10,347 പേജുകളിൽ സാനുമാഷ് സമ്പൂർണം
Mail This Article
പേരും പെരുമയും നൽകുന്ന ഗരിമയെ എളിമയാക്കിയ ‘എഴുത്തച്ഛന്’ ഇതു ജീവിത സാഫല്യം. എട്ടു പതിറ്റാണ്ടോളം നീണ്ട സാഹിത്യസപര്യയിൽ എഴുതിവച്ചതും പറഞ്ഞുവച്ചതുമെല്ലാം ചേർന്നു സമ്പൂർണകൃതികളായി പുറത്തിറങ്ങുമ്പോൾ അതിനെ ‘സന്തോഷപ്രദമായ സുഖം’ എന്നു വിശേഷിപ്പിക്കുകയാണു മലയാളത്തിന്റെ മഹാഗുരുനാഥൻ പ്രഫ.എം.കെ.സാനു.
ലളിതജീവിതംകൊണ്ടുതന്നെ വിസ്മയമായ എഴുത്തുകാരന്റെ രചനകളും വാക്കുകളും കോർത്തിണക്കിയ ‘സാനുമാഷിന്റെ സമ്പൂർണ കൃതികൾ’ മറ്റൊരു വിസ്മയമാകുന്നു. 12 വാല്യങ്ങൾ. 10,347 പേജുകൾ. 80ൽപരം പുസ്തകങ്ങളിൽനിന്നുള്ള അഞ്ഞൂറിലേറെ ലേഖനങ്ങൾ, സാനുവിന്റെ പ്രധാന പ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ, അഭിമുഖങ്ങൾ, ഏക നോവൽ അങ്ങനെ സമഗ്രവിഭവങ്ങളോടെ വായനയ്ക്കു മുതൽക്കൂട്ടാകും സമ്പൂർണകൃതികൾ.
പ്രകാശനം നാളെ 3.30ന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എറണാകുളം ആസ്ഥാനമായ സാമൂഹിക സംരംഭക സഹകരണസംഘം ‘സമൂഹ്’ ആണു പ്രസാധകർ. 12 വാല്യങ്ങളും ഒന്നിച്ചാണു പ്രകാശിതമാകുന്നത്.
മഹാപകർച്ചവ്യാധിക്കാലത്ത് ആഫ്രിക്കയിലെ പാവങ്ങൾക്കിടയിൽ ജീവിതം ഹോമി ആൽബർട് ഷ്വൈറ്റ്സർ എന്ന ഭിഷഗ്വരനെക്കുറിച്ച് 1967ൽ എഴുതിത്തുടങ്ങിയ പ്രഫ.സാനു പിന്നെ എത്രയോ പുസ്തകങ്ങളെഴുതി. കോവിഡ്കാല പ്രതിസന്ധികൾക്കിടയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പുറത്തിറങ്ങി. 2021ൽ സാനു ‘കുന്തീദേവി’ എന്ന പേരിൽ തന്റെ ആദ്യ നോവലെഴുതി. പിന്നെയും വന്നു പുസ്തകങ്ങൾ. ആത്മകഥ, കഥ, കവിത, ജീവചരിത്രം, പ്രസംഗം, സാഹിത്യ വിമർശനം, വ്യാഖ്യാനം, യാത്രാവിവരണം, സമ്പാദനം, വിവർത്തനം, അനുഭവക്കുറിപ്പുകൾ, ബാലസാഹിത്യരചനകൾ, പത്രാധിപരായും പൊതുപ്രവർത്തകനായും നടത്തിയ സാമൂഹിക ഇടപെടലുകൾ തുടങ്ങിയവയെല്ലാം സമ്പൂർണകൃതികളിലേക്കു സമാഹരിക്കപ്പെട്ടിട്ടുണ്ട്.
‘ഞാനെഴുതുന്നതു മറ്റുള്ളവർ സ്വീകരിക്കുന്നതിലാണെന്റെ കൃതാർഥത. വലിയൊരു ധന്യതയാണത്. ജീവിതത്തിൽ എല്ലാ കാലത്തുമൊരു ദുഃഖിതനാണു ഞാൻ. ജീവിതസായാഹ്നത്തിൽ സമ്പൂർണകൃതിയെന്ന സ്വപ്നം സഫലമാകുന്നതു സന്തോഷം തരുന്നു. എഴുതിയതും യാദൃച്ഛികമായി പറഞ്ഞതും പലപ്പോഴും പുസ്തകത്തിൽ ചേർക്കാത്തതായ കാര്യങ്ങളുമെല്ലാം ഇതിൽ വന്നിട്ടുണ്ട്.
English Summary : Writeup about Prof. MK Sanu's writings