സത്യജിത് റായ്‌യുടെ ഫസ്റ്റ് ‘ഷോട്ട് ’
Mail This Article
നെയ്യ് ഉരുക്കിയതിന്റെ മണമാണു ദക്ഷിണ കൊൽക്കത്തയ്ക്ക്. നെയ്യിൽ മുങ്ങിത്തോർത്തിയ വിവിധതരം മധുരപലഹാരങ്ങൾ ദക്ഷിണ കൊൽക്കത്തയിലെ മുക്കിലും മൂലയിലും കാണാം. രസഗുളയും മൈസൂർ പാക്കും ഗുലാബ് ജാമുനുമൊക്കെ ഉണ്ടെങ്കിലും ചോം ചോം, മിഷ്ടി ദോയ് എന്നിങ്ങനെയുള്ള പ്രാദേശിക മധുര പലഹാരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഒരു ഗുലാബ് ജാമുനും നുണഞ്ഞ് നഗരം ചുറ്റാൻ ഇറങ്ങിയാൽ, നഗരത്തിന്റെ കിഴക്കുഭാഗത്തായി ചെറിയ ചന്ത കാണാം. നഗരം വളർന്നതൊന്നും അറിയാതെ പഴയ പ്രതാപത്തിൽ മതിമറന്നുറങ്ങുന്ന മാച്ചു ബസാർ.
ബസാറിലെ പ്രധാന റോഡിന്റെ ഓരം ചേർന്ന് അൽപം മുന്നോട്ടുനടന്നാൽ ഒരു പഴയ ഇരുനില കെട്ടിടമുണ്ട്. കൊൽക്കത്ത നഗരസഭയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ കെട്ടിടത്തിലാണ് വിഖ്യാത സംവിധായകൻ സത്യജിത് റായ് ജനിച്ചത്. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാൽക്കെയാണെങ്കിലും ഫെയ്സ് ഓഫ് ഇന്ത്യൻ സിനിമ അന്നും ഇന്നും റായ്‌യാണ്. പക്ഷേ, ഇന്ത്യൻ സിനിമയിലെ ചരിത്രപുരുഷനെയോ അദ്ദേഹത്തിന്റെ രചനയിൽ വിരിഞ്ഞ ഐതിഹാസിക സിനിമകളെയോ ഈ കെട്ടിടത്തിനു പരിചയമില്ല. അവർക്കറിയുന്ന റായ്, ഒരുകാലത്ത് കൊൽക്കത്ത ക്ലബ് ക്രിക്കറ്റിലെ ശ്രദ്ധേയനായ വലംകൈ സ്പിന്നറായിരുന്നു! സിരകളെ സിനിമ കീഴടക്കുന്നതിനു മുൻപ്, സത്യജിത് റായ് എന്ന ക്രിക്കറ്റർ ജനിച്ചതും വളർന്നും ഈ തറവാട്ടുവീട്ടിലാണ്.
ഫസ്റ്റ് ഇന്നിങ്സ്
കൊൽക്കത്തയിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബുകളിലൊന്നായ ഡിഎസിസിഎ കോളജ് ക്രിക്കറ്റ് ക്ലബ് (നിലവിലെ ടൗൺ ക്രിക്കറ്റ് ക്ലബ്) സ്ഥാപിച്ചത് റായ്‌യുടെ മുത്തച്ഛന്റെ സഹോദരൻ ശാരദാരഞ്ജൻ റായ്‌യാണ്. റായ്‌യുടെ പിതൃസഹോദരൻ നൃപേന്ദ്ര മോഹൻ ബോസ് ബംഗാൾ രഞ്ജി ക്രിക്കറ്റ് ടീമംഗമായിരുന്നു. ആ പരമ്പരയിലെ അവസാനത്തെ ക്രിക്കറ്ററാണു സത്യജിത് റായ്.
