ADVERTISEMENT

വാഷിങ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് 1949ൽ ഹൈദരാബാദ് സർക്കാർ ഒരു സന്ദേശം നൽകി. ‘ഇവിടെനിന്നു സ്കോളർഷിപ് നേടി അവിടെ പഠിക്കുന്ന ഒരു വിദ്യാർഥിയെ ഉപദേശിക്കണം. സ്കോളർഷിപ് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് കർശനമായി ഉറപ്പാക്കണം. അയാൾ അവിടെയെന്തോ വാൽനക്ഷത്രമൊക്കെ തപ്പി നടക്കുകയാണത്രേ.’ സന്ദേശം ലഭിച്ചയുടനെ വിദ്യാർഥിക്ക് എംബസി ശാസനക്കത്തു നൽകി. ഒപ്പം ‘ സർക്കാർ പറയുന്നതു പോലെ പ്രവർത്തിക്കൂ’ എന്ന ഉപദേശവും.

ആ വിദ്യാർഥിയുടെ പേര് വൈനു ബാപ്പു. 60,000 വർഷങ്ങൾക്കുള്ളിൽ മാത്രം ഭൂമിക്ക് അരികിലെത്തുന്ന വാൽനക്ഷത്രത്തെയാണ് അദ്ദേഹം കണ്ടെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ. കുഴഞ്ഞു മറിഞ്ഞുകിടന്നിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ നേട്ടം ഹൈദരാബാദ് സർക്കാരല്ലാതെ മറ്റാരും ശ്രദ്ധിച്ചില്ല.

രാജ്യാന്തര അസ്ട്രണോമിക്കൽ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഏഷ്യക്കാരൻ, അസ്ട്രണോമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റ്, അമേരിക്കൻ അസ്ട്രണോമിക്കൽ സൊസൈറ്റി അംഗം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് സ്ഥാപക ഡയറക്ടർ, ഏഷ്യയിലെ ഏറ്റവും വലിയ (2023 മാർച്ച് വരെ) ടെലിസ്കോപ്പിന്റെ ശിൽപി, സ്വന്തം പേരിൽ ആകാശഗോളമുള്ള ആദ്യ മലയാളി. ജീവിച്ചിരുന്നത് 55 വയസ്സുവരെ മാത്രം.

ഇന്ത്യയുടെ ന്യൂക്ലിയർ കുതിപ്പ് ഹോമി ജെ.ഭാഭയും ബഹിരാകാശം വിക്രം സാരാഭായിയും സ്വപ്നം കണ്ടപ്പോൾ അതിനുമകലെയുള്ള ആകാശപ്പൊട്ടുകളിലേക്കു വൈനു നോക്കിയിരുന്നു. ആധുനിക ജ്യോതിശാസ്ത്രത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കു മുന്നിൽ എത്തണമെന്നാഗ്രഹിച്ചു. അമേരിക്കയിലെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് മാതൃനാട്ടിലേക്ക് തിരികെയെത്തി. മലനിരകളിലും കാടുകൾക്കു നടുവിലും നിരീക്ഷണ ഗോപുരങ്ങളും ടെലിസ്കോപ്പുകളും നിർമിച്ചു. അങ്ങനെ ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവായി.

വേണു വൈനുവാകുന്നു

കണ്ണൂർ തലശേരിയിൽ മനാലി കുക്കുഴിയുടെയും സുനന്ദ ബാപ്പുവിന്റെയും ഏക മകനായാണ് 1927 ഓഗസ്റ്റ് 10നു വൈനു ബാപ്പുവിന്റെ ജനനം. ഹൈദരാബാദ് നിസാമിയ ഒബ്സർവേറ്ററിയിൽ അസിസ്റ്റന്റ് ആയിരുന്നു പിതാവ്. മുത്തശ്ശി ഇട്ട പേര് വേണു. സംഖ്യാശാസ്ത്ര തൽപരനായ പിതാവ് പേര് വൈനു എന്നാക്കി. ചെറിയ പ്രായത്തിലേ ഹൈദരാബാദിലേക്കു പോയ വൈനു വർഷങ്ങൾക്കു ശേഷം തിരികെയെത്തിയത് ഒരാളെ കൂടെകൂട്ടാനാണ്. മാഹി സ്വദേശിനി യമുന അങ്ങനെ വൈനുവിന്റെ ജീവിത സഖിയായി.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ നിസാം കോളജിൽ ജ്യോതിശാസ്ത്രം പഠിക്കാൻ ചേർന്ന വൈനു 1946ൽ, തന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. എറിഡാനസ് നക്ഷത്ര സമൂഹത്തെപ്പറ്റിയുള്ള പഠനമായിരുന്നു അത്. ശാസ്ത്രീയ വിശകലനങ്ങളും നിരീക്ഷണങ്ങളും പഠനരീതിയും കണ്ട് പല ഡിപ്പാർട്മെന്റുകളും ഗവേഷകരും ഞെട്ടി. ഒരു 19 വയസ്സുകാരനിൽ നിന്ന് ഇത്രയൊന്നും അവരും പ്രതീക്ഷിച്ചിരുന്നില്ല.

