കണ്ണു തുറക്കുന്നു അയോധ്യ ഹാട്ട്
Mail This Article
പുതുമോടിയിലേക്കുകാലെടുത്തു വയ്ക്കാനൊരുങ്ങുന്ന അയോധ്യയ്ക്കു ചുറ്റും പൊന്നരഞ്ഞാണം പോലെ പറ്റിക്കിടക്കുകയാണ് അലങ്കാര പ്രൗഢിയിൽ സരയൂ നദി. നാളെ മുതൽ നയാ ഘാട്ടിലെ സന്ധ്യാ ആരതി സമയത്ത് ദീപസ്തംഭങ്ങൾ തെളിയുമ്പോൾ സരയുവൊരു കവിതയായി മാറും; നവോഢയെപ്പോൽ അണിഞ്ഞൊരുങ്ങിയ ത്രിസന്ധ്യ സിന്ദൂരശോണിമയിൽ ചാലിച്ചെഴുതുന്ന കവിത...
ലാൻഡ് ഓഫ് തെഹ്സീബ് (സാംസ്കാരിക ധാരാളിത്തത്തിന്റെ ഭൂമിക) എന്നറിയപ്പെടുന്ന ഉത്തർപ്രദേശിന്റെ ആത്മീയ ഭാവം അയോധ്യയെ ചുറ്റിപ്പറ്റിയാണെങ്കിൽ കല, കരകൗശല, സംഗീത, വാസ്തുകലാ പ്രൗഢി മൂന്നുമണിക്കൂർ ദൂരത്തിനപ്പുറം സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനമായ ലക്നൗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന ഫൈസാബാദ് ജില്ലയ്ക്ക് ഇപ്പോൾ അയോധ്യ ജില്ല എന്നു പേരുമാറ്റി. വിനോദസഞ്ചാര ഭൂപടത്തിലാകട്ടെ വിശാല അയോധ്യ ഇനിമേൽ ‘അയോധ്യ ഹാട്ട്’ ( ഹാട്ട്– നാട്ടുചന്തയെന്നും കലാഗ്രാമം എന്നുമൊക്കെ അർഥം) എന്നറിയപ്പെടും.
അയോധ്യ ഹാട്ട് ഒരുങ്ങുന്നത് സരയൂനദീതീരത്തുള്ള ചൗധരി ചരൺസിങ് ഘാട്ട് മുതലാണ്. തനതു കലാകാരൻമാരുടെ കരകൗശല കൈത്തറി സ്റ്റാളുകളും വിനോദസഞ്ചാരികൾക്കായുള്ള കോട്ടേജുകളും ഫ്ലോട്ടിങ് റസ്റ്ററന്റുകളും മ്യൂസിയങ്ങളും പാർക്കുകളും ഒരുങ്ങുന്നത് ക്ഷേത്രനഗരിയിലേക്കെത്തുന്ന ദേശീയപാത 27–ന്റെ ഇരുവശത്തുമായിട്ടാണ്. പുതിയ ശ്രീരാമക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളായ രാം കി പൈഡി, ഹനുമാൻ ഘടി, കനക് മഹൽ എന്നിവയുമടങ്ങുന്ന പ്രദേശത്തിന്റെ പ്രധാനപാതയിലേക്കു തിരിയുന്നയിടത്താണു ഹാട്ടിന്റെ പ്രതീകമായ കൂറ്റൻ ലോഹവീണ. മൺമറഞ്ഞ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ പേരാണ് ഈ ചത്വരത്തിന്; ലതാ മങ്കേഷ്കർ ചൗക്ക്. 40 അടി നീളവും അത്രതന്നെ ഉയരവുമുള്ള വീണയുടെ ഭാരം 14 ടൺ.
