ADVERTISEMENT

യുദ്ധം തകർത്തുതരിപ്പണമാക്കിയ യുക്രെയ്നിൽ നിന്ന് അവശയായ അമ്മയോടും ബാലികയായ മകളോടുമൊപ്പം രാജ്യങ്ങൾ താണ്ടി ഭാഷ പോലും പരിചയമില്ലാത്ത ഒരു രാജ്യത്ത് അഭയാർത്ഥിയായെത്തിയ മുപ്പത്തിയാറുകാരി, ഓൾഗ. അഭയം നൽകിയ ഒരു കലാഗ്രാമത്തിൽ അമ്മയെപ്പോലെ കാത്ത നെതർലൻഡ്സുകാരി മരീല്ലി. കോഴിക്കോട്ടു നടക്കുന്ന  രാജ്യാന്തര കലാ ക്യാംപിൽ പങ്കെടുക്കാൻ മരീല്ലിക്ക് ക്ഷണം ലഭിച്ചപ്പോൾ  ഓൾഗയെയും യുക്രെയ്ൻകാരിയായ മറ്റൊരു അഭയാർത്ഥി ഹെലേനയെയും ഒപ്പം കൂട്ടി.

തുണിയിലാണു കലാപ്രവർത്തനം. ബോർഡിൽ കിഴക്കൻ യുക്രെയ്ൻ ഭാഗങ്ങൾ ചുവപ്പ് നിറത്താൽ ആലേഖനം ചെയ്തു. യുക്രെയ്നിന്റെ ഭൂപടം വരച്ചു സമൃദ്ധിയുടെ സ്ഥാനങ്ങൾ പച്ച നൂലു കൊണ്ട് അടയാളപ്പെടുത്തി. ഇപ്പോഴും  രക്തം കിനിയുന്ന ഹൃദയം വരച്ചു ചേർത്തു. ചുവന്ന നൂലും മുത്തുകളും കൊണ്ട് ചോരച്ചാലുകളും. അവിടം കൊണ്ടും തീർന്നില്ല. തന്റെ രാജ്യത്തിന്റെ അതിർത്തികൾ മുഴുവനും നാടിന്റെ അരക്ഷിതാവസ്ഥ സൂചിപ്പിക്കാനായി നൂലുകൾ കൊണ്ടു മുൾച്ചെടികൾ പോലെ അതിരിട്ടു.

ഹെലേനയാകട്ടെ തന്റെ രാജ്യത്തിന്റെ  മുദ്രയായ ത്രിശൂലം മുറിവേറ്റു താഴേക്ക് അതിവേഗം പതിക്കുന്ന പ്രാവായാണ് ചിത്രീകരിക്കുന്നത്. അത് പതിക്കുന്നിടം ഭസ്മമാകും. അതിനു തിരഞ്ഞെടുത്തതാകട്ടെ ദേശീയ മുദ്ര ദിനമായ ഫെബ്രുവരി 19. ഇരുവരെയും ചേർത്തു പിടിച്ചും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മരീല്ലിയും ചിത്രം വരയ്ക്കുന്നുണ്ട്. 2014 മുതൽ തന്നെ റഷ്യ ചെറിയ തോതിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചിരുന്നു. പക്ഷേ, അത് 2022 ലെ അധിനിവേശം പോലെ യുദ്ധം പ്രഖ്യാപിച്ചുള്ളതായിരുന്നില്ല.