പാളിപ്പോയ പ്രസംഗം

സി.വി.രാമൻ എന്ന വിഖ്യാത ശാത്രജ്ഞൻ ആയിടയ്ക്കാണു കോളജിൽ സന്ദർശനത്തിനെത്തുന്നത്. ഡിപ്പാർട്മെന്റിന്റെ താരമായ വൈനുവിന് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് പ്രസംഗിക്കാനുള്ള അവസരം ലഭിച്ചു. എത്രയോ വട്ടം താൻ തന്നെ കീറിയെറിഞ്ഞ പേപ്പറുകൾക്കു നടുവിലിരുന്ന് ഒരു പ്രസംഗം വൈനു തയാറാക്കി. പിറ്റേന്ന് സി.വി.രാമനെ ക്ഷണിക്കാൻ വേദിയിലെത്തിയ വൈനുവിന് എത്ര ശ്രമിച്ചിട്ടും വാക്കുകൾ കിട്ടിയില്ല. കുറെ ശ്രമിച്ചിട്ടും ഫലമില്ലാതായതോടെ നിരാശയിൽ ഇത്രമാത്രം പറഞ്ഞ് വേദിയിൽ നിന്ന് ആ യുവാവ് ഇറങ്ങിപ്പോന്നു. ‘i present to you sir c.v.raman’.

അമേരിക്കയിലേക്ക്

നിസാമിലെ പഠനത്തിന്റെ അവസാന നാളുകൾ ആയപ്പോഴേക്കും വൈനു ആശങ്കയിലായി. ബഹിരാകാശ ഗോളങ്ങളെപ്പറ്റി തുടർന്നു പഠിക്കണം, ഇന്ത്യയിൽ അതിനുള്ള സൗകര്യങ്ങളൊന്നുമില്ല.

അമേരിക്കയിലെ ഹാർവഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർമാരായ ഹാർലോ ഷാപ്‌ലിയും ഹാരൾഡ് സ്പെൻസറും ഹൈദരാബാദ് സന്ദർശിക്കുന്ന വാർത്ത പത്രത്തിൽ നിന്ന് അദ്ദേഹം അറിഞ്ഞിരുന്നു. സൂര്യനും ഭൂമിയും ഉൾപ്പെടുന്ന ക്ഷീരപഥമെന്ന ഗ്യാലക്സിയുടെ വലുപ്പം അളന്നയാളാണ് ഷാപ്‌ലി. എന്നാൽ അദ്ദേഹത്തെ കാണാൻ ചെന്ന ബാപ്പുവിനെ സെക്രട്ടറി തടഞ്ഞു. ബഹളം കേട്ടു പുറത്തേക്കു വന്ന ഷാപ്‌ലി ബാപ്പുവിനോടു കയറിവരാൻ നിർദേശിച്ചു. കൂടിക്കാഴ്ച ഒന്നരമണിക്കൂർ നീണ്ടു. ബാപ്പുവിനെ വല്ലാതെ ഇഷ്ടപ്പെട്ട അദ്ദേഹം ഹാർവഡിൽ ഗവേഷണത്തിനുള്ള സൗകര്യമൊരുക്കാമെന്നേറ്റു. പണം തനിയേ കണ്ടെത്തണം. ഗവൺമെന്റ് സ്കോളർഷിപ് സംഘടിപ്പിച്ച ബാപ്പു അമേരിക്കയിലേക്കു പറന്നു.

