ടെന്നിസിലെ സമത്വ സമ്മാനം
Mail This Article
ലോക ടെന്നിസിൽ വനിതകൾക്കു മാന്യമായ സ്ഥാനവും മികച്ച പ്രതിഫലവും ലഭ്യമാകാൻ കാരണമായ പോരാട്ടത്തിന് ബുധനാഴ്ച അരനൂറ്റാണ്ട്. അതു വെറുമൊരു മത്സരമായിരുന്നില്ല; ടെന്നിസ് കോർട്ടിൽ പെണ്ണിന്റെ എയ്സുകൾക്കുമുന്നിൽ ഒരു പുരുഷതാരം തലകുനിച്ച ദിവസമായിരുന്നു. ആ വിജയം വനിതാ ടെന്നിസിൽ കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങൾ.
ബാറ്റിൽ ഓഫ് ദ് സെക്സസ്
ടെന്നിസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ‘ആൺ– പെൺ’ പോരാട്ടം നടന്നത് അഞ്ചു പതിറ്റാണ്ടുമുൻപാണ്. 1973ൽ. ടെന്നിസ് ഇതിഹാസങ്ങളായ ബില്ലി ജീൻ കിങ്ങും ബോബി റിഗ്സും ഏറ്റുമുട്ടിയപ്പോൾ പിറന്നതു ചരിത്രം. അന്ന് 55 വയസ്സു പിന്നിട്ട റോബർട്ട് ലാറിമോർ റിഗ്സ് എന്ന ബോബി റിഗ്സ് മുൻ വിമ്പിൾഡൻ, യുഎസ് ചാംപ്യൻ. 29വയസ്സുകാരിയായ ബില്ലി ജീനിനെ റിഗ്സ് വെല്ലുവിളിക്കുകയായിരുന്നു. 1973 സെപ്റ്റംബർ 20നാണ് ആ മത്സരം. 31,000 പേരാണ് അന്നു ഹൂസ്റ്റൻ ആസ്ട്രോഡോമിൽ തടിച്ചുകൂടിയത്. ഇരുവരും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിച്ചവർ. വനിതകളെ ടെന്നിസ് കോർട്ടിൽ വെല്ലുവിളിക്കുന്നത് ശീലമാക്കിയ റിഗ്സിനു കിട്ടിയ ആദ്യത്തെ പ്രഹരമായിരുന്നു ബില്ലിയിൽനിന്ന്. മൂന്നു സെറ്റുകളും സ്വന്തമാക്കിയ ബില്ലി ജീൻ (6–4, 6–3, 6–3) , ഒരു ലക്ഷം പൗണ്ടും സ്വന്തമാക്കി. ബാറ്റിൽ ഓഫ് സെക്സസ് എന്ന പേരിൽ പെരുമ നേടിയ ഈ പോരാട്ടം ഇന്നും ടെന്നിസിലെ മറക്കാനാവാത്ത ഏടാണ്. ടിവിയിലൂടെ കളി കണ്ടവരുടെ എണ്ണം ഒരു കോടിക്കു മേലെ.
ടെന്നിസിൽ വനിതകൾക്ക് മാന്യമായ സ്ഥാനം നൽകുന്നതായിരുന്നു ബില്ലി ജീനിന്റെ ഈ വിജയം. ഇതോടെ വനിതകൾക്കുള്ള സമ്മാനത്തുകയിലും വർധന ഉണ്ടായി.
ബില്ലി ജീൻ കിങ്: മാറ്റങ്ങൾ കൊണ്ടുവന്ന പോരാളി
സിംഗിൾസ്, ഡബിൾസ്, മിക്സഡ് വിഭാഗങ്ങളിലായി ആകെ 39 ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമാക്കിയ കിങ് 1960കളിലും 70കളിലും കോർട്ടിൽ നിറഞ്ഞുനിന്ന താരമാണ്. ഒരു ടെന്നിസ് താരം എന്നതിലുപരി വനിതാതാരങ്ങളുടെ സമത്വത്തിനും സമ്മാനങ്ങളിലെ തുല്യതയ്ക്കും വേണ്ടി പോരാടിയ വ്യക്തിയാണ് കിങ്. വനിതാ താരങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിമെൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്ളിയുടിഎ–1973), വിമെൻസ് സ്പോർട്സ് ഫൗണ്ടേഷൻ എന്നിവ രൂപീകരിക്കുന്നതിൽ കിങ് മുഖ്യ പങ്കുവഹിച്ചു.
ആൺ– പെൺ ടെന്നിസ് പോരാട്ടങ്ങൾ വേറെയുമുണ്ട്. ചില വനിതാ താരങ്ങൾ വെല്ലുവിളി ഏറ്റെടുത്തപ്പോൾ, വെല്ലുവിളി ഉയർത്തിയ വനിതകളുടെ പട്ടികയും ആ ചരിത്രത്തിലേക്ക് ഇടം നേടി.