അവിടം മുതൽ അയോധ്യയെ കലയുടെ ചായക്കൂട്ടുകളിൽ വരച്ചുകാട്ടുന്ന കലാഗ്രാമത്തിനു തുടക്കമായി. പ്രാദേശിക കരകൗശല വിദഗ്ധർക്കു തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരം ഒരുക്കുന്നു. ലോഹനിർമിതികൾ, മൺപാത്രങ്ങൾ, സ്തൂപങ്ങൾ, തടി കൊണ്ടുള്ള ചെറു ക്ഷേത്രരൂപങ്ങൾ, കൈത്തറി, സിൽക്, ലക്നവി ചികൻകാരി നെയ്ത്തുള്ള തുണിത്തരങ്ങൾ, മിനാകാരി ആഭരണസ്റ്റാളുകൾ എന്നിവ കിലോമീറ്ററുകളോളം ദൂരത്തിൽ ലോകസഞ്ചാരികളെ കാത്തിരിക്കുന്നു.
രാമകഥകൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ നഗരത്തിലെ സ്റ്റാളുകളിലെ പ്രത്യേകതയാണ്. കോട്ടനിലും സിൽക്കിലും ഇവ ലഭിക്കും. ഹിന്ദിയിലും സംസ്കൃതത്തിലും രാമസൂക്തങ്ങൾ എഴുതിവച്ച ഷാളുകൾ പരമ്പരാഗത നെയ്ത്തുകാരുടെ സ്റ്റാളുകളിൽ കാണാം. 17 വിവിധ പദ്ധതികളാണു കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാന സർക്കാർ അയോധ്യ വികസനത്തിനായി രൂപകൽപന ചെയ്തിട്ടുള്ളത്. സരയൂ ഘാട്ടുകളുടെ സൗന്ദര്യവൽക്കരണം, റോഡുകളുടെ നിർമാണം, ലതാ മങ്കേഷ്കർ ചൗക്കിലേക്കെത്തുന്ന പുതിയ പാലത്തിന്റെ നിർമാണം, പാലത്തിനിരുവശവും റിങ്റോഡുകൾ, അവയെ ചുറ്റി പൂന്തോട്ടം, ക്യാമറ നിരീക്ഷണം, ക്ഷേത്രങ്ങളുടെയും സ്മാരകങ്ങളുടെയും അറ്റകുറ്റപ്പണി എന്നിവയാണ് അവയിൽ ചിലത്.
സന്ധ്യാ സരോവർ
സരയൂ തീരത്ത് ഒരുങ്ങുന്ന ഓപ്പൺ എയർ ഫുഡ് സോൺ ആണിത്. പലതരം സംസ്കാരങ്ങളുടെ തനതു വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റുകൾ, സിപ് ലൈൻ റൈഡിങ്, അലംകൃത വെളിച്ചങ്ങൾ, നാടോടി നൃത്തരൂപങ്ങൾ എന്നിവ ആസ്വദിക്കാം. രാമക്ഷേത്രത്തിന്റെ പനോരമിക് വ്യൂ കിട്ടുന്ന ഫ്ലോട്ടിങ് റസ്റ്ററന്റുകളും ബോട്ട് സർവീസുകളും സരയൂ നദിയിൽ ഒരുങ്ങുന്നുണ്ട്. ഘാട്ടിൽ രാത്രി ചെലവഴിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഹൗസ് ബോട്ട് മാതൃകയിൽ രാം കുടീർ എന്ന പേരിൽ കോട്ടേജുകൾ ഒരുങ്ങുന്നു. നൃത്ത, സംഗീത, നാടക രാവുകളും പപ്പറ്റ് ഷോ, ലേസർ ഷോ, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയും സരയൂവിന്റെ വിവിധ ഘാട്ടുകളിലുണ്ടാകും. അയോധ്യ യാത്രയുടെ മുഖ്യ ആകർഷണമാകാൻ ക്രൂസ് സർവീസുകൾ തുടങ്ങിയിട്ടുണ്ട്.
രാമകഥാ പാർക്ക്
ഈ വർഷം അവസാനത്തോടെ, കലിഫോർണിയയിലെ ഡിസ്നിലാൻഡ് പോലെ രാമായണത്തിലെ അധ്യായങ്ങളും സൂക്തങ്ങളും ത്രിമാനത്തിൽ ഒരുക്കുന്ന പാർക്ക് ഹാട്ടിൽ നിലവിൽ വരും. രാമായണവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഫോക്ക്, ട്രൈബൽ ആർട്ടുകളും ജോയ് റൈഡുകളുമുണ്ടാകും.