ഹാർലൻ സ്മിത്ത്

വൈനുവിന്റെ ഉറ്റസുഹൃത്തായിരുന്നു പിന്നീട് ഹാർവർഡിൽ പ്രഫസർ കൂടെയായ ഹാർലൻ സ്മിത്ത്. 33 വർഷത്തെ കൂട്ട്. എല്ലാ ക്ലാസുകളിലും വൈനു പോയി ഇരിക്കും. അതുകൊണ്ടുതന്നെ ഹാർലൻ അടക്കമുള്ള സഹപാഠികളും അതിനൊക്കെ പോകണം. എന്നാൽ വൈനു ഒരു ‘പഠിപ്പി’ ആയിരുന്നില്ല താനും. ‘അന്ന് ആ പ്രദേശത്ത് ആകെ ഉണ്ടായിരുന്ന ക്രിക്കറ്റ് ടീം യൂണിവേഴ്സിറ്റിയുടേത് ആയിരുന്നു. അതിന്റെ അമരത്താകട്ടെ വൈനുവും. ഗൂഗ്ലി ബോളുകൾ അദ്ദേഹത്തിന്റെ സ്പെഷൽ ആയിരുന്നു’, സ്മിത്ത് ഓർക്കുന്നു.

ബാപ്പുവിന്റെ വാൽനക്ഷത്രം

ഹാർവഡിലെ പരിശീലനത്തിന്റെ ഭാഗമായി ഫൊട്ടോഗ്രഫിക് പ്ലേറ്റുകളിൽ ആകാശച്ചിത്രങ്ങൾ പതിവായി എടുപ്പിക്കാറുണ്ടായിരുന്നു. ചിത്രങ്ങൾ ഡവലപ് ചെയ്യാനും നിരീക്ഷണങ്ങൾക്കുമായി അയയ്ക്കും.

1949 ജൂലൈ 2ലെ ആ സംഭവത്തെ യൂണിവേഴ്സിറ്റി പത്രമായ ഹാർവഡ് ക്രിംസൺ വിവരിക്കുന്നത് ഇങ്ങനെയാണ്; തന്റെ പതിവ് നിരീക്ഷണത്തിനിടെ ഫൊട്ടോഗ്രഫിക് പ്ലേറ്റുകൾ വൈനു ഉയർത്തിക്കാട്ടി, അതിൽ അതാ ഒരു ചെറുപൊട്ട്. അദ്ദേഹത്തിന്റെ പ്രഫസറായിരുന്ന ബാർട്ട് ബോക്ക് ആ പ്ലേറ്റുകൾ ഇവിടെത്തന്നെ നിരീക്ഷിക്കാൻ നിർദേശിച്ചു. അതുപരിശോധിച്ച് ബാപ്പു പ്രഖ്യാപിച്ചു ‘ഞാൻ ധൂമകേതുക്കളെ തിരയാൻ പോകുന്നു.’

ദിവസങ്ങൾ നീണ്ട നിരീക്ഷണ പ്രക്രിയയിൽ പ്രഫസർ ബോക്കും ഗോൾഡൻ ന്യൂക്രിക് എന്ന ഗവേഷകനും സഹായികളായി. നേരിയ വെളിച്ചത്തെയും ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിലെ വെള്ളക്കുത്തുകളെയും പിന്തുടർന്ന് അവർ അതിന്റെ ചലനവഴികൾ കണ്ടെത്തി. അതൊരു അപൂർ‌വ വാൽ നക്ഷത്രമായിരുന്നു.

C/1949N1 എന്ന ആ നക്ഷത്രത്തിനു ബാപ്പു– ബോക്ക്ന്യൂക്രിക് എന്നു പിന്നീടു പേരിട്ടു. ബാപ്പു അതിനെ കണ്ടെത്തി എന്നതല്ല, പരിചയ സമ്പന്നരായ പ്രഫഷനലുകൾക്കൊപ്പം നിന്ന് അവർക്ക് മുന്നേ അവിടെയെത്തി എന്നതാണു പ്രധാനമെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ഡോ.എംഎസ്എസ് മൂർത്തി പറയുന്നു.

