ആക്രമണത്തെ നേരിടുന്നത്.

വൈകുന്നേരം കൃഷിത്തോട്ടം നനച്ചപ്പോൾ മുട്ടകളുമായി മരത്തിലേക്കു കയറുന്ന ഉറുമ്പുകൾ.

‘സൈനിക’ അട്ടിമറി

കർഷകനായ കറുപ്പയ്യ തന്റെ മാവിൻ തോട്ടത്തിൽ അഞ്ചു തവണയാണ് കീടനാശിനി അടിച്ചത്. ഇലകളിലെ ആക്രമണത്തിനു താൽക്കാലിക ശമനം. എന്നിട്ടും തോട്ടത്തിലെ മണ്ണിനടിയിൽ ഉറുമ്പുകൾ പെറ്റുപെരുകുന്നു. മുൻപു തോട്ടത്തിൽ സഹായത്തിനായി കെ‍ാച്ചുമക്കളെയും കറുപ്പയ്യ കെ‍ാണ്ടുപോയിരുന്നു. എന്നാൽ ഇപ്പോൾ ഇൗ ഉറുമ്പുകളെപ്പേടിച്ച് കുട്ടികളെ കെ‍ാണ്ടുവരുന്നില്ല.

പുളിക്കൃഷി കെ‍ാണ്ട് ഉപജീവനം നടത്തുന്ന സെൽവത്തിന്റെ വീട്ടിൽ പ്രസവം കഴിഞ്ഞ മകളുണ്ട്. കുഞ്ഞിനെ ഉറുമ്പു പൊതിയുമോ എന്നാണു പേടി. ഇവർ ജോലി ചെയ്യുമ്പോൾ പുളിമരത്തിൽ തെ‍ാട്ടിൽ കെട്ടി ആ കയറിനു ചുറ്റും ഉറുമ്പുപെ‍ാടി വിതറി കാവലൊരുക്കുന്നു.

തദ്ദേശീയമായ ആവാസവ്യവസ്ഥയെത്തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഇൗ ഉറുമ്പുകൾ മുൻപ് ഓസ്ട്രേലിയയിൽ ക്രിസ്മസ് ദ്വീപിലെ ആവാസവ്യവസ്ഥ തന്നെ തകിടം മറിച്ചു, ആ ദ്വീപിൽ ഉണ്ടായിരുന്ന ലക്ഷക്കണക്കിനു ചുവപ്പു ഞണ്ടുകൾ ഇൗ ഉറുമ്പുകളുടെ അധിനിവേശത്തിൽ ഇല്ലാതായി. അത്തരമൊരു ‘സൈനിക അട്ടിമറി’ മുന്നിൽ കാണുകയാണു ക്രാന്തമലയും വേലായുധംപട്ടിയും.‌‌

English Summary: Sunday special about journey through village, completely overrun by ants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com