മാർഗരറ്റ് കോർട്ട്– ബോബി റിഗ്സ് പോരാട്ടം
ബില്ലി ജീൻ കിങ്ങിനു മുൻപേ ബോബി റിഗ്സിന്റെ വെല്ലുവിളി സ്വീകരിച്ച വനിതാ താരമാണ് ഓസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ട്. റിഗ്സിന്റെ ആദ്യ വെല്ലുവിളിയോട് ബില്ലി ജീൻ കിങ് പ്രതികരിക്കാതിരുന്നതോടെയാണ് കോർട്ട് മുന്നിട്ടിറങ്ങിയത്. അന്നു പക്ഷേ വിജയം റിഗ്സിനൊപ്പമായിരുന്നു. 1973ലെ അമ്മമാരുടെ ദിനത്തിലാണ് (മേയ് 13) റിഗ്സ് കോർട്ടിനെ തോൽപ്പിച്ചത്. 1970ൽ നാലു ഗ്രാൻസ്‌ലാം സിംഗിൾസും ജയിച്ചു തിളങ്ങി നിൽക്കുന്ന സമയത്താണു കോർട്ടിന്റെ തോൽവി (6-2, 6-1). ഈ തോൽവി പിന്നീട് ‘അമ്മമാരുടെ ദിനത്തിലെ കൂട്ടക്കൊല’ എന്ന പേരിൽ അറിയപ്പെട്ടു
വില്യം ടിൽഡൻ– സൂസൈൻ ലെങ്‍ലെൻ
ചരിത്രത്തിലെ ആദ്യ ആൺ–പെൺ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്നത് ഒരു നൂറ്റാണ്ടുമുൻപ് നടന്ന ഒരു ടെന്നിസ് മത്സരമാണ്. 1921ൽ ടെന്നിസ് ലോകത്തുനിറഞ്ഞുനിന്ന അമേരിക്കക്കാരൻ വില്യം ടിൽഡനും ഫ്രഞ്ച്താരം സൂസൈൻ ലെങ്‍ലെനും തമ്മിൽ നടന്ന ഒറ്റ സെറ്റ് മൽസരമാണ് അത്. ഇവിടെ വിജയം ടിൽഡനായിരുന്നു (6–0)
കാർസ്റ്റൻ ബ്രാഷ്– വില്യംസ് പോരാട്ടങ്ങൾ
വില്യംസ് സഹോദരിമാരെ രണ്ടു പേരെയും അടിച്ചിരുത്തിയ ചരിത്രമാണ് ജർമൻ താരം കാർസ്റ്റൻ ബ്രാഷിന്റേത്. 200 റാങ്കിന് പുറത്തുള്ള ഏതു പുരുഷനെയും തകർക്കാമെന്ന് വീനസ് സഹോദരിമാരുടെ വെല്ലുവിളി 203–ാം റാങ്കുകാരനായ ബ്രാഷ് ഏറ്റെടുക്കുകയായിരുന്നു (1998). ബ്രാഷ് സെറീനയെ 6–1നും വീനസിനെ 6–2നും തോൽപ്പിച്ചു.
മാർട്ടിന നവ്‍രത്‍ലോവ– ജിമ്മി കോണേഴ്സ്
ടെന്നിസ് ഇതിഹാസങ്ങളായ മാർട്ടിന നവ്‍രത്‍ലോവയും ജിമ്മി കോണേഴ്സും തമ്മിൽ 1992 സെപ്റ്റംബർ 25ന് ലാസ് വേഗാസിൽ ഏറ്റുമുട്ടി. ടെന്നിസിൽ അപ്പോഴും സജീവമായിരുന്ന നവ്‍രത്‍ലോവ തന്നെക്കാൾ നാലു വയസ്സിനു മൂത്ത കോണേഴ്സിന്റെ മുന്നിൽ മുട്ടുമടക്കി. കളിയിൽനിന്നു വിരമിച്ച ശേഷമായിരുന്നു കോണേഴ്സിന്റെ ഈ മടങ്ങിവരവ് (7–5, 6–2).
സിനിമയായ ‘ബാറ്റിൽ ഓഫ് ദ് സെക്സസ്’
ബില്ലി ജീൻ കിങ്ങും ബോബി റിഗ്സും ചരിത്രമാക്കിയ ‘ബാറ്റിൽ ഓഫ് ദ് സെക്സസ്’ന്റെ കഥ പിന്നീട് സിനിമയായി. ചിത്രത്തിന്റെ പേരും ‘ബാറ്റിൽ ഓഫ് ദ് സെക്സസ്’ എന്നു തന്നെയായിരുന്നു. പോരാട്ടം നടന്ന് 44 വർഷങ്ങൾക്കുശേഷമാണ് ആ മൽസരവും അതിന്റെ പശ്ചാത്തലവുമൊക്കെ വെള്ളിത്തിരയിലെത്തിയത്. ജൊന്നാഥൻ ഡെയ്റ്റൻ– വലേറി ഫാരിസ് സഖ്യം സംവിധാനം ചെയ്ത ചിത്രം 2017 സെപ്റ്റംബർ 22ന് അമേരിക്കയിൽ പുറത്തിറങ്ങി. ബില്ലി ജീൻ കിങ്ങിനെ എമ്മാ സ്റ്റോണും റിഗ്സിനെ സ്റ്റീവ് കാരലും അവതരിപ്പിച്ചു.
English Summary : Sunday Special about American tennis player Billie Jean King