പഞ്ചവടി ദ്വീപ്
സരയൂ നദിയിൽ മ്യൂസിയം മാതൃകയിൽ ഒരുങ്ങുന്ന ദ്വീപാണിത്. കൃഷി സംസ്കാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ശിൽപകലയിൽ നൈപുണ്യ പരിശീലനം കൊടുക്കുന്ന കലാശാലകൾ നടത്തുക എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. നാഷനൽ മിഷൻ ഓഫ് ക്ലീൻ ഗംഗയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതർ.
മെഗാ ഫൗണ്ടൻ
താമരയുടെ രൂപത്തിലുള്ള കൂറ്റൻ ഫൗണ്ടൻ. രാമകഥയുമായി ബന്ധപ്പെട്ട നദികളെ പ്രതിനിധീകരിക്കുന്നതാണ് താമരയുടെ ഇതളുകൾ .
റാം ഹെറിറ്റേജ് വോക്
ലക്നൗ ഗോരഖ്പുർ ഹൈവേയിലെ 13 കിലോമീറ്റർ റോഡിലൂടെയുള്ള പൈതൃക നടത്തം. 180 മതിലുകളിൽ ഇതിനായി മ്യൂറൽ വർക് ഒരുങ്ങുന്നു. ഇത് ഫെബ്രുവരിയിൽ തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
എയ്റോ സിറ്റി
പ്രതിഷ്ഠാ സ്ഥാപനത്തോടനുബന്ധിച്ചു തുറന്ന പുതിയ അയോധ്യ വിമാനത്താവളത്തോടു ചേർന്ന് എയ്റോ സിറ്റി സ്ഥാപിക്കാൻ അയോധ്യ വികസന അതോറിറ്റി ലക്ഷ്യമിടുന്നു. ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കു വേദിയായി ഇവിടം ഉപയോഗിക്കുക എന്നതാണ് ഉദ്ദേശ്യം. രാജ്യാന്തര യാത്രികരെ ലക്ഷ്യംവച്ച് ആയുർവേദ കോംപ്ലക്സുകളും ഇതിലുണ്ടാകും.
ടെന്റ് സിറ്റി
വിനോദസഞ്ചാരികൾക്കു താമസിക്കാൻ പരിസ്ഥിതിയെ മുറിവേൽപ്പിക്കാത്ത രീതിയിൽ താമസസൗകര്യം ഒരുക്കാനാണിത്. സ്ഥിരനിർമിതികൾ പരമാവധി കുറച്ച് ടെന്റ് മാതൃകയിൽ സരയൂ തീരത്ത് പരിസ്ഥിതി നിയന്ത്രണങ്ങൾക്കു വിധേയമായി താമസമൊരുക്കും. ഹാട്ടിനോടു ചേർന്ന് ആറു സൈറ്റുകളിലാണ് നിർമാണാനുമതി.
ബാരബങ്കിയിലെ പാരിജാത മരം
അയോധ്യയ്ക്കും ലക്നൗവിനും ഇടയ്ക്ക് ബാരബങ്കിയിലെ കിന്റൂർ ഗ്രാമത്തിൽ കുന്തീ ദേവിയുടെ നാമത്തിലൊരു ക്ഷേത്രമുണ്ട്. അതിനോടു ചേർന്നാണ് അദ്ഭുത സിദ്ധികളുള്ളതെന്നു വിശ്വസിക്കപ്പെടുന്ന പാരിജാത മരമുള്ളത്. ആയിരത്തിലേറെ വർഷം പഴക്കമുള്ളതാണ് ഈ വൃക്ഷം എന്നു കരുതുന്നു. 50 അടിയോളം ചുറ്റളവുള്ള ഈ കൂറ്റൻ വൃക്ഷത്തിന്റെ ശിഖരങ്ങൾ ഉണങ്ങിപ്പോകുകയില്ലെന്നും തായ്ത്തടിയോടു ചേർന്ന് അപ്രത്യക്ഷമാകുകയാണെന്നുമാണ് വിശ്വാസം. ദസറയോടനുബന്ധിച്ച് പൂക്കുന്ന മരം കാണാൻ വിശ്വാസികൾ എത്താറുണ്ട്.
