ADVERTISEMENT

പാട്ടിന്റെ പല കാലങ്ങൾ പിന്നിട്ടാണ് പാലിയത്ത് ജയചന്ദ്രൻ എൺപതിലെത്തുന്നത്. പാടാൻ കൊതിച്ച കാലം, പാടിപ്പതിഞ്ഞ കാലം, അധികം പാടാതിരുന്ന കാലം, പാട്ടിലലിഞ്ഞ കാലം... അങ്ങനെ ജയചന്ദ്രികയുടെ ഗാനഋതുഭേദങ്ങൾ പരന്നുകിടക്കുന്നു. 1944 മാർച്ച് 3നു ജനിച്ച ആ ശബ്ദത്തിന് ഇന്ന് എൺപതു തികയുമ്പോഴും, ദാ ഇപ്പോഴൊരു പാട്ടു പാടി നമ്മിൽ പ്രണയം നിറയ്ക്കുമെന്നു കാതോർക്കുന്നില്ലേ? അതുകൊണ്ട് നമുക്കു ജയേട്ടനെ ‘എൺപതിന്റെ ചെറുപ്പം’ എന്നു വിളിച്ച് ആശംസിക്കാം.

അഴകിന്റെ അലപോലെ...

ഇരുപത്തിമൂന്നാം വയസ്സിൽ പാടിയ ‘അനുരാഗഗാനംപോലെ...’ത്തന്നെ അറുപത്തേഴാം വയസ്സിലെ ‘പ്രേമിക്കുമ്പോൾ നീയും ഞാനും... ’ മനസ്സിൽ തറപ്പിക്കാൻ കഴിഞ്ഞ ശബ്ദപ്രണയാതുരനാണ് ഈ എൺപതുകാരൻ! ‘എന്തിനെന്നറിയില്ല, എങ്ങിനെന്നറിയില്ല, എപ്പഴോ നിന്നെയെനിക്കിഷ്ടമായി...’ എന്ന പാട്ട് പുറത്തുവരുമ്പോൾ പ്രായം 68. ‘ഓലഞ്ഞാലിക്കുരുവീ ഇളംകാറ്റിലാടി വരൂ നീ...’ എന്നു പ്രേമപൂർവം ആലപിക്കുമ്പോൾ എഴുപതുകാരൻ. ‘പെയ്തലിഞ്ഞ നിമിഷം അതിൽ പൂത്തുലഞ്ഞ ഹൃദയം...’ എന്നു പാടുമ്പോൾ എഴുപത്തിനാലിലെത്തിയിരുന്നു, ഗായകൻ. അര നൂറ്റാണ്ടിനപ്പുറവും ഇപ്പുറവും പ്രണയമല്ലികകളുടെ മധുരഗന്ധം പാട്ടിൽ വസന്തമായ് വിരിയിച്ച ജയചന്ദ്രോത്സവം!

കാതിനു സായുജ്യം നിൻ ഗാനം!

ജീവിതയാത്രയുടെ രണ്ടു പാതികളിലായി വേണമെങ്കിൽ ജയചന്ദ്രഗാനങ്ങളുടെ പ്രണയഭാവനയെ വീതം വയ്ക്കാം. ‘കേവലമർത്ത്യഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ...’ എന്നു പാടുമ്പോൾ ജയചന്ദ്രൻ നാൽപതുകളുടെ തുടക്കത്തിലാണ്. ‘ഇന്ദുമുഖീ... ഇന്ദുമുഖീ... എന്തിനിന്നു നീ സുന്ദരിയായി...’ എന്ന് 1969ൽ പാടിയ അതേ ഭാവം 1986ലെ പാട്ടിലും നമ്മളനുഭവിച്ചു. ‘തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ നിന്റെ കാക്കപ്പുള്ളി കവിളിൽ ഞാൻ നുള്ളിനോക്കട്ടെ...’ എന്ന് 1973ൽ ചോദിച്ച അതേ കാമുകഭാവം ‘ഒന്നു തൊടാനുള്ളിൽ തീരാമോഹം...’ എന്ന് 2002ൽ കേട്ടപ്പോഴും കാമിനിമാർ അനുഭവിച്ചു.

‘നിൻ മണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ...’ എന്നു ജയചന്ദ്രൻ പാടുമ്പോൾ പാട്ടിലൊരു മണിയറതന്നെ പടുത്തുയർന്നു. ‘ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ...’ എന്ന് 34 കൊല്ലം കഴിഞ്ഞ് അതേ ശബ്ദതേജസ്സിൽ പുറത്തുവന്നപ്പോൾ, കേട്ടുനിൽക്കുന്ന തൈമുല്ലയിൽപോലും നാണം മൊട്ടിട്ടു!

അറിയാതെ അറിയാതെ...