60,000 വർഷങ്ങൾക്ക് ശേഷം മാത്രമേ ബാപ്പുവിന്റെ പേരിലുള്ള വാൽ നക്ഷത്രം ഭൂമിക്കരികിലെത്തൂ. വാൽനക്ഷത്രങ്ങൾ സൗരയൂഥ ഭൂതകാലത്തിന്റെ ഭാഗങ്ങളായതിനാൽ സ്ഥാനം, നിറം, സഞ്ചാരപഥം എന്നിവ സൗരയൂഥത്തിന്റെ തന്നെ ചരിത്രപഠനത്തിലേക്കുള്ള വിഭവങ്ങൾ നൽകുമെന്നതിലാണ് ശാസ്ത്രജ്ഞർ അവയ്ക്കു പിറകേ പോകുന്നത്.

vainu-bappu-with-indira-gandhi
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം വൈനു ബാപ്പു

ഇന്ത്യയിലേക്ക്

ഡോൺഹോ കോമറ്റ് മെഡലൊക്കെ നേടി താരപ്രഭയിലേക്ക് വൈനു ഉയർന്നു. (അപൂർവ വാൽനക്ഷത്രങ്ങൾ കണ്ടെത്തുന്നവർക്ക് നൽകി വന്നിരുന്ന മെഡൽ, 1890 മുതലാണിത് നൽകി തുടങ്ങിയത്. 1950ൽ മെഡൽ വിതരണം അവസാനിക്കുന്നിടം വരെ ആകെ 250 പേർ മാത്രമാണ് മെഡലിനർഹരായത്.)

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വൈനു ആ തീരുമാനമെടുത്തു. താൻ ഇന്ത്യയിലേക്കു പോകുന്നു. സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ച രാജ്യം, ജ്യോതിശാസ്ത്രത്തിന് ഒരു രൂപഘടന പോലുമില്ലാത്ത രാജ്യം, ടെലിസ്കോപ്പുകൾ ഇല്ല, മികച്ച ഒബ്സർവേറ്ററികൾ ഇല്ല. ജോലിയില്ലാത്ത, വരുമാനം ഇല്ലാത്ത അവസ്ഥ. മറ്റൊരർഥത്തിൽ പറഞ്ഞാൽ ജ്യോതിശാസ്ത്രത്തിന്റെ മധ്യത്തിൽ നിന്നു പുറത്തേക്കുള്ള പോക്ക് (കേംബ്രിജ് വിദ്യാർഥികൾക്ക് ഹാർലൻ സ്മിത്ത് അയച്ച കത്തിൽ നിന്ന്)

വിദേശത്ത് നിന്നുള്ള വൻ ഓഫറുകൾ തട്ടിക്കളഞ്ഞ് ഇന്ത്യയിലെത്തിയ ബാപ്പു ശരിക്കും പെട്ടു. ആദ്യകാലത്ത് ഒരു ജോലിപോലും ലഭിച്ചില്ല. ഒടുവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി സമ്പൂർണാനന്ദ് വാരാണസിയിലുള്ള വാനനിരീക്ഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞരുടെ സംഘത്തലവനായി ജോലി നൽകി. അധികം വൈകാതെ ബനാറസിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. നഗരത്തെക്കാൾ നല്ലത് നൈനിറ്റാൾ മലനിരകളാണെന്ന് (ഇപ്പോൾ ഉത്തരാഖണ്ഡ്) മനസ്സിലാക്കിയ വൈനു അതു ഡിസൈൻ ചെയ്തു പൂർത്തിയാക്കി.

32–ാം വയസിൽ ഒബ്സർവേറ്ററി ഡയറക്ടർ

കൊടൈക്കനാൽ ഒബ്സർവേറ്ററിയുടെ ഡയറക്ടർ വിരമിച്ച ഒഴിവിലേക്ക് ഇന്ത്യൻ ഒബ്സർവേറ്ററി അധ്യക്ഷൻ കൃഷ്ണറാവു വൈനുവിന്റെ പേര് നിർദേശിച്ചു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. ഒടുവിൽ വിക്രം സാരാഭായിയുടെ നിർബന്ധത്തിനു വഴങ്ങി ആ സ്ഥാനം ഏറ്റെടുത്തു. 32–ാം വയസിൽ ഒബ്സർവേറ്ററി ഡയറക്ടർ.