ബ്രിട്ടിഷ് റസിഡൻസി ബംഗ്ലാവ്
സഞ്ചാരികൾ ലക്നൗവിലേക്കെത്തുമ്പോൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകമായ ലക്നൗ റസിഡൻസി എന്നറിയപ്പെടുന്ന ബ്രിട്ടിഷ് റസിഡൻസി കണ്ടുമടങ്ങാം. ഗോമതി നദിയുടെ തീരത്താണ് ഈ സംരക്ഷിത സ്മാരകം. 33 ഏക്കറിൽ പരന്നു കിടക്കുന്ന ഇവിടം പണ്ട് ബ്രിട്ടിഷ് റസിഡന്റ് ജനറലിന്റെ വാസസസ്ഥലമായിരുന്നു. സെല്ലുലാർ ജയിലും പീരങ്കിയും പല ബ്ലോക്കുകളിലായി കിടക്കുന്ന റസിഡൻസി ബംഗ്ലാവും യുദ്ധത്തിനിടെ നശിച്ച കോട്ടകളുടെ ബാക്കിപത്രങ്ങളുമെല്ലാം ഇവിടെയുണ്ട്. 1780നും 1800നും ഇടയ്ക്ക് നവാബ് അസഫ് ഉദ് ദൗലയാണ് ഇതിന്റെ നിർമാണത്തിനു തുടക്കമിടുന്നത്.
ഭൂൽ ഭുലയ്യ ലാബിരിന്ത്
നവാബ് അസഫ് ഉദ്‌ദൗലയുടെ ഭരണകാലത്തുള്ള മറ്റൊരു അദ്ഭുത സൃഷ്ടിയാണ് ലക്നൗവിലെ ഭൂൽ ഭുലയ്യ ലാബിരിന്ത്. ധാരാളം സങ്കീർണമായ ഇടനാഴികളും വാതിലുകളും ചേർന്ന ദുരൂഹമായ നിർമിതികൾക്കാണ് ലാബിരിന്ത് എന്നു പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലാബിരിന്ത് കെട്ടിടമാണ് ഭൂൽ ഭുലയ്യ. ഉള്ളിലേക്കു പോകാൻ 1024 ഇടനാഴികളും ഒരേ പോലുള്ള 489 കമാന വാതിലുകളുമുള്ള ഇവിടെ നിന്നു പുറത്തു കടക്കാൻ ഒരേയൊരു വഴി മാത്രം. ആ വഴിയിലൂടെ മട്ടുപ്പാവിലെത്തിയാലേ താഴേക്കിറങ്ങാൻ പറ്റൂ. പൂർണമായും കല്ലിലും മണ്ണിലും ചുണ്ണാമ്പിലും തീർത്തതാണിത്. 1785ലെ ക്ഷാമകാലത്ത് നിർമാണത്തൊഴിലാളികൾക്ക് ജോലി കൊടുക്കാൻ വേണ്ടി നവാബ് പണിതുയർത്തിയതാണ് ഭൂൽ ഭുലയ്യ. ബാര ഇമാംബര എന്ന പുരാതന മോസ്ക് കോംപ്ലക്സിലാണ് ഇതുള്ളത്. ഇതിനോടു ചേർന്ന് ടർക്കിഷ് വാസ്തുശാസ്ത്ര മാതൃകയിൽ തീർത്തിട്ടുള്ള റൂമി ദർവാസ എന്ന അലങ്കാര വാതിൽ മറ്റൊരു ആകർഷണമാണ്. മായാവതി സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച, 108 ഏക്കറുകളിലായി പരന്നു കിടക്കുന്ന അംബേദ്കർ നാഷനൽ പാർക്കും സഞ്ചാരികൾക്കു വിരുന്നാണ് .