‘രാജീവനയനേ നീയുറങ്ങൂ...’ എന്നു കാമിനിയെ സാന്ദ്രമായി പാടിയുറക്കാൻ, ‘ആയിരം ചുംബനസ്മൃതിസുമങ്ങൾ അധരത്തിൽ ചാർത്തിയ’ ശബ്ദവിസ്മയംതന്നെയാണ് ‘നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം...’ എന്ന ‘റിഥമിക്’ പ്രേമഗായകനും. ‘മധുചന്ദ്രികയുടെ ചായത്തളികയിൽ മഴവിൽപ്പൂങ്കൊടി ചാലിച്ച്...’ മനസ്വിനിയുടെ മായാരൂപം വരച്ചും ‘മണിവർണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം...’ എന്ന് പ്രേമയമുന തീർത്തും ആലപിച്ചയാൾ കുറെക്കാലം കഴിഞ്ഞു വീണ്ടും മധുരസ്വരത്തിൽ പാടി: ‘മോഹംകൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടിപ്പോയി...’.

പല കാലങ്ങളെ ഇണക്കിളികളാക്കുന്ന ജയേന്ദ്രജാലം പിന്നെയും പിന്നെയുമുണ്ടായി. ‘നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും...’ എന്നു തരളിതനാകുമ്പോഴും ‘ആലിലക്കാവിലെ തിങ്കളേ നിന്നെ ഞാൻ താമരത്താലിയിൽ തടവിലാക്കും...’ എന്ന് കുസൃതി കൊള്ളുമ്പോഴും ‘അലയാം ഞാൻ അലിയാം ഞാൻ ഈ പ്രണയതൽപത്തിലമരാം ഞാൻ...’ എന്ന് രാഗവിലോലനാകുമ്പോഴും ദൃശ്യങ്ങളെപ്പോലെത്തന്നെ ആ ശബ്ദത്തെയും ആസ്വാദകർ പ്രണയിച്ചുപോയിട്ടുണ്ടല്ലോ!

എപ്പോഴും തോന്നിയൊരിഷ്ടം

‘പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി...’ എന്ന പ്രണയത്തുടിപ്പുമായി 1999ൽ രണ്ടാം വരവ് ‘ബ്രേക്ക് ചെയ്ത’ ജയചന്ദ്രൻ ‘മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൽ ലോലഭാവം...’ എന്നു പാടി യുവമനസ്സുകളെ വിഹ്വലപ്പെടുത്തുകയും ചെയ്തു. ‘ആലിലത്താലിയുമായ് വരുമീ ആമ്പലോ വധുവായ് അരികെ...’ എന്നും ‘വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ടു ഞാനിരുന്നു...’ എന്നും പാടി ജയചന്ദ്രൻ പ്രണയഹൃദയങ്ങളിലൊരുക്കിയത് സ്വപ്നങ്ങളുടെ മണിപ്പന്തൽ തന്നെ.

‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം...’ പാടി എത്രയോ പ്രണയങ്ങൾ പിറന്നിരിക്കാം. ‘ആദ്യമായ് കണ്ട നാൾ ഓർമയുണ്ടോ ആരാദ്യം കണ്ടതെന്നോർമയുണ്ടോ...’ എന്നു ചോദിച്ച് മിഥുനങ്ങൾ എത്രയോ ചേർന്നിരുന്നിട്ടുണ്ടാകാം. ‘ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ ചുംബനക്കുങ്കുമം തൊട്ട്...’ എത്രയോ കാമുകൻമാർ പ്രണയിനിയെ മനസാ വരിച്ചിരിക്കാം. ‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോഴെൻ കണിയാകേണം...’ എന്നു മൂളി എത്രയെത്ര ദമ്പതികൾ പ്രണയപ്പൂന്തോട്ടമൊരുക്കിയിരിക്കാം!

p-jayachandran-and-family
ഭാര്യ ലളിത, മകൻ ദിനനാഥ്, മകൾ ലക്ഷ്മി എന്നിവർക്കൊപ്പം ജയചന്ദ്രൻ (1995, മനോരമ ആർക്കൈവ്സ്)

കണ്ടു, നിന്നെ മാത്രം

‘കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ...’ എന്നും ‘കണ്ണിൽ കാശിത്തുമ്പകൾ കവിളിൽ കാവൽത്തുമ്പികൾ...’ എന്നും പാടിയവരുടെ മുൻതലമുറകൾക്കും ജയചന്ദ്രന്റെ ശബ്ദം കൂടെ നടന്ന രാഗഭാവമായിരുന്നു. ‘ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു...’ എന്നോ ‘ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു മധുരസംഗീതം കേട്ടു...’ എന്നോ ‘പൂവും പ്രസാദവും ഇളനീർക്കുടവുമായി കാവിൽ തൊഴുതു വരുന്നവളേ...’ എന്നോ ‘ഇഷ്ടപ്രാണേശ്വരീ...’ എന്നോ ‘മൃദുലേ ഇതാ ഒരു ഭാവഗീതമിതാ... എന്നോ’ ഒക്കെയായിരിക്കാം അവർ പാടിയതെന്നേ വ്യത്യാസമുള്ളൂ.