സൂര്യപഠനങ്ങൾക്ക് കൊടൈക്കനാൽ തന്നെയാണ് മികച്ചത്. എന്നാൽ നക്ഷത്ര പഠനത്തിന് ഈ സൗകര്യങ്ങളും സ്ഥലവും പോരാ എന്നു മനസിലാക്കിയ വൈനു കാടുകളാൽ ചുറ്റപ്പെട്ട്, പ്രകാശം വളരെ കുറഞ്ഞ സ്ഥലം അന്വേഷിച്ചു യാത്ര ചെയ്തു. അങ്ങനെ തമിഴ്നാട്ടിലെ തന്നെ കലവൂരിലെത്തി. കാടിനു നടുവിൽ 40 ഏക്കർ സ്ഥലം കണ്ടെത്തി. ഒപ്റ്റിക്കൽ ഉപകരണങ്ങളോ എൻജിനീയറിങ് കംപ്യൂട്ടറുകളോ ഇല്ലാത്ത ഇന്ത്യയിലാണ് 38 സെന്റി മീറ്റർ ടെലസ്കോപ്പ് അന്നദ്ദേഹം സ്ഥാപിക്കുന്നത്. പിന്നീടിവിടെ ജർമൻ കാൾലെൻസ് സ്ഥാപിച്ചു (102 സെ.മീ).

ചിത്രരചനയും സംഗീതവും വായനയും ഇഷ്ടപ്പെട്ടിരുന്ന വൈനു തന്റെ പ്ലാൻ വരകളിലെല്ലാം ആ നിറങ്ങളും താളവും കൊണ്ടുവന്നു. കലവൂരിലെ കാടുകൾക്ക് നടുവിലൂടെയുള്ള വളഞ്ഞുപുളഞ്ഞുള്ള വഴികളും കെട്ടിടങ്ങളുടെ രൂപഭംഗിയും അങ്ങനെ ജനനമെടുത്തതാണ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന് കീഴിലായിരുന്നു ഒബ്സർവേറ്ററികളുടെ പ്രവർത്തനം. ഇതു പലപ്പോഴും സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിച്ചു. വൈനുവിന്റെ തുടർച്ചയായ ശ്രമഫലമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ബംഗളൂരുവിൽ ആരംഭിച്ചു. ആധുനിക സൗകര്യങ്ങൾ അവിടെയൊരുക്കാൻ ആദ്യ ഡയറക്ടർ കൂടെയായ വൈനു ഓടി നടന്നു. ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത് ഡിപാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലാണ്.

വൈനു ഏഷ്യൻ കരുത്തൻ

കരുത്തേറിയ ഒരു ടെലിസ്കോപ് ഇന്ത്യയ്ക്കു വേണം. മറ്റുരാജ്യങ്ങളെക്കാൾ മുന്നേ കോടിക്കണക്കിനു പ്രകാശവർഷങ്ങൾക്കകലേയുള്ള വെളിച്ചം പിടികൂടണം. അതിനായി ഒരു ഭീമൻ ടെലിസ്കോപ് വൈനു തന്നെ രൂപകൽപന ചെയ്തു. കൃത്യതയ്ക്കു വേണ്ടി ലെൻസ് ഒഴികെയുള്ള ഭാഗങ്ങളെല്ലാം ഇന്ത്യയിൽത്തന്നെ നിർമിക്കണമെന്നു തീരുമാനിച്ചു. 2.3 മീറ്റർ ജർമൻ നിർമിത ലെൻസ് ആണ് ഉപയോഗിച്ചത്. എന്നാൽ അതിന്റെ പണി പൂർത്തിയാകുന്നതിനു മുന്നേ ബാപ്പു അന്തരിച്ചു. 1986ൽ ടെലിസ്കോപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ രാജീവ് ഗാന്ധി ഏഷ്യയിലെ ഏറ്റവും കരുത്തേറിയ അതിന് ഒരു പേര് നൽകി. ഒപ്പം ആ ഒബ്സർവേറ്ററിക്കും – വൈനു ബാപ്പു ടെലിസ്കോപ് ആൻഡ് ഒബ്സർവേറ്ററി. (നൈനിറ്റാളിൽ 2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലിക്വിഡ് മിറർ ടെലിസ്കോപ്പിനാണ് ഇപ്പോൾ ഏഷ്യയിലെ ഏറ്റവും കരുത്തുള്ളത്)