മാച്ചു ബസാറിനു സമീപത്തുള്ള മുനിസിപ്പൽ ഗ്രൗണ്ടിലാണ് റായ് തന്റെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നത്. മോശമല്ലാതെ ബാറ്റ് ചെയ്തിരുന്നെങ്കിലും ഓഫ് സ്പിന്നറായാണ് അദ്ദേഹം അറിയപ്പെട്ടത്. സ്കൂൾ തലത്തിൽ തുടങ്ങിയ ക്രിക്കറ്റ് കോളജ് കാലത്തും റായ് ഒപ്പം കൊണ്ടുനടന്നു. കോളജിൽ പഠിക്കുമ്പോൾ കൊൽക്കത്ത യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച അദ്ദേഹം, കൊൽക്കത്തയിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലും സജീവമായിരുന്നു.
സെക്കൻഡ് ഇന്നിങ്സ്
ഒരു രഞ്ജി താരത്തിലേക്കുള്ള വളർച്ചയ്ക്കിടെയാണ് റായ്‌യിലെ സിനിമാമോഹി ജനിക്കുന്നത്. കോളജ് പഠനശേഷം സിനിമയുടെ പിന്നാലെ പോകാൻ തീരുമാനിച്ചതോടെ പതിയെ ക്രിക്കറ്റ് അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നു വഴിമാറി. എങ്കിലും ക്രിക്കറ്റിനോടു പൂർണമായി വിട പറയാൻ അദ്ദേഹത്തിനു സാധിച്ചില്ല. തന്റെ തൂലികയിൽ ജനിച്ച വിശ്വവിഖ്യാതമായ ഡിറ്റക്ടീവ് കഥാപാത്രം ഫെലുദയെ കോളജ് കാലത്ത് ഒരു ക്രിക്കറ്റായിട്ടാണ് റായ് അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു ചില കൃതികളിലും ഈ ക്രിക്കറ്റ് ബന്ധം കാണാം.
നന്നേ ചെറുപ്പത്തിൽതന്നെ മാച്ചു ബസാറിലെ വീട്ടിൽ നിന്നു റായ്‌യും കുടുംബവും നഗരത്തിലേക്കു മാറിയിരുന്നു. എങ്കിലും തന്റെ ക്രിക്കറ്റ് ബന്ധങ്ങൾ പുതുക്കാൻ കൊച്ചു റായ് അടിക്കടി മാച്ചു ബസാറിൽ എത്തും. തലമുറകൾ കൈമാറിവന്ന ഈ വീട്ടിൽ ഇന്നു താമസക്കാരില്ല. കൊൽക്കത്ത നഗരസഭ ഈ വീടിനെ പൈതൃക കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 5 കിലോമീറ്റർ മാറിയുള്ള ബിഷപ് ലഫ്റോയ് റോഡിലാണ് റായ്‌യുടെ ഔദ്യോഗിക വസതി. അദ്ദേഹത്തിന്റെ മകൻ സന്ദീപ് റായ്‌യാണ് ഇവിടെ താമസം.
ഇന്ത്യൻ സിനിമയുടെ അമരക്കാരന്റെ സിനിമാ ശേഷിപ്പുകൾ മുഴുവൻ അവിടെയാണെങ്കിൽ യുവാവായ, ക്രിക്കറ്ററായ സത്യജിത് റായ്‌യാണ് മാച്ചു ബസാറിലെ ഈ കെട്ടിടത്തിൽ ബാക്കിയുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ഇവിടെ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും വളരെ ചുരുക്കം പേർ മാത്രമേ ഇങ്ങോട്ടു വരാറുള്ളൂ എന്നു സെക്യൂരിറ്റി സാഗർ കുമാർ പറയുന്നു.
സർക്കാർ ഏറ്റെടുത്തതിനു പിന്നാലെ കെട്ടിടം ഒരു സ്കൂളാക്കി മാറ്റിയിരുന്നു. കിടപ്പുമുറികൾ ക്ലാസ് മുറികളാക്കിയെങ്കിലും കാര്യമായ രൂപമാറ്റം മുറികൾക്കു സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പഴയ ചില ചിത്രങ്ങളും ബംഗാളി സംഗീതം തളംകെട്ടിക്കിടക്കുന്ന ഇരുട്ടുമുറികളും ഒഴിച്ചുനിർത്തിയാൽ ഇവിടം ശൂന്യമാണ്. പക്ഷേ, റായ് ദ് ക്രിക്കറ്റർ എന്ന മേൽവിലാസം തേടിയെത്തുന്നവർക്ക് ഇവിടം സ്വർഗമാണ്.