റഷ്യയിൽ യുക്രെയ്ൻകാരും യുക്രെയ്നിൽ റഷ്യക്കാരും  ഉണ്ടായിരുന്നു. റഷ്യക്കാരുടെ ബന്ധുമിത്രാദികൾ യുക്രെയ്നിലും തിരിച്ചും. ഭാര്യാഭർത്താക്കൻമാർ പോലും ഇരു രാജ്യങ്ങളിലായി ഉണ്ടായിരുന്നു. എന്നാൽ 2014 മുതൽ കൂടുതൽ റഷ്യക്കാർ ബോധപൂർവം യുക്രെയ്നിലെത്തി. അവർ റഷ്യൻ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ക്രമേണ റഷ്യൻ ടെലിവിഷൻ ഒഴികെയുള്ള ചാനലുകളിലെ പ്രക്ഷേപണം പോലും തടഞ്ഞു. റഷ്യൻ വാർത്തകൾ മാത്രം പ്രക്ഷേപണം ചെയ്തു. ഇതിനെ വിപ്ലവമെന്ന പേരിൽ അവതരിപ്പിച്ചു. റഷ്യ മറ്റ് അതിർത്തി രാജ്യങ്ങളിൽ കാണിച്ച അതേ തന്ത്രം. 

അതിർത്തി പ്രദേശങ്ങളിലെ  യുക്രെയ്ൻകാരിൽ എന്തെന്നില്ലാത്ത ഒരു ഭയം ഗ്രസിച്ചിരുന്നതായി ഓൾഗ പറയുന്നു. എന്റെ അച്ഛൻ 2013 ൽ മരിച്ചു. ഭർത്താവുമായി 2008ൽ വേർപിരിഞ്ഞു. റഷ്യൻ ചായ്‌വുള്ള ഏക സഹോദരി അകലെയാണു താമസം. സഹോദരൻ ദിമിത്രി പട്ടാളക്കാരനായിരുന്നു. സഞ്ചരിക്കാൻ കഴിയാത്ത രോഗിയായ അമ്മയും  മകളും മാത്രം ഒരു വീട്ടിൽ. നാലു വർഷത്തെ അധ്യാപക പഠനവും മൂന്നു വർഷത്തെ നിയമപഠനവും രണ്ടു വർഷത്തെ ചിത്രകലാ പരിശീലനവുമായിരുന്നു ഓൾഗയുടെ കൈമുതൽ. ഏഴു വർഷത്തോളം ക്രാഫ്റ്റ് അധ്യാപികയായി അവർ ജോലി ചെയ്തു.

oraga-near-her-drawing
തുണിയിൽ തയാറാക്കിയ ഹൃദയചിത്രത്തിനരികെ ഓൾഗ.

കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക്  ഒരു വലിയ നഗരമായിരുന്നു. ഈ പട്ടണത്തിലാണു ഞങ്ങൾ താമസിച്ചിരുന്നത്, –ഓൾഗ പറയുന്നു. ‘റഷ്യയുമായുള്ള പിരിമുറുക്കം നാൾക്കുനാൾ വർധിച്ചുകൊണ്ടേയിരുന്നു. എപ്പോൾ വേണമെങ്കിലും നഗരം ആക്രമിക്കപ്പെടുമെന്ന ഭയം വർധിച്ചു. യുക്രെയ്നുകാർ പലരും അവിടംവിട്ടു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങി. റഷ്യയോട് താൽപര്യമുള്ള യുക്രെയ്നുകാർ അവിടെത്തുടർന്നു. ഞങ്ങൾ വീടു മാറാൻ തീരുമാനിക്കുന്നത് ഭയന്നിട്ടു തന്നെയാണ്. കാരണം വീടും റഷ്യൻ അതിർത്തിയുമായി ഏതാനും കിലോ മീറ്റർ മാത്രമാണു ദൂരം. നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ ഇസിയം എന്ന ഒരു ചെറുപട്ടണം. യുദ്ധഭീതി തീരെയില്ലാത്ത ഒരു പ്രദേശം. ക്രെമനറ്റ്സ് മലയുടെ താഴ്‌വാരം. മലയെ വലംവച്ചൊഴുകുന്ന സെവർസ്കി ഡോണറ്റ് പുഴ. പുഴയ്ക്കപ്പുറം പച്ച പുതച്ചു കിടക്കുന്ന ഗ്രാമങ്ങൾ. പൂക്കളും ഔഷധ സസ്യങ്ങളും നിറഞ്ഞ കാട്.

നഗരത്തിൽ നിന്നു ഗ്രാമത്തിലെത്തിയപ്പോൾ വല്ലാത്ത ഒറ്റപ്പെടലായിരുന്നു. എന്നാൽ അതെല്ലാം പെട്ടെന്നു മാറി. അയൽക്കാർ അത്ര നല്ലവർ. അന്നു മകൾക്ക് അവൾക്ക് അഞ്ചു വയസ്സേ ഉള്ളൂ. ശുദ്ധവായു ശ്വസിച്ചതോടെ അമ്മയുടെ ശ്വാസതടസ്സവും കുറഞ്ഞു. എനിക്കു ഒരു സ്കൂളിൽ ക്രാഫ്റ്റ് ടീച്ചറായി ജോലിയും കിട്ടി. എന്നെപ്പോലെ യുദ്ധംഭയന്ന് നാടുവിട്ട് എത്തിയവർ അവിടെയും ഉണ്ടായിരുന്നു.  ആർട്ടിസ്റ്റുകളുടെ ഒരു സൊസൈറ്റിയിൽ ഞാനും അംഗമായി. ഞങ്ങൾ ഒരു ആർട്ട് ഗ്യാലറി തുടങ്ങി. കാട്ടു പൂക്കൾ ശേഖരിച്ചു ബൊക്കെകളുണ്ടാക്കി വിനോദ സഞ്ചാരികൾക്കു വിറ്റു. ട്യൂഷൻ എടുത്തു വരുമാനം നേടി. ഭൂമിയിലെ സ്വർഗത്തിലാണു ഞങ്ങൾ ജീവിക്കുന്നതെന്ന് അഹങ്കരിച്ച നാളുകൾ!

2022 ഫെബ്രുവരിയിൽ ഡൊണെറ്റ്സ്കിലേക്ക് റഷ്യൻ പട്ടാളം കടന്നു കയറിയെന്നും യുദ്ധം തുടങ്ങിയെന്നുമൊക്കെ കേട്ടു. ഇവിടെ യാതൊന്നും സംഭവിച്ചില്ല. ഒന്നും സംഭവിക്കില്ലെന്ന് ഇവിടത്തെ മേയർ ഞങ്ങൾക്ക് ഉറപ്പു തന്നിരുന്നു. എന്നാൽ പെട്ടെന്നൊരു രാത്രിയിൽ എന്തോ ഒരു ഭയങ്കര ശബ്ദം കേട്ടുഞെട്ടി ഉണർന്നപ്പോഴേക്കും ശബ്ദം അകന്നുപോയി. എന്നാലും കുറച്ചകലെ മൂന്നു നാലു സ്ഫോടനശബ്ദങ്ങളും തുടർന്നുണ്ടായ നിലവിളികളും കൊണ്ട് ഗ്രാമം വിറച്ചു. മുറ്റത്തിറങ്ങി നിലത്തു കമഴ്ന്നു കിടക്കാനൊക്കെ ആരോ വിളിച്ചു പറയുന്നതു കേട്ടു. പിന്നെ യാതൊരു അനക്കവുമുണ്ടായില്ല.

അതൊരു റഷ്യൻ യുദ്ധവിമാനമായിരുന്നു. അതൊരു തുടക്കം മാത്രം. പിന്നീടു മാസങ്ങളോളം രാപകൽ ഭേദമില്ലാതെ വീടിനു തൊട്ടു തൊട്ടില്ലെന്ന മട്ടിൽ യുദ്ധവിമാനങ്ങൾ ഇരമ്പിയാർത്തു. കാതടപ്പിക്കുന്ന ശബ്ദത്തിലും കണ്ണുപൊട്ടുന്ന വെളിച്ചത്തിലും യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോഴേക്കും കാതുപൊത്തും. അകലെ നിന്ന് ഇരമ്പം കേൾക്കുമ്പോഴേക്കും ഞങ്ങൾ കട്ടിലിനടിയിൽ ഒളിക്കും. മകളെ ഞങ്ങൾക്കിടയിൽ കിടത്തി അവളുടെ കാതു പൊത്തും. പിന്നീടു ശബ്ദം പോലും കേൾപ്പിക്കാത്ത വിമാനങ്ങൾ ബോംബുകൾ വർഷിച്ചു ഞങ്ങളെ ഭയപ്പെടുത്തി. ടാങ്കുകൾ നാട്ടുവഴികളിൽ പോലും ഇരച്ചെത്തി. മിക്കവാറും വീടുകൾ ചാമ്പലായി. ഭക്ഷണത്തിനും പണത്തിനുമായി ആളുകൾ പരക്കംപാഞ്ഞു.

നല്ല അടച്ചുറപ്പുള്ള ഒരു മുറിയുണ്ടായിരുന്നത് നാലു വീടപ്പുറമാണ്. അവരിങ്ങോട്ട് വന്നു ക്ഷണിച്ചു. വളരെ ചെറിയ ഇടുങ്ങിയ ഒരു മുറി. ഞങ്ങൾ പതിനഞ്ചു പേർ. അവരിൽ ഏഴു മാസം ഗർഭിണിയായ ഒരു ഇരുപത്തിരണ്ടുകാരിയുമുണ്ടായിരുന്നു. അവളുടെ ഭർത്താവ് പട്ടാളക്കാരനായ ഒരു യുവാവ് 120 കിലോ മീറ്റർ അകലെ ക്യാംപിൽ നിന്നു നടന്നെത്തി ഞങ്ങളോടൊപ്പം ചേർന്നു. വൈദ്യുതി, ജലം, പാചകവാതകം, ഫോൺ കണക്‌ഷൻ, ഇന്റർനെറ്റ്, എന്നു വേണ്ട എല്ലാ പ്രാഥമിക സൗകര്യങ്ങളും റഷ്യൻ പട്ടാളം കട്ട് ചെയ്തു . 

ക്രമേണ എല്ലാവരുടെയും കരുതൽശേഖരം തീർന്നു. വളർത്തുമൃഗങ്ങൾ കുറെയെണ്ണം കാടുകയറി. ബാക്കിയുള്ളവയെ നായ്ക്കൾ ഭക്ഷിച്ചു. ഒടുവിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പോലും നായ്ക്കൾ തിന്നു തുടങ്ങി. അതും കിട്ടാത്ത അവസ്ഥയിൽ അവ  ആക്രമിക്കുമോ എന്നു ഞങ്ങൾ ഭയന്നു. പുറത്തിറങ്ങാൻ ഞങ്ങൾക്കു ഭയമായി. ഒടുവിൽ വിമാനത്തിന്റെയും ടാങ്കുകളുടെയും ശബ്ദം ഞങ്ങൾക്കു പരിചിതമായി പക്ഷേ, കുട്ടികൾക്ക് അതു പേടിസ്വപ്നമായി. ഇവിടത്തെ മൺ നിരത്തുകൾക്ക് ഉൾക്കൊള്ളാനാവാത്ത വലിപ്പമുള്ള ടാങ്കുകളുടെ വരവു കണ്ടതോടെ പരിഭ്രാന്തരായി ഇവിടം വിടാൻ  ഞങ്ങൾ ആഗ്രഹിച്ചു. 

പക്ഷേ അമ്മ എതിർത്തു. എന്നെക്കൂടെക്കൂട്ടിയാൽ നിങ്ങൾക്ക് ഓടി രക്ഷപ്പെടാൻ പോലും പറ്റാതാകും. മരിക്കുവോളം ഞാനിവിടെത്തന്നെ കഴിയും. അമ്മയ്ക്കു വാശി. ജീവിതത്തിൽ ഏറ്റവും സംഘർഷം അനുഭവിച്ച ദിവസം അതാവണം! ഒടുവിൽ ഞങ്ങൾ പോയേ തീരൂ എന്ന് അമ്മ ശഠിച്ചു. എനിക്കു മറുത്തൊന്നും പറയാൻ പറ്റാതായി. ഞാൻ മനസ്സുകൊണ്ട് പോകാൻ തയാറെടുത്തു.