ഗ്രീസിലെ പട്രാഡിൽ നടക്കുന്ന ഇന്റർനാഷനൽ ആസ്ട്രണോമിക്കൽ യൂണിയൻ ജനറൽ അസംബ്ലിയിൽ അധ്യക്ഷത വഹിക്കാൻ 1982 മേയിൽ യാത്ര തിരിച്ച അദ്ദേഹത്തെ ഹൃദ്രോഗം പിടികൂടി. ബൈപാസ് സർജറി നടത്തിയെങ്കിലും ഓഗസ്റ്റ് 19ന് അദ്ദേഹം യാത്രയായി.

സൂര്യനെക്കാൾ 30– 200 മടങ്ങിലധികം പിണ്ഡഭാരമുള്ള വോൾഫ് റയറ്റ് നക്ഷത്രങ്ങളെപ്പറ്റിയുള്ള പഠനം, നക്ഷത്രങ്ങളുടെ വർണ കാന്തികതയും പ്രകാശ തീവ്രതയും തമ്മിലുള്ള പൊരുത്ത പറയുന്ന ബാപ്പു വിൽസൺ എഫക്ട്, 1953ൽ നൈനിറ്റാൾ ഒബ്സർവേറ്ററി നിന്നു കണ്ടെത്തിയ ചൊവ്വയിലെ പൊടിക്കാറ്റ് എന്നിവ ശാസ്ത്രലോകത്തിന് വൈനു നൽകിയ വിലപ്പെട്ട കണ്ടെത്തലുകളാണ്.

അമേരിക്കൻ അസ്ട്രണോമിക്കൽ അസോസിയേഷനുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഫൊട്ടോഗ്രാഫിക് പ്ലേറ്റുകൾ ഒസ്മാനിയ യൂണിവേഴ്സിറ്റി ആർക്കൈവ്സിൽ ഉണ്ട്. എംബസിയിൽ നിന്നുള്ള ശാസനയ്ക്ക് അദ്ദേഹത്തിന്റെ പ്രഫസറായിരുന്ന ഫ്രഡ് ലോറൻസ് വിപ്പിൾ എഴുതിയ മറുപടിക്കത്ത് ബെംഗളരൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ആർക്കൈവ്സിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.

സൗരയൂഥത്തിലെ ഒട്ടേറെ വസ്തുക്കൾ കണ്ടെത്തി, അവ തമ്മിലുള്ള ബന്ധങ്ങൾക്ക് പിന്നാലെ പോയി, പുതിയ കണ്ടെത്തലുകൾ, നിരീക്ഷണങ്ങൾ, നിഗമനങ്ങൾ, റിസർച് സെന്ററുകളുടെ രൂപകൽപനയും നിർമാണവും, ലാബുകൾ, പുതിയ ശാസ്ത്രജ്ഞരിലൂടെ സ്ഥാപിച്ചെടുത്ത ജ്യോതിശാസ്ത്ര സ്കൂളുകൾ..വൈനുവിലൂടെ ഇന്ത്യ ആകാശം കണ്ടു.

വൈനുവിന്റെ മരണത്തെതുടർന്ന് കേംബ്രിജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഓഗസ്റ്റ് 24ന് ഹാർലൻ സ്മിത്ത് അയച്ച കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.

‘റുഡ്യാർഡ് കിപ്ലിങ്ങിന്റെ ‘ഈഫ്’ എന്ന കവിത നിനക്കിഷ്ടമായിരുന്നു എന്നെനിക്കറിയാം. ആ കവിത യാഥാർഥ്യമായെന്ന് യമുനയും നിന്റെ സുഹൃത്തുക്കളും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ നീ ഓടി ജയിച്ചതിനാൽ, മകനേ.. നീ തീർച്ചയായും ഒരു മനുഷ്യനായി മാറി. 

English Summary : Sunday special about Vainu Bappu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com