‘സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം കാട്ടാറിനെന്തിനു പാദസരം എൻ കൺമണിക്കെന്തിന്നാഭരണം..’ എന്നു ചോദിച്ചവരും ‘അശ്വതിനക്ഷത്രമേ എന്നഭിരാമസങ്കൽപമേ...’ എന്നു വിളിച്ചവരും ‘മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതംപോലും ഒരു വസന്തം...’ എന്നു വിശേഷിപ്പിച്ചവരും ‘സ്വർണഗോപുര നർത്തകീശിൽപം കണ്ണിനു സായുജ്യം നിൻ രൂപം...’ എന്നു വർണിച്ചവരും ആ തലമുറയിലെ ജയചന്ദ്രശബ്ദത്തിൽ പിറന്ന കാമുകീകാമുകൻമാരായിരുന്നു.

കാമുകിയെ കാണാൻ കണ്ണയച്ചിരുന്നു നിരാശപ്പെട്ടവർ, ജയചന്ദ്രന്റെ പുറത്തുവന്ന ആദ്യഗാനം ഇന്നും പാടുന്നു: ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസച്ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ...’. കാത്തിരിപ്പ് നിരാശയ്ക്കും നൊമ്പരത്തിനും വഴിമാറുമ്പോൾ അവർ മൂളുന്നു: ‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി കടത്തുവള്ളം യാത്രയായി...’.

കാലം കാട്ടുകുറിഞ്ഞി പൂവുകൾ ചൂടി എൺപതാം പിറന്നാളിൽ അനുഗ്രഹിക്കുമ്പോഴും ‘നിൻ ചിരിയാൽ ഞാനുണർന്നു നിന്നഴകാൽ ഞാൻ മയങ്ങി...’ എന്നു പ്രണയപ്പെടാൻ ജയചന്ദ്രശബ്ദം നമ്മൾ കാതോർത്തിരിക്കുന്നു. കേട്ടു മതിയാവാതെ പ്രകൃതിപോലും ജയചന്ദ്രനോട് അസൂയപ്പെടുന്നത് ഇങ്ങനെയാകാം: ‘കനിവോലുമീശ്വരൻ പാട്ടിന്റെ പാലാഴി കടഞ്ഞുകടഞ്ഞെടുത്ത അമൃതാണോ...!’.

∙ ‘‘ലോകത്തെ ഏറ്റവും വലിയ സംഗീതസംവിധായകനായി ഞാൻ കാണുന്നത് എം.എസ്.വിശ്വനാഥനെയാണ്. ഗുരുവായൂരപ്പന്റെയും ദേവരാജൻ മാഷിന്റെയും ചിത്രങ്ങൾ നോക്കിയാണു ഞാൻ ഗാനങ്ങൾ ആലപിക്കുന്നത്. ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ലാസിക്കൽ ശൈലിയായാലും രാഘവൻ മാഷുടെ ഫോക്ക് രീതിയായാലും, പഠിപ്പിച്ചു തരുന്നത് അതേപടി പാടുകയാണു ഞാൻ ചെയ്യാറുള്ളത്. ഒരുതരം അനുകരണം തന്നെ ഞാൻ പിന്തുടരാറുണ്ട്. അതായിരിക്കണം എന്റെ ഐഡന്റിറ്റി’’.

∙ ‘‘വയലാറിന്റെ വരികൾ എപ്പോഴും ചിത്രമാണ്. ‘ആയിരം പാദസരങ്ങൾ കിലുങ്ങി...’ എന്ന് അദ്ദേഹം എഴുതുമ്പോൾ അതിലെ ചിത്രത്തിനാണു ദേവരാജൻ സംഗീതം പകരുന്നത്, കവിതയ്ക്കല്ല’.

  ‘‘സംഗീതജ്ഞനല്ല ഞാൻ. സംഗീതം അറിഞ്ഞാലല്ലേ സംഗീതജ്ഞനാവൂ? ആസ്വാദകൻ എന്ന നിലയിൽ അങ്ങനെയല്ല. ഞാൻ എപ്പോഴും പാട്ടു കേട്ടുകൊണ്ടേയിരിക്കുന്നയാളാണ്. മുഹമ്മദ് റഫി, പി.സുശീല, എസ്.ജാനകി... ഇവരെയൊക്കെ കേട്ടുകൊണ്ടിരിക്കുന്നതിൽപരം എന്താണൊരാനന്ദം?!’’.

∙ ‘‘ഏറ്റവും ഭാഗ്യവാനായ ഗായകൻ യേശുദാസാണ്. അദ്ദേഹത്തിനൊപ്പം വളർന്നതാണ് മലയാള സിനിമാഗാനങ്ങൾ. മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങൾ പാടാൻ കഴിഞ്ഞെന്ന ഭാഗ്യം അദ്ദേഹത്തിനുതന്നെയാണ്. അദ്ദേഹവുമായി ഒരിക്കലും എനിക്കു താരതമ്യം തോന്നില്ല. പക്ഷേ, ‘താമസമെന്തേ...’, ‘ഹിമവാഹിനി...’, ‘പ്രേമിച്ചു പ്രേമിച്ചു...’, ‘സ്നേഹഗായികേ...’ പോലുള്ള അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്കു പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്.

English Summary:

Sunday Special about P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com