നാട്ടിലെ ഭക്ഷ്യഗോഡൗണുകളൊക്കെ പട്ടാളം കൊള്ളയടിച്ചു. പിന്നീടു വളരെ ഉദാരമനസ്കരായി ഒരു ചെറിയ വിഹിതം ഞങ്ങൾക്കു തന്നു. അവരുടെ ഔദാര്യം പോലെ. കാരണം അവർക്കു ഞങ്ങളിൽ നിന്നു ചില വിവരങ്ങൾ അറിയണമായിരുന്നു. പ്രധാനമായും ഇസിയം പട്ടണത്തിലേക്കുള്ള വഴി. യുക്രെയ്ൻ കൂറുള്ളവർ കൂടുതൽ എത്തിച്ചേർന്നത് ഇസിയത്തിലായിരുന്നല്ലോ.

പട്ടണത്തിനു പിന്നിലെ വൻ മലയ്ക്കുമപ്പുറം സ്ലോവ്യാൻസ്ക് എന്നൊരു പട്ടണമുണ്ട്. അതു തകർക്കണമെങ്കിൽ പട്ടാളത്തിന് ഈ മലമുകളിലെത്തണം. ഇസിയം വഴിയേ മലയിലെത്തിച്ചേരാനാവൂ. വഴി പറഞ്ഞു തരില്ല എന്ന് ശഠിച്ചവരെ പട്ടാളം നിർദയം കൊന്നൊടുക്കി. അറിയില്ലെന്നു പറഞ്ഞവരെ വിരട്ടിയെങ്കിലും വെറുതേ വിട്ടു.

ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ഡ്രൈവർ ചില നേരങ്ങളിൽ കള്ളക്കടത്തായി പലചരക്കുകൾ കൊണ്ടുവരാറുണ്ടായിരുന്നതായി അറിഞ്ഞു. പോകുന്ന പോക്കിൽ ആളുകളെയും കടത്താറുണ്ടെന കേട്ടിരുന്നു. അയാളെ നേരിട്ട് കാണാൻ ശ്രമിച്ചു. ഗ്രാമത്തിന് പുറത്തു കടത്താമെന്നും ക്യാംപിലാക്കാമെന്നും അയാൾ ഉറപ്പു തന്നു. വലിയ കാശ് ചോദിച്ചു. കൊടുക്കാമെന്ന് ഏറ്റു. വാഹനത്തിലാണെങ്കിൽ അമ്മ വരുമെന്ന് കരുതിയതിനാലാണ് അങ്ങനെ ചെയ്തത്..

ഡ്രൈവറെ കണ്ട ദിവസം പകൽ ഒരു ബോംബ് വീടിന് സമീപം ഉഗ്ര ശബ്ദത്തോടെ പൊട്ടി. അതിന്റെ പ്രകമ്പനത്തിൽ അടുക്കളയുടെ മേൽക്കൂര നിലംപൊത്തി. അമ്മയ്ക്കു പരുക്കു പറ്റിയില്ല. പക്ഷേ ബോംബിന്റെ പ്രകമ്പനത്തിൽ കേൾവി ശക്തി പോയി. ഭയന്നു പോയ അമ്മ പേരക്കുട്ടിയോടു പറഞ്ഞു: നമുക്ക് ഇവിടന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടണം!

രണ്ടാം ദിവസം ഡ്രൈവർ വാഹനവുമായി വന്നു. വഴിനീളെ പട്ടാളക്കാർക്ക് കൈമടക്കു കൊടുത്തിട്ടാണു യാത്ര തുടർന്നത്. ഒടുവിൽ ക്യാംപിലെത്തിയപ്പോൾ സൂചി കുത്താനിടമില്ല. അന്വേഷിച്ചതിൽ പോളണ്ടിൽ ഒരു ക്യാംപുണ്ടെന്നറിഞ്ഞു. ഞങ്ങൾക്കു കൂട്ടു വന്ന ഡ്രൈവർക്ക് അന്നു തന്നെ മടങ്ങണമായിരുന്നു. പോളണ്ടിലേക്ക് അവിടെ നിന്നും ബസ്സുണ്ടായിരുന്നു. 2022 ഏപ്രിൽ 11ന് പോളണ്ടിലെ ക്യാംപിലെത്തി. അവിടെയും തിരക്കു തന്നെ 700 പേർ! പിന്നെ മറ്റു മാർഗമൊന്നുമില്ലാതിരുന്നതിനാൽ അവിടെക്കൂടി.

മൂന്നു ദിവസമായപ്പോഴേക്കും ക്യാംപിൽ പകർച്ചവ്യാധി വന്നുപെട്ടു. സർവത്ര വയറിളക്കം. അടുത്ത വണ്ടിയിൽ 2022 ഏപ്രിൽ 25ന്ന് നെതർലൻഡ്സിലേക്ക് രക്ഷപ്പെട്ടു. അവിടത്തെ ക്യാംപിലെത്തി. മാസങ്ങൾക്കു ശേഷം വിമാനങ്ങളുടെയും ബോംബിന്റെയും ശബ്ദമില്ലാത്ത രാത്രി ഞാൻ ആസ്വദിച്ചു. നിലാവും നക്ഷത്രങ്ങളും ആദ്യമായി കാണുന്നതുപോലെ എന്നെ അത്ഭുതപ്പെടുത്തി.

മകൾ ഡച്ച് ഭാഷ പഠിക്കുന്നു. കൂടാതെ ഗിറ്റാർ, പിയാനോ എന്നിവയും അഭ്യസിക്കുന്നു. അവൾ കവിതയെഴുതും, പാടും, ചിത്രം വരയ്ക്കും. അവളിലാണെന്റെ പ്രതീക്ഷയത്രയും. നെതർലൻഡ്സിലെ ക്യാംപിൽ വച്ചാണ് മരീല്ലിയെ  പരിചയപ്പെടുന്നത്. അവർ ചിത്രകാരിയാണ്. ഞാനും ചിത്രം വരക്കുമെന്നറിഞ്ഞപ്പോൾ എന്നെ ഇവിടത്തെ ചിത്രകലാ പ്രസ്ഥാനത്തിൽ ചേർത്തു. അടുത്ത ദിവസം യുക്രെയ്നിൽ നിന്നുള്ള ഹെലേനയും ഞങ്ങളോടൊപ്പം ചേർന്നു’.

കോഴിക്കോട് നടുവട്ടത്തുള്ള തസര നെയ്ത്തുകേന്ദ്രം നടത്തുന്ന സുത്ര ആർട്ടിസ്റ്റ് ക്യാംപിൽ പങ്കെടുക്കാൻ തസര വാസുദേവന്റെ വിളിയെത്തിയത് മരീല്ലിക്കാണ്. യുക്രെയ്ൻകാരായ രണ്ടു കലാകാരികൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവരെയും വാസുദേവൻ ക്ഷണിച്ചു. റഷ്യക്കാരും ക്യാംപിലുണ്ട്. ചിത്രം വരച്ചും പാട്ടു പാടിയും ഒന്നിച്ചു യോഗ ചെയ്തും സദ്യയുണ്ടും ഒരു വീട്ടിലുറങ്ങിയും അവർ ഓരോ ദിവസവും ആഘോഷിക്കുന്നു.

English Summary:

Experiences of Olga, who escaped from Ukraine